സി.പി.എം–ബി.െജ.പി ഒത്തുകളി വിവാദം
text_fieldsവരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ, ആറന്മുള, കോന്നി സീറ്റുകളിൽ പരസ്പരസഹായത്തിന് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ചെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ഡോ. ആർ. ബാലശങ്കറിെൻറ വെളിപ്പെടുത്തൽ പുതിയ രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. െചങ്ങന്നൂർ, ആറന്മുള നിയമസഭ മണ്ഡലങ്ങളിൽ മാർക്സിസ്റ്റുപാർട്ടി സ്ഥാനാർഥികളെ ബി.ജെ.പി സഹായിക്കുകയും പ്രത്യുപകാരമായി കോന്നിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുേരന്ദ്രെൻറ വിജയം സി.പി.എം ഉറപ്പിക്കുകയും ചെയ്യുകയെന്ന ഒരു 'ഡീലി'ൽ ഇരുകക്ഷികളും എത്തിച്ചേർന്നെന്നാണ് ബാലശങ്കർ വെളിപ്പെടുത്തിയിരിക്കുന്നത്. സി.പി.എം, ബി.ജെ.പി നേതാക്കൾ ഇൗ വെളിപ്പെടുത്തൽ കണ്ണടച്ച് നിഷേധിക്കുന്നു. മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള ഇച്ഛാഭംഗമെന്ന് ബി.ജെ.പി നേതാക്കൾ ആരോപിക്കുേമ്പാൾ അദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ പറയുന്നെന്നു മനസ്സിലാകുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. എന്നാൽ, സി.പി.എം-ബി.െജ.പി ധാരണ സംബന്ധിച്ച പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് ബാലശങ്കർ ആവർത്തിക്കുകയാണ്.
വർഗീയതയും പരവിദ്വേഷവും പ്രഖ്യാപിത നയമായി സ്വീകരിച്ച ബി.ജെ.പിക്ക് കേരളരാഷ്ട്രീയത്തിലുള്ള അയിത്തം ഇനിയും വിട്ടുമാറിയിട്ടില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ രണ്ടാമൂഴത്തിലെത്തിയിട്ടും, പാർട്ടിയുടെ എല്ലാമായ കേന്ദ്ര ആഭ്യന്തരമന്ത്രി തെൻറ ചതുരുപായങ്ങളെല്ലാം പുറത്തെടുത്തിട്ടും ബി.ജെ.പിക്ക് കേരളത്തിൽ വേണ്ടത്ര വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പു വമ്പൻ അവകാശവാദങ്ങളുമായി രംഗത്തിറങ്ങാറുള്ള പാർട്ടിയുടെ നിഴൽ മാത്രമാണ് ഫലപ്രഖ്യാപനത്തിനുശേഷം ബാക്കിയാവാറ്. എന്നാലും എല്ലാം നിഷ്ഫലമെന്നു പറയാനാവില്ലെന്നു തെളിയിച്ചു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ആദ്യമായി കേരളനിയമസഭയിൽ അക്കൗണ്ട് തുറന്നു, ഒ. രാജഗോപാൽ എന്ന മുതിർന്ന നേതാവിെൻറ തിരുവനന്തപുരം നേമം മണ്ഡലത്തിലെ വിജയത്തിലൂടെ. ഇൗ ആവേശത്തുടർച്ച കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും, ജയമില്ലെങ്കിലും, വോട്ടുവിഹിതത്തിൽ പാർട്ടിക്ക് നിലനിർത്താനായി. 2016ൽ 14.96 ശതമാനമുണ്ടായിരുന്ന വോട്ടുവിഹിതം 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 15.64 ശതമാനമായി വർധിച്ചു. എന്നാൽ, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അത് 14.56 ശതമാനമായി കുറഞ്ഞിരിക്കുന്നു. എങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടുകയും ഏഴിടങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തതിെൻറ ബലത്തിലാണ് ഇൗ നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി ഇറങ്ങുന്നത്. 30 മണ്ഡലങ്ങൾ എ പ്ലസ്, പത്തു മണ്ഡലങ്ങൾ എ എന്നിങ്ങനെ വകതിരിച്ച് പത്തിടത്ത് ജയിക്കാനാകും എന്ന കണക്കുകൂട്ടലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. അതിനുള്ള നീക്കുപോക്കുകളും ചരടുവലികളും അണിയറയിൽ നടന്നുകൊണ്ടിരിക്കെയാണ് ആർ.എസ്.എസ് സൈദ്ധാന്തികെൻറ 'ബി.ജെ.പി-സി.പി.എം ധാരണ' സംബന്ധിച്ച വെളിപ്പെടുത്തൽ. പാർലമെൻററി രാഷ്ട്രീയത്തിൽ കേരളത്തിൽ പറയത്തക്കതൊന്നും ചെയ്യാനായിട്ടില്ലെങ്കിലും പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങളും മൂപ്പിളമത്തർക്കങ്ങളും വെട്ടിനിരത്തലുമൊക്കെ ബി.ജെ.പിയിൽ എന്നും സജീവമാണ്. അതിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചക്കെത്താറുള്ളതാണ് ഇരുമുന്നണികളുമായുള്ള അണിയറ ധാരണകളും വോട്ടുകച്ചവടവും. കേരളത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം ചർച്ചയാവുേമ്പാഴൊക്കെ വോട്ടുകച്ചവടവും വിഷയമാകാറുണ്ട്. 1991ലെ പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പിൽ അത് പരസ്യപ്പെട്ടതായിരുന്നു യു.ഡി.എഫുമായുണ്ടായ 'വടകര, ബേപ്പൂർ മോഡൽ'. കേരള രാഷ്ട്രീയത്തിൽ 'കോലീബി' എന്നൊരു രാഷ്ട്രീയസമവാക്യം തന്നെ ഉടലെടുത്തിരുന്നു. തുടർന്നുള്ള തെരെഞ്ഞടുപ്പിലും ബി.ജെ.പി ഇരുമുന്നണികളുടെയും വിജയത്തിൽ അദൃശ്യഘടകമായിട്ടുണ്ട്. ഇരുമുന്നണികളും അന്യോന്യം ബി.ജെ.പി ബാന്ധവം ആരോപിച്ച് ഇക്കാര്യം സാക്ഷ്യപ്പെടുത്താറുമുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ബി.ജെ.പി നീക്കുപോക്കിനൊരുങ്ങുന്നു എന്നാണ് ബാലശങ്കർ ആരോപിച്ചിരിക്കുന്നത്. കോൺഗ്രസ് മുക്തഭാരതത്തിനു ശ്രമിക്കുന്ന ബി.ജെ.പിയും തുടർഭരണം നേടാനുള്ള തീവ്രയത്നത്തിൽ കോൺഗ്രസിനെ മുഖ്യശത്രുവായി കാണുന്ന സി.പി.എമ്മും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരേ നേർരേഖയിൽ വരുന്നുണ്ട്. അടുത്ത തവണ കൂടി ഇടതുഭരണം വകവെച്ചുകൊടുത്താൽ ശിഥിലമാകുന്ന കോൺഗ്രസിൽ നിന്നു മുതൽക്കൂട്ടി തൊട്ടടുത്ത ഉൗഴത്തിൽ മുഖ്യപ്രതിപക്ഷമോ ഭരണപക്ഷമോ ഒക്കെ ആയി മാറാമെന്നൊരു മനക്കണക്ക് ബി.ജെ.പി ഇടക്കു പുറത്തുവിടുന്നുമുണ്ട്. മറുഭാഗത്ത്, കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുഭരണത്തിൽ കോൺഗ്രസിനുനേരെ കൈക്കൊള്ളുന്ന വീറും വാശിയും കാർക്കശ്യവുമൊക്കെ കേന്ദ്രസർക്കാറിെൻറ ഫാഷിസ്റ്റ്, ജനവിരുദ്ധ നയങ്ങളോടുള്ള നിലപാടിൽ ദുർബലപ്പെടുന്നതും കേരളം കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കൈയാളുന്ന ആഭ്യന്തരവകുപ്പും അതിെൻറ നടപടിക്രമങ്ങളും മുതൽ, സംഘ്പരിവാറിെൻറ മുസ്ലിം വർഗീയാരോപണം പാർട്ടിയുടെ തീവ്രയത്നപരിപാടിയായി ഏറ്റെടുത്തു നടത്തുന്നിടത്തോളം സി.പി.എം മാറിവരുന്നതാണ് കേരളത്തിലെ പുതിയ കാഴ്ച. അതിെൻറ കൊയ്ത്ത് നടത്തുന്നതാരെന്ന് ബംഗാൾ മാതൃകയിൽ പാർട്ടിഘടകങ്ങൾ ഒാഫിസ്സഹിതം സംഘ്പരിവാർ ശാഖയായി മാറുന്നതും ഇടതുനിന്നു പത്തോളം പേർ തീവ്ര വലതുമാറി സ്ഥാനാർഥികളാവുന്നതും വിളിച്ചുപറയുന്നുണ്ട്. അതിനിടെയാണ് സി.പി.എം-ബി.ജെ.പി രാഷ്ട്രീയ അന്തർധാരകൾ അനാവരണം ചെയ്ത് സംഘ്പരിവാർ സൈദ്ധാന്തികൻ രംഗത്തെത്തുന്നത്. ഇൗ അപഖ്യാതിയിൽനിന്നു രക്ഷപ്പെടാൻ ബി.ജെ.പിക്ക് എന്തുമാവാം. എന്നാൽ അവരുടെ ഉപായങ്ങളോ അപരരുടെ നേർക്കുള്ള കുതിരകയറ്റമോ മതിയാവില്ല ഫാഷിസ്റ്റ് വിരോധത്തിെൻറയും മതനിരപേക്ഷതയുടെയും കുത്തക അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.