ഹിന്ദുത്വവാദികൾക്ക് മനംമാറ്റം?
text_fieldsഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന ഭയചക്രത്തിൽ കുടുങ്ങരുതെന്ന് മുസ്ലിംകളെ ഉപദേശിച്ചിരിക്കുന്നു ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. എങ്ങനെ ആരാധിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾക്കിടയിൽ വേർതിരിവ് കാണിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 'എല്ലാ ഇന്ത്യക്കാരുടെയും ഡി.എൻ.എ ഒന്നാണ്. കൂട്ടാക്രമണങ്ങൾ ഹിന്ദുത്വത്തിനെതിരാണ്. ഐക്യമില്ലാതെ രാജ്യത്തിെൻറ വികസനം സാധ്യമല്ല. ഐക്യത്തിെൻറ അടിത്തറ ദേശീയതയായിരിക്കുകയും വേണം' -സംഘ്പരിവാർ വേദിയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ഗാസിയാബാദിൽ ജൂലൈ നാലിന് സംഘടിപ്പിച്ച 'ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാൻ ഫസ്റ്റ്' പരിപാടിയെ സംബോധന ചെയ്യവെയാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പശ്ചാത്തലശക്തിയായ ആർ.എസ്.എസിെൻറ സർസംഘ് ചാലക് മോഹൻ ഭാഗവത് മുസ്ലിം ന്യൂനപക്ഷത്തെ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. 'ഹിന്ദു-മുസ്ലിം സംഘർഷത്തിനുള്ള പരിഹാരം സംവാദമാണ്, വിയോജനമല്ല. മുസ്ലിംകൾ ഇന്ത്യയിൽ ജീവിക്കരുതെന്നു പറയുന്നവൻ ഹിന്ദുവല്ല' എന്നുകൂടി പറഞ്ഞുവെച്ചിരിക്കുന്നു. ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്ന് വാദിച്ച മോഹൻ ഭാഗവത് മുസ്ലിംകൾക്കത് സ്വീകാര്യമല്ലെങ്കിൽ അവർ 'ഭാരതീയർ' എന്ന് സ്വയം വിളിച്ചുകൊള്ളട്ടെ എന്ന് അൽപംമുമ്പ് ഉപദേശിച്ചിരുന്നതും ഓർക്കാവുന്നതാണ്.
മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്യൂണിസ്റ്റുകൾക്കും ഇന്ത്യയോട് കൂറുള്ളവരായി ജീവിക്കാൻ കഴിയില്ല, അവർ വിദേശീയ ആദർശത്തിൽ വിശ്വസിക്കുന്നവരാണ് എന്ന് സിദ്ധാന്തിച്ച ആർ.എസ്.എസ് ആചാര്യൻ ഗുരു ഗോൾവാൾക്കറുടെ ശിഷ്യനാണ് ഭാഗവത്. ഭാരതീയർ എന്നതുകൊണ്ടവർ ഉദ്ദേശിക്കുന്നത് ആർഷസംസ്കാരത്തെ പൂർണമായി അംഗീകരിച്ച് അതിെൻറ അപ്രമാദിത്വവും അന്യാദൃശ ശ്രേഷ്ഠതയും വിളംബരം ചെയ്യുന്നവരെയാണ്. ആ സംസ്കാരത്തിെൻറ ആധാരശിലയാവട്ടെ ബ്രാഹ്മണിസവുമാണ്. വർണാശ്രമധർമം മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ഭാരതീയ സംസ്കാരമേ സംഘ്നിഘണ്ഡുവിലില്ല. മനുഷ്യരെ പിറവിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായി വേർതിരിച്ച സവർണ സംസ്കാരത്തെ ഭാഗികമായിപ്പോലും തിരുത്താൻ ഇരുപത്തൊന്നാം നൂറ്റാണ്ടിെൻറ പൂർവാർധത്തിലും ആർ.എസ്.എസ് തയാറായിട്ടില്ല. സാക്ഷാൽ ഹൈന്ദവസമൂഹത്തെപ്പോലും തുല്യ മനുഷ്യരായിക്കാണാൻ കൂട്ടാക്കാതെ മേൽജാതികളും കീഴ്ജാതികളുമായി വേർതിരിക്കുന്നതാണ് സംഘ്പരിവാർ കൊണ്ടുനടക്കുന്ന തത്ത്വശാസ്ത്രം. ഇവ്വിധമുള്ള ഒരു വംശീയതയുടെ ഭൂമികയിൽ നിലയുറപ്പിച്ചവർക്ക് വിദേശീയമെന്ന് അവർ മുദ്രകുത്തുന്ന ഒരു ദർശനത്തിലും സംസ്കാരത്തിലും വിശ്വസിക്കുന്ന മുസ്ലിംകളെ തുല്യ പൗരന്മാരായി അംഗീകരിക്കാൻ എങ്ങനെ സാധിക്കാനാണ്? അധികാരത്തിലേറുന്നതുവരെയും ഇന്ത്യയിൽ ന്യൂനപക്ഷങ്ങളില്ലെന്നും ന്യൂനപക്ഷ കമീഷൻ പിരിച്ചുവിടണമെന്നും നിരന്തരം ആവശ്യപ്പെട്ടവരാണ് സംഘ്പരിവാർ.
സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിക്കാൻ യു.പി.എ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രസക്തിയെത്തന്നെ ആർ.എസ്.എസും ബി.ജെ.പിയും തള്ളിപ്പറഞ്ഞതും സ്മരണീയം. മൗലിക സമീപനങ്ങളിലൊന്നും ഒരു പുനർവിചാരവും നടത്താതെയും ജനസംഖ്യയിൽ മുസ്ലിംകൾക്കാണ് ഭൂരിപക്ഷമെന്ന കാരണത്താൽ ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവിപോലും റദ്ദാക്കുകയും ലക്ഷദ്വീപിനെ അക്ഷരാർഥത്തിൽ 'ഭാരതവത്കരിക്കാനുള്ള' നടപടികൾ തകൃതിയായി ആരംഭിക്കുകയും ചെയ്ത ഹിന്ദുത്വ സർക്കാറിെൻറ താത്ത്വികാചാര്യൻ ഇപ്പോൾ മുസ്ലിം ഗുണകാംക്ഷിയുടെ റോളിൽ പ്രത്യക്ഷപ്പെടാൻ കാരണമെന്താവും? അദ്ദേഹം ഹിന്ദു-മുസ്ലിം ഡയലോഗിനെപ്പറ്റി വാചാലനാവുന്നതിെൻറ പിന്നിലെ ചേതോവികാരമെന്തായിരിക്കും?
നരേന്ദ്ര മോദിയുടെ ഒന്നാമൂഴത്തിൽ തുടങ്ങിവെച്ച ഹിന്ദുത്വവത്കരണ പരിപാടികൾ രണ്ടാമൂഴത്തിൽ പൂർവാധികം തീവ്രതയോടെ പൂർത്തീകരിക്കാൻ മഹാമാരിയുടെ അതിതീവ്രവ്യാപനത്തെപ്പോലും അവഗണിച്ചുകൊണ്ട് നടപടികൾ തുടരുകയാണ്. അതിെൻറ ഫലങ്ങൾ പക്ഷേ, ആഭ്യന്തരരംഗത്തും അന്തർദേശീയതലത്തിലും രാജ്യത്തിെൻറ പ്രതിച്ഛായയെ ദോഷകരമായാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്. ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഹിന്ദുത്വശക്തികൾക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. അടുത്തവർഷം നടക്കാനിരിക്കുന്ന യു.പിയുടെ ഗതി എന്താവുമെന്ന ഭീതിയും അവരെ സംഭ്രമിപ്പിക്കുന്നു. അന്താരാഷ്ട്രതലത്തിലും ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. കോവിഡ് തീവ്രവ്യാപനത്തിെൻറ മുന്നിൽ രാജ്യം പതറിയത് പ്രാഥമിക ഘട്ടത്തിലെ സൽപേരിന് കളങ്കംചാർത്തി. അഫ്ഗാനിസ്താനിൽനിന്നുള്ള അമേരിക്കൻ പടയുടെ പിന്മാറ്റം ആ രാജ്യത്തിെൻറ ഭരണം താലിബാന്റെ കൈകളിലെത്തിക്കുമെന്ന ഭീതിയെ വല്ലാതെ ബലപ്പെടുത്തിയിരിക്കുന്നു.
ഇതുവരെ തദ്വിഷയകമായി ഇന്ത്യ സ്വീകരിച്ച നിലപാടുകൾ തിരുത്തിെക്കാണ്ട് താലിബാനുമായിപോലും അനൗപചാരിക ചർച്ചകൾ നടത്തേണ്ട ഗതികേടിലേക്ക് സർക്കാർ നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ ട്രംപിെൻറ പരാജയം മോദിക്കേൽപിച്ച ആഘാതത്തിൽനിന്ന് എങ്ങനെ തലയൂരാമെന്നാണിപ്പോഴത്തെ ചിന്ത. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മോദി സർക്കാർ കൊണ്ടുവരുന്ന കടുത്ത നിയന്ത്രണങ്ങളും ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായയെ തകർത്തുകൊണ്ടിരിക്കുന്നു. ഇതിനെല്ലാമിടയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നിഷേധാത്മക സമീപനത്തിൽ മാറ്റമുണ്ടെന്ന് വരുത്തിത്തീർക്കേണ്ടത് ഒരാവശ്യമായി ഹിന്ദുത്വലോബി കരുതുന്നുണ്ടാവാം. പക്ഷേ, മൗലിക നയംമാറ്റത്തിലൂന്നിയ പ്രായോഗിക നടപടികളിലൂടെയല്ലാതെ വചനമാറ്റം മാത്രം സഫലമാവാൻ ഒരു സാധ്യതയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.