വെറുതെയല്ല ഇൗ ഭാഷാവെറി
text_fieldsജോലിസ്ഥലത്ത് മലയാളത്തിൽ സംസാരിക്കരുതെന്നും ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ ഉപയോഗിക്കാവൂ എന്നും അത് ലംഘിച്ചാൽ ഗുരുതരമായ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി ഡൽഹിയിലെ സർക്കാർ ആശുപത്രി പുറപ്പെടുവിച്ച സർക്കുലർ പ്രതിഷേധത്തെ തുടർന്ന് മഷിയുണങ്ങുംമുേമ്പ പിൻവലിച്ചു. ഡൽഹിയിലെ പ്രശസ്തമായ ഗോവിന്ദ്ബല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മർ) ആശുപത്രിയിലെ മലയാളി നഴ്സുമാർക്കാണ് ജൂൺ അഞ്ചിന് മലയാളം വിലക്കിയുള്ള തീട്ടൂരം ലഭിച്ചത്. മുന്നൂറിലേറെ മലയാളി നഴ്സുമാർ തൊഴിൽചെയ്യുന്ന ആശുപത്രിയിൽ അവർ തമ്മിൽ മലയാളത്തിൽ സംസാരിച്ചത് ശല്യമായി അനുഭവപ്പെട്ട ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ നഴ്സിങ് സൂപ്രണ്ടിെൻറ പേരിൽ ഇറങ്ങിയ ഉത്തരവ്. വാർത്ത പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹികപ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അതോടെ ഉത്തരവ് പിൻവലിക്കേണ്ടിവന്നു. ആശുപത്രി മാനേജ്മെൻറിെൻറയോ ഡൽഹി സർക്കാറിെൻറയോ അറിവോ നിർദേശമോ കൂടാതെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുന്നുവെന്നാണ് മെഡിക്കൽ സൂപ്രണ്ട് നൽകിയ വിശദീകരണം.
നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷതയും സൗന്ദര്യവും എന്നിരിക്കെ അതിനെ വെല്ലുവിളിച്ച് ഏകശിലാരീതി അടിച്ചേൽപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് ഇന്ന് രാജ്യത്ത് സർവത്ര സ്വീകാര്യത ലഭിച്ചുവരുന്നതിെൻറ സൂചനയാണ് ഡൽഹി ആശുപത്രി അധികൃതരുടെ മലയാള വിരോധ ഉത്തരവ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന വിഭജനം പൂർത്തിയാവുകയും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ സംസാരിക്കുന്ന മലയാളമടക്കമുള്ള 22 ഭാഷകൾക്ക് ഒൗദ്യോഗിക പരിഗണന നൽകുകയും ചെയ്തശേഷവും ഭാഷാഭ്രാന്തും ഭാഷാവിവേചനവും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി തലപൊക്കിയിട്ടുണ്ട്. രാഷ്ട്രഭാഷ എന്ന പേരിൽ ഒൗദ്യോഗിക ഭാഷകളിലൊന്നായ ഹിന്ദിയെ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പലപ്പോഴും വലിയ എതിർപ്പിനിടയാക്കിയതാണ്. സ്വാതന്ത്ര്യത്തിനുമുേമ്പ 1937ൽ സി. രാജഗോപാലാചാരിയുടെ മന്ത്രിസഭ സെക്കൻഡറി സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയപ്പോൾ പെരിയാർ ഇ.വി. രാമസ്വാമി അതിനെതിരെ രംഗത്തുവന്നു. ഒടുവിൽ ബ്രിട്ടീഷ് സർക്കാറിന് ഹിന്ദി ഉപയോഗം െഎച്ഛികമാക്കി വിഷയം ഒതുക്കിത്തീർക്കേണ്ടിവന്നു. ദ്രാവിഡഭാഷക്കും സംസ്കാരത്തിനും മേലുള്ള കടന്നുകയറ്റമായി കണ്ട് തമിഴ്നാട് രൂക്ഷമായ മറുപ്രതികരണത്തിനു മുതിർന്നതിനാൽ ഹിന്ദി അടിച്ചേൽപിക്കില്ലെന്ന് ജവഹർലാൽ നെഹ്റു അടക്കമുള്ള രാഷ്ട്രനേതാക്കൾക്ക് തമിഴ്മക്കളുടെ മുന്നിൽ പിന്നെയും പലവട്ടം ആണയിടേണ്ടിവന്നിട്ടുണ്ട്.
കരുണാനിധിയുടെ നേതൃത്വത്തിൽ ഡി.എം.കെ തമിഴ്നാട് രാഷ്ട്രീയം കൈപ്പിടിയിലൊതുക്കിയതുതന്നെ ഹിന്ദിവിരുദ്ധ വികാരം ഉപയോഗപ്പെടുത്തിയാണ്. 1968ൽ സ്കൂളുകളിലെ ത്രിഭാഷ പദ്ധതി അവസാനിപ്പിച്ച് ഹിന്ദിയെ അവർ ഇറക്കിവിട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും നൂറ്റാണ്ടു പിന്നിട്ട ചെന്നൈ ആസ്ഥാനമായ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ വിവിധ പരീക്ഷകളെഴുതുന്നവരിൽ 70 ശതമാനത്തോളം തമിഴ്നാട്ടുകാരാണ് എന്നോർക്കണം. അതായത്, ഏതു ഭാഷയെയും മാനിക്കാനും പഠിക്കാനും ഉപയോഗിക്കാനും ആരും ഒരുക്കമാണ്. എന്നാൽ, തങ്ങൾക്ക് ഹിതകരമായ ഭാഷതന്നെ മറ്റുള്ളവരും ഉപയോഗിക്കണമെന്ന ശാഠ്യം ഫാഷിസമാണ്. അന്തസ്സും അഭിമാനവുമുള്ള മനുഷ്യർക്ക് അത് സ്വീകാര്യമാവില്ല. ഡൽഹി ആശുപത്രിയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നതും അതുകൊണ്ടുതന്നെ. ഭാഷയുടെയും സംസ്കാരത്തിെൻറയും പേരിൽ ജീവനക്കാരെ വിഭജിക്കുന്ന രീതി പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്നും ബഹുസ്വരതക്കുമേലുള്ള കടന്നുകയറ്റമാണ് അതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത് അർഥവത്താണ്.
മലയാളത്തോട് ഇപ്പോൾ കാണിച്ച ഇൗ വെറി വെറുതെയല്ല. െപെട്ടന്നൊരു നാൾ ഏതോ കുബുദ്ധിയുടെ തലയിൽ പൊട്ടിമുളച്ചതുമല്ല. ഭാഷ, ദേശം, വംശം എന്നിങ്ങനെ മനുഷ്യരെ അടുപ്പിക്കേണ്ടതിനെയെല്ലാം അകറ്റാനുള്ള ഉപാധിയാക്കി മാറ്റിയ അറപ്പിെൻറയും വെറുപ്പിെൻറയും ഒരു അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിന് രാജ്യം ഭരിക്കുന്നവരുടെയും നയിക്കുന്നവരുടെയും ഒത്താശയുമുണ്ട്. അത് കിളച്ചുമറിച്ച അപരവത്കരണത്തിെൻറയും അസഹിഷ്ണുതയുടെയും മണ്ണിലാണ് ഒാരോരുത്തരും അവർക്കുവേണ്ട വിദ്വേഷത്തിെൻറ വിത്തുകളിറക്കുന്നത്. ഡൽഹി ആശുപത്രി അധികൃതരുടെ തലതിരിഞ്ഞ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങിയത് നല്ല കാര്യം. ഫാഷിസ്റ്റ് പ്രവണതകളെ മുളയിലേ നുള്ളിക്കളയാൻ ഇൗയൊരു കരുതലും കാര്യക്ഷമതയുമാണ് എപ്പോഴും വേണ്ടത്. മലയാളവിരോധ തീട്ടൂരത്തിനെതിരെ രംഗത്തുവന്നവരിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമുണ്ട്. ഭരണഘടന തത്ത്വങ്ങളെക്കുറിച്ച എത്തുംപിടിയുമില്ലാത്തവരുടെ അരാജകഭരണമാണ് ഡൽഹി സംസ്ഥാനത്ത് നടക്കുന്നതെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്. ഭക്ഷണം, ഭാഷ, വേഷം, സംസ്കാരം എന്നിവയിൽ തന്നിഷ്ടം അടിച്ചേൽപിച്ചും മറ്റുള്ളവരെ അധിക്ഷേപിച്ചും അടിച്ചൊതുക്കിയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവരിൽനിന്നു വിവേകത്തിെൻറ ശബ്ദമുയരുന്നുവെങ്കിൽ അതാശ്വാസകരമാണ്. കോവിഡ് കാലത്തെ ഒാക്സിജൻ ലഭ്യമാക്കുന്നതിലടക്കം ആതുരസേവനരംഗത്ത് മലയാളികളുടെ സേവനം എടുത്തുപറഞ്ഞ് പരസ്പര ആശ്രിതത്വത്തിെൻറയും ബഹുമാനത്തിെൻറയും പ്രാധാന്യം ഒാർമിപ്പിക്കുന്നുണ്ട് ബി.ജെ.പി. ഇത്തരം മാനുഷികമൂല്യങ്ങൾ മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ആവേശപ്പെടുന്നതിനുമുമ്പ് തന്നത്താൻ സ്വാംശീകരിക്കാൻ എല്ലാവരും ശ്രമിച്ചാൽ ഭാഷയുടെയും വംശത്തിെൻറയും വെറിയിൽനിന്നു നാടും നാട്ടാരും എന്നേ രക്ഷപ്പെേട്ടനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.