മോദിയുടെ തിരുത്തിയ വാക്സിൻ നയം
text_fieldsഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശേഷിപ്പിച്ച കോവിഡ് 19 വ്യാപനത്തെ ശാസ്ത്രീയമായും ഫലപ്രദമായും പ്രതിരോധിക്കുന്നതിൽ തന്റെ സർക്കാറിന് സംഭവിച്ച ദയനീയ പരാജയത്തെ ഒടുവിൽ അദ്ദേഹം തന്നെ ഭാഗികമായെങ്കിലും തിരുത്താൻ തയാറായത് ആശ്വാസകരമാണ്. 2020 തുടക്കത്തിൽ ചൈനയിലെ വൂഹാനിൽനിന്ന് മറ്റു പല രാജ്യങ്ങളിലേക്കെന്നപോലെ ഇന്ത്യയിലേക്കും പടർന്ന കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ തന്റെ രാജ്യത്തിന് സാധ്യമായെന്ന് മോദി സാഭിമാനം ലോകത്തോട് പ്രഖ്യാപിച്ചിരുന്നതാണ്. മാത്രമല്ല, മഹാമാരി ഭീകരമായി പിടികൂടിയ അമേരിക്കയിലേക്കും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രത്യൗഷധങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ ലോകാരോഗ്യ സംഘടനയുടേതടക്കം ആഗോളതലത്തിൽ കൈയടിയും വാങ്ങി. പക്ഷേ, പ്രധാനമന്ത്രിയുടെ സംതൃപ്തിയും അഭിമാനവും അൽപായുസ്സാവുന്ന ദുരന്തമാണ് പിന്നീട് കണ്ടത്. എല്ലാ കണക്കുകൂട്ടലുകളും പിഴപ്പിച്ചുകൊണ്ട് ലോകത്തേറ്റവും കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഇന്ത്യ എത്തി. രോഗം ആദ്യമായി കണ്ടെത്തിയ ചൈന അതിവേഗം വ്യാപനം തടയുന്നതിൽ വിജയിച്ചപ്പോഴാണ് ഈ ദുര്യോഗം. പ്രതിദിന രോഗികളുടെ എണ്ണം 4,14,280 വരെയും മരണസംഖ്യ 4529 വരെയും ഉയർന്നു. അപ്പോഴേക്ക് കോവിഡ് 19നെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിൻ പല കമ്പനികളും പല പേരുകളിലായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ വിപണിയിലെത്തിച്ചുകഴിഞ്ഞിരുന്നു.
രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടത്തിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നതോടെ ലോക്ഡൗണിൽ കാര്യമായ ഇളവുകൾ വരുത്താനും ദൈനംദിന ജീവിതം സാധാരണനിലയിലേക്ക് എത്തിക്കാനും ഒട്ടൊക്കെ ഇന്ത്യക്ക് സാധിക്കുകയുണ്ടായി. പക്ഷേ, കൂടുതൽ മാരകമായ രണ്ടാംവരവിന് പൊടുന്നനെ സാക്ഷ്യംവഹിക്കേണ്ട സാഹചര്യമാണ് വൈകാതെ സംജാതമായത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കണക്കുകൂട്ടലുകൾ തെറ്റി. തലസ്ഥാന നഗരിയായ ഡൽഹിയിലടക്കം കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. അവരെ സ്വീകരിക്കാനോ പ്രവേശിപ്പിക്കാനോ വൻകിട ആശുപത്രികൾപോലും നിസ്സഹായമായി. അതി ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഓക്സിജൻ നൽകാൻപോലുമാവാതെ ആശുപത്രികൾ വീർപ്പുമുട്ടി. സത്യം പരമാവധി മറച്ചുവെക്കാൻ സർക്കാറുകൾ ശ്രമിച്ചുവെങ്കിലും റോഡുകളിലും ഗംഗയിലും മൃതദേഹങ്ങൾ കുന്നുകൂടിയതോടെ ഇന്ത്യയുടെ ദൈന്യാവസ്ഥ ലോകത്തിന്റെ മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. എൻ.ഡി.എ സർക്കാറുകളുടെ ന്യായീകരണമോ വിശദീകരണമോ ഒരാളെയും തൃപ്തിപ്പെടുത്തിയില്ല. കുറ്റകരമായ അലംഭാവവും അനാസ്ഥയുമാണ് ഇവ്വിഷയകമായി കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചതെന്ന ആരോപണം മാധ്യമങ്ങളിലോ പ്രതിപക്ഷത്തോ ഒതുങ്ങാതെ ബി.ജെ.പിയിലേക്കും ആർ.എസ്.എസിലേക്കും വരെ പടർന്നു. പല ഹൈകോടതികളും സർക്കാറിന്റെ നേരെ കണ്ണുരുട്ടി. വാക്സിന്റെ വിലയിൽ പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങളും വഹിക്കണമെന്ന നയത്തിന്റെ ന്യായായ്മതയും സാധുതയും ശക്തിയായി ചോദ്യം ചെയ്യപ്പെട്ടു. ഒടുവിൽ വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ കേന്ദ്ര ബജറ്റിൽ വാക്സിനേഷനുവേണ്ടി നീക്കിവെച്ച 35,000 കോടി എവ്വിധമാണ് ചെലവിടുന്നത് എന്നതിന്റെ കണക്ക് ബോധിപ്പിക്കാനും 18-44 പ്രായമുള്ളവർക്ക് സൗജന്യ കുത്തിവെപ്പിനായി ഇതെന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്ന് വിശദീകരിക്കാനും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. അവ്വിധത്തിൽ എല്ലാ ഭാഗത്തുനിന്നുമുള്ള ആക്രമണത്തെ പ്രതിരോധിക്കാനാവാതെയാണ് നരേന്ദ്ര മോദി തിരുത്തും നയംമാറ്റവുമായി അവതരിച്ചിരിക്കുന്നത്.
പുതിയ നയമനുസരിച്ച് 18 മുതൽ 45 വരെ പ്രായമുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ കേന്ദ്രസർക്കാർ അനുവദിക്കും. ജനസംഖ്യ, കോവിഡ് വ്യാപന തോത്, മരുന്ന് ഉപയോഗത്തിലെ കാര്യക്ഷമത, ശീഘ്രത എന്നിവ പരിഗണിച്ചായിരിക്കും സംസ്ഥാനങ്ങൾക്കുള്ള േക്വാട്ട. മുൻഗണനാക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ജൂൺ 21 മുതൽ രണ്ടാഴ്ചക്കകം വിതരണം ആരംഭിക്കും. ഒരുതുള്ളി വാക്സിൻപോലും പാഴാക്കാതെ കൃത്യമായും സൗജന്യമായും മുൻഗണനാക്രമമനുസരിച്ച് വാക്സിൻ നൽകിവന്ന റെേക്കാഡുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ശുഭപ്രതീക്ഷക്ക് വകനൽകുന്നതാണ് കേന്ദ്രത്തിന്റെ തിരുത്തിയ കോവിഡ് നയം. അതിനാൽതന്നെ, സ്വകാര്യ ഉൽപാദന കമ്പനികൾക്ക് ഇതിനകം നൽകിയ 1000 കോടിയുടെ ഓർഡർ പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ജൂൺ ഏഴുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 3.7 ശതമാനം മാത്രമാണ് രണ്ടുതവണ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ അത് 8.1 ശതമാനമാണ്. ബാക്കിവരുന്ന ജനകോടികളിൽ 18 വയസ്സിന് താഴെയുള്ളവരെ മാറ്റിനിർത്തിയാൽപോലും വാക്സിനേഷൻ പൂർണതയുടെ അടുത്തെങ്കിലുമെത്താൻ എത്ര കാലമെടുക്കുമെന്നത് ചോദ്യചിഹ്നമാണ്.
അടുത്ത വർഷാദ്യത്തിൽ പ്രവചിക്കപ്പെടുന്ന കോവിഡിെൻറ മൂന്നാം വരവ് കുട്ടികളെയാണ് കൂടുതൽ ബാധിക്കപ്പെടുക എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എങ്കിൽ 18 വയസ്സിന് താഴെയുള്ളവരുടെ വാക്സിനേഷൻ അനിശ്ചിതമായി മാറ്റിവെക്കാനാവുമോ എന്നതും പ്രശ്നമാണ്. മറ്റൊരു ഭാഗത്ത് വാക്സിൻ രോഗത്തെ പൂർണമായി പ്രതിരോധിക്കാൻ പര്യാപ്തമല്ല, മഹാമാരിയുടെ ഗൗരവം കുറക്കാൻ സഹായകമാവും എന്നേ പറയാനാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചുരുക്കത്തിൽ, ജാഗ്രതയും കരുതൽനടപടികളും ഒട്ടും കൈവിടാതെ, കോവിഡിനെ ഒരു യാഥാർഥ്യമായി കണ്ട് അതുമായി സമരസപ്പെടാനുള്ള ശീലം സമൂഹം ഉണ്ടാക്കിയേ പറ്റൂ എന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒപ്പം ലോക്ഡൗൺ അനിശ്ചിതമായി നീട്ടുക മൂലം സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന വൻതിരിച്ചടിക്ക് പരിഹാരം കാണേണ്ട ബാധ്യതയും ഭരിക്കുന്നവരിലും ഭരണീയരിലും വന്നുചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.