ചങ്ങലക്ക് ഭ്രാന്തുപിടിച്ചാൽ
text_fieldsമരുന്നിനു പോലും മനുഷ്യത്വം അവശേഷിക്കാത്ത നിലയിലേക്കാണോ നമ്മുടെ പോക്ക് എന്ന് ആത്മനിന്ദയോടെ ഒാരോ ഇന്ത്യക്കാരനും ചോദിക്കേണ്ട സന്ദർഭം അതിക്രമിക്കുകയാണ്. സംശയത്തിെൻറ പേരിൽ ആളുകളെ തല്ലിക്കൊന്നും പിഞ്ചുകുഞ്ഞുങ്ങളുടെ പോലും മാനം പിച്ചിച്ചീന്തി അത് പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ കൊണ്ടാടിയും മതിഭ്രമം ബാധിച്ച ഗുണ്ടാപ്പട നാടിെൻറ നിയന്ത്രണം കൈയേറുേമ്പാൾ ആരും അനങ്ങാത്തതെന്ത് എന്ന് ചോദിക്കുന്നത് പരമോന്നത നീതിപീഠമാണ്. പൈശാചികത എല്ലാ പരിധിയും ലംഘിച്ചിട്ടും ആരും ഇളകാത്തതെന്ത് എന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് മദൻ ബി. ലോകുർ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ആശ്ചര്യം കൂറിയത്. ലൈംഗിക അതിക്രമങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന മനോരോഗികളെ നിയന്ത്രിക്കണമെന്ന ആവശ്യത്തിലുള്ള കേസ് പരിഗണിക്കെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഗൂഗ്ൾ, യാഹൂ ഇന്ത്യ പ്രൈ. ലിമിറ്റഡ്, മൈക്രോസോഫ്റ്റ് കോർപറേഷൻ (ഇന്ത്യ), ഫേസ്ബുക്ക്, വാട്സ്ആപ് എന്നീ ഇൻറർനെറ്റ് സെർച്ച് എൻജിനുകളുടെയും സമൂഹ മാധ്യമങ്ങളുടെയും ദുരുപയോഗം തടയുന്നതിനെക്കുറിച്ച് അവയുടെ പ്രതിനിധികളുടെ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. അതൊക്കെ മുന്നിൽവെച്ചാണ് രാജ്യത്തിെൻറ ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ ഭരണകൂടത്തിെൻറ ഇക്കാര്യത്തിലെ അനാസ്ഥയെ കോടതി വിമർശിച്ചത്.
എന്നാൽ, ഇവിടെ ഭ്രാന്ത് ഏതാനും പേർക്കോ ആൾക്കൂട്ടത്തിനോ അല്ലെന്നും ലക്കില്ലാത്തവരെ തളക്കേണ്ട ചങ്ങലക്കുതന്നെയാണെന്നും ഇനിയെങ്കിലും തിരിച്ചറിയാതെ വയ്യ. സുപ്രീംകോടതി ആൾക്കൂട്ടക്കൊലക്കെതിരെ കേന്ദ്രഗവൺമെൻറിന് കർശനനിർദേശം നൽകിയ ശേഷവും നിർബാധം അറുകൊലകൾ തുടരുകതന്നെയാണ്. പരമോന്നത നീതിപീഠം ലൈംഗിക അതിക്രമങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കാനുള്ള നാനാവഴികളാരായുന്ന നിരീക്ഷണങ്ങൾ നടത്തിയതിെൻറ പിറ്റേന്നാൾ ബിഹാറിലെ മുസഫർപുരിൽനിന്നു വന്ന വാർത്ത ആരെയും തകർത്തുകളയുന്നതാണ്. അവിടെ സംസ്ഥാന സർക്കാർ നടത്തുന്ന ബാലിക ഗൃഹം എന്ന അനാഥമന്ദിരത്തിൽ ഏഴു മുതൽ 18 വരെ വയസ്സുള്ള 34 പെൺ അന്തേവാസികളെ ഒരു സംഘം ദീർഘനാളായി മയക്കുമരുന്നു നൽകിയും മർദിച്ചും ലൈംഗികപീഡനത്തിനിരയാക്കി വരുന്നു. സ്വകാര്യഭാഗങ്ങൾ പൊള്ളിക്കുന്നതടക്കമുള്ള മൃഗീയതക്കിരയായ കുട്ടികളിൽ ഒരു ഡസൻ പേർക്ക് പൂർണമായും മനോനില തെറ്റി. ബാക്കിയുള്ളവർ ഭീകരമായ ഭീതിരോഗത്തിന് അടിമപ്പെട്ട് നരകിക്കുകയാണ്.
സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി 110 അഭയകേന്ദ്രങ്ങൾ നടന്നുവരുന്നതിൽ ഒരു ഡസനോളം കേന്ദ്രങ്ങളെക്കുറിച്ച് പരാതിയുയർന്നതിെൻറ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു ഇൗ വർഷാദ്യം സാമൂഹികക്ഷേമ മന്ത്രാലയം മുംബൈയിെല ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസിനെ (ടിസ്) സോഷ്യൽ ഒാഡിറ്റിങ്ങിന് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 26ന് ‘ടിസ്’ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. ബാലിക ഗൃഹത്തിലെ 44 പെൺകുട്ടികളിൽ ഏതാണ്ടെല്ലാവരും കൂട്ട മാനഭംഗത്തിനിരയായതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടും മന്ദഗതിയിലാണ് സർക്കാർ നടപടികൾ പുരോഗമിച്ചത്. മേയ് 31ന് റിപ്പോർട്ടിൽ പെൺകുട്ടികളുടെ ദുരവസ്ഥക്ക് ഉത്തരവാദികളായവർക്കെതിരെ ‘ഉചിതമായ നടപടി’ ആവശ്യപ്പെട്ട് സാമൂഹികക്ഷേമ വകുപ്പ് മുസഫർപുർ പൊലീസ് സ്റ്റേഷനിൽ എഫ്.െഎ.ആർ ഫയൽ ചെയ്തു. ജൂൺ രണ്ടിന് കേന്ദ്രം നടത്താൻ സർക്കാറിൽനിന്ന് കരാർ ഏറ്റെടുത്ത സങ്കൽപ് ഏവം വികാസ് സമിതി എന്ന എൻ.ജി.ഒയുടെ സാരഥി ബ്രജേഷ് താകൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതു കഴിഞ്ഞാണ് പെൺകുട്ടികളെ വൈദ്യപരിശോധനക്ക് വിേധയമാക്കുന്നത്.
കേന്ദ്രത്തിെൻറ നടത്തിപ്പുകാരനായ താകൂർ ചില്ലറക്കാരനല്ല. ബി.ജെ.പി, ജനതാദൾ-യു നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ രണ്ടുതവണ എൻ.ഡി.എ പിന്തുണയിൽ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കേന്ദ്രത്തിനു തൊട്ടടുത്തായി പേരിനൊരു ദിനപത്രം നടത്തുന്ന ഇയാൾ ഇൗ സൗകര്യമെല്ലാം ഉപയോഗിച്ച് അഗതികേന്ദ്രത്തെ സമൂഹത്തിലെ ഉന്നതർക്ക് മേയാനുള്ള പീഡനഗൃഹമാക്കി മാറ്റുകയായിരുന്നു. വകുപ്പു മന്ത്രിയുടെ ഭർത്താവും ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സനും അടക്കമുള്ളവർ കുറ്റാരോപിതരാണ്. ഇതോടെ സംസ്ഥാന സർക്കാർ അന്വേഷിച്ചാൽ എങ്ങുമെത്തില്ലെന്നും സി.ബി.െഎയെ അന്വേഷണം ഏൽപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി നിതീഷ്കുമാറിന് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ലാതായി.
സമൂഹത്തിലെ ഉന്നതർ ഉൾപ്പെട്ടതിനാൽ കേസ് വെച്ചുതാമസിപ്പിക്കാൻ ശ്രമിച്ചു എന്നു മാത്രമല്ല, ഇക്കാലയളവിലും കുറ്റവാളികൾ ഭീകരകൃത്യം തുടർന്നുവരുകയായിരുന്നു. എന്നിരിക്കെ സംസ്ഥാനം ശിപാർശ ചെയ്ത സി.ബി.െഎ അന്വേഷണം വരുമോ, അത് എവിടംവരെ എന്നതൊക്കെ സംശയമായി അവശേഷിക്കുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ നിതീഷ് ഗവൺമെൻറിനോട് വിശദീകരണം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധി പോലും ഗൗനിക്കപ്പെടാത്തിടത്ത് കമീഷെൻറ നോട്ടീസിന് എന്തു വില? പൗരന്മാരുടെ ജീവനു വില കൽപിക്കേണ്ട ഭരണകൂടം ഇപ്പോഴും ഇരകൾക്കൊപ്പമോ വേട്ടക്കാരുടെ കൂടെയോ എന്നു വ്യക്തമാക്കിയിട്ടില്ല. അത് വ്യക്തമാകാത്തിടത്തോളം നാട് നാഥനില്ലാക്കളരിയായി നാൾക്കുനാൾ നരകമായിത്തീരുകയേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.