എക്സിറ്റ്
text_fieldsഡോണൾഡ് ട്രംപിനല്ലാതെ, ഇതിലും മികച്ചൊരു യാത്രയയപ്പ് ഇനി മറ്റാർക്കും കിട്ടുമെന്നു തോന്നുന്നില്ല. വൈറ്റ്ഹൗസിൽ പിൻഗാമിയുമായൊരു കൂടിക്കാഴ്ച; അതുകഴിഞ്ഞ് ലളിതമായൊരു ചായ സൽക്കാരം; ശേഷം, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പമുള്ള ഫോേട്ടാ സെഷൻ; ഏറ്റവുമൊടുവിൽ, കുടുംബത്തോടൊപ്പം ഒരിറ്റു കണ്ണീരുമായി പടിയിറക്കം.
ഇതാണ് പതിവ്. പക്ഷേ, ഇക്കുറി ആചാരങ്ങൾ ലംഘിക്കപ്പെേട്ടക്കാം. ജനുവരി 20ന് സത്യപ്രതിജ്ഞയും കഴിഞ്ഞ് വൈറ്റ്ഹൗസിലെത്തുന്ന ജോ ബൈഡൻ ശരിക്കും ചമ്മിപ്പോകുമെന്നാണ് മാധ്യമവാർത്തകൾ. 'അധികാരക്കൈമാറ്റ'ത്തിനൊന്നും കാത്തുനിൽക്കാതെ, വെളുക്കുന്നതിനു മുമ്പുതന്നെ ട്രംപ് വാഷിങ്ടൺ വിടുകയാണത്രെ. നാടുവിട്ടാലും അനിവാര്യമായൊരു യാത്രയയപ്പിന് ട്രംപ് വഴങ്ങിയേ മതിയാകൂ. വെറുമൊരു യാത്രയയപ്പല്ല അത്.
യാത്രയാക്കപ്പെടുന്നത് ട്രംപാകുേമ്പാൾ അതിനെ 'ഇംപീച്ച്മെൻറ്' എന്നും വിളിക്കാം. അതിന് കുറച്ചൊന്നു കാത്തിരിക്കണമെന്നുമാത്രം. സെനറ്റിൽ ഇക്കാര്യം വോട്ടിനിട്ട് അനുമതി കിട്ടണം. അതുകഴിഞ്ഞാൽ പിന്നെ കുറ്റവിചാരണയുടെ കാലമാണ്. നാലുവർഷം ചെയ്തുകൂട്ടിയ അധികാരക്കസർത്തുകളെല്ലാം അവിടെ സ്മരിക്കപ്പെടും. പലതിനും ഉത്തരം പറയേണ്ടിയുംവരും. വിധി എതിരായാൽപിന്നെ ചരിത്രത്തിെൻറ ചവറ്റുകൊട്ടയിലാണ് സ്ഥാനം; എല്ലാ അർഥത്തിലും നിഷ്കാസിതൻ!
ഉന്മാദത്തിെൻറ ചില ലക്ഷണങ്ങളോടെയാണ് ട്രംപ് ഭരണസാരഥ്യമേറ്റത്. പക്ഷേ, അതൊന്നും വേണ്ടവിധം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. അമേരിക്കക്കാർ അതൊക്കെ വിശ്വസിക്കണമെങ്കിൽ ശാസ്ത്രീയമായ തെളിവുവേണം. ജനുവരി ആറിന്, തോറ്റ പ്രസിഡൻറിന് െഎക്യദാർഢ്യവുമായി വൈറ്റ്ഹൗസിന് മുന്നിലെത്തിയ ആരാധകരോട്, 'പോയി കാപിറ്റൽ ബിൽഡിങ്ങിന് തീ വെക്കൂ'വെന്ന് ട്രംപ് ആജ്ഞാപിച്ചേപ്പാഴാണ് ടിയാെൻറ ഉന്മാദതീവ്രത അളക്കാൻ അമേരിക്കക്കാർ തീരുമാനിച്ചത്. പ്യൂ റിസർച് സെൻറർ അക്കാര്യം ഏറ്റെടുത്തു. പ്രസിഡൻറിെൻറ തലക്കെന്തോ കുഴപ്പമുണ്ടെന്നാണത്രെ രാജ്യത്തെ 60 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ഭരണാധികാരി സ്വന്തം പാർലെമൻറ് കെട്ടിടം തച്ചുടക്കുമെന്ന ഘട്ടത്തിൽമാത്രം അമേരിക്കയിലെ ഭൂരിപക്ഷം തിരിച്ചറിഞ്ഞ ആ സത്യം, അവിടത്തെ കറുത്തവർഗക്കാരും അഭയാർഥികളും അമേരിക്കയുടെ 'ഇര രാഷ്ട്ര'ങ്ങളും എന്നേ മനസ്സിലാക്കിയതാണ്.
ഏതായാലും, ആളൊരു ഉന്മാദിയാണെന്ന കാര്യത്തിൽ ഇനി സംശയമില്ല. സർവരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന തോന്നലാണ് ഉന്മാദികളുടെ ഏറ്റവും വലിയ ലക്ഷണമായി മനഃശാസ്ത്രം പറയുന്നത്. ട്രംപിെൻറ കാര്യത്തിൽ ഇക്കാര്യം പൂർണമായും ശരിയാണെന്നു മാത്രമല്ല, കക്ഷി തികഞ്ഞൊരു ഗൂഢാലോചന വാദിയുമാണ്. 2019ൽ ആദ്യമായി ഇംപീച്ച്മെൻറിന് വിധേയനാകുന്നതുതന്നെ, ഇതുപോലൊരു ഗൂഢാലോചന സിദ്ധാന്തത്തിെൻറ പേരിലാണ്.
വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡനും യുക്രെയിൻ ഭരണകൂടവും തമ്മിൽ എന്തോ അവിഹിതമുണ്ടെന്ന തോന്നലിലാണ് ആ പുകിലിെൻറ തുടക്കം. ബൈഡെൻറ മകന് അവിടത്തെ ഒരു ഗ്യാസ് കമ്പനിയിൽ ജോലിയുണ്ട്. ആ ബന്ധം ഉപയോഗപ്പെടുത്തി ബൈഡൻ അമേരിക്കക്കെതിരെ കളിക്കുന്നുവെന്നായിരുന്നു ട്രംപിെൻറ ആരോപണം. കഴമ്പില്ലാത്ത ആരോപണം പിടിവിട്ടപ്പോഴാണ് സംഗതി ജനപ്രതിനിധി സഭ ഏറ്റുപിടിച്ച് ഇംപീച്ച്മെൻറിെൻറ വക്കിലെത്തിച്ചത്.
ഏതായാലും സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. പക്ഷേ, ഇക്കുറി കാര്യങ്ങൾ തിരിഞ്ഞിരിക്കുന്നു. സെനറ്റിൽ ഇരുകൂട്ടർക്കും തുല്യപ്രാതിനിധ്യം. പാർട്ടിയിലെ ചില കുലംകുത്തികളും ബൈഡനൊപ്പമാണ്. സോഷ്യൽമീഡിയ ജയൻറ് സുക്കർബർഗും ഇക്കുറി കൂട്ടിനില്ല. അധികാരവും അഭിമാനവും നഷ്ടപ്പെട്ട പ്രസിഡൻറിെന ആർക്കുവേണം! കാര്യങ്ങൾ കൈവിട്ടുപോകാൻ തന്നെയാണ് സാധ്യത കാണുന്നത്.
ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. നയരൂപവത്കരണത്തിെൻറ അടിസ്ഥാനാശയമായി വർത്തിച്ചത് പലപ്പോഴും ഇൗ ആശയങ്ങളാണ്. ഉപദേശികളിലുമുണ്ടായിരുന്നു ഇൗ സംഘക്കാർ. ആരോഗ്യമേഖലയിലാണ് വലിയ തിരിച്ചടി നേരിട്ടത്. കോവിഡിെൻറ തുടക്കത്തിലേ ആരോഗ്യവിദഗ്ധർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിെൻറ പല ഭാഗത്തുനിന്ന് ലക്ഷക്കണക്കിനാളുകളാണ് ദിവസേന വിവിധ യു.എസ് നഗരങ്ങളിലേക്ക് വരുന്നത്.
രോഗംപടരാൻ സാധ്യതയേറെ. പക്ഷേ, ട്രംപിെൻറ ലോജിക് മറ്റൊന്നായിരുന്നു; പ്രതിവർഷം അമേരിക്കയിൽ 35,000 പേർ ഫ്ലൂ ബാധിച്ച് മരിക്കുന്നില്ലേ, എന്തായാലും അത്രത്തോളം കോവിഡ് വരുമോ? ട്രംപ് ഇക്കാര്യം പറയുേമ്പാൾ അമേരിക്കയിലെ മരണസംഖ്യ 100 കടന്നിട്ടില്ല. ഒരു മാസം പിന്നിട്ടപ്പോഴേക്കും കഥയാകെ മാറി. ന്യൂയോർക് ശരിക്കുമൊരു മരണമുനമ്പായി മാറി. മരണമിപ്പോൾ നാലു ലക്ഷത്തോടടുക്കുന്നു. ആ വിദഗ്ധോപദേശം അനുസരിച്ചിരുന്നെങ്കിൽ..! ഇതേ സമീപനം തന്നെയാണ് പല കാര്യങ്ങളിലും. കാലാവസ്ഥവ്യതിയാനവും ആഗോളതാപനവുമൊക്കെ കെട്ടുകഥയാണത്രെ.
അതിനാൽ, തൽക്കാലം ഗ്രീൻ പൊളിറ്റിക്സിന് വഴങ്ങേണ്ടതില്ല. വാക്സിനുകൾ അപകടം; അവ മുഴുവനും പസഫിക്കിലും അത്ലാൻറിക്കിലും ഒഴുക്കണം. അഭയാർഥികളും കറുത്തവർഗക്കാരും മുസ്ലിംകളും അപകടകാരികൾ; അവരെ രാജ്യത്തേക്കടുപ്പിക്കാതിരിക്കാൻ ഭീമൻ മതിലുകൾ സ്ഥാപിക്കുകയോ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യണം. വല്ലവിധേനയും രാജ്യത്ത് അഭയം തേടിയവരെ ഉന്മൂലനം ചെയ്താലും കുഴപ്പമില്ല. ഇതിനിടയിലും 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യം മാത്രം മറന്നില്ല.
പക്ഷേ, അമേരിക്കയെന്നാൽ വെളുത്തവരുടെ മാത്രം അമേരിക്കയാണ്. വംശീയതയുടെ ഇൗ പുതിയ രാഷ്്ട്രീയത്തെ രാഷ്ട്രീയനിരൂപകരും ചരിത്രകാരന്മാരും 'ട്രംപിസം' എന്നു വിളിച്ചു. ട്രംപ് പടിയിറങ്ങിയാലും 'ട്രംപിസം' ബാക്കിയാകുമെന്നാണ് നിരൂപക മതം. നാലുവർഷത്തിനിടെ, അമേരിക്കൻ രാഷ്ട്രീയം അത്രമേൽ മാറ്റിമറിച്ചാണ് ഇംപീച്ച്മെൻറിെൻറ വിചാരണക്കൂട്ടിലേക്ക് ട്രംപ് നടന്നടുക്കുന്നത്.
ബൈഡൻ ആദ്യമായി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1972ൽതന്നെയാണ് ട്രംപും വാർത്തകളിൽ ഇടംപിടിച്ചത്. 'ട്രംപ് മാനേജ്മെൻറ് കോർപറേഷൻ' എന്ന സ്ഥാപനത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് വംശവിവേചനത്തിന് നിയമനടപടി സ്വീകരിച്ചപ്പോഴാണ് തലപ്പത്തുണ്ടായിരുന്ന ഡോണൾഡ് ട്രംപ് വാർത്തയായത്.
ഏതാണ്ട് ആ സമയത്തുതന്നെ ട്രംപ് പിതാവിെൻറ ബിസിനസ് സാമ്രാജ്യം ഏറ്റുനടത്താൻ തുടങ്ങി. പിതാവിനേക്കാൾ വലിയ ബിസിനസുകാരനായി. ആപേരിൽ വലിയൊരു ബിസിനസ് സാമ്രാജ്യവും അമേരിക്കയിൽ കെട്ടിപ്പൊക്കി. റിയൽ എസ്റ്റേറ്റിലും ബ്രാൻഡിങ്ങിലുമൊക്കെയായി എത്രയോ സംരംഭങ്ങൾ. ഇതിനിടെ, ലോകസുന്ദരി മത്സരം അടക്കമുള്ള വലിയ പരിപാടികളുടെ സംഘാടകനും ടി.വി അവതാരകനുമായി. പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു തൊട്ടുമുമ്പുവരെ, 'അപ്രൻറിസ്' എന്ന ബിസിനസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു.
മൂന്ന് ഭാര്യമാരിലായി അഞ്ച് മക്കൾ. ഏതാനും സിനിമകളിലും മുഖം കാണിച്ചു. ബിസിനസിലും രാഷ്ട്രീയത്തിലുമായി 19 പുസ്തകങ്ങൾ രചിച്ചു. നാലര പതിറ്റാണ്ടിനിടയിലെ ബിസിനസ് കരിയറിനിടെ, 4000 കേസുകളാണ് നേരിട്ടത്. ഇത്രയധികം കോടതി കയറിയിറങ്ങിയ മറ്റൊരു രാഷ്ട്രീയ നേതാവുമുണ്ടാകില്ല. അതിെൻറ കലാശക്കൊട്ടാകും 75ാം വയസ്സിലെ ഇംപീച്ച്മെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.