Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
madhyamam editorial
cancel

ഴിഞ്ഞ ഒന്നരവർഷത്തിനിടെ 200ലേറെ പേരുടെ ജീവനെടുത്ത, കോടിക്കണക്കിന്​ രൂപയുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ട ആയിരക്കണക്കിനാളുകളെ തെരുവാധാരമാക്കിയ മണിപ്പൂരിലെ വംശീയാതിക്രമത്തിൽ ഒടുവിൽ മുഖ്യമന്ത്രി ബിരേൻ സിങ്​ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. വർഷാന്ത്യത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഏറ്റുപറച്ചിൽ. കഴിഞ്ഞ മൂന്നു നാലു മാസമായി സ്ഥിതിഗതിയിൽ അൽപം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന്​ അവകാശപ്പെട്ട അദ്ദേഹം ഇനിമുതൽ സംസ്ഥാനത്തെ മുപ്പത്ത​ഞ്ചോളം അംഗീകൃത ഗോത്രങ്ങൾ ഒന്നിച്ചു ജീവിക്കണമെന്ന് ആവ​ശ്യപ്പെടുകയും ചെയ്തിട്ടുണ്ട്​. അദ്ദേഹം ഇതു പറയുമ്പോഴും മണിപ്പൂരിൽ അക്രമസംഭവങ്ങൾ അരങ്ങേറുകയായിരുന്നുവെന്നത് വേറെ കാര്യം.

2023 മേയിലാണ് മണിപ്പൂരിലെ താഴ്വാരത്ത് വസിക്കുന്ന കുക്കി വിഭാഗവും കുന്നിൻപ്രദേശങ്ങളിൽ കഴിയുന്ന മെയ്‌തേയ് വിഭാഗവും തമ്മിലെ സംഘർഷം തുടങ്ങിയത്. ഏതാണ്ട് ഏകപക്ഷീയമായി കുക്കി ഗോത്രവിഭാഗത്തിന് നേരെ നടന്ന അതിക്രമങ്ങൾ അത് രൂക്ഷമായി തുടരുമ്പോഴും ഭരണാധികാരി എന്ന നിലയിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങോ ഭരണകക്ഷിയായ ബി.ജെ.പിയോ നിരർഥകമായ ചില ചർച്ചകൾക്കപ്പുറം സമാധാനം പുനഃസ്ഥാപിക്കാൻ ​ഒന്നും ചെയ്തിട്ടില്ല. അക്രമങ്ങളുടെ പേരിൽ 12247 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. 625 പേർ പ്രതികളായി. പൊലീസിൽനിന്ന് നഷ്ടപ്പെട്ട 5600 ആയുധങ്ങളും 35000 വെടിയുണ്ടകളും കണ്ടെടുത്തുവെന്ന് ബിരേൻ സിങ് പറഞ്ഞതിൽ തന്നെയുണ്ട് സംഘർഷത്തിന്‍റെ തോതിനെക്കുറിച്ച സൂചന. അഭയാർഥി ക്യാമ്പുകൾ ഒരുക്കാനും പുനരവധിവാസത്തിനുമായി 247 കോടിയിൽപരം രൂപയാണ് കേന്ദ്രസർക്കാർ ഇവിടെ ചെലവിട്ടത്.

അക്രമങ്ങളും കൊലകളും സ്വത്ത് നാശവും ഉണ്ടായിട്ടും ഭരണകൂടം തനിച്ച നിഷ്ക്രിയത്വം തുടർന്ന ഘട്ടത്തിൽ സുപ്രീംകോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്​.ഐ.ടി) രൂപവത്​കരിച്ചിരുന്നു. എന്നാൽ, കുറ്റവാളികൾക്കെതിരായ നടപടികൾ നാമമാത്രമായി. രണ്ടു കുക്കി സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ അത്യന്തം ബീഭത്സമായ ചെയ്തിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് കോടതി ചോദിച്ചശേഷം മാത്രമാണ് സംസ്ഥാന സർക്കാർ വല്ലതും ചെയ്തത്. മേയ് മാസത്തിൽ നടന്ന കുറ്റത്തിൽ ജൂലൈയിൽ വിഡിയോ വൈറലായശേഷം മാത്രമാണ് നടപടിവന്നത്​. എസ്​.ഐ.ടിയുടെ തന്നെ 2024 നവംബറിലെ വിവരമനുസരിച്ച് 3023 കേസുകളിൽ വെറും ആറ് ശതമാനത്തിൽ മാത്രമേ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നുള്ളൂ. 2023 ആഗസ്ത് മുതൽ 2024 നവംബർവരെയുള്ള കാലയളവിൽ അന്വേഷണ സംഘങ്ങൾ 384 പേരെ അറസ്റ്റ്​ ചെയ്യുകയും സംശയിക്കുന്ന 742 പേരെ തിരിച്ചറിയുകയും 11901 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നിട്ടും വേണ്ട ഗൗരവത്തിൽ സർക്കാർ നടപടികളെടുക്കാതെ സ്ഥിതിഗതികൾ അതീവ വഷളാക്കിയശേഷമാണ്​ മുഖ്യമന്ത്രി ക്ഷമാപണവും കൊണ്ടുവന്നിരിക്കുന്നത്​. കുക്കികളിൽ ഭൂരിഭാഗം വരുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ മുന്നൂറിനടുത്ത് ചർച്ചുകൾ നശിപ്പിക്കപ്പെട്ടു. 60000 പേർക്ക് കുടിയൊഴിഞ്ഞു പോകേണ്ടിവന്നുവെന്നാണ് കണക്ക്. എന്നിട്ടൊന്നും സംസ്ഥാനത്തും കേന്ദ്രത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറുകൾ ജനങ്ങൾക്കിടയിൽ സൗഹൃദം പുനഃസ്ഥാപിക്കാനോ ചുരുങ്ങിയത് അക്രമസംഭവങ്ങൾ ഒതുക്കാനോ കാര്യമായ ഒരു ശ്രമവും നടത്തിയില്ല. അന്തർദേശീയതലത്തിൽ തന്നെ മണിപ്പൂർ സജീവ ചർച്ചയായി ഉയർന്നപ്പോഴും കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗനം പാലിച്ചു. 2024ൽ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയശേഷം 2024 ജൂലൈ മാസം പാർലമെന്റിൽ നന്ദി പ്രമേയ ചർച്ചകൾക്കുള്ള മറുപടിയിലാണ് ആ മൗനം അവസാനം ഭഞ്ജിച്ചത്. രാഷ്ട്രീയം മാറ്റിവെച്ച് മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം.

മുഖ്യമന്ത്രിക്ക് ഇത് പറയാൻ 19 മാസം വേണ്ടിവന്നു. എന്നാൽ, ബിരേൻസിങ്ങിന്‍റെ ക്ഷമാപണം മതിയാവില്ല. 19 മാസത്തിനിടയിൽ പ്രധാനമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതിനപ്പുറം, ​രാജ്യത്തും ലോകത്തും മറ്റെവിടെയും സഞ്ചരിക്കുന്ന പ്രധാനമന്ത്രി കത്തിയെരിയുന്ന മണിപ്പൂരിലേക്കൊന്ന് എത്തി നോക്കാൻ സമയം കണ്ടെത്തിയിട്ടില്ല. സ്വന്തം സംസ്ഥാനത്തെ ഒരു വലിയ ജനവിഭാഗം അക്രമത്തിനിരയാകുമ്പോഴും, സമുദായം തിരിച്ച് അതിൽ ഒരു വിഭാഗത്തിന്‍റെ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കപ്പെടുമ്പോഴും സ്ത്രീകൾ മാനഭംഗത്തിനിരയാകുമ്പോഴും മതിയായ നടപടിയെടുക്കാത്ത മുഖ്യമന്ത്രി ഇപ്പോൾ ഒരു പുതുവർഷ സന്ദേശമെന്നോണം ക്ഷമ യാചിക്കുന്നതിൽ വലിയ അർഥമില്ല. ഇപ്പോൾ വേണ്ടത് കലാപങ്ങളിലെ കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പുവരുത്തുക, അകന്നുപോയ രണ്ടു ജനവിഭാഗങ്ങളെ ഒന്നിച്ചിരുത്തി സംഘർഷമൊഴിഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുക, കലാപങ്ങൾക്കിരയായ ജനങ്ങൾക്ക് പുനരധിവാസം, നഷ്ടപരിഹാരം എന്നിവ ഉറപ്പുവരുത്തുക എന്നിവയെല്ലാമാണ്. ജനങ്ങളെ വിഭജിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണകൂടം അതിന് തയാറുണ്ടോ എന്നതാണ് മുഖ്യചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmanipur riots
News Summary - madhyamam editorial 02 January 2025 manipur riots
Next Story