ഭരണഘടനക്ക് നിരക്കാത്ത ജനദ്രോഹ നിയമം
text_fieldsജനാധിപത്യസ്വാതന്ത്ര്യത്തിനുവേണ്ടി സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും ശക്തമായ ജുഡീഷ്യൽ ഇടപെടലാണ് വിനോദ് ദുവ കേസിൽ സുപ്രീംകോടതി നൽകിയ വിധി. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല എന്നും അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം ബാധകമാകൂ എന്നും പ്രഖ്യാപിച്ച കേദാർനാഥ് സിങ് കേസ് വിധി ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ബെഞ്ച് മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ കുറ്റാരോപണം തള്ളിയത്. സാധാരണനിലക്ക് ഇത്ര ഖണ്ഡിതമായ രീതിയിൽ പരമോന്നത നീതിപീഠം ഒരു വിധിതീർപ്പ് നൽകിയാൽ കേന്ദ്ര-പ്രാദേശിക ഭരണകൂടങ്ങൾ അതിെൻറ ചൈതന്യം ഉൾക്കൊണ്ട്, തുടർന്നുള്ള പ്രവർത്തനത്തിൽ സൂക്ഷ്മത കൈക്കൊള്ളുക എന്നതാണ് രീതി-ശരിയും. എന്നാൽ, അങ്ങനെയല്ല ഇപ്പോൾ രാജ്യം കാണുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 124 എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റ വ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന്റെ ശേഷിപ്പാണെന്നും അത് എടുത്തുകളയണമെന്നും ആവശ്യപ്പെട്ട് നിയമ വിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും കുറച്ചുകാലമായി രംഗത്തുണ്ട്. ഫെബ്രുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ ബെഞ്ച് കുറെ അഭിഭാഷകരുടെ പൊതുതാൽപര്യ ഹരജി പരിഗണിച്ചെങ്കിലും ഒരു പ്രത്യേക കേസ് ചൂണ്ടിക്കാട്ടിക്കൊണ്ടല്ല ഹരജി എന്നതിനാൽ മാത്രം തള്ളുകയാണ് ചെയ്തത്. ഏപ്രിൽ ഒടുവിൽ മറ്റൊരു ബെഞ്ചിന് മുമ്പാകെ രണ്ടു മാധ്യമ പ്രവർത്തകരുടെ (മണിപ്പൂരിലെ കിഷോർ ചന്ദ്ര വാംഖെം, ഛത്തിസ്ഗഢിലെ കനയ്യലാൽ ശുക്ല) കേസ് വന്നു.
രാജ്യദ്രോഹവകുപ്പ് എടുത്തുകളയണമെന്ന അവരുടെ അപേക്ഷയിൽ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുകയാണ്. മേയ് ഒടുവിൽ മറ്റൊരു ബെഞ്ചിന് മുമ്പാകെ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെ ആന്ധ്രപ്രദേശ് പൊലീസ് ഫയൽ ചെയ്ത രാജ്യദ്രോഹക്കേസ് എത്തി. ഭരണഘടനക്ക് എതിരാണ് ഇന്ത്യൻ ശിക്ഷാനിയമം 124 എ എന്നു ചൂണ്ടിക്കാട്ടപ്പെട്ടു. വാദം കേട്ട കോടതി ചാനലുകൾക്കെതിരെ തുടർനടപടിയെടുക്കുന്നത് സ്റ്റേ ചെയ്തുകൊണ്ട് പറഞ്ഞു: ''നിലവിലെ സർക്കാറിനെ വിമർശിക്കാനുള്ള അവകാശത്തിെൻറ പശ്ചാത്തലത്തിൽ ശിക്ഷാനിയമത്തിലെ ഇത്തരം വകുപ്പുകൾക്ക് കൃത്യമായ വ്യാഖ്യാനം വേണ്ടതുണ്ട്.'' ഇതിനുശേഷമാണ് കേദാർനാഥ് വിധി ചൂണ്ടിക്കാട്ടിയും വിമർശന സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചും വേറൊരു ബെഞ്ചിെൻറ വിധി ജൂണിൽ വന്നത്.
എന്നാൽ, ഇതിെൻറയെല്ലാം സത്ത ഉൾക്കൊള്ളേണ്ട അധികൃതർ വിമർശനങ്ങൾ അടിച്ചൊതുക്കാനുള്ള ഉപായമായി രാജ്യദ്രോഹവകുപ്പ് തുടർന്നും ഉപയോഗിക്കുകയാണ്. ഒരു ഉദാഹരണം ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ദുഷ്ടനീക്കങ്ങളെ വിമർശിച്ച ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനക്കെതിരെ ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതാണ്. കോവിഡ് ചട്ടങ്ങൾ മാനിക്കാതെ ലക്ഷദ്വീപിൽ രോഗപ്പകർച്ചക്ക് കാരണക്കാരനായ അഡ്മിനിസ്ട്രേറ്ററെക്കുറിച്ച് 'ജൈവായുധ'മെന്ന വാക്ക് പ്രയോഗിച്ചതാണത്രെ രാജ്യദ്രോഹം. ഏതു തരത്തിലാണ് ഈ വിമർശനം രാജ്യത്തിന് ദ്രോഹമാകുന്നുത്? ഈ ഫെബ്രുവരിയിലാണ് ഡൽഹി കോടതി പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് രാജ്യദ്രോഹകേസിൽ ജാമ്യം നൽകിക്കൊണ്ട് ''സർക്കാർ നയങ്ങളെ വിമർശിച്ചെന്നുവെച്ച് പൗരന്മാരെ തുറുങ്കിലിടാൻ അധികാരമില്ലെ''ന്ന് ചൂണ്ടിക്കാട്ടിയത്. ജമ്മു-കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ചിലരുടെ പൊതുതാൽപര്യ ഹരജി തള്ളുക മാത്രമല്ല സുപ്രീംകോടതി ചെയ്തത്- ഹരജിക്കാർക്ക് അരലക്ഷം രൂപ പിഴയിടുക കൂടിയാണ്. അപ്പോഴും സുപ്രീംകോടതി പറഞ്ഞു: ''സർക്കാറിേൻറതിൽനിന്ന് ഭിന്നമായ അഭിപ്രായം പറയുന്നതിനെ രാജ്യദ്രോഹമെന്ന് വിളിക്കാനാവില്ല.'' രാജ്യദ്രോഹക്കുറ്റത്തിെൻറ പരിധി നിർവചിക്കാൻ നേരമായെന്ന് കഴിഞ്ഞമാസം പോലും സുപ്രീംകോടതി പറഞ്ഞു. പക്ഷേ, ഒന്നും തങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ സർക്കാർ മുന്നോട്ടുനീങ്ങുേമ്പാൾ ജനാധിപത്യസ്വാതന്ത്ര്യത്തെ എങ്ങനെ സംരക്ഷിക്കാനാകും?
രാജ്യദ്രോഹവ്യവസ്ഥ ഉൾക്കൊള്ളുന്ന ഇന്ത്യൻ ശിക്ഷാനിയമം 124 എ വകുപ്പ് പാടേ എടുത്തുകളയുക മാത്രമാണ് പ്രതിവിധി എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി സർക്കാർ ഈ വകുപ്പ് വിമർശകരെ ഒതുക്കുവാനും ഭീഷണിപ്പെടുത്താനുംവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. വിമർശനത്തെയും പ്രതിഷേധത്തെയും ഇല്ലാതാക്കാൻ എളുപ്പവഴിയാണ് ഇത്. പുൽവാമ സംഭവത്തിനുശേഷം 27 രാജ്യദ്രോഹകേസുകളെടുത്തു; ഹാഥറസ് ബലാത്സംഗക്കൊലക്കുശേഷം 22 എണ്ണം; പൗരത്വ പ്രക്ഷോഭകർക്കെതിരെ 25; കർഷക പ്രക്ഷോഭകർക്കെതിരെ ആറ്- മറ്റു പല വിഷയങ്ങളിലും കേന്ദ്ര-പ്രാദേശിക സർക്കാറുകൾ ആ വകുപ്പ് എടുത്തുപയോഗിക്കുന്നത് സ്വന്തം ദ്രോഹങ്ങൾ മറച്ചുവെക്കാനാണ്. ഇത്തരം കേസുകൾ കോടതിയിൽ നിലനിൽക്കില്ല. എന്നാൽ, അറസ്റ്റും തടങ്കലുമായി വിമർശകർക്കെതിരെ ഇറക്കുന്ന ദ്രോഹനടപടികൾ തന്നെ ഫലത്തിൽ ശിക്ഷയാകുന്നുണ്ട്.
സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ പോന്ന ചാനൽചർച്ചകളും വാട്ട്സ്ആപ് സന്ദേശങ്ങളും ക്ലബ്ഹൗസ് പ്രസംഗങ്ങളുമെല്ലാം അവഗണിക്കപ്പെടുേമ്പാഴാണ് ന്യായവും ജനാധിപത്യപരവുമായ വിമർശനങ്ങൾ രാജ്യദ്രോഹമുദ്രക്ക് അർഹമാകുന്നത്! രാജ്യതാൽപര്യമല്ല, രാജാക്കന്മാരുടെ താൽപര്യമാണ് ഇതിനു പിന്നിൽ. നിയമത്തിൽ നിലനിൽക്കുവോളം കാലം രാജ്യദ്രോഹക്കുറ്റം ജനവിരുദ്ധ നീക്കങ്ങൾക്കായി ഉപയോഗിക്കപ്പെടുമെന്നതിന് സമീപകാല സംഭവങ്ങൾ തെളിവാണ്. അതുകൊണ്ട്, ജനദ്രോഹകരവും ജനാധിപത്യവിരുദ്ധവുമായ ആ 'രാജ്യദ്രോഹവകുപ്പ്' നീക്കംചെയ്യുകയാണ് പോംവഴി. '124 എ' നമ്മുടെ ഭരണഘടനക്ക് നിരക്കുന്ന ഒന്നല്ലെന്ന് അനുഭവം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.