സർക്കാർ അറിഞ്ഞുതന്നെയാണോ കളിക്കുന്നത്?
text_fields'എനിക്ക് ആ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ, മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ'– അശാസ്ത്രീയമായ ലോക്ഡൗൺ രീതികൾക്കെതിരെ കേരളത്തിലെ വ്യാപാരികളും ചെറുകിട കച്ചവടക്കാരും ഉയർത്തുന്ന പ്രതിഷേധത്തെക്കുറിച്ച ചോദ്യേത്താട് പ്രതികരിക്കവെ ചൊവ്വാഴ്ച ഡൽഹിയിൽ മുഖ്യമന്ത്രി പറഞ്ഞതാണിത്. കോവിഡ് മഹാമാരിയും അതിനെത്തുടർന്നുണ്ടായ അടച്ചിടലും ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് ചെറുകിട വ്യാപാരം. വാടക, വൈദ്യുതി ബിൽ, ലോൺ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു കുറവും വരാതിരിക്കുകയും കച്ചവടം നടക്കാതിരിക്കുകയും ചെയ്യുമ്പോൾ ആ മേഖലയിൽ ഉണ്ടാവുന്ന പ്രതിസന്ധി ഊഹിക്കാവുന്നതേയുള്ളൂ. കുറെ ആഴ്ചകളായി അവർ അതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആവലാതി കേൾക്കാനോ പരിഹാര നടപടി സ്വീകരിക്കാനോ സർക്കാർ സന്നദ്ധമാകാത്തതിനെ തുടർന്നാണ് അവർ പ്രത്യക്ഷ സമരവുമായി രംഗത്തു വന്നത്. അതിനോടാണ് മുഖ്യമന്ത്രിയുടെ ഇൗ പ്രതികരണം.
ലോക്ഡൗൺ ആണ് കോവിഡ് പ്രതിരോധത്തിെൻറ വഴി എന്ന കാഴ്ചപ്പാടിനോട് ലോകത്തുതന്നെ വിയോജിപ്പുകൾ ഉയർന്നിട്ടുണ്ട്. പല രാജ്യങ്ങളും ലോക്ഡൗൺ പിൻവലിക്കുകയോ ലഘൂകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇനി, ലോക്ഡൗൺ മാത്രമാണ് പരിഹാരം എന്ന സർക്കാർ നിലപാട് ശരിയാണെന്നു തന്നെ വെക്കുക. ഇപ്പോൾ കേരളത്തിൽ അത് നടപ്പാക്കുന്ന രീതിയും അതിെൻറ പിന്നിലെ യുക്തിയും ആർക്കും മനസ്സിലാക്കാൻ കഴിയാത്തതാണ്. ആളുകൾക്കിടയിലെ സമ്പർക്കം കുറക്കുകയും അതുവഴി രോഗപ്പകർച്ച തടയുകയും ചെയ്യുക എന്നതാണല്ലോ ലോക്ഡൗണിന്റെ പിന്നിലെ ശാസ്ത്രം. അതായത്, തിരക്ക് കുറയണം; ആളുകൾ കൂടിക്കലരരുത്. എന്നാൽ, ഇപ്പോഴത്തെ ലോക്ഡൗൺ രീതി തിരക്കും കൂടിക്കലരലും കൂട്ടാൻ മാത്രം ഉപകരിക്കുന്നതാണ്. മൂന്നു ദിവസം മാത്രം കടതുറക്കാൻ അനുവദിക്കുമ്പോൾ കൂടുതൽ ആളുകൾ കുറഞ്ഞ സമയം പുറത്തേക്കിറങ്ങുകയും ഷോപ്പിങ് നടത്തുകയുമാണ് ചെയ്യുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നഗരത്തിൽ കാണുന്ന അഭൂതപൂർവമായ തിരക്ക് അതാണ് കാണിക്കുന്നത്. നഗരങ്ങളും തെരുവുകളും നിന്നു തിരിയാൻ ഇടയില്ലാത്ത വിധം തിരക്കിൽ അമരുകയാണ്. അതേപോലെ, കടകളുടെ പ്രവർത്തന സമയം പരിമിതപ്പെടുത്തുമ്പോഴും ഇതേ കാര്യം തന്നെയാണ് സംഭവിക്കുന്നത്. ഏതു സാധാരണക്കാരനും മനസ്സിലാവുന്ന ഈ യുക്തി സർക്കാറിനും അതിനെ നയിക്കുന്ന മഹാവിദഗ്ധന്മാർക്കും എന്തുകൊണ്ട് മനസ്സിലാവുന്നില്ല എന്നതാണ് ആശ്ചര്യകരം. കുറഞ്ഞ ദിവസം, കുറഞ്ഞസമയം കട തുറക്കുന്നത് എങ്ങനെയാണ് കോവിഡ് പ്രതിരോധത്തെ സഹായിക്കുക എന്ന ചോദ്യത്തിന് ആളുകൾക്ക് മനസ്സിലാവുന്ന വിശദീകരണം നൽകാൻ സർക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല.
സാധാരണഗതിയിൽ, കർശനമായ ലോക്ഡൗൺ വ്യവസ്ഥകൾക്കു േവണ്ടി വാദിക്കാറുള്ള സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). അവർപോലും ഇപ്പോൾ നടപ്പാക്കുന്ന ലോക്ഡൗൺ രീതി വിപരീതഫലമുണ്ടാക്കുന്നതാണെന്നു പറഞ്ഞു കഴിഞ്ഞു. അതേപോലുള്ള മറ്റൊരു വിഡ്ഢിത്തമാണ് ടി.പി.ആർ നിരക്ക് മാനദണ്ഡമാക്കി തദ്ദേശ സ്ഥാപനങ്ങളെ വിവിധ കാറ്റഗറികളാക്കി തിരിച്ച് ലോക്ഡൗൺ നിശ്ചയിക്കുന്നത്. ഒരേ അങ്ങാടിയിൽ റോഡിന് ഒരു വശം കടകൾ തുറക്കുകയും മറുവശത്തെ കടകൾ പൂട്ടുകയും ചെയ്യുന്നതടക്കമുള്ള വിഡ്ഢിത്തങ്ങളാണ് ഇതിലൂടെ സംഭവിക്കുന്നത്. പരസ്പരം കണ്ണിയായി കിടക്കുന്ന അങ്ങാടികൾ ചേർന്നതാണ് കേരളം. ഇതിൽ ഒരു അങ്ങാടിയിൽ ഒരു കടയും തുറക്കാതിരിക്കുകയും തൊട്ടടുത്ത അങ്ങാടിയിൽ കടകൾ തുറക്കുകയും ചെയ്യുമ്പോൾ തുറന്ന അങ്ങാടിയിലേക്ക് ജനം ഒഴുകും എന്നത് ഏതു കുട്ടിക്കും മനസ്സിലാക്കാവുന്ന യുക്തിയാണ്. എന്നാൽ, ഇതൊക്കെ എന്തോ മഹാകാര്യമാണ് എന്ന മട്ടിലാണ് സർക്കാറിെൻറ പോക്ക്.
ജനജീവിതം ദിനേന പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടുപോവുന്നത്. അരക്ഷിതാവസ്ഥയും മടുപ്പും ജീവിത നൈരാശ്യവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം അവരെ അലട്ടുകയാണ്. അത്തരമൊരു സന്ദർഭത്തിൽ നന്നേച്ചുരുങ്ങിയത് അവരോട് മാനുഷികതയോടെ സംസാരിക്കാനെങ്കിലും ഭരണാധികാരിക്ക് സാധിക്കേണ്ടതുണ്ട്. അതിനുപകരം ധാർഷ്ട്യ ഭാഷയിൽ താക്കീത് ചെയ്യുന്നത് മനുഷ്യത്വവിരുദ്ധമാണ്.
മാധ്യമങ്ങളും സമൂഹത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും സർക്കാർ സമീപനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അതു കേൾക്കാനുള്ള മനസ്സ് സർക്കാർ കാണിക്കണം. തുടർഭരണം ലഭിച്ചുവെന്നത് തന്നിഷ്ടംപോലെ എന്തും ചെയ്യാനുള്ള ന്യായീകരണമായി കാണരുത്. നിങ്ങളെന്ത് പറഞ്ഞിട്ടെന്താ ജനങ്ങൾ വീണ്ടും ഞങ്ങളെയല്ലേ തെരഞ്ഞെടുത്തത് എന്ന മട്ടിലാണ് എല്ലാ വിമർശനങ്ങളോടുമുള്ള സി.പി.എം വക്താക്കളുടെ പ്രതികരണം. കേന്ദ്രത്തിൽ മോദിയും ബി.ജെ.പിയും പറയുന്ന മറുപടിയും ഇതുതന്നെയാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. ജനങ്ങളുടെ പ്രതിഷേധത്തെയും വേദനകളെയും തിരിച്ചറിയാൻ സാധിക്കാതെ അവരോട് കയർക്കുന്ന ഭരണകൂടം ജനാധിപത്യത്തിന് ഗുണകരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.