ലോക്ഡൗണും അവസാനിക്കാത്ത പലായനങ്ങളും
text_fieldsമഹാരാഷ്്ട്രയിലെ ഔറംഗാബാദിൽ വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുന്നവർക്കിടയിലേക്ക് തീവണ്ടി പാഞ്ഞുകയറി 16 പേർ കൊല്ലപ്പെട്ട സംഭവം ആരെയും വേദനിപ്പിക്കുന്നതാണ്. കോവിഡ് പ്രതിരോധാർഥം പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ ആരംഭിച്ചശേഷം ഉത്തരേന്ത്യൻ നഗരങ്ങളിൽ നടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനങ്ങളുടെ വാർത്തകൾ നാമേറെ കണ്ടതാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ, ചെറിയ കുഞ്ഞുങ്ങളെയടക്കം തോളിലേറ്റി, കാൽനടയായി താണ്ടുന്ന കുടുംബങ്ങളുടെ ചിത്രങ്ങൾ നമ്മുടെ രാജ്യത്തിെൻറ യഥാർഥ അവസ്ഥയെയാണ് പ്രതിനിധാനംചെയ്യുന്നത്. പൊടുന്നനെ ഒരുദിവസം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുതല സ്പർശിയായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അത്തരമൊരു തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും നടത്താതെയാണ് ആ പ്രഖ്യാപനമുണ്ടായത്. അതിെൻറ സ്വാഭാവിക പ്രതിഫലനമായിരുന്നു തൊട്ടടുത്ത ദിവസം മുതൽ ഡൽഹിയടക്കമുള്ള നഗരങ്ങളിൽ കണ്ടത്. തൊഴിലാളികൾ കൂട്ടത്തോടെ തെരുവുകളിലും ബസ് സ്റ്റേഷനുകളിലും തടിച്ചുകൂടി. ഏത് ഉദ്ദേശ്യംവെച്ചാണോ ലോക്ഡൗൺ പ്രഖ്യാപിച്ചത് അതിന് നേർവിപരീതമായിരുന്നു ഫലം.
എന്നാൽ, അന്നു തുടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പലായനങ്ങൾ അവസാനിച്ചിട്ടിെല്ലന്നാണ് ഔറംഗാബാദ് സംഭവം കാണിക്കുന്നത്. മഹാരാഷ്ട്രയിലെ ജാൽനയിലെ ഫാക്ടറിതൊഴിലാളികളായ മധ്യപ്രദേശുകാരാണ് അവിടെ അപകടത്തിൽ പെട്ടത്. തൊഴിൽ ഇല്ലാതാവുകയും ജീവിക്കാനുള്ള വക അടയുന്നു എന്നുകാണുകയും ചെയ്തതോടെ ആ സംഘവും പലായനത്തിനൊരുങ്ങുകയായിരുന്നു. അഞ്ഞൂറിലേറെ കിലോമീറ്റർ അകലെയുള്ള മധ്യപ്രദേശിലെ ഉമരിയയിലേക്കാണ് റെയിൽവേ ട്രാക്കിലൂടെ അവർ നടക്കാനിറങ്ങിയത്. കുറെ നടന്ന് ക്ഷീണിച്ചപ്പോൾ വിശ്രമിക്കാനായി ട്രാക്കിലിരുന്നു. ആ വിശ്രമം മയക്കത്തിലേക്കും ഗാഢനിദ്രയിലേക്കും വഴിമാറി. പരിക്ഷീണിതരായി കിടന്നുറങ്ങുന്ന ആ മനുഷ്യരുടെ ദേഹത്തേക്ക് പെേട്രാൾ വാഗണുകൾ കോർത്ത തീവണ്ടി പാഞ്ഞുകയറുകയായിരുന്നു. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഔറംഗാബാദിലെ കർമാദ് ഗ്രാമത്തിലെ ആ ട്രാക്കുകൾ.
കേരളംപോലുള്ള അപൂർവം സ്ഥലങ്ങൾ മാറ്റിനിർത്തിയാൽ എത്ര മോശമായാണ് ഇന്ത്യയിൽ പലേടത്തും ലോക്ഡൗൺ മാനേജ് ചെയ്യപ്പെടുന്നത് എന്നതിെൻറ തെളിവാണ് ഔറംഗാബാദ് സംഭവം. കുടിയേറ്റ തൊഴിലാളികൾ ഇപ്പോഴും രാജ്യത്തിെൻറ പല ഭാഗങ്ങളിലും പലായനം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ലോക്ഡൗൺ കാലത്ത് പട്ടിണിയില്ലാതെ ജീവിക്കാനുള്ള സംവിധാനം അവർക്കില്ല. ഇനി, സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാമെന്ന് വിചാരിച്ചാൽ അതിനുള്ള സംവിധാനങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒരുക്കുന്നില്ല. അങ്ങനെയാണ് അവർ ദേശീയ പാതകളിലൂടെയും റെയിൽവേ ട്രാക്കുകളിലൂടെയും നടക്കാനിറങ്ങുന്നത്. അവരിൽ ചിലർ അപകടത്തിൽപെട്ടപ്പോൾ പ്രധാന മന്ത്രിയും റെയിൽവേ മന്ത്രിയും ഉത്കണ്ഠാ ട്വീറ്റുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇത്തരം പലായനങ്ങൾ ദിനേനയെന്നോണം ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം അവർ മനസ്സിലാക്കുകയാണ് വേണ്ടത്.
ലോക്ഡൗൺ പ്രഖ്യാപിച്ചത് കേന്ദ്രസർക്കാറാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ, ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ, അങ്ങനെയൊന്ന് പ്രഖ്യാപിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടിക്കാണാതെ, ആ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനുള്ള സംവിധാനങ്ങളൊരുക്കാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട് 45 ദിവസമായിട്ടും ദേശീയതലത്തിൽ കോവിഡിനെ പിടിച്ചുനിർത്തുന്നതിൽ നമുക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെപോയത്. ദിവസം കഴിയുന്തോറും രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ഡൗൺ കാരണം കുറെയധികം മനുഷ്യർ പട്ടിണികിടക്കുകയും സമ്പദ്വ്യവസ്ഥ തകരാറിലാവുകയും ചെയ്തുവെന്നതല്ലാതെ മറ്റെന്ത് ഫലമുണ്ടായി എന്നാലോചിക്കേണ്ട സന്ദർഭമാണിത്. ലോക്ഡൗൺ തെറ്റായ ആശയമാണ് എന്നല്ല, ശരിയായ ആശയത്തെ തെറ്റായി പ്രയോഗിച്ചതാണ് ഇന്ത്യയിലുണ്ടായ അബദ്ധം. ദേശീയതലത്തിൽ ഒറ്റയടിക്ക് ഇത് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്കുതന്നെയാണ് ഇതിലെ ഉത്തരവാദിത്തം.
ലോക്ഡൗൺ സമ്പദ്ഘടനക്കും ജനങ്ങളുടെ ദൈനംദിന ജീവിതങ്ങൾക്കുംമേൽ ഏൽപിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയെന്ത് എന്ന ആലോചന പ്രസക്തമാകേണ്ട സന്ദർഭമാണിത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനുള്ള മാർഗങ്ങൾ സർക്കാർ കാണണം. ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ദേശീയതലത്തിൽ നിർണയിക്കുന്നതിനുപകരം അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം. ഓരോ സംസ്ഥാനത്തെയും സോണുകളുടെ തരംതിരിവുപോലും കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇപ്പോൾ തീരുമാനിക്കുന്നത്. ഗ്രീൻ സോൺ ആകേണ്ട ഇടങ്ങൾ റെഡ് സോണുകളും തിരിച്ചുമൊക്കെ ആകുന്നത് അങ്ങനെയാണ്. എന്തെങ്കിലും ശാസ്ത്രീയ യുക്തികളുടെ പേരിലല്ല അത്തരം തീരുമാനങ്ങളുണ്ടാവുന്നത്. കോവിഡ് മഹാമാരി തുടങ്ങിയതുമുതൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന പ്രവണത കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുണ്ടായിരുന്നു. സാമ്പത്തിക ഉത്തേജന പദ്ധതികൾ നടപ്പാക്കാതെ, ജനങ്ങളുടെ പട്ടിണി മാറ്റാതെ, ലോക്ഡൗണിനുശേഷമെന്ത് എന്നതിനെക്കുറിച്ച മൂർത്ത പദ്ധതികളില്ലാതെ ഇങ്ങനെത്തന്നെ മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാറിെൻറ തീരുമാനമെങ്കിൽ ഇനിയും വലിയ ദുരന്തങ്ങൾ നാം കാണേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.