കാലാവസ്ഥ: ഈ നിഷ്ക്രിയത ആപത്കരമാണ്
text_fieldsകാലവർഷം വളരെ ദുർബലമാണ്. മഴയിലെ കുറവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കാൾ വലുതാണ് കാലാവസ്ഥ പ്രവചനത്തിൽ ഒതുങ്ങാതായി എന്നത്. കോവിഡിനോടുള്ള പോരാട്ടത്തിനിടക്ക് ലോകം മറന്നുപോയ ഈ പ്രതിസന്ധി ഇന്ന് മുമ്പില്ലാത്ത തീക്ഷ്ണതയോടെ സാന്നിധ്യമറിയിക്കുകയാണ്. കാനഡയിൽ ഉഷ്ണതരംഗവും കാട്ടുതീയും കാരണം എഴുനൂറിലേറെ പേരാണ് മരിച്ചത്. വടക്കുപടിഞ്ഞാറൻ അമേരിക്കയിലും അത്യുഷ്ണമുണ്ട്. ചെക്റിപ്പബ്ലിക്കിൽ അസാധാരണ തീവ്രതയോടെ ചുഴലിക്കൊടുങ്കാറ്റ്; ജപ്പാനിൽ അതിവർഷവും മണ്ണിടിച്ചിലും; ഘാനയിൽ പ്രളയം; യൂറോപ്പിലും പ്രളയം. റഷ്യയിലെ യാകൂതിയയിൽ അത്യുഷ്ണം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥയുടെ താളപ്പിഴകൾ അപൂർവമല്ലെങ്കിലും തുടർച്ചയായും വ്യാപകമായും അവ ഉണ്ടാകുന്നത് ആഗോള പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുന്നു. ഇക്കഴിഞ്ഞ മേയ് മാസം, രേഖപ്പെടുത്തിയ ചരിത്രത്തിൽ വെച്ച് ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു. ഓരോ വർഷവും ഉഷ്ണത്തിൽ പുതിയ റെക്കോഡുണ്ടാകുന്നു. 2019 വരെയുള്ള ഒരു പതിറ്റാണ്ടിൽ അന്തരീക്ഷ താപത്തിലെ സന്തുലനം നഷ്ടപ്പെട്ടിരിക്കുന്നു. സൂര്യതാപം ആഗിരണം ചെയ്തും ഭൂമിയിൽനിന്ന് ഇൻഫ്രാറെഡ് വികിരണം പുറത്തേക്ക് വിട്ടുമാണ് സന്തുലനം നിലനിന്നിരുന്നത്: ചൂട് അന്തരീക്ഷത്തിൽ തന്നെ കെട്ടിനിൽക്കുന്ന സ്ഥിതിയാണിന്ന്. കാനഡക്കാർ അനുഭവിക്കുന്ന 'ഹീറ്റ് ഡോം' പ്രതിഭാസത്തിന് കാലാവസ്ഥാ വ്യതിയാനവും കാരണമാണ്. കടലേറ്റം മൂലം അഭയാർഥികളാക്കപ്പെടുന്നവരുടെ എണ്ണം വർഷംതോറും വർധിച്ചുവരുന്നു. 2050ഓടെ അഞ്ചു കോടി കാലാവസ്ഥാ അഭയാർഥികളുണ്ടാകും.
പ്രതിസന്ധിയുടെ ആഴത്തേക്കാൾ നമ്മെ ഭയപ്പെടുത്തേണ്ടത്, കോവിഡിനോളമോ അതിലേറെയോ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന ഈ പ്രശ്നത്തോട് സമൂഹങ്ങളും ഭരണകൂടങ്ങളും പുലർത്തുന്ന നിസ്സംഗതയാണ്. 1992 മുതൽ രാജ്യങ്ങളുടെ വഴിപാട് യോഗങ്ങളും പ്രഖ്യാപനങ്ങളും നടക്കാറുണ്ട്. ക്യോട്ടോ, ദോഹ സമ്മേളനങ്ങൾ മുന്നോട്ടുവെച്ച മാർഗരേഖകളും പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ തീരുമാനിച്ച ധാരണയും ഏറെ അപര്യാപ്തമാണെങ്കിലും അതുപോലും ആത്മാർഥമായി നടപ്പാക്കപ്പെടുന്നില്ല. വംശഹത്യയും മാനവരാശിക്കെതിരായ കുറ്റകൃത്യവും യുദ്ധക്കുറ്റവുംപോലെ പരിസ്ഥിതിഹത്യയും (ഇക്കോ സൈഡ്) അന്താരാഷ്ട്ര കോടതിയുടെ അധികാര പരിധിയിൽപെടുത്തണമെന്ന തീരുമാനം, ഇക്കോസൈഡിന് നിർവചനമില്ലാത്തതിനാൽ മാറ്റിവെച്ചിരുന്നു. ഇപ്പോൾ ആ കുറവും പരിഹരിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ഇതുസംബന്ധിച്ച അന്താരാഷ്ട്ര ധാരണക്ക് പതിറ്റാണ്ടുതന്നെ വേണ്ടിവരാം. കാലാവസ്ഥാ പ്രതിസന്ധിയാകെട്ട അടിയന്തര നടപടി ആവശ്യപ്പെടുന്നുണ്ടുതാനും. ഇപ്പോഴും രാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് ഉയർന്ന മുൻഗണന കൽപിക്കാത്തതിനു കാരണം രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവില്ലായ്മയും ഇച്ഛാശക്തിയില്ലായ്മയുമാണ്. വിയറ്റ്നാം യുദ്ധവേളയിൽ കാടുവെളുപ്പിക്കാൻ അമേരിക്കൻ സേന 'ഏജൻറ് ഓറഞ്ച്' എന്ന രാസായുധം പ്രയോഗിച്ചത് പരിസ്ഥിതിഹത്യയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നെങ്കിൽ, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് നാശം വരുത്തുന്നതും ചെറുതല്ലാത്ത കുറ്റം തന്നെ.
ശാസ്ത്രജ്ഞരല്ല രാഷ്ട്രീയക്കാരാണ് എല്ലായിടത്തും നയം രൂപവത്കരിക്കുന്നതും നടപ്പാക്കുന്നതും എന്നതാണ് കാലാവസ്ഥ പ്രതിസന്ധിക്ക് ചികിത്സയില്ലാതാകാൻ കാരണം. കോവിഡിന്റെ കാര്യത്തിലുള്ളത്ര പങ്കാളിത്തമെങ്കിലും ഇക്കാര്യത്തിൽ അറിവുള്ളവർക്ക് നൽകുേമ്പാഴേ പരിഹാരമുണ്ടാകൂ. മറിച്ചായതിന്റെ ഫലങ്ങൾ ലക്ഷദ്വീപ് മുതൽ പലേടത്തും ഇന്ന് കാണുന്നു. 'കെ. റെയിൽ' എന്ന വേഗറെയിൽപ്പാതയെപ്പറ്റി പരിസ്ഥിതി പഠനം നടത്താതെ, വിവരമുള്ളവരുടെ അഭിപ്രായം അവഗണിച്ചാണ് നാമിന്ന് മുന്നോട്ടുപോകുന്നത്. രാജ്യത്ത് എൻ.ഡി.എ സർക്കാറിന്റെ ചരിത്രംതന്നെ പരിസ്ഥിതിവിരുദ്ധ ''വികസന''ത്തിേൻറതാണ്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരുപാട് നിയമങ്ങൾ (പരിസ്ഥിതി 1986, വനം 1980, വന്യജീവി 1972, ജലം 1974, വായു 1981) ഭേദഗതിചെയ്താണ് 2014ൽ മോദി ഭരണം തുടങ്ങിയത്. ഇപ്പോഴും 'ആത്മനിർഭർ' പദ്ധതിയുടെ പേരിൽ നാൽപത് കൽക്കരിഖനികളാണ് തുടങ്ങാൻ പോകുന്നത്. ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ ഉണ്ടാക്കുന്നതാണ് കൽക്കരി ഊർജം; അതും പെട്രോളിയം ഇന്ധനങ്ങളും ഇല്ലാതാക്കാൻ കാലാവസ്ഥാ പരിഹാരത്തിലെ മുൻഗണനകളാണ്. അതിനുപുറമെ, പരിസ്ഥിതി സുരക്ഷയുടെ മർമമെന്നു പറയേണ്ട കടുവാ ആവാസകേന്ദ്രങ്ങളായ വനങ്ങളിലാണ് തുടങ്ങാൻ പോകുന്ന ഖനികളത്രയും. വികസനത്തിനുവേണ്ടി സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇപ്പോൾ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പരിസ്ഥിതി വകുപ്പുകളുടെ ദൗത്യം. കൂടുതൽ വിപുലമായ അധികാരങ്ങളോടെ, ശാസ്ത്രജ്ഞർക്ക് നിർണായക സ്ഥാനമുള്ള കാലാവസ്ഥാ മന്ത്രാലയങ്ങൾ ഡൽഹിയിലും തിരുവനന്തപുരത്തും തുടങ്ങേണ്ടതാണ്. ഏതുനിലക്കും കാലാവസ്ഥക്ക് പരമപ്രാധാന്യം കൽപിച്ചുള്ള അടിയന്തര നടപടികൾ ഉണ്ടായേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.