ആ പാദമുദ്രകൾ മായില്ലൊരിക്കലും
text_fieldsആയുർവേദത്തിെൻറ കേരളപ്പെരുമയെ ലോകത്തിന് പകർന്നുനൽകിയ ഋഷിതുല്യനായ കർമയോഗി വിടവാങ്ങിയിരിക്കുന്നു. ഒരു നൂറ്റാണ്ടുകാലത്തെ സംഭവബഹുലമായ ജീവിതത്തിനുശേഷം പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ എന്ന പി.കെ. വാര്യർ പിൻമടങ്ങുേമ്പാൾ നമുക്ക് നഷ്ടമാകുന്നത് ഒരു വിശ്വപൗരനെയാണ്. ഇനിയുെമത്രയോ നൂറ്റാണ്ടുകൾക്കായുള്ള കർമങ്ങളും വിജ്ഞാനങ്ങളും ബാക്കിവെച്ചിട്ടാണെങ്കിലും ഇൗ വിയോഗത്തിന് പകരംവെക്കാൻ മുന്നിലൊന്നുമില്ല. ആറരപ്പതിറ്റാണ്ട് നീണ്ട കർമവഴികളെ ദീർഘവീക്ഷണത്താലും അർപ്പണബോധത്താലും അലങ്കരിച്ച ആയുർവേദാചാര്യന് 'മാധ്യമ'ത്തിെൻറ ആദരാഞ്ജലികൾ! കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഞങ്ങളും ആ വിയോഗദുഃഖത്തിൽ പങ്കുചേരുന്നു.
മലയാളക്കരയിൽ മാത്രമായി പാരമ്പര്യവഴികളിൽ ഒഴുകിനടക്കുമായിരുന്നൊരു ചികിത്സാരീതിയെ ആഗോളസമൂഹത്തിന് മുന്നിൽ വിജയകരമായി അവതരിപ്പിച്ചു എന്നതാണ് പി.കെ. വാര്യരുടെ ഖ്യാതി. ഏതാണ്ട് 120 വർഷം മുമ്പ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ കേന്ദ്രീകരിച്ച് 'ആര്യവൈദ്യശാല'യെന്ന പേരിൽ തുടങ്ങിയ സാമാന്യം ചെറിയൊരു ചികിത്സാലയമാണ്, ഇന്ന് കാണുംവിധം രാജ്യത്താകെ ശാഖകളുള്ള ചികിത്സ, ഗവേഷണകേന്ദ്രമായി മാറിയിരിക്കുന്നത്. ചരിത്രപരമായിത്തന്നെ വൈദ്യശാല പ്രസ്ഥാനത്തിെൻറ ഇൗ മുന്നേറ്റത്തിന് സവിശേഷ പ്രാധാന്യമുണ്ട്. തദ്ദേശീയമായ അറിവുകളെയും ജ്ഞാനശേഖരങ്ങളെയുെമല്ലാം അധിനിവേശശക്തികൾ ബോധപൂർവം തഴഞ്ഞപ്പോൾ, അതിനെതിരെ പ്രതിരോധം തീർക്കുക എന്ന ഉദ്ദേശ്യംകൂടി ആര്യവൈദ്യശാല സംഘാടകർക്കുണ്ടായിരുന്നു. അധിനിവേശ വിരുദ്ധതയിലൂന്നിയുള്ള പലവിധ നവോത്ഥാനാശയങ്ങളും ഇൗ സംഘത്തെ സ്വാധീനിച്ചു. പരമ്പരാഗത വൈദ്യത്തിെൻറ ഗതാനുഗതികത്വത്തെ ഭേദിക്കുക എന്ന അത്യന്തം പരിവർത്തനോന്മുഖമായ പ്രവർത്തനങ്ങളും സമാന്തരമായി നടന്നു. അങ്ങനെയാണ് വൈദ്യരത്നം പി.എസ്. വാര്യരുടെ നേതൃത്വത്തിൽ, കോളറ ബാധിച്ച രോഗികൾക്ക് നൽകുന്നതിനായി 'വിഷൂചികാരി ഗുളിക' എന്ന ഒൗഷധം വികസിപ്പിച്ചതും അത് നാടൊട്ടുക്ക് സൗജന്യമായി വിതരണം ചെയ്തതുെമല്ലാം. കാലം ആവശ്യപ്പെട്ട ഇൗ സാമൂഹിക സേവനപാതയിൽ കൗമാരകാലത്തുതന്നെ പി.കെ. വാര്യരും എത്തിച്ചേർെന്നങ്കിലും ഇടക്കാലത്ത് അദ്ദേഹം വഴിമാറി സഞ്ചരിച്ചു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് അദ്ദേഹം പഠനമുപേക്ഷിച്ച് പ്രക്ഷോഭകർക്കൊപ്പം ചേർന്നു; ഒളിവിലുള്ള നേതാക്കൾക്ക് രഹസ്യസന്ദേശമെത്തിച്ചും ബ്രിട്ടീഷ് വിരുദ്ധ പ്രചാരണങ്ങളുമൊക്കെയായി വിപ്ലവപാതയിൽ കുറച്ചുവർഷം കഴിച്ചുകൂട്ടി. ഇൗ കാലത്ത് നിരവധി ദേശീയ നേതാക്കളുമായി ഹൃദയബന്ധം സ്ഥാപിക്കാനുമായി. പാരമ്പര്യമായി ലഭിച്ച വൈജ്ഞാനിക വഴികളിൽ മറ്റൊരു വിപ്ലവത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഒരുപക്ഷേ, ഇൗ സൗഹൃദങ്ങളിലൂടെയായിരിക്കാം. വൈദ്യപഠനത്തിലേക്കുള്ള തിരിച്ചുനടത്തത്തിന് പ്രചോദനമായതും അതായിരിക്കാം.
പി.കെ. വാര്യരെക്കുറിച്ച് ഒരിക്കൽ എം.ടി. വാസുദേവൻ നായർ ഇങ്ങനെ പറഞ്ഞു: ''ഇത്രയധികം കർമശേഷിയുള്ള മറ്റൊരാളെ എെൻറ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. തത്ത്വചിന്താപരം എന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചപ്പാടുള്ള ഒരു വലിയ മനുഷ്യൻ''. സഹോദരൻ പി. മാധവ വാര്യരുടെ മരണത്തെത്തുടർന്ന്, 1954ൽ പി.കെ. വാര്യർ സ്ഥാപനത്തിെൻറ ട്രസ്റ്റി സ്ഥാനം ഏറ്റെടുത്തതുമുതൽ, ഇൗ തത്ത്വചിന്താപരമായ ഇൗ കാഴ്ചപ്പാടുകൾ ആര്യവൈദ്യശാലയുടെ ഒാേരാ ചുവടുവെപ്പിലും ദർശിക്കാം. തനിക്ക് മുന്നിലുള്ള വിജ്ഞാനീയത്തെ ആധുനിക ശാസ്ത്ര-സാേങ്കതികവിദ്യയുടെ സഹായത്തോടെ എങ്ങനെയെല്ലാം പരിപോഷിപ്പിക്കാം എന്ന ചിന്തയിൽനിന്നാണ് ഇൗ വളർച്ചയുടെയെല്ലാം തുടക്കം. കേവലമൊരു പരമ്പരാഗത ചികിത്സാലയം ആധുനികമായൊരു ഗവേഷണാലയമായി പരിവർത്തിക്കപ്പെട്ടതിെൻറ സൂത്രവാക്യവും ആ ചിന്തയാണ്. അതുകൊണ്ടുതന്നെ, ആധുനിക വൈദ്യമടക്കമുള്ള ഇതര ചികിത്സാമേഖലകളെയൊന്നും അദ്ദേഹം മാറ്റിനിർത്തിയില്ല. എപ്രകാരമാണോ ആധുനികവൈദ്യം ഭൗതികശാസ്ത്രത്തെയും രസതന്ത്രത്തെയും ജൈവസാേങ്കതിക വിദ്യയെയുമെല്ലാം അവലംബിച്ചതും ആശ്രയിച്ചതും, അതേ മാതൃകയിലുള്ള ഒരു ആയുർവേദ സമീപനവും അദ്ദേഹം സ്വീകരിച്ചു; വ്യവസ്ഥാപിതമായി അത് നടപ്പാക്കുകയും ചെയ്തു. 'എല്ലാവർക്കും ആരോഗ്യം' എന്ന മുദ്രാവാക്യവുമായി ലോകാരോഗ്യ സംഘടന നടത്തിയ പരിപാടികളിലൊന്നായിരുന്നുവല്ലോ 'അൽമ അത്താ പ്രഖ്യാപനം'. സർവ വൈദ്യമേഖലകളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അതിെൻറ അജണ്ടകളിലൊന്ന്. ആ പ്രഖ്യാപനത്തെ നെഞ്ചേറ്റിയ ലോകത്തെ എണ്ണം പറഞ്ഞ ആരോഗ്യ പ്രവർത്തകരിലൊരാളായിരുന്നു പി.കെ. വാര്യർ. പ്രചാരണത്തിെൻറ ഭാഗമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു, ക്ലാസുകൾ നയിച്ചു. ആയുർവേദം ഇത്രമേൽ പ്രചാരണവും സ്വീകാര്യതയും നേടിയത് ഇൗ യാത്രകളിലൂടെയാണ്. ഇത്തരത്തിൽ സ്വീകാര്യത നേടിയ മറ്റൊരു ബദൽവൈദ്യം അക്യുപങ്ചർ ആണ്. അക്യുപങ്ചറിെൻറ പ്രചാരണത്തിന് ചൈനീസ് ഭരണകൂടം മാേവായുടെ നേതൃത്വത്തിൽ വർഷങ്ങൾ നീണ്ട പരിപാടികൾതന്നെ ആസൂത്രണം ചെയ്തുവെങ്കിൽ ഇവിടെ പി.കെ. വാര്യരുടേത് ഒറ്റയാൾ പോരാട്ടമായിരുന്നു.
ആയുർവേദത്തെ ഒരു സപര്യയായി സ്വീകരിച്ച പി.കെ. വാര്യർക്ക് അതിനെ കേവലമൊരു ചികിത്സയായല്ല കണ്ടത്. അതൊരു ജീവിതവഴിയും സംസ്കാരവുമായി മാറ്റിത്തീർക്കാനുള്ള പ്രചാരണങ്ങൾകൂടിയാണ് ജീവിതകാലം മുഴുവൻ അദ്ദേഹം നടത്തിയത്. ആ അർഥത്തിൽ, കോട്ടക്കൽ എന്ന ദേശത്തെ ആയുർവേദത്തിെൻറ മക്കയായി ഉയർത്തുക മാത്രമല്ല; സവിശേഷമായൊരു സാംസ്കാരിക കേന്ദ്രമാക്കി പരിവർത്തിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. പി.എസ്.വി നാട്യസംഘത്തിെൻറയും മറ്റും പ്രവർത്തനങ്ങളെ അങ്ങനെയാണ് വിലയിരുത്തേണ്ടത്. മതനിരപേക്ഷവും പുരോഗമനാത്മകവുമായ അദ്ദേഹത്തിെൻറ ചിന്തയും സമീപനവുമെല്ലാം ആ സാംസ്കാരിക പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുകയും ചെയ്തു. ബഹുമുഖമായ ഇത്തരം പ്രവർത്തന മണ്ഡലങ്ങളിലൂടെ മഹത്തായൊരു 'ആരോഗ്യമോഡൽ' സമ്മാനിച്ച പി.കെ. വാര്യരുടെ സ്ഥാനം, െഎക്യകേരള ശിൽപികൾക്കൊപ്പം തന്നെയാണെന്നതിൽ തർക്കമില്ല. ധിഷണയുടെയും കർമോത്സുകതയുടെയും ആ പാദമുദ്രകൾ ഒരു കാലഘട്ടത്തിെൻറ സ്മരണകളായി നിലനിൽക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.