Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ ചുവരെഴുത്തുകൾ...

ഈ ചുവരെഴുത്തുകൾ കേരളത്തോട് പറയുന്നത്

text_fields
bookmark_border
ഈ ചുവരെഴുത്തുകൾ കേരളത്തോട് പറയുന്നത്
cancel

ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ മുദ്രണം ചെയ്ത ഹൃദയത്തുടിപ്പുകൾ എന്തൊക്കെയാണ്? വോട്ടിലൂടെ അവർ ഏതൊക്കെ വികാരങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്‍? അത് പഠിക്കാൻ, മനസ്സിലാക്കാൻ, തിരുത്താൻ പാർട്ടികളും നേതാക്കളും തയാറാകുമോ? ആകും എന്നാണുത്തരമെങ്കിൽ എത്ര കഠിനമായ തോൽവിക്കുശേഷവും രാഷ്ട്രീയ അതിജീവനം സാധ്യമാണെന്ന് ആന്ധ്രയിൽ നിന്ന് ചന്ദ്രബാബു നായിഡുവും ഉത്തർപ്രദേശിൽനിന്ന് അഖിലേഷ് യാദവും അവർക്കു മുന്നിൽ പാഠപുസ്തകമായി ഉയർന്നുനിൽക്കുന്നു.

അതല്ല, എല്ലാം പഴയപടിതന്നെ പോവുകയാണെങ്കിൽ ഭാവിയിലും പരാജയത്തിന്‍റെ പടുകുഴിയിൽ ഒടുങ്ങുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടാകില്ലെന്ന് മധ്യപ്രദേശിൽ കമൽനാഥും യു.പിയിൽ മായാവതിയും നേരിട്ട വൻ തകർച്ച ബോധ്യപ്പെടുത്തിത്തരുന്നു. ഊതിവീർപ്പിച്ച മോദിബിംബം തകർന്നതോടെ ഇപ്പോൾ പ്രധാനമന്ത്രിക്കുവരെ മനസ്സിലായ കാര്യം കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മറക്കാതിരിക്കുന്നത് നന്ന്-അധികാരത്തിന്‍റെ അഹന്തക്ക് അടികൊടുക്കാൻ വോട്ടെടുപ്പ് ദിനംവരെ നിശ്ശബ്ദമായി കാത്തിരിക്കാൻ ക്ഷമയും സഹനവുമുള്ളവരാണ് രാജ്യത്തെ വോട്ടർമാർ.

തീവ്രവലതു രാഷ്ട്രീയത്തിന് കേരളത്തിലും വിശാലമായ നിലമൊരുങ്ങിയിരിക്കുന്നു. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിൽ താരപരിവേഷവും നിമിത്തമാ​യെന്ന് വാദിക്കുന്നതിൽ കഴമ്പുണ്ട്. എന്നാൽ, സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തായത് കാണാതിരിക്കാനാവില്ല. എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ശതമാനം കുറഞ്ഞപ്പോൾ എൻ.ഡി.എ വോട്ട് ശതമാനം 15.61ൽനിന്ന് 19.4ലേക്ക് വർധിച്ചിരിക്കുന്നു.

മത, സാമുദായിക ധ്രൂവീകരണത്തിന്‍റെ കലമ്പൽ സമൂഹമാധ്യമങ്ങളിലെ വെർച്വൽ പ്രതിഭാസമല്ലെന്നും അധികാര മണ്ഡലങ്ങളെ പുനർനിർണയിക്കാനുള്ള ഭൗതികശക്തിയായി പരിണമിച്ചുകഴിഞ്ഞുവെന്നും ഈ തെരഞ്ഞെടുപ്പ് ഫലം കൃത്യപ്പെടുത്തിയിരിക്കുന്നു. നേരത്തെതന്നെ ലോക് നീതിയുടേതുപോലെയുള്ള സർവേകൾ കേരളത്തിലെ ചാഞ്ചാടുന്ന വോട്ടർമാരുടെ (floating voters) എണ്ണം, യുവാക്കളുടെയും സ്ത്രീകളുടെയും രാഷ്ട്രീയ സമീപനത്തിലുള്ള മാറ്റങ്ങൾ തുടങ്ങിയവയെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. പക്ഷേ, അവ വേണ്ടവിധം തിരിച്ചറിയാനോ ഉൾക്കൊള്ളാനോ മതേതര കേരളവും രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളും മനസ്സുകാണിച്ചില്ല. ഇനിയും പരസ്പരം പഴിചാരി നിസ്സംഗത തുടർന്നാൽ വെറുപ്പിന്‍റെ രാഷ്ട്രീയം നിയമസഭയിലും ഒന്നിലധികം കസേരകൾ കൈക്കലാക്കും.

ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ആഴത്തിൽ പഠിക്കാനും തിരുത്താനുമുള്ള സന്നദ്ധത മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരിലെ തോൽവി പഠിക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നു. ആ വാക്കുകൾ ആത്മാർഥതയുള്ളതെങ്കിൽ തിരുത്തിനുള്ള അന്വേഷണം തുടങ്ങേണ്ടത് സാമൂഹിക മണ്ഡലത്തിൽ തടസ്സങ്ങളേതുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന മൃദുഹിന്ദുത്വ സമീപനം മുതൽ ഇസ്​ലാം ഭീതിയുടെ പ്രചാരണം വരെയുള്ള വസ്തുതകളെ രാഷ്ട്രീയ പാർട്ടികൾ അഭിമുഖീകരിക്കേണ്ടത് എങ്ങനെ എന്നതിൽ നിന്നായിരിക്കണം. ന്യൂനപക്ഷ സമൂഹങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ പ്രീണനമെന്നും അനീതിക്കെതിരായ അവരുടെ പോരാട്ടങ്ങളെയും കർതൃത്വങ്ങളെയും അപകടകരമെന്നും തീവ്രവാദമെന്നും വ്യാഖ്യാനിക്കുന്ന പ്രവണത കേരളത്തിലും വ്യാപകമാണ്.

അത് പ്രചരിപ്പിക്കുന്നതാകട്ടെ, പുകൾപെറ്റ രാഷ്ട്രീയ പാർട്ടികളുടെ ഉന്നതരും സമുദായനേതാക്കളും! ഏതെങ്കിലും വ്യക്തികളുടെ ക്രിമിനൽ പ്രവൃത്തികൾ മുതൽ രണ്ട് മനുഷ്യർ തമ്മിലെ പ്രണയംവരെ ധ്രുവീകരണത്തിന്‍റെ ഇന്ധനമായി പ്രചരിപ്പിക്കുന്നതിന്‍റെ മുന്നിലും എല്ലാ മത,സമുദായ നേതാക്കളുമുണ്ടായിട്ടുണ്ട്. മത, ജാതി, സമുദായങ്ങളുടെ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ ബോധപൂർവം കയറ്റിവിടുന്ന വ്യാജങ്ങൾ വഴി അധികാര ബലതന്ത്രങ്ങളെ മാറ്റാൻ കഴിയുംവിധം പ്രബലത തീവ്രവലതുപക്ഷം ആർജിച്ചതിനെ തിരുത്താനായില്ലെങ്കിൽ മറ്റെല്ലാ തിരുത്തൽ പ്രക്രിയകളും വൃഥാവിലാകും.

ശക്തമായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പും ജനവിധിയിൽനിന്ന് വായിച്ചെടുക്കാൻ എൽ.ഡി.എഫിനും മുഖ്യമന്ത്രിക്കും സാധിച്ചാൽ അകന്നുപോയ ജനഹൃദയങ്ങളെ അടുപ്പിക്കാനാകും. അധികാരത്തുടർച്ചയും സംഘടനാ സംവിധാനങ്ങളും വൈപുല്യവും നൽകുന്ന കരുത്ത് ധാർഷ്ട്യമായാണ് ജനങ്ങൾക്ക് അനുഭവപ്പെടുന്നത്. കേരളത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുന്നത് മുഖ്യമന്ത്രിയല്ല, അമിത് ഷായുടെ പൊലീസാണ് എന്നത് സൈബറിടങ്ങളിലെ ട്രോളല്ല, ഇടതുപക്ഷ സഹയാത്രികർ തന്നെ ഉന്നയിക്കുന്ന കടുത്ത വിമർശനമാണ്. ദൈനംദിനാവശ്യങ്ങൾക്ക് പൊറുതിമുട്ടുന്ന ജനങ്ങളുടെ പ്രാഥമികാവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശേഷിയില്ലാത്ത സർക്കാറാണിതെന്ന ധാരണയും ശക്തമാണ്. ചുരുക്കത്തിൽ തിരുത്തൽ പ്രക്രിയ നടപ്പാക്കാൻ ഇടതുപക്ഷം തീരുമാനിച്ചാൽ ഭരണത്തിലും പാർട്ടി സംവിധാനങ്ങളിലും അടിമുടി പരിവർത്തനത്തിന് അവർ മുന്നിട്ടിറങ്ങേണ്ടിവരും.

പ്രാദേശികതലം ദുർബലമായിട്ടും ഇത്രയും ഗംഭീരമായ വിജയം ലഭിച്ചത് ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനമാണെന്ന് യു.ഡി.എഫും മനസ്സിലാക്കേണ്ടതുണ്ട്. ഫാഷിസത്തോട് ന്യൂനപക്ഷ സമൂഹം പുലർത്തിപ്പോരുന്ന സ്ഥായിയായ വിയോജിപ്പ് എപ്പോഴും പാർട്ടിക്ക് അനുകൂലമായ വോട്ടായി മാറുമെന്ന് വിചാരിച്ച് കൃത്യമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് കോൺഗ്രസിന്‍റെ വാട്ടർലൂവായിരിക്കും. പിന്നെ തിരിച്ചുവരാൻ താഴെത്തട്ടിൽ പാർട്ടിയും കൊടിയേന്താൻ ആളുകളുമുണ്ടാകില്ല. കാര്യങ്ങൾ ശരിയാംവിധം പഠിക്കാൻ തയാറാണെങ്കിൽ രാജസ്ഥാനും തമിഴ്നാടും യു.ഡി.എഫിനും എൽ.ഡി.എഫിനും മികച്ച രാഷ്ട്രീയപാഠങ്ങൾ നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Editorialloksabha election 2024
News Summary - loksabha election 2024
Next Story