സുപ്രീംകോടതിയുടെ രണ്ടു വിധിതീർപ്പുകൾ
text_fields'ഭരണപരമായ തീരുമാനങ്ങളിൽ സർക്കാർ പരിഗണിക്കേണ്ട എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളുകയും അനാവശ്യമായവ ഒഴിവാക്കുകയും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ജുഡീഷ്യൽ ഇടപെടലുകളെ സർക്കാറുകൾക്ക് അകറ്റിനിർത്താനാകും.' കഴിഞ്ഞ മേയ് മാസത്തിൽ സുപ്രീംകോടതി നൽകിയ ഉപദേശം ചെവിക്കൊള്ളാൻ കേന്ദ്രം സന്നദ്ധമാകാത്തതിനാൽ വീണ്ടും വടിയെടുക്കുകയാണ് പരമോന്നത നീതിപീഠം. മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പുലർത്തുന്ന അലംഭാവ സമീപനത്തോടുള്ള അമർഷം വ്യക്തമാക്കി പരമോന്നത നീതിപീഠം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശ്രദ്ധേയമായ രണ്ടു വിധിന്യായങ്ങളാണ് പുറത്തിറക്കിയത്. അതിൽ ആദ്യത്തേത്, ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉൾപ്പെടുമെന്ന ഉത്തരവാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന വിധിയാണ് രണ്ടാമത്തേത്. കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കുന്നതിൽ വിശേഷിച്ച് ദരിദ്രരായ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വത്തെ രണ്ട് ഉത്തരവിലും കടുത്ത ഭാഷയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
മഹാമാരിയുടെ ആദ്യഘട്ടത്തിൽ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുനടന്ന അസംഘടിത തൊഴിലാളികളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ രാജ്യത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അദൃശ്യരാക്കപ്പെട്ട അസംഘടിത തൊഴിലാളികളും അവരുടെ പ്രാരബ്ധങ്ങളും 'മുഖ്യധാരാ' ചർച്ചകളിലെ വിഷയമാകുവാനും കോടതികളുടെ സവിശേഷ ശ്രദ്ധയാകർഷിക്കുവാനും ആ സംഭവം നിമിത്തമാകുകയും ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം, 2008, അന്തർ-സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ നിയമം തുടങ്ങിയവയും അവ പരിപാലിക്കുവാൻ ചുമതലപ്പെട്ട സർക്കാർ ഏജൻസികളും നിലവിലുണ്ടെങ്കിലും അവയിലൊന്നും അവരുടെ ശരിയായ സ്ഥിതിവിവരക്കണക്കുകളില്ലായിരുന്നു. ഈ തൊഴിലാളികളുടെ േഡാറ്റ ബേസ് ശേഖരിച്ച് അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മഹാമാരി തുടങ്ങുന്നതുവരെ തൊഴിൽ മന്ത്രാലയത്തിൽ അവഗണിക്കപ്പെട്ടുകിടന്നു. കുറ്റകരമായ ഈ നിഷ്ക്രിയത്വത്തിന് നൽകേണ്ടിവന്ന വിലയാണ് കോവിഡിെൻറ ആദ്യ തരംഗത്തിൽ പട്ടിണികൊണ്ടും കാൽനട യാത്രയിലും മരിച്ചുവീണ അസംഖ്യം അസംഘടിത തൊഴിലാളികൾ.
2021 മേയ് 24 നും ജൂൺ 11 നും േഡറ്റ ശേഖരണം വേഗത്തിലാക്കാൻ സുപ്രീംകോടതി വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെങ്കിലും അതത്ര എളുപ്പമല്ലെന്ന മുട്ടാപ്പോക്ക് ന്യായത്തിൽ അവഗണിച്ച കേന്ദ്ര സമീപനത്തിനുള്ള തിരിച്ചടിയാണ് 'ഒരു രാജ്യം ഒരു റേഷൻ കാർഡ്'പദ്ധതി എല്ലാ സംസ്ഥാനങ്ങളും ജൂൈല 31നകം പൂർണമായി നടപ്പാക്കണമെന്ന ശാസന. 'അസംഘടിത തൊഴിലാളികളോടുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ സമീപനം മാപ്പർഹിക്കാത്തതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാനുള്ള ഒാൺലൈൻ പോർട്ടൽ ജൂലൈ 31ഒാടെ കേന്ദ്ര സർക്കാർ സജ്ജമാക്കണം. അവരോട് അനുകമ്പയില്ലാത്തതിന് തെളിവാണ് പോർട്ടൽ തുടങ്ങാനുള്ള കാലതാമസം' തുടങ്ങിയ -സുപ്രീംകോടതിയുടെ വിമർശനത്തിന് ഉത്തരം പറയാനും മഹാമാരി അവസാനിക്കുന്നതുവരെ കുടിയേറ്റ െതാഴിലാളികൾക്ക് ഭക്ഷണം നൽകാൻ സമൂഹ അടുക്കള നടത്തണമെന്ന നിർദേശം യുദ്ധകാല സ്വഭാവത്തിൽ നടപ്പാക്കാനും കേന്ദ്രത്തിന് ബാധ്യതയുണ്ട്.
കോവിഡ് മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്രം പക്ഷേ, ദേശീയ ദുരന്ത നിവാരണ നിയമത്തിെൻറ പരിരക്ഷ ജനങ്ങൾക്ക് നൽകുവാൻ തയാറാകുന്നില്ല. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന വിധി തുറന്നുകാണിക്കുന്നത് നമ്മുടെ അധികാരികളുടെ വിരോധാഭാസങ്ങളെക്കൂടിയാണ്. രാജ്യത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നൽകുന്ന വാഗ്ദാനങ്ങൾപോലും പാലിക്കാൻ ഒരു താൽപര്യവുമില്ലെന്ന് വ്യക്തമാക്കുന്നു ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് നിർബന്ധ ബാധ്യതയില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർമേത്തയുടെ വാദഗതികൾ. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിലയിരുത്തിയ കോടതി ആ വാദത്തെ സമ്പൂർണമായിതള്ളിക്കളയുകയായിരുന്നു. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് ഉചിതമല്ലെന്ന് നിരീക്ഷിച്ച കോടതി അതിനുള്ള മാനദണ്ഡങ്ങൾ ആറാഴ്ചക്കകം തയാറാക്കാൻ ദേശീയ ദുരന്തനിവാരണ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മഹാമാരിക്കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രയാസങ്ങളെ ലാഘവത്തോടെ കാണുന്ന കേന്ദ്ര സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നതെന്ന് സുപ്രീംകോടതിയും അടിവരയിടുന്നു. സാധാരണക്കാരുടെ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ സർക്കാറുകളും ഉദ്യോഗസ്ഥരും പരാജയപ്പെടുന്നുവെങ്കിൽ അതിനവർ പിഴകൂടി നൽകാൻ ബാധ്യസ്ഥരാകുന്ന നിയമങ്ങൾ നിലവിൽ വന്നാൽ മാത്രമേ കോടതി ഇടപെടലുകൾപോലും പ്രയോജനകരമാകൂ. ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ നമ്മുടെ സംവിധാനങ്ങളിൽ അഴിച്ചുപണികൾ അനിവാര്യമാെണന്ന് ഉറപ്പിക്കുകയാണ് സുപ്രീംകോടതിയുടെ രണ്ടു വിധിന്യായങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.