ഇരട്ടത്താപ്പിന്റെ വൈറസുകൾ
text_fieldsകോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. മൃതദേഹങ്ങൾ കിടത്താൻ ഇടമില്ലാത്ത മോർച്ചറികൾ, രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത ആശുപത്രികൾ, ശവശരീരങ്ങൾ അടക്കാൻ കഴിയാത്ത ശ്മശാനങ്ങൾ... ഇവയുടെയൊക്കെ ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. കോവിഡിെൻറ ഒന്നാം വരവിെൻറ സന്ദർഭത്തിൽ ഉണ്ടായിരുന്നതിനെക്കാൾ ഭീകരമാണ് ചിത്രങ്ങൾ. ടി.വിയിൽ വന്ന് വലിയ വായിൽ വീമ്പുപറയുകയെന്നതിൽ കവിഞ്ഞ് ഈ സ്ഥിതിവിശേഷത്തെ മറികടക്കാൻ കേന്ദ്രസർക്കാറോ പ്രധാനമന്ത്രിയോ വിശേഷിച്ച് ഒന്നും ചെയ്യുന്നില്ല. കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. പക്ഷേ, അങ്ങനെയൊക്കെയാണെങ്കിലും സ്ഥിതി കൂടുതൽ വഷളാക്കാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാറിന് സ്വീകരിക്കാവുന്നതേയുള്ളൂ. എന്നാൽ, അതിനുപോലും ആരും മുതിരുന്നില്ല എന്നതാണ് ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകൾ കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ഭീതിപ്പെടുത്തുംവിധം ആഞ്ഞടിക്കുമ്പോൾതന്നെയാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള കുംഭമേള നടക്കുന്നത്. കൂടിച്ചേരൽ പരമാവധി ഒഴിവാക്കുകയാണ് കോവിഡിനെതിരെയുള്ള ഏറ്റവും വലിയ മുൻകരുതലെന്നത് ലോകത്ത് എല്ലാവരും അംഗീകരിച്ച വസ്തുതയാണ്. എന്നാൽ, ലക്ഷക്കണക്കിന് മനുഷ്യർ ഒരു മുൻകരുതലുമില്ലാതെ തിങ്ങിനിരങ്ങുന്ന കാഴ്ചയാണ് കുംഭമേളയിൽ കാണുന്നത്. ഉത്തരാഖണ്ഡ് ഭരിക്കുന്ന ബി.ജെ.പിയും അനുബന്ധ സംഘടനകളും ഇതിനെയെല്ലാം നല്ലതുപോലെ ന്യായീകരിക്കുക മാത്രമല്ല, ഇതേക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാൻപോലും പാടില്ല എന്ന നിലപാടിലുമാണ്.
കുംഭമേള ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് എന്തു സംഭാവന ചെയ്യാൻ പോകുന്നു എന്ന കാര്യം അടുത്ത ദിവസങ്ങളിൽ വ്യക്തമാകുന്നതേയുള്ളൂ. എന്നാൽ, കഴിഞ്ഞ വർഷം, കോവിഡ് തുടങ്ങിയ സമയത്ത് ഇന്ത്യയിൽ ഉണ്ടായ ഒരു വിവാദം ഇപ്പോൾ ഓർക്കുന്നത് നന്നാവും. കോവിഡ് വ്യാപനത്തെക്കുറിച്ച ആധികളും മുന്നറിയിപ്പുകളും തുടങ്ങുന്നതിനു മുമ്പ് ആസൂത്രണം ചെയ്ത ഒരു സമ്മേളനം ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മർകസിൽ നടക്കുന്നുണ്ടായിരുന്നു. ഏതാനും ആയിരങ്ങൾമാത്രം പങ്കെടുത്ത ആ സമ്മേളനമാണ് ഇന്ത്യയിൽ കോവിഡിെൻറ 'സൂപ്പർ സ്െപ്രഡർ' ആയി മാറിയത് എന്ന പ്രചാരമാണ് വ്യാപകമായി നടന്നത്. 'തബ്ലീഗ് കൊറോണ' എന്ന ഒരു പ്രയോഗം തന്നെ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്നു. 'കൊറോണ ജിഹാദ്' എന്ന് അലമുറയിട്ട് വലതുപക്ഷ സംഘങ്ങൾ പ്രചാരണങ്ങളുടെ കെട്ടഴിച്ചുവിട്ടു. ഇത്തരം പ്രചാരണങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാറും സ്വീകരിച്ചത്. കഴിഞ്ഞ വർഷം അടച്ചിട്ട നിസാമുദ്ദീൻ മർകസിൽ ഒരു വർഷമായി വെറും അഞ്ചു പേർക്ക് മാത്രമാണ് പ്രാർഥനക്ക് അനുമതി ഉണ്ടായിരുന്നത്. മർകസിെൻറ ഭാരവാഹികൾ റമദാൻ പശ്ചാത്തലത്തിൽ ഇതിനെ കോടതിയിൽ ചോദ്യം ചെയ്തു. ഒരു നിലക്കും മർകസ് പ്രാർഥനക്കായി തുറന്നു കൊടുക്കാൻ പറ്റില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. ആരാധനാലയങ്ങൾ അടച്ചിടണമെന്ന് ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ ഇല്ലാതിരുന്നിട്ടുപോലും മർകസ് അടച്ചിടണമെന്ന് വാശിപിടിച്ചു കേന്ദ്ര സർക്കാർ. മർകസ് അധികൃതരുടെ ഹരജി പരിഗണിച്ച കോടതി 50 പേരെ പ്രാർഥനക്ക് അനുവദിക്കാൻ വ്യാഴാഴ്ച ഉത്തരവിട്ടിരിക്കുകയാണ്. ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേളക്ക് വേണ്ടിയുള്ള സർവ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് തബ്ലീഗ് മർകസിലെ നമസ്കാരത്തിെൻറ കാര്യത്തിലെ ഈ നിലപാട് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇപ്പോൾ നടക്കുന്ന കുംഭമേളയുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം 'കൊറോണ ജിഹാദ്', 'തബ്ലീഗ് കൊറോണ' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് മാധ്യമങ്ങളും ഭരണകൂട ഏജൻസികളും കാണിച്ചുകൂട്ടിയ പ്രചാരണ കോലാഹലങ്ങൾ ഒന്നുകൂടി പുനഃസന്ദർശിക്കുന്നത് നന്നാവും. എന്തുമാത്രം ദയാരഹിതമായ വേട്ടയാടലാണ് അന്ന് നടന്നതെന്ന് അപ്പോൾ മനസ്സിലാവും. കോവിഡിെൻറ മാരക സ്വഭാവത്തെക്കുറിച്ചുള്ള അറിവുകൾ വ്യാപകമാവുന്നതിനുമുമ്പ് തുടങ്ങിയതായിരുന്നു ആ തബ്ലീഗ് സമ്മേളനം എന്നുകൂടി ഓർക്കണം. തബ്ലീഗ് സമ്മേളനത്തിനെ വേട്ടയാടിയതു കൊണ്ട് കുംഭമേളയെയും അങ്ങനെ കൈകാര്യം ചെയ്യണമെന്നല്ല പറയുന്നത്. മറിച്ച്, നമ്മുടെ മുഖ്യധാര എന്തുമാത്രം വിവേചന ബോധത്തോടെയാണ് കാര്യങ്ങളെ കാണുന്നത് എന്ന തിരിച്ചറിവിന് വേണ്ടി സൂചിപ്പിച്ചുവെന്നു മാത്രം. കൊറോണയെയും വെല്ലുന്ന രോഗവാഹികളാണ് മാന്യന്മാർ എന്ന് പുറമേക്ക് തോന്നുന്ന ഈ മുഖ്യധാരാ മേലാളന്മാർ. അവർക്ക് കൊറോണയും രോഗപ്പകർച്ചയുമൊന്നുമല്ല പ്രശ്നം. വർഗീയ മുൻവിധികളും വിഷലിപ്തമായ കാഴ്ചപ്പാടുകളുംകൊണ്ട് നിറഞ്ഞ ജീവിതങ്ങളാണവർ. അവരുടെ കൈകളിലാണ് രാജ്യത്തിെൻറ കടിഞ്ഞാൺ എന്നതാണ് നമ്മെ ഏറെ വേദനിപ്പിക്കുന്ന കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.