ജനാധിപത്യത്തോട് വിരക്തി?
text_fieldsജനാധിപത്യത്തെക്കുറിച്ച ജനങ്ങളുടെ മനോഭാവത്തെപ്പറ്റി 24 രാജ്യങ്ങളിൽ സർവേ നടത്തിയ വാഷിങ്ടണിലെ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട വിവരങ്ങൾ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ ചൂടുപിടിക്കെ ഇന്ത്യയുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന ആരെയും ആശങ്കാകുലരാക്കേണ്ടതാണ്. 2023 മാർച്ച് 23നും മേയ് 11നുമിടയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളായ അന്തമാൻ-നികോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ രാജ്യത്തിന്റെ വിവിധ തട്ടുകളിൽ ജീവിക്കുന്ന പ്രായപൂർത്തിയെത്തിയ പൗരരുമായി നേരിട്ട് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ തയാറാക്കിയതെന്ന് പ്യൂ വെളിപ്പെടുത്തുന്നു. രാജ്യം ഭരിക്കാൻ സർവാധിപതികളോ പട്ടാളമോ ആണ് നല്ലതെന്ന് കരുതുന്നവർ ഇന്ത്യയിൽ 85 ശതമാനമാണ്! 2017ൽ പ്യൂ നടത്തിയ തത്തുല്യമായ സർവേയിൽ നല്ലൊരു വിഭാഗം ഇന്ത്യക്കാർ ജനാധിപത്യമാണ് സദ്ഭരണത്തിന് ഉത്തമമെന്ന് അഭിപ്രായപ്പെട്ടിരുന്ന സ്ഥാനത്താണ് 2023ൽ മഹാഭൂരിപക്ഷവും സമഗ്രാധിപത്യത്തെയോ സൈനികവാഴ്ചയെയോ പിന്താങ്ങുന്നതെന്നോർക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെക്കാൾ വിദഗ്ധരാണ് ഭരിക്കാൻ യോഗ്യർ എന്നും കരുതുന്നു വലിയൊരു വിഭാഗം. പ്രതിപക്ഷ സ്വാതന്ത്ര്യം നിർണായകമാണെന്ന് കരുതുന്നവരുടെ സംഖ്യയും വലിയതോതിൽ കുറഞ്ഞതായും സർവേ ചൂണ്ടിക്കാട്ടുന്നു.
ഒട്ടൊക്കെ വിശ്വാസ്യമായും വ്യവസ്ഥാപിതമായും നടത്തപ്പെട്ട സർവേയാണ് പ്യൂ നടത്തിയതെന്ന് വകവെച്ചുകൊടുത്താലും ഇത് പൂർണമോ പൊതുജനാഭിപ്രായം പൂർണമായി പ്രതിഫലിക്കുന്നതോ ആവില്ലെന്ന് വിശ്വസിക്കാൻ ന്യായമുണ്ട്. 97 കോടിയോളം സമ്മതിദായകരുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് സമഗ്രവും സൂക്ഷ്മവുമായ ഒരു സർവേ പ്രയാസരഹിതമല്ല, കുറ്റമറ്റതാവാനും വഴിയില്ല. എന്നാൽ, തന്നെയും ഏറെ ഉത്കണ്ഠക്കും വിചിന്തനത്തിനും വഴിവെക്കുന്നതാണീ സർവേ വിവരങ്ങൾ എന്നുതന്നെ സമ്മതിക്കുന്നതാണ് ശരി. കാരണങ്ങൾ വ്യക്തമാണ്. മെച്ചപ്പെട്ടൊരു ജനാധിപത്യ ഭരണഘടനയുടെ കീഴിൽ പതിനേഴ് സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുകയും ജനപ്രതിനിധികൾ ഏഴു പതിറ്റാണ്ടുകൾ ഭരിക്കുകയും ചെയ്ത ഇന്ത്യ മഹാരാജ്യം ജനഹിതത്തിനൊത്ത പക്വവും ശക്തവുമായ ഒരു ഭരണക്രമത്തിന് മാതൃകയാവേണ്ടതിന് പകരം, എല്ലാം ഒരു വ്യക്തിയിലും ഏക സംസ്കാരത്തിലും കേന്ദ്രീകൃത ഭരണസംവിധാനത്തിലും ചുരുട്ടിക്കൂട്ടപ്പെട്ട, വൈവിധ്യങ്ങളെ പൂർണമായി നിരാകരിക്കുന്ന അവസ്ഥാ വിശേഷത്തിലേക്കാണോ പോയിക്കൊണ്ടിരിക്കുന്നതെന്ന് സ്വതന്ത്ര മസ്തിഷ്കങ്ങൾ ഉറക്കെ ചിന്തിക്കുന്ന പതനത്തിലാണിപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പരമാവധി കവർന്നെടുക്കുന്നു, ജനം തെരഞ്ഞെടുത്ത സർക്കാറുകളെ വെറും നോക്കുകുത്തിയായി നിർത്തി ശ്വാസംമുട്ടിക്കുന്ന സ്ഥിതി യാഥാർഥ്യമായിരിക്കുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരെ വ്യാജാരോപണങ്ങളിൽ പെടുത്തിയും അന്വേഷണ ഏജൻസികളെക്കൊണ്ട് വേട്ടയാടിയും മാധ്യമങ്ങളെ വിലക്കെടുത്തും മൊത്തം സമ്പദ്വ്യവസ്ഥയെ കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തും മുന്നോട്ട് കുതിക്കുന്ന ഏകാധിപത്യ ശക്തികൾക്കെതിരെ ശബ്ദിക്കാൻ ധൈര്യപ്പെടുന്നവർ എത്രപേരുണ്ടാവും? ഒരുവക മനുഷ്യരൊക്കെ അനുസരണയുള്ള കുഞ്ഞാടുകളായി മൂലക്കിരിക്കാൻ നിർബന്ധിതമാവുന്ന സാഹചര്യമാണ് അതിവേഗം രൂപപ്പെടുന്നത്. 2014ന് ശേഷമാണ് ഈ പ്രവണത പൂർവാധികം ശക്തിപ്രാപിച്ചതെങ്കിലും അതിന്റെ നാന്ദികൾ നേരത്തേ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.
നമ്മുടെ ജനാധിപത്യത്തിന് ദ്രുതവാട്ടം സംഭവിക്കാൻ ഇത് മാത്രമല്ല പശ്ചാത്തലം. പതിറ്റാണ്ടുകളായി ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും പിടിയിലാണ് പാർലമെന്റും സംസ്ഥാന നിയമസഭകളും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകളനുസരിച്ച് 2019ൽ ലോക്സഭയിലെത്തിയവരിൽ 43 ശതമാനവും ക്രിമിനൽ കേസുകളിലെ പ്രതികളാണ്. 2014ൽ അത് 34 ശതമാനം മാത്രമായിരുന്നു. 4001 സംസ്ഥാന നിയമസഭ സാമാജികരിൽ 44 ശതമാനം ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. എന്തുകൊണ്ട് ഇത്തരക്കാർ ജനപ്രതിനിധികളായി എന്നല്ലേ? കള്ളപ്പണത്തിന്റെ ദുഃസ്വാധീനത്താൽ എന്നുതന്നെയാണ് ഉത്തരം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ കണക്കനുസരിച്ച് 55,000 കോടി രൂപയാണ് ഒഴുകിയത്! 2014ലെ 30,000 കോടിയിൽനിന്നാണീ വളർച്ച എന്നോർക്കണം. 1998ലാവട്ടെ വെറും 9000 കോടിയായിരുന്നു വോട്ടിനുവേണ്ടി ചെലവഴിച്ചത്. എന്നുവെച്ചാൽ വെറും കള്ളപ്പണംകൊണ്ട് വിലക്കെടുക്കാവുന്ന പ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു ജനാധിപത്യത്തിലെ പ്രായപൂർത്തി സമ്മതിദാനാവകാശം. 2019ൽ ഓരോ ലോക്സഭ മണ്ഡലത്തിലും ശരാശരി 100 കോടി രൂപയെങ്കിലും മുതൽമുടക്കായി മുഖ്യ പാർട്ടികൾ ചെലവിട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയായി 70 ലക്ഷം രൂപയാണ് ക്ലിപ്തപ്പെടുത്തിയതെങ്കിൽ 40 കോടിയാണ് യഥാർഥത്തിൽ ചെലവഴിഞ്ഞത്. ഇലക്ഷൻ കോടീശ്വരന്മാരുടെ ചൂതാട്ടമായി പരിണമിച്ചതിന്റെ ഫലം നിയമനിർമാണ സഭകളിലെ അംഗങ്ങളെ പരിശോധിക്കുമ്പോൾ വ്യക്തമാവും. രാജ്യസഭയിൽ നിലവിലെ മെംബർമാരിൽ 12 ശതമാനമെങ്കിലും ശതകോടീശ്വരന്മാരാണ്. ലോക്സഭാംഗങ്ങളിലാവട്ടെ കോടീശ്വരസംഖ്യ 475 ആണെന്ന് എ.ഡി.ആർ വെളിപ്പെടുത്തുന്നു. ഇപ്രകാരം പണച്ചാക്കുകൾ വെള്ളംപോലെ പണമൊഴുക്കി ജയിച്ചുകയറാനും തുടർന്ന് ലോകസമ്പന്നരുടെ ഒന്നാംനിരയിലെത്താൻ മത്സരിക്കുന്ന കോർപറേറ്റ് ഭീമന്മാരുടെ താൽപര്യങ്ങൾക്കൊത്ത് ഭരിക്കാനും അഴിമതിയും കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്തവും സാമാന്യ ശൈലിയാക്കാനുമുള്ള ഒരു ഭരണവ്യവസ്ഥയെ സാമാന്യജനം വെറുത്തില്ലെങ്കിലല്ലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാൻ ഇച്ഛാശക്തിയുള്ളവർ സംഘടിതമായി രംഗത്തിറങ്ങിയില്ലെങ്കിൽ സമഗ്രാധിപത്യത്തിലേക്കോ ഏകാധിപത്യത്തിലേക്കോ തന്നെയാവും ഇന്ത്യയെ ജനം കൊണ്ടുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.