സി.പി.എമ്മിന് മുന്നിലെ വെല്ലുവിളി
text_fieldsപതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്; അത്രത്തോളമോ അതിലധികമോ നിർണായകമാണ് ഏപ്രിൽ-മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാര്യത്തിൽ. 1925ൽ യു.പിയിലെ കാൺപൂരിൽ തുടക്കം കുറിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അടുത്തവർഷം സംസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെ ഇന്നെത്തിപ്പെട്ടിരിക്കുന്ന അവസ്ഥാവിശേഷം, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നിലനിൽപും ഭാവിയും മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. ലോകത്തിലെ പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയൻ 1917ലെ ഒക്ടോബർ വിപ്ലവത്തോടെ യാഥാർഥ്യമാവുകയും മൂന്ന്-മൂന്നര പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തിലെ രണ്ട് വൻ ശക്തികളിലൊന്നായി വളരുകയും ഉയരുകയും ചെയ്തതോടെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമാവുമ്പോഴേക്ക് കാപിറ്റലിസത്തിന് പകരം കമ്യൂണിസമാവും ലോകത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമെന്ന് കമ്യൂണിസ്റ്റുകാർ സ്വപ്നം കണ്ടു. 1949ന് ചൈനകൂടി സമ്പൂർണമായി ചുവന്നതിൽപിന്നെ ലോകത്തിന്റെ മൂന്നിലൊന്നിലും ചെങ്കൊടി പാറിപ്പറക്കുകയായി. 1947ന് ശേഷമുള്ള സ്വതന്ത്ര ഇന്ത്യ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഈ രാജ്യത്തും ഇടതുപക്ഷത്തിന് മുന്നേറ്റം പ്രവചിക്കപ്പെട്ടു. 1951-52ൽ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികളിൽ 16 സീറ്റുകൾ നേടിയ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടി. 1956ൽ ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം നിലവിൽവന്നതിൽപിന്നെ നടന്ന പ്രഥമ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സ്വതന്ത്രന്മാരുടെ പിന്തുണയിൽ ഭരണമുറപ്പിക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. പശ്ചിമ ബംഗാളിലാവട്ടെ മൂന്നു പതിറ്റാണ്ടിലധികം കാലം സംസ്ഥാനം ഭരിക്കാനുള്ള സുവർണാവസരവും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കൈവന്നു. തൊട്ടടുത്ത ത്രിപുരയിലും അവർക്കുതന്നെയായി ഭരണകുത്തക. 1990കളുടെ തുടക്കത്തിൽ യു.എസ്.എസ്.ആർ കഥാവശേഷമാവുകയും ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം തളരുകയും തകരുകയും ചെയ്തപ്പോഴും ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിടിച്ചുനിന്നു. മാത്രമല്ല, 2004ലെ പൊതു തെരഞ്ഞെടുപ്പിൽ 59 എം.പിമാരുള്ള വൻ രാഷ്ട്രീയ ശക്തിയായി ഇടതുപക്ഷം മാറിയത് മറക്കാൻ നേരമായിട്ടില്ലാത്ത സത്യം. അവരുടെ പിന്തുണകൂടി നേടിക്കൊണ്ടാണ് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നിയന്ത്രിത യു.പി.എ സർക്കാർ ദശവത്സരക്കാലം രാജ്യം ഭരിച്ചതും.
അതൊക്കെ ഗതകാല സത്യങ്ങൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെയും തദടിസ്ഥാനത്തിലുള്ള ഭരണഘടനയുടെയും ഭാവി നിർണയിക്കുന്ന 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും ചരിത്രത്തിലെതന്നെ ഏറ്റവും ദുർബലമായ പരിതോവസ്ഥയിൽ എത്തിപ്പെട്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ സുവിശദവും വസ്തുനിഷ്ഠവുമായ പഠനവും വിശകലനവും ആവശ്യപ്പെടുന്നതാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്ദിഗ്ധമാവുന്നത് പാർട്ടിയുടെതന്നെ ഒരു ഉത്തരവാദപ്പെട്ട വക്താവിന്റെ ഭാഷയിൽ, ഉദ്ദിഷ്ട വിജയം നേടിയില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനുപകരം ചിഹ്നമായി മരപ്പട്ടിയെയും ഈനാംപേച്ചിയെയും തിരയേണ്ടിവരുമെന്ന ദയനീയ സ്ഥിതിവിശേഷമാണ്. അതായത് നേരത്തേ സി.പി.ഐക്ക് നഷ്ടമായ ദേശീയ പാർട്ടി പദവി സി.പി.എമ്മിനും നഷ്ടപ്പെടാതിരിക്കണമെങ്കിൽ നാല് സംസ്ഥാനങ്ങളിൽനിന്നായി 11 സീറ്റുകളെങ്കിലും പാർട്ടിക്ക് ലഭിച്ചിരിക്കണം. മൊത്തം 50 സീറ്റുകളിൽ ജനവിധി തേടുന്ന സി.പി.എമ്മിന് അത് എത്തിപ്പിടിക്കാനാവുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇന്നലെവരെ വെറും ബൂർഷ്വ പാർട്ടിയും വലതുപക്ഷ കക്ഷിയുമായി കുറ്റപ്പെടുത്തിവന്ന കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണിയുടെ ഭാഗമാവുകയും ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തിട്ടുപോലും ദേശീയപദവി നഷ്ടം ഭീകരസത്യമായി തുറിച്ചുനോക്കുന്നുവെങ്കിൽ മൗലികമായ പുനരാലോചനയും തിരുത്തും അനുപേക്ഷ്യമായിരിക്കുന്നു എന്നുപറയാതെ വയ്യ. മറുവശത്ത്, ശതാബ്ദി ആഘോഷിക്കാൻ പോവുന്ന ആർ.എസ്.എസ് എന്ന തീവ്ര ഹിന്ദുത്വ വലതുപക്ഷ പ്രസ്ഥാനം മൊത്തം രാജ്യത്തെതന്നെ പിടിയിലൊതുക്കി സഹസ്രാബ്ദങ്ങൾക്ക് പിറകോട്ട് കൊണ്ടുപോവാനുള്ള യത്നത്തിൽ വിജയിച്ചുകൊണ്ടിരിക്കെയാണിതെന്നുകൂടി ഓർക്കണം. സെക്കുലറിസം, ഡെമോക്രസി, സോഷ്യലിസം എന്നീ ഭരണഘടനപരമായ മൗലിക സമവാക്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണവരുടെ രാമരാജ്യ നിർമിതി എന്നത് രാജ്യത്തെയാകെ തുറിച്ചുനോക്കുന്ന ഭീഷണിയാണ്. ഇതേക്കുറിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ഗൗരവപൂർവം ചിന്തിക്കുന്നില്ലെന്നോ തീവ്ര വലതുപക്ഷത്തിനനുകൂലമായ സമീപനമാണ് സാമാന്യമായി സ്വീകരിക്കുന്നതെന്നോ കുറ്റപ്പെടുത്തുകയല്ല. കേരളത്തിലെ ഇലക്ഷൻ പ്രചാരണത്തിന്റെ മൂർധന്യത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ആക്രമിക്കുമ്പോഴും ദേശീയതലത്തിൽ അവർ ഒരേ മുന്നണിയിലാണെന്നത് ശരി. പക്ഷേ, ഇന്ത്യൻ യാഥാർഥ്യങ്ങളെ അവധാനപൂർവം വിലയിരുത്തി തദനുസൃതമായ നയപരിപാടികൾ ആവിഷ്കരിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പ്രമാദമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചേ തീരൂ. ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്ന നഗ്നയാഥാർഥ്യത്തെ തിരിച്ചറിയുന്നതിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പൗരോഹിത്യ ചൂഷണങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടുതന്നെ മതവിശ്വാസത്തിനും ധാർമിക ജീവിതത്തിനും നേരെ ക്രിയാത്മക സമീപനം കൈക്കൊള്ളുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചകൂടി സത്വര പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.