ജനപ്പെരുപ്പ ഭീതിയുെട ഫാഷിസ്റ്റ് മാനം
text_fieldsതീവ്ര ഹിന്ദുത്വ അജണ്ട ഒന്നൊന്നായി നടപ്പാക്കാനുള്ള സംഘ്പരിവാർ സർക്കാറുകളുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായി യു.പിയിലെ യോഗി ആദിത്യനാഥ് പുറത്തുവിട്ട ജനസംഖ്യ (നിയന്ത്രണ, സുസ്ഥിര, ക്ഷേമ) കരട് ബില്ല് രാജ്യവ്യാപക ചർച്ചയാവുകയാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിലും സർക്കാർ ജോലികൾക്കും വിലക്കേർപ്പെടുത്തും, ക്ഷേമപദ്ധതികളിൽനിന്നവരെ ഒഴിവാക്കും, സബ്സിഡികൾ ലഭിക്കില്ല, പ്രമോഷൻ അനുവദിക്കില്ല, റേഷൻ കാർഡിൽ ഉൾപ്പെടുത്തില്ല എന്നീ കാര്യങ്ങളാണ് ബില്ലിലെ കാതലായ വശം. ഒപ്പം രണ്ടു കുട്ടികളുള്ള ദമ്പതികൾ വന്ധ്യംകരണം നടത്തിയാൽ അവർക്ക് വീട് വായ്പ, വെള്ളം, വൈദ്യുതി, വീട്ടുകരം തുടങ്ങിയവയിൽ പ്രത്യേക പരിഗണന, സർക്കാർ ജീവനക്കാർക്ക് രണ്ടു ഇൻസെൻറിവുകൾ, മുഴുവൻ ശമ്പളത്തോടുകൂടി ഒരു വർഷം മുഴുവൻ പ്രസവാവധി തുടങ്ങിയവയാണ് ആനുകൂല്യങ്ങൾ. ഇനി കുട്ടി ഒന്നു മതി എന്ന് തീരുമാനിച്ചവർക്കോ? സൗജന്യ ചികിത്സ, കുട്ടിക്ക് 20 വയസ്സുവരെ ഇൻഷുറൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് മുൻഗണന, പെൺകുട്ടിക്ക് സ്കോളർഷിപ്, സർക്കാർ ജോലിയിൽ ഒറ്റക്കുട്ടിക്ക് പ്രത്യേക പരിഗണന എന്നിങ്ങനെ പോവുന്നു ആനുകൂല്യങ്ങളുടെ പെരുമഴ. ജൂലൈ 19 വരെ പൊതുജനാഭിപ്രായത്തിന് വിട്ടിരിക്കുന്ന കരട് ബിൽ നിയമമായാൽ ഒരു വർഷത്തിനകം പ്രാബല്യത്തിൽവരും. അസമിൽ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞ ബില്ലിലെ വ്യവസ്ഥകൾ തന്നെയാണ് യു.പിയിലേതും. അതേ മാതൃകയിൽ രാജ്യത്തൊട്ടാകെ നിയമം കൊണ്ടുവരാനുള്ള സ്വകാര്യബിൽ അടുത്ത പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കാനും നീക്കമുണ്ടെന്നാണ് വിവരം.
പക്ഷേ, ഇത്തരമൊരു നിയമനിർമാണത്തിനെതിരെ ഒന്നാമത്തെ വെടിപൊട്ടിച്ചിരിക്കുന്നത് സംഘ്പരിവാറിലെ ഒരു മുഖ്യ ഘടകമായ വിശ്വഹിന്ദു പരിഷത്തു തന്നെയാണ്. വി.എച്ച്.പിയുടെ ആക്ടിങ് പ്രസിഡൻറ് അലോക് കുമാറിന്റെ എതിർപ്പിനുള്ള ഒരു പ്രധാന കാരണം ഒറ്റക്കുട്ടി നയം സമുദായങ്ങൾ സമതുലിതമായി സ്വീകരിക്കില്ല എന്ന ആശങ്കയാണ്. ആനുകൂല്യങ്ങൾ വേണ്ടെന്നുവെച്ചും ചിലർ സന്തതിക്കാര്യത്തിലെ നിലപാടിൽ മാറ്റമില്ലാതെ തുടരുേമ്പാൾ മറ്റു ചിലർ അതിനോട് സഹകരിക്കുക മൂലം സാമുദായിക സന്തുലിതത്വം അട്ടിമറിക്കപ്പെടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പുനൽകുന്നത്. തെളിയിച്ചുപറഞ്ഞാൽ ഹിന്ദുക്കൾ ആനുകൂല്യങ്ങൾക്കുവേണ്ടി ഒറ്റക്കുട്ടി മതിയെന്നു വെക്കും. മുസ്ലിംകൾ അതംഗീകരിക്കാതെ തുടരുേമ്പാൾ അവരുടെ ജനസംഖ്യ ഉയരുകയും ചെയ്യും എന്ന്. കൂടാതെ, ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയ ചൈന പിന്നീടതിൽ ഇളവ് വരുത്തുകയും രണ്ടും മൂന്നും കുട്ടികൾ പിറക്കുന്ന കുടുംബങ്ങൾക്ക് പ്രോത്സാഹനം ഏർപ്പെടുത്തുകയും ചെയ്ത കാര്യവും അലോക്കുമാർ യു.പി നിയമകമീഷനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു കുടുംബത്തിൽ ഒരാൾ മാത്രം അധ്വാനിച്ച് മാതാപിതാക്കളും മാതാമഹനും പിതാമഹനും ഉൾപ്പെട്ട കുടുംബത്തെ സംരക്ഷിക്കേണ്ടിവരുന്ന അവസ്ഥയും വി.എച്ച്.പി നേതാവ് എടുത്തുപറയുന്നുണ്ട്. എന്നാൽ, ഇമ്മട്ടിലെ നിയമനിർമാണങ്ങളിലൂടെ ജനസംഖ്യ നിയന്ത്രണം സാധ്യമല്ലെന്നാണ് ബി.ജെ.പിയോടൊപ്പം ഭരണം പങ്കിടുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിപ്രായം. തന്റെ സർക്കാറിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയും ബി.ജെ.പി സംസ്ഥാന നേതാവുമായ ഗിരിരാജ് സിങ് യു.പി മാതൃകയിൽ ബിഹാറിലും ജനസംഖ്യ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടതിന് പ്രതികരണമായാണ് നിതീഷ്കുമാർ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ബിഹാറിലെ തന്റെ അനുഭവത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകലാണ് ജനസംഖ്യ നിയന്ത്രണത്തിന് പ്രായോഗിക മാർഗം എന്നദ്ദേഹം പറയുന്നു. എന്നാൽ, ബിസ്ഥി മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ സംഘ്പരിവാർ സ്ഥിരമായി പ്രകടിപ്പിക്കുന്ന ആശങ്കയാണ് തുറന്നുപറയുന്നത്, 'ഇന്ത്യയെ ഒരിസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്' എന്ന്.
വികസനത്തിന്റെ പേരിലാണ് കാവിപ്പടയുടെ നായകന്മാർ ജനസംഖ്യ നിയന്ത്രണത്തെപ്പറ്റി സംസാരിക്കുന്നതും പ്രാകൃത നടപടികൾക്ക് നിയമങ്ങൾ നിർമിക്കുന്നതുമെങ്കിലും ഉള്ളിലിരിപ്പ് വ്യക്തം. അതായത്, ഒരുവശത്ത് രാജ്യത്ത് മുസ്ലിം ന്യൂനപക്ഷത്തിന്റെ പൗരത്വാവകാശം പരിമിതപ്പെടുത്താനുള്ള ആസൂത്രിത നിയമനിർമാണം നടത്തുേമ്പാൾ മറുവശത്ത് സർക്കാറിന്റെ പ്രാഥമിക ബാധ്യതയായ തുല്യാവസരങ്ങൾ ഒരുവിഭാഗത്തിന് നിഷേധിക്കാനുള്ള വഴികൾ തേടുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയ സിംഗപ്പൂർ, ചൈന മുതലായ രാജ്യങ്ങളുടെ അനുഭവത്തിൽനിന്ന് അവർ പാഠം പഠിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യ അസ്വാഭാവികമായി വെട്ടിക്കുറച്ചപ്പോൾ വയോജനസംഖ്യ ഭീമമായി വർധിക്കുകയും പണിയെടുക്കേണ്ട യുവജനസംഖ്യ ആനുപാതികമായി താഴോട്ടുപോവുകയും ചെയ്തതു മൂലം മാനവവിഭവശേഷിക്ക് ഗുരുതരമായ ഭംഗം സംഭവിച്ചിരിക്കുകയാണ് അവിടങ്ങളിൽ. ഏറെ വൈകി കുട്ടികളുടെ എണ്ണം കൂട്ടുവാൻ പ്രോത്സാഹനങ്ങൾ പ്രഖ്യാപിച്ചപ്പോഴാകട്ടെ ചെലവുകൾ താങ്ങാനാവാത്തതിന്റെയും ജീവിതശൈലിയിൽ വന്ന മാറ്റത്തിന്റെയും പേരിൽ സമൂഹം സർക്കാറുകളോട് സഹകരിക്കുന്നുമില്ല. ഇന്ത്യയിൽ ഭാഗ്യവശാൽ നമുക്കിപ്പോൾ പഠിക്കാനും ചിന്തിക്കാനും ജോലിയെടുക്കാനും മിടുക്കരായ വലിയൊരു യുവജന സമൂഹമുണ്ട്. അവരുടെ ശേഷി യുക്തിപൂർവം പ്രയോജനപ്പെടുത്താനുള്ള ആസൂത്രിത നയങ്ങളാണില്ലാത്തത്. ജാതിയും മതവും നോക്കി സാങ്കൽപിക വിഭ്രാന്തിയുമായി നടക്കുന്നവർക്ക് തങ്ങളുടെ ചെയ്തികളുടെ ഭവിഷ്യത്ത് ബോധ്യപ്പെടാൻ ഏറെയൊന്നും കാത്തിരിക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.