കാസർകോട് കേരളത്തിൽ തന്നെയല്ലേ?
text_fieldsവിചിത്ര തീരുമാനങ്ങളുടെ പേരിൽ നേരേത്തതന്നെ കുപ്രസിദ്ധനാണ് നിലവിലെ കാസർകോട് ജില്ല കലക്ടർ. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കലക്ടർ നേരിട്ട് ലാത്തിയെടുത്ത് റോഡിലിറങ്ങി ആളുകളെ വിരട്ടിയോടിക്കുന്ന കാഴ്ച കാസർകോട്ട് നാം കണ്ടു. കോവിഡിെൻറ രണ്ടാം വരവിൽ, നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്തവർ ടൗണുകളിൽ വരരുതെന്ന ഉത്തരവിറക്കി ഇതേ അധികാരി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ലാബിൽ പോയി ടെസ്റ്റ് ചെയ്യണം. ലാബുകളാവട്ടെ ടൗണുകളിലും. അപ്പോൾപിന്നെ, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കിട്ടാൻ എന്തു ചെയ്യും? സാമാന്യബുദ്ധിയുള്ള ആർക്കും തോന്നുന്ന ഈ സംശയം പക്ഷേ കലക്ടർക്കുണ്ടായില്ല. ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നപ്പോൾ തീരുമാനം തിരുത്തേണ്ടിവന്നു. ഒരു ജില്ല ഭരണാധികാരി ഈ മട്ടിൽ പെരുമാറുന്നത് സാധാരണ ഗതിയിൽ വലിയ വാർത്തയാവേണ്ടതാണ്. പക്ഷേ, കാസർകോടിെൻറ കാര്യത്തിൽ സംസ്ഥാനം മൊത്തത്തിൽ കാണിക്കുന്ന അശ്രദ്ധയും നിസ്സംഗതയും നിമിത്തമാകാം കലക്ടറുടെ കോമാളിക്കളികളും വാർത്തയാവാറില്ല. ഇന്നിപ്പോൾ വിചിത്രമായ പുതിയൊരു സംരംഭവുമായി ഇറങ്ങിയിരിക്കുകയാണ്. ഓക്സിജൻ ക്ഷാമം കാരണം ജില്ലയിലെ കോവിഡ് ചികിത്സാരംഗം വലിയ പ്രതിസന്ധിയിലാണ്. അത്തരമൊരു സന്ദർഭത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ഷാമം പരിഹരിക്കാനാണ് ജില്ല ഭരണാധികാരി സാധാരണ ഗതിയിൽ ശ്രമിക്കുക. എന്നാൽ, ഓക്സിജൻ ക്ഷാമത്താൽ ആശുപത്രികളും രോഗികളും പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ 'ഓക്സിജൻ ചലഞ്ചു'മായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജില്ല കലക്ടർ!
കഴിഞ്ഞ ശനിയാഴ്ച മുതൽ കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമമുണ്ട്. അന്നു മുതൽതന്നെ അക്കാര്യം പല മാധ്യമങ്ങളും വാർത്തയാക്കിയതാണ്. എന്നാൽ, നിഷേധാത്മക നിലപാടാണ് അത്തരം വാർത്തകളോട് ജില്ല ഭരണകൂടം സ്വീകരിച്ചത്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കാസർകോട് ക്ഷാമമുണ്ടാവുമെന്നും ചികിത്സാരംഗത്ത് പ്രതിസന്ധികളുണ്ടാവുമെന്നും മുൻകൂട്ടി കാണാൻ സാധിക്കേണ്ടതായിരുന്നു. കാരണം, കാസർകോട്ടെ ഏതാണ്ടെല്ലാ കാര്യങ്ങളും മംഗലാപുരവുവായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കോവിഡ് രൂക്ഷമാവുമ്പോൾ സ്വാഭാവികമായും കർണാടക സർക്കാർ അതിർത്തി അടക്കും. കഴിഞ്ഞ കോവിഡ് കാലത്ത് യഥാസമയം ചികിത്സ കിട്ടാതെ 21 മനുഷ്യജീവനുകളാണ് കാസർകോട്ട് പൊലിഞ്ഞുപോയത് എന്നു നാം മനസ്സിലാക്കണം. അതിർത്തികൾ അടച്ചതു കാരണം മംഗലാപുരത്തേക്ക് കടക്കാൻ കഴിയാഞ്ഞത് കാരണമാണ് അവർക്ക് ചികിത്സ ലഭിക്കാതെ പോയത്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ആ ജില്ലയിൽ ലഭ്യമല്ല. പിന്നെ, ലഭ്യമായത് മംഗലാപുരത്ത് പോകുന്നതിനെക്കാൾ രണ്ടിരട്ടി ദൂരം യാത്രചെയ്താൽ എത്തുന്ന കണ്ണൂരിൽ മാത്രമാണ്. പക്ഷേ, ചികിത്സ കിട്ടാതെ രണ്ടു ഡസനോളം ആളുകൾ മരിച്ചുവീണിട്ടും അതൊരു വാർത്തയായില്ല എന്നതാണ് കൂടുതൽ ഗൗരവതരമായിട്ടുള്ളത്.
കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് മേയ് എട്ടാം തീയതി ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർക്ക് ഒരു കത്തയക്കുകയുണ്ടായി. ഈ പ്രതിസന്ധിഘട്ടത്തിൽ കാസർകോട്ടെ ജനങ്ങളെ നിങ്ങൾ കൈവിടരുത്; അധികമായുള്ള ഓക്സിജൻ കാസർകോട്ട് എത്തിക്കാൻ ദയവുണ്ടാകണം എന്നതാണ് കത്തിെൻറ ഉള്ളടക്കം. കേരളത്തിലെ ഒരു എം.എൽ.എ, തെൻറ നാട്ടിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതര സംസ്ഥാനത്തെ ജില്ല ഡെപ്യൂട്ടി കമീഷണറുടെ കനിവിനായി യാചിക്കേണ്ടിവരുന്ന അങ്ങേയറ്റം ദയനീയവും വിചിത്രവുമായ കാഴ്ചയായിരുന്നു അത്. കേരളം നമ്പർ വൺ എന്ന വീമ്പുപറച്ചിലിനിടയിൽ പക്ഷേ ഇതും വാർത്തയായില്ല. ആ നമ്പർ വൺ കേരളത്തിൽ കാസർകോട് പെടുന്നില്ല എന്നതാണ് വാസ്തവം. ഓക്സിജനുവേണ്ടി ഫേസ്ബുക്ക് ചലഞ്ച് ഇടുന്ന കലക്ടറും ഇതര സംസ്ഥാനത്തെ ഡെപ്യൂട്ടി കമീഷണറോട് യാചിക്കുന്ന എം.എൽ.എയും ആ ജില്ലയുടെ നേർചിത്രമാണ് കാണിക്കുന്നത്.
തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നവർ കാസർകോടിനെ സംസ്ഥാനത്തിെൻറ ഭാഗമായി പരിഗണിക്കുന്നേയില്ല എന്നു തോന്നുന്നു. ആരോഗ്യരംഗത്തെ സംവിധാനങ്ങളുടെ കാര്യത്തിൽ സംസ്ഥാന ശരാശരിയെക്കാൾ എത്രയോ പിറകിലാണ് ആ ജില്ല. മറ്റു സർക്കാർ സംവിധാനങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെ. അച്ചടക്ക നടപടിക്ക് വിധേയരാവുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ടുചെന്ന് തള്ളാനുള്ള ഇടം മാത്രമായാണ് കാസർകോട് പരിഗണിക്കപ്പെടുന്നത്. അങ്ങനെ എത്തിപ്പെടുന്ന ഉദ്യോഗസ്ഥരാണ് അവിടെ കാര്യങ്ങൾ നിർവഹിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നുള്ളതുകൊണ്ടാണ്, 2012ൽ കേരള സർക്കാർ ആ ജില്ലയുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും ശിപാർശകൾ സമർപ്പിക്കാനും ഡോ പി. പ്രഭാകരെൻറ നേതൃത്വത്തിൽ കമീഷനെ നിയമിക്കുന്നത്. പ്രഭാകരൻ കമീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ട് ഒരു ദശകം ആകാൻ പോവുകയാണ്. ജില്ലയുടെ അവസ്ഥ അന്നത്തേതിൽനിന്ന് അൽപംപോലും മെച്ചപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. കോവിഡിെൻറ രണ്ടാം തരംഗ കാലത്തും കാസർകോട്ടുകാർ ചോദിക്കുന്ന ചോദ്യം പഴയതുതന്നെയാണ്: കാസർകോട് കേരളത്തിലല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.