പറയില്ല ഒന്നും; ഇതും ജനാധിപത്യം!
text_fields
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ പേരു മാറ്റിയതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിവരാവകാശ നിയമം (ആർ.ടി.ഐ) പ്രകാരമുള്ള 'വിവര'ത്തിൽപെടില്ലത്രെ. 'ദ വയർ' എന്ന ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) നൽകിയതാണ് വിചിത്രമായ ഈ മറുപടി. ഇന്ത്യൻ കായികരംഗത്തെ മികച്ച താരമായ മേജർ ധ്യാൻചന്ദ്രിന്റെ പേരാണ് ആ പുരസ്കാരത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത്. പേരുമാറ്റം ട്വിറ്ററിലൂടെ പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി അതിനു കാരണമായി പറഞ്ഞത് 'ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പൗരന്മാരുടെ അപേക്ഷകൾ' തനിക്ക് ലഭിച്ചതനുസരിച്ചാണ് തീരുമാനം എന്നാണ്. എന്നാൽ, പൊതുവായി ഉയർന്നിരുന്ന ആവശ്യം ധ്യാൻചന്ദിന് ഭാരത്രത്ന പുരസ്കാരം നൽകണം എന്നായിരുന്നു. ഖേൽരത്ന പുരസ്കാരത്തിന് രാജീവ്ഗാന്ധിയുടെ പേരല്ല ഉചിതമെന്ന് മുമ്പ് അഭിപ്രായമുയർന്നെങ്കിലും പേരുമാറ്റം വേണ്ടതില്ല എന്ന തീരുമാനത്തിലാണ് ബന്ധപ്പെട്ട സമിതി 2019ൽ എത്തിച്ചേർന്നിരുന്നത്. ആ നിലക്ക്, ഇപ്പോൾ പ്രധാനമന്ത്രി പെട്ടെന്ന് മറിച്ചൊരു പ്രഖ്യാപനം നടത്തിയതിനു പിന്നിലെ ന്യായങ്ങളറിയാനായി, പേരുമാറ്റത്തിനുവേണ്ടി എത്രപേർ അപേക്ഷിച്ചെന്ന വിവരം അവയുടെ ഫോട്ടോപകർപ്പുകളടക്കം നൽകണമെന്നാണ് 'ദ വയർ' ആവശ്യപ്പെട്ടത്. ഇതിനാണ് പി.എം.ഒ ഈ ചോദിച്ചതൊന്നും ആർ.ടി.ഐ പ്രകാരമുള്ള 'വിവരമല്ല' എന്ന വിവരക്കേട് മറുപടിയായി നൽകിയിരിക്കുന്നത്. ആർ.ടി.ഐ നിയമം (2005) വകുപ്പ് 2 (എഫ്) 'വിവര'ത്തിനു നൽകിയ നിർവചനം പ്രധാനമന്ത്രിയുടെ ഓഫിസിലിരിക്കുന്നവർക്ക് അറിയില്ലെങ്കിൽ അത് പ്രത്യേകതരം വിവരക്കേടുതന്നെയാവണം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുനേരെ ഈ ധിക്കാരം കാട്ടുന്നത് ഭരണത്തിന്റെ ഉന്നത നേതൃത്വം തന്നെ എന്നത് നിസ്സാരമായി കാണേണ്ട കാര്യമല്ല.
ആർ.ടി.ഐ ആരും ഔദാര്യമായി നൽകിയതല്ല. നിരന്തരമായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമായി പാർലമെന്റ് തന്നെ പാസാക്കിയ നിയമമാണത്. അതു പാലിക്കുക ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പക്ഷേ, ഇതിനോട് ഏറ്റവും കുടുതൽ പുറംതിരിഞ്ഞുനിൽക്കുന്നത് നിയമപാലനത്തിൽ മാതൃകയാകേണ്ടവർ തന്നെയാണ്. വിദേശത്തുനിന്ന് ധാരാളം കള്ളപ്പണം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായി അവകാശവാദമുന്നയിച്ച സർക്കാറിനോട് അതിന്റെ കൃത്യമായ കണക്ക് ആർ.ടി.ഐ പ്രകാരം തിരക്കിയപ്പോൾ, അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ വിവരം പുറത്തുവിടാനാവില്ലെന്നുപറഞ്ഞ് പി.എം.ഒ അതു നിരാകരിച്ചു. അഴിമതി വിരോധം വളരെയേറെ പ്രസംഗിക്കാറുണ്ടായിരുന്നു മോദി സർക്കാർ. എന്നാൽ, ഇലക്ടറൽ ബോണ്ടുകൾ എന്ന, സുതാര്യത ഒട്ടുമില്ലാത്ത രാഷ്ട്രീയ സംഭാവനാ സംവിധാനം വഴി ഭരണപക്ഷം കണക്കറ്റ പണം ഉണ്ടാക്കുന്നു എന്ന ആരോപണമുയർന്നപ്പോഴാണ് ആക്ടിവിസ്റ്റുകൾ പണദാതാക്കളുടെ വിവരങ്ങൾ തേടിയത്. അത് നിരസിക്കപ്പെട്ടുവെന്നു മാത്രമല്ല, അത്തരം വിവരങ്ങൾ ദാതാക്കളുടെ സ്വകാര്യതയെ മറികടക്കുന്ന പൊതുതാൽപര്യം ഉൾക്കൊള്ളുന്നതല്ലെന്ന് കേന്ദ്ര ഇൻഫർമേഷൻ കമീഷൻ തന്നെ വിധിച്ചുകളഞ്ഞു. 'പി.എം. കെയേഴ്സ്' എന്ന ഫണ്ടിന്റെ സുതാര്യതയും സംശയാസ്പദമാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചവർക്ക് അതു ലഭ്യമായില്ലെന്നുമാത്രമല്ല, വിവരാവകാശ നിയമത്തിനു കീഴിൽ വരുന്ന 'പൊതുഅധികാര സ്ഥാപന'ത്തിൽ അതു പെടില്ലെന്ന് കോടതിയിൽ വാദിക്കുകയും ചെയ്തു പി.എം.ഒ. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നതതല യോഗങ്ങൾ, ലോക്ഡൗൺ തിരുമാനത്തിന്റെ ന്യായങ്ങൾ, പി.എം.ഒയും ആരോഗ്യമന്ത്രാലയവും തമ്മിൽ നടന്ന കത്തിടപാടുകൾ എന്നിവ സംബന്ധിച്ച അന്വേഷണത്തിനും ഉത്തരം നിഷേധിച്ചു. മോദിയും മൻമോഹൻ സിങ്ങും പ്രധാനമന്ത്രിമാരെന്ന നിലക്ക് നടത്തിയ വിദേശ യാത്രകളുടെ വിവരം ആവശ്യപ്പെട്ടയാൾക്കും അതു നൽകിയില്ല- ചോദ്യം 'വല്ലാതെ അവ്യക്തം' എന്നായിരുന്നു അതിന് ന്യായം പറഞ്ഞത്.
പുറത്തുപറയാനാകാത്ത 'രഹസ്യങ്ങളാ'വാം സർക്കാറിനെ ഇത്തരം നിഷേധ സമീപനത്തിന് പ്രേരിപ്പിക്കുന്നത്. എന്നാൽ, അതുമാത്രവുമല്ല, 'ഖേൽരത്ന' പേരുമാറ്റത്തിെൻറ വിവരങ്ങൾ അടക്കം പുറത്തുപറയില്ലെന്ന നിലപാടിനു പിന്നിൽ ജനാധിപത്യ വിരുദ്ധമായ അധികാര ധാർഷ്ട്യം കൂടിയുണ്ട്. വിവരം തരേണ്ടതാണ്. എന്നാലും തരില്ല എന്ന നിലപാട്. ഇക്കാര്യത്തിൽ വിവരാവകാശ കമീഷെൻറയും ജുഷീഡ്യറിയുടെ തന്നെയും ദൗർബല്യങ്ങൾ സർക്കാറിന് സഹായകമാകുന്നുമുണ്ട്. ഭരണഘടനയുടെ 19ാം വകുപ്പു പ്രകാരം വിവരാവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. എന്നാൽ, സർക്കാറിെൻറ നേതൃത്വത്തിൽ ഇന്ന് ആ അവകാശത്തിനെതിരായ പോരാണ് നടക്കുന്നത്. ജനങ്ങളറിയേണ്ട, അവർക്ക് അറിയാൻ അവകാശമുള്ള, വിവരങ്ങൾ ഓരോന്നായി, ഓരോരോ ന്യായങ്ങൾ പറഞ്ഞ് നിരസിക്കപ്പെടുന്നു. കഴിഞ്ഞ മുഖക്കുറിപ്പിൽ ഞങ്ങൾ എഴുതിയത് പാർലമെൻറിെൻറ അവകാശം ലംഘിച്ചുകൊണ്ട് ചോദ്യങ്ങളനുവദിക്കാത്ത സർക്കാർ നിലപാടിനെപറ്റിയായിരുന്നു. ഒറ്റ വാർത്തസമ്മേളനംപോലും നടത്താത്ത, ട്വിറ്ററും മൻ കീബാത്തും വഴി മാത്രം സംവദിക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ ചോദ്യങ്ങളും ഭയപ്പെടുന്നുണ്ടാവണം. എല്ലാ വ്യക്തിസ്വകാര്യങ്ങളും തേടുകയും ഭരണകാര്യങ്ങൾ ഒന്നും പുറത്തുവിടാതിരിക്കുകയും വഴി ജനാധിപത്യത്തെ തലകുത്തിനിർത്തുകയാണ് എൻ.ഡി.എ സർക്കാർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.