ഭരണകൂടമോ ചാരസംഘമോ?
text_fields
ലോകരാഷ്ട്രങ്ങളിൽ ഭരണം കൈയാളുന്നതും അവയെ നിയന്ത്രിക്കുന്നതും ആരാണ്? സർക്കാറുകളോ അതോ രഹസ്യാന്വേഷണ ചാരസംഘങ്ങളോ? ഒരുകൂട്ടം അന്താരാഷ്ട്ര മാധ്യമങ്ങൾ പൗരാവകാശ സംഘങ്ങളുടെ പിന്തുണയോടെ നടത്തിയ അന്വേഷണ വിശകലനങ്ങളുടെ ഫലമായി കഴിഞ്ഞ ദിവസം പുറത്തുവിട്ട 'പെഗസസ് പ്രോജക്ട്' റിപ്പോർട്ടാണ് ഈ ചോദ്യം അനിവാര്യമാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ന്യായാധിപന്മാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ നിർബാധം ചോർത്തപ്പെട്ടതു സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതകളോ അവകാശങ്ങളോ മാനിക്കാതെ ചൂഴ്ന്നുനോക്കുന്നതും അതിക്രമിച്ചു കടക്കുന്നതും തങ്ങളുടെ അവകാശമായി കരുതുന്ന, ചാരപ്പണിയിലെ മികവ് രാജ്യതന്ത്രത്തിെൻറ മേന്മയായി വാഴ്ത്തുന്ന ഇസ്രായേലിലെ ചാരവിവരസാങ്കേതിക വിദ്യാസ്ഥാപനമായ എൻ.എസ്.ഒയെയും അവരുടെ ചാരപ്പണിക്കോപ്പുകളും ഉപയോഗപ്പെടുത്തിയാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. ജനാധിപത്യ ഭരണക്രമം നിലവിലില്ലാത്ത രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ പ്രയോഗിച്ച് വിവരശേഖരണവും ചാരപ്പണിയും നടത്തുന്നത് മുേമ്പ അറിയപ്പെടുന്ന കാര്യമാണ്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് പുകൾെപറ്റ ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമപ്രവർത്തകരുടെയും പൗരാവകാശ പ്രവർത്തകരുടെയും മന്ത്രിമാരുടെയും വ്യവസായ പ്രമുഖരുടെയുമുൾപ്പെടെ മുന്നൂറിലേറെ ഫോണുകളിൽ ചാരപ്പണി നടത്തി വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗുരുതരവും രാജ്യം എത്തിനിൽക്കുന്ന അപകട പാതയെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചിയുമാണ്.
ചോർത്തപ്പെട്ടവരുടെ പട്ടിക ഏറെ ദൈർഘ്യമേറിയതാകയാൽ പരിശോധിച്ച് ഉറപ്പുവരുത്തി അവരാരെല്ലാമാണെന്ന് പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങൾ. കേന്ദ്രമന്ത്രിസഭയിലെ അതിശക്തരായ രണ്ടു മന്ത്രിമാരും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും വിവിധ ദേശീയ മാധ്യമങ്ങളിൽ സുപ്രധാനമായ ബീറ്റുകൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകരും കൂട്ടത്തിലുണ്ടെന്ന കാര്യം ഇതിനകം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. രാജ്യത്തിെൻറ പരമാധികാരത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കെതിരെ വിരൽചൂണ്ടിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മാധ്യമപ്രവർത്തകരിൽ അധികപേരും. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചമച്ച് കെട്ടിപ്പടുത്ത എൽഗാർ പരിഷദ് കേസിൽ കുരുക്കി ദേശീയ അന്വേഷണ ഏജൻസി ജയിലിലടച്ച രാജ്യത്തെ എണ്ണം പറഞ്ഞ മനുഷ്യാവകാശ പ്രവർത്തകരുടെയും അവരുടെ ഉറ്റബന്ധുക്കളുടെയും അനുയായികളുടെയും ഫോണുകളും ഇത്തരത്തിൽ ചാരക്കണ്ണേറിന് വിധേയമായിരിക്കുന്നു. ശരിവെക്കാൻ സർക്കാർ കൂട്ടാക്കിയിരുന്നില്ലെങ്കിലും, ഏകാധിപത്യ രാജ്യങ്ങളിൽ നടക്കുന്നതിന് സമാനമായി കുറച്ചു വർഷങ്ങളായി മാധ്യമ പ്രവർത്തകരും പൗരാവകാശ പ്രവർത്തകരും ജനാധിപത്യ ഇന്ത്യയിലും സൂക്ഷ്മ നിരീക്ഷണത്തിലും ചാരവലയത്തിലുമാണെന്ന ആക്ഷേപം അൽപകാലങ്ങളായി ഉയർത്തപ്പെട്ടിരുന്നു. എൽഗാർ പരിഷദ് കേസിൽ പ്രതിചേർക്കപ്പെട്ട പലരുടെയും കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെടുക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുകളും നേരത്തേ പുറത്തുവന്നിട്ടുള്ളതിനാൽ അതിലും പുതുമയില്ലെന്നു വേണമെങ്കിൽ സമ്മതിക്കാം. എന്നാൽ, ന്യായാധിപന്മാരുടെയും മന്ത്രിസഭയിലെ അംഗങ്ങളുടെയും ഇൻറലിജൻസ് മേധാവികളുടെയും ഫോണുകൾ ചോർത്തിയതിെൻറ യുക്തിയും ഉദ്ദേശ്യവും ലളിതമായ ആലോചനയിൽ പിടികിട്ടുന്നതല്ല. ആരാണ് ആ വിവരങ്ങളുടെ ഗുണഭോക്താക്കൾ? ന്യായാധിപന്മാരുടെയും സുരക്ഷാ മേധാവികളുടെയും ഫോണുകൾ ഇപ്പറയുംവിധം ചോർത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതുമൂലം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും രാജ്യസുരക്ഷയിലും സംഭവിച്ച പരിക്കുകളെക്കുറിച്ച് ആരാണൊന്ന് ഓഡിറ്റ് നടത്തുക?
ചാരവേല നിർവഹിച്ച എൻ.എസ്.ഒ ഒരു കാര്യം വ്യക്തമായി പറയുന്നുണ്ട്- ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്കുവേണ്ടി തങ്ങളീപ്പണി ചെയ്യാറില്ലെന്നും സർക്കാറുകൾക്ക് മാത്രമാണ് സേവനങ്ങളും ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും വിൽക്കാറുള്ളൂ എന്നും. എന്നാൽ, തങ്ങൾക്കീ രക്തത്തിൽ പങ്കിെല്ലന്നാണ് നമ്മുടെ സർക്കാർ ആണയിടുന്നത്! രാജ്യത്തെ സർക്കാറിെൻറ അറിവോെടയല്ല ഇന്ത്യയിൽ ഇത്ര ഗുരുതരമായ സ്വകാര്യതാവേട്ട നടന്നിരിക്കുന്നതെങ്കിൽ സംഭവത്തിെൻറ ഗുരുതരാവസ്ഥ നമ്മൾ ആലോചിക്കുന്നതിനേക്കാൾ ഏറെ ആഴമുള്ളതാണ്. ഇതിലൊന്നും പങ്കില്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണ് സ്വതന്ത്രമായ ഒരു ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാർ കാലവിളംബം വരുത്തുന്നത്?
ഒന്നുകിൽ ഇതു ചെയ്തത് തങ്ങൾ തന്നെയെന്ന് തുറന്നു പറയാനുള്ള ആർജവം കേന്ദ്രസർക്കാർ കാണിക്കണം. അല്ലെങ്കിൽ, വോട്ടുനൽകി തെരഞ്ഞെടുത്തയച്ച ജനാധിപത്യ സർക്കാറിനുപരിയായി മറ്റേതോ ദുരൂഹമായ ഗൂഢസംഘത്തിെൻറ കൈകളിലാണ് ഭരണചക്രത്തിെൻറ നിയന്ത്രണമെന്ന് ജനങ്ങൾക്ക് സ്വാഭാവികമായും സംശയിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.