ഇസ്രായേലിെല തലമാറ്റം
text_fieldsകഴിഞ്ഞ പന്ത്രണ്ടു വർഷമായി തുടരുന്ന ഇസ്രായേൽ പ്രധാനമന്ത്രിപദത്തിൽനിന്നു ഒറ്റവോട്ടു വ്യത്യാസത്തിന് ബിന്യമിൻ നെതന്യാഹു പുറത്തായി. 120 ഇസ്രായേൽ പാർലമെൻറിൽ (നെസറ്റ്) 59 നെതിരെ 60 വോട്ടു നേടിയ എട്ടു കക്ഷികളുടെ വിചിത്രസഖ്യത്തിെൻറ നേതാവ് നഫ്താലി ബെനറ്റ് എന്ന തീവ്ര വലതുവംശീയവാദിയാണ് പുതിയ പ്രധാനമന്ത്രി. ഇടതുപക്ഷവും സെൻട്രിസ്റ്റുകളും വലതുപക്ഷക്കാരും എല്ലാം കൂടിച്ചേർന്ന അവിയൽ മുന്നണി, നെതന്യാഹുവിനെ പുറത്താക്കുക എന്ന ഏക മിനിമം പരിപാടിയിൽ യോജിക്കുകയായിരുന്നു. ഇതോടെ, മാസങ്ങളായി അനിശ്ചിതത്വത്തിൽ ആടിനിന്ന ഇസ്രായേൽ പ്രധാനമന്ത്രിപദത്തിെൻറ കാര്യത്തിൽ സ്ഥിരീകരണമായി. എന്നാൽ, വരാനിരിക്കുന്ന ചീത്ത ഭരണകൂടത്തെ താഴെയിറക്കുംവരെ നെഞ്ചുവിരിച്ചും തലയുയർത്തിപ്പിടിച്ചും നിലകൊള്ളുമെന്ന നെതന്യാഹുവിെൻറ ഭീഷണി പുതിയ ഭരണകൂടത്തെ വിടാതെ പിന്തുടരുമെന്നുറപ്പാണ്.
ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന റെക്കോഡുമായാണ് നെതന്യാഹുവിെൻറ പടിയിറക്കം. ദേശീയ, അന്തർദേശീയ രംഗത്ത് ഇതിനകം നേരിട്ട വെല്ലുവിളികളെയെല്ലാം സയണിസ്റ്റ് ഭീകരതയിലൂടെ അപ്രസക്തമാക്കിക്കളയുന്ന അദ്ദേഹത്തിെൻറ പതിവ് ഇത്തവണ പരാജയപ്പെട്ടത് അതിലും വലിയൊരു തീവ്രവാദിയുടെ മുന്നിലാണ് എന്നതാണ് സത്യം. കോടീശ്വരസുഹൃത്തുക്കളിൽനിന്ന് അവിഹിത ഉപഹാരങ്ങൾ കൈപ്പറ്റിയത്, തെൻറ പ്രതിഛായനിർമിതിക്ക് പകരമായി മാധ്യമഭീമന്മാർക്ക് വഴിവിട്ട് പ്രത്യുപകാരങ്ങൾ ചെയ്തത് ഇങ്ങനെ ഒരു കൂട്ടം അഴിമതിയാരോപണങ്ങളിൽ പെട്ടുഴലുകയാണ് 2019 മുതൽ നെതന്യാഹു. ഇക്കഴിഞ്ഞ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പുകളിലൊക്കെ എതിരാളികൾ 'ക്രൈം മിനിസ്റ്റർ' എന്നു വിശേഷിപ്പിച്ച ബീബിക്കെതിരായ അഴിമതിയാരോപണങ്ങൾ സജീവമായി നിലനിന്നു. എന്നാൽ, അതിനെയെല്ലാം മറികടന്നത് പരിമിതമായ സ്വയംഭരണാവകാശത്തിൽ കഴിയുന്ന ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ത്രീകളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ചോരകൊണ്ടായിരുന്നു. ഇസ്രായേലിൽ പ്രധാനമന്ത്രി രാഷ്ട്രീയവിവാദങ്ങളിൽ കുടുങ്ങിയപ്പോഴൊക്കെ ഫലസ്തീനിലെ നിരപരാധികളായ ജനങ്ങളായിരുന്നു അതിനു വിലയൊടുക്കേണ്ടി വന്നത്. ഗസ്സയിലേക്കും പടിഞ്ഞാറെ കരയിലേക്കും എയ്തുവിടുന്ന മിസൈലുകളും റോക്കറ്റുകളും തെൻറ തെരഞ്ഞെടുപ്പ് വിജയമുറപ്പിക്കുമെന്നാണ് നെതന്യാഹു കരുതിയത്. എന്നാൽ, അതുകൊണ്ടൊന്നും ആഭ്യന്തരമായ എതിർപ്പുകളെ മറികടക്കാനായില്ലെന്നാണ് തുടർച്ചയായ രണ്ടു െതരഞ്ഞെടുപ്പുകളിലെയും പരാജയം തെളിയിക്കുന്നത്. ചരിത്രത്തിൽ ഇസ്രായേല്യരെ ദ്രോഹിച്ച ഫറോവ ചക്രവർത്തിയുടെ കിങ്കരൻ ഹാമാനോട് നെതന്യാഹുവിനെ ഉപമിച്ച് ആ അവരോഹണത്തിൽ തലതല്ലി ആഹ്ലാദിക്കുകയായിരുന്നു തെൽ അവീവിലെ ഞായറാഴ്ചത്തെരുവുകൾ. വഞ്ചനയുടെയും സ്വജനപക്ഷപാതിത്വത്തിെൻറയും അഴിമതിയുടെയും കാര്യത്തിൽ എല്ലാവരെയും കടത്തിവെട്ടിയ മുൻപ്രധാനമന്ത്രിയെ കുലദ്രോഹിയായാണ് ഇസ്രായേലുകാർ വിശേഷിപ്പിച്ചത്. ഇടത്, വലത്, മിതവാദി, തീവ്രവാദി വിഭാഗങ്ങളെല്ലാം ഒത്തുചേരുന്ന വിചിത്ര രാഷ്ട്രീയസഖ്യം അദ്ദേഹത്തിെൻറ സ്വയംകൃതാനർഥങ്ങളുടെ ഫലമാണെന്നുതന്നെ എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.
എന്നാൽ, ഇസ്രായേലിലും അവരുടെ കുടിപ്പകക്ക് എന്നും ഇരയാകുന്ന ഫലസ്തീനിലും പശ്ചിമേഷ്യ മുഴുക്കെയും ഇൗ തലമാറ്റം കാര്യമായ മാറ്റമൊന്നുമുണ്ടാക്കില്ല എന്നുറപ്പാണ്. മൂന്നു 'നോ' (ഇല്ല) മന്ത്രങ്ങളായിരുന്നു നെതന്യാഹുവിെൻറ അധികാരപ്രമാണം. ഫലസ്തീൻ രാജ്യം, സിറിയയിൽ നിന്നു പിടിച്ച ജൂലാൻകുന്നുകൾ തിരിച്ചുകൊടുക്കുന്നത്, ജറൂസലമിെൻറ ഭാവിനിലയെക്കുറിച്ച് ചർച്ച-ഇതൊന്നും ഇല്ല എന്നായിരുന്നു പ്രഖ്യാപനം. ഗസ്സയിൽനിന്നു പിൻവാങ്ങുന്നതിൽ പ്രതിഷേധിച്ച് 2005ൽ വിദേശമന്ത്രിപദം രാജിവെച്ചതാണ്. ഫലസ്തീൻ ഭൂമിയിലെ അനധികൃത കോളനിനിർമാണം കൈയയഞ്ഞ് പ്രോത്സാഹിപ്പിച്ചയാളാണ്. എട്ടുവർഷത്തോളം ബറാക് ഒബാമയുമായി ഉടക്കിയതിനെ തുടർന്ന് മുടന്തിയ അമേരിക്കയുമായുള്ള നയതന്ത്രബന്ധം ഡോണൾഡ് ട്രംപ് എന്ന കടുത്ത വംശീയവാദിയുടെ വരവോടെ നെതന്യാഹു വിളക്കിയെടുത്തു. നീണ്ട പതിറ്റാണ്ടുകളായി ഇസ്രായേൽ അവകാശവാദമുന്നയിച്ചുവന്ന ജറൂസലം തലസ്ഥാനപദ്ധതി അമേരിക്ക അംഗീകരിച്ചു. ട്രംപ് പോയി ബൈഡൻ വന്നെങ്കിലും ഗസ്സക്കുനേരെ തീതുപ്പി എഴുപതു കുഞ്ഞുങ്ങളടക്കം മുന്നൂറോളം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത പതിനൊന്നു നാൾ അധിനിവേശത്തിന് എല്ലാവിധ ഒത്താശയും അമേരിക്കയിൽനിന്നു ലഭിച്ചു. ഇതൊന്നുകൊണ്ടും ഇസ്രായേലി ജനതക്ക് പൊറുക്കാൻ കഴിയുന്നതല്ല നെതന്യാഹുവിെൻറ അഴിമതിവാഴ്ച എന്നാണ് അദ്ദേഹത്തിെൻറ സ്ഥാനഭ്രഷ്ട് സൂചിപ്പിക്കുന്നത്. അക്കാരണത്താൽ വരുന്ന ഭരണമാറ്റം എന്നതിൽ കവിഞ്ഞ് തീവ്രദേശീയതയിലും ഫലസ്തീനിലെ മനുഷ്യത്വവിരുദ്ധ സമീപനങ്ങളിലും നെതന്യാഹുവിെൻറയും ഒരു മുഴം മുന്നിലാണ് പുതിയ പ്രധാനമന്ത്രി നതാലി ബെനറ്റ്. ഫലസ്തീനികൾ കൊല്ലപ്പെടേണ്ട ഭീകരരാണെന്നും വെസ്റ്റ് ബാങ്ക് ഇസ്രായേലിെൻറ ഭാഗമായിക്കഴിഞ്ഞതാണെന്നുമൊക്കെ വാദിക്കുന്ന ബെനറ്റിെൻറ ഉൗഴത്തിൽ മേഖല സമാധാനത്തിലേക്കു പോകുമെന്നതു മിഥ്യാധാരണയാണെന്നു ഫലസ്തീനികൾ ഉറച്ചുപറയുന്നു. ഇൗ തലമാറ്റത്തിൽ സയണിസ്റ്റുകൾക്കിടയിലെ അടുക്കളപ്പോര് തീർന്നുവെന്നേയുള്ളൂ. അവരുടെ അങ്കക്കലിയുടെയും വംശവെറിയുടെയും ചോരക്കഥകൾ ഇനിയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.