Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാട്ടും പാതകമാവുന്ന...

പാട്ടും പാതകമാവുന്ന പടുകാലം

text_fields
bookmark_border
പാട്ടും പാതകമാവുന്ന പടുകാലം
cancel

രണ്ടു മിനിറ്റ് അമ്പത്തിനാല് സെക്കൻഡ് മാത്രമേയുള്ളൂ ഉമേഷ് ഖാദേ എന്ന ദലിത് ഗായകൻ പാടിയ റാപ് ഗാനത്തിന് ദൈർഘ്യം. ഭോൻഗലി കേലി ജൻതാ (നിങ്ങൾ ജനങ്ങളുടെ ഉടുതുണി പിടിച്ചുപറിച്ചു) എന്നാണ് യൂട്യൂബിൽ ഹിറ്റായ ഗാനത്തിന്റെ തലക്കെട്ട്. പട്ടിണിയിലും വിലക്കയറ്റത്തിലും അഴിമതിയിലും പൊറുതിമുട്ടുന്ന ദരിദ്രമനുഷ്യരുടെ സങ്കടങ്ങളാണ് അതിൽ പാടിവെക്കുന്നത്, ഇന്ത്യൻ ശിക്ഷാനിയമത്തിലെയും ഐ.ടി നിയമത്തിലെയും പെരുങ്കുറ്റങ്ങൾ ചാർത്തി പാട്ടുകാരനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ മഹാരാഷ്ട്ര പൊലീസിന് അതൊരു മതിയായ കാരണമായിരുന്നു. 76 വർഷമായിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്ന് കരകയറാൻ പറ്റാത്ത ജനങ്ങളുടെ പ്രതികരണമായ ഈ പാട്ടിൽ ഏതെങ്കിലും ഒരാളെയോ സമുദായത്തെയോ പേരെടുത്ത് പരാമർശിക്കുന്നുപോലുമില്ല.

എന്നിട്ടും, സമാധാനലംഘനത്തിന് പ്രേരിപ്പിക്കുന്ന ബോധപൂർവമായ പരിഹാസം, ജനവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കൽ, അശ്ലീല കാര്യങ്ങളുടെ പ്രക്ഷേപണം എന്നിങ്ങനെ പോകുന്നു ചുമത്തപ്പെട്ട കുറ്റങ്ങളുടെ പട്ടിക. നാലാഴ്ച മുമ്പ് പുറത്തിറങ്ങിയ ഈ പാട്ടിന്റെ പേരിൽ ഏപ്രിൽ ആദ്യ വാരം മുംബൈ ക്രൈം ഇന്റലിജൻസ് യൂനിറ്റ് കേസെടുക്കുകയും ഉമേഷ് ഖാദേയെയും പ്രായമായ ബന്ധുക്കളെയും വഡാല പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു.

ഇത് ആദ്യ സംഭവമല്ല, ഇതേ മഹാരാഷ്ട്രയിൽതന്നെ മാർച്ച് അവസാന വാരം ദലിത് സമൂഹത്തിൽനിന്നുള്ള മറ്റൊരു ഗായകനെയും പാടിയ പാട്ടിന്റെ പേരിൽ പിടിച്ചുകൊണ്ടുപോയിരുന്നു.

ചോർ (കള്ളന്മാർ) എന്ന തലക്കെട്ടിൽ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള പാട്ട് പാടിയ രാജ് മുംഗാസെ എന്ന ഗായകനെതിരെയും അപകീർത്തിപ്പെടുത്തൽ, സമാധാനലംഘനം, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വൈരം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ‘‘നോക്കൂ, ആ കള്ളന്മാർ അമ്പതു കോടിയും കൊണ്ട് വന്നിരിക്കുന്നു, അവർ സുഖമായിരിക്കുന്നു എന്നിങ്ങനെ തുടങ്ങുന്ന പാട്ടിൽ സൂറത്തിലും ഗുവാഹതിയിലും ഗോവയിലും പോയി വൻ തുകയും മദ്യവും കൈപ്പറ്റിയ രാഷ്ട്രീയക്കാരെയാണ് പരിഹസിക്കുന്നത്. ആരെയും പേരെടുത്തുപറയുന്നില്ല. എന്നാൽ, അത് സംസ്ഥാന മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയെ പിന്തുണക്കുന്ന എം.എൽ.എമാരെയാണ് ഉദ്ദേശിച്ചത് എന്ന കാര്യത്തിൽ കേസുകൊടുത്ത രാഷ്ട്രീയപ്രവർത്തകനും കേസെടുത്ത പൊലീസിനും ഒരു സംശയവുമില്ല. എതിർശബ്ദം ഉയർത്തി എന്നതു മാത്രമല്ല, ദലിത് സമൂഹത്തിൽ നിന്നുള്ള കലാപ്രവർത്തകരാണ് എന്നത് കൂടിയാണ് അധികാരികൾ ഇത്രമാത്രം കോപാകുലരാവാൻ കാരണം.

ഭോജ്പുരി നാടോടിഗായിക നേഹ സിങ് റാത്തോഡാണ് ഭരണകൂടം പ്രതിപ്പട്ടികയിൽ പെടുത്തിയിരിക്കുന്ന മറ്റൊരു പാട്ടുകാരി. കാൺപുരിലെ മദൗലി ഗ്രാമത്തിൽ കുടിയിറക്കിനിടെ ഒരു അമ്മയും മകളും പൊള്ളലേറ്റു മരിച്ച പശ്ചാത്തലത്തിൽ നേഹ പാടിയ യു.പി മേ കാ ബാ? എന്ന വിമർശനഗാനമാണ് ഉത്തർപ്രദേശ് ഭരണകൂടത്തെയും യു.പി പൊലീസിനെയും ചൊടിപ്പിച്ചത്. പാട്ടുകാരി സമൂഹത്തിൽ ശത്രുത സൃഷ്ടിക്കുന്നു എന്നാണ് പൊലീസ് നൽകിയ നോട്ടീസിൽ ആരോപിച്ചിരുന്നത്. അവരെ ദേവാലയത്തിൽവെച്ച് കൈയേറ്റംചെയ്യാൻ ശ്രമമുണ്ടായി, താമസിക്കുന്ന കോളനിയിൽനിന്ന് ഇറക്കിവിടാൻ നീക്കമുണ്ടായി, ജീവിതപങ്കാളി ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് വിട്ടുപോരാൻ നിർബന്ധിതനായി... അങ്ങനെ പലവിധത്തിലായിരുന്നു പകപോക്കലുകൾ. രാജ്യത്തെ ശക്തരിൽ ശക്തരായി വാഴ്ത്തപ്പെടുന്ന നേതാക്കളാണ് നാലുവരിപ്പാട്ടിന്റെ പേരിൽ ഇത്തരത്തിൽ ഞെട്ടിവിറക്കുന്നത് എന്നുമോർക്കണം.

പട്ടിണിയും ദാരിദ്ര്യവും അഴിമതിയുമെല്ലാം സ്വതന്ത്ര ഇന്ത്യയിലെ യാഥാർഥ്യങ്ങളാണ്, അവ അപരിഹൃതമായി തുടരുന്നതിൽ ഭരണകൂടത്തിനും രാഷ്ട്രീയ പാർട്ടികൾക്കും കാര്യമായ പങ്കുമുണ്ട്. ഇപ്പോൾ വിവാദമായ ഗാനത്തിൽ ഉമേഷ് ഖാദേ പാടിയതുപോലെ ‘പ്രതിപക്ഷവും ഭരണകക്ഷിയും കൈകോർത്ത് ആഘോഷിക്കുകയാണ്’. ഇതിനെതിരായ രോഷം ജനം പ്രകടിപ്പിക്കുന്നതും ഗായകരും എഴുത്തുകാരും സിനിമ-നാടകക്കാരും ഉൾക്കൊള്ളുന്ന കലാപ്രവർത്തകർ തിരുത്തൽശക്തികളായി മുന്നിൽ നടക്കുന്നതും സർവസാധാരണമാണ്. എന്നാൽ, ക്രിയാത്മകവും ഗുണകരവുമായ ഇത്തരം വിമർശനങ്ങളെപ്പോലും അറസ്റ്റും നിയമനടപടികളും ഉപയോഗിച്ച് നേരിടാൻ ഭരണകൂടം ഒരുമ്പെടുന്നു എന്നു വരുമ്പോൾ രാജ്യവും സമൂഹവും അപകടമുനമ്പിലാണ് എന്നുതന്നെ നിരൂപിക്കേണ്ടിവരും.

ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽനിന്ന് കലാപ്രവർത്തനവും വിമർശനവും നടത്തുന്നവർക്കും ന്യൂനപക്ഷ-പ്രതിപക്ഷ രാഷ്ട്രീയപ്രവർത്തകർക്കും നേരെ ചുമത്തപ്പെടുന്ന ശിക്ഷാനിയമത്തിലെ വകുപ്പുകൾ നിരന്തരം കൊടും വിദ്വേഷവും വംശഹത്യാ ആഹ്വാനവും പ്രചരിപ്പിക്കുന്നവർക്കുനേരെ നീളുന്നതേയില്ല. ഉമേഷ് ഖാദേയെയും രാജ് മുംഗാസെയെയും നേഹ റാത്തോഡിനെയും കേസിൽ കുരുക്കുന്ന മഹാരാഷ്ട്രയും ഉത്തർപ്രദേശും വംശഹത്യാ ആഹ്വാനങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണെന്നത് കാണാതെ പോകരുത്. അപരജനങ്ങളെക്കുറിച്ച് വിദ്വേഷംപറച്ചിലും ഭരണകൂടത്തിനുവേണ്ടി വാഴ്ത്തുപാടലും സർവാംഗീകൃതമാകുന്ന കാലത്ത് ഒരു പാട്ടുപോലും പാതകമായി മാറുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial
Next Story