സഹതാപാർഹം; അല്ല, ലജ്ജാകരം തന്നെ
text_fieldsയു.പിയിൽ 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ചുകഴിഞ്ഞു. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എസ്.പി, ബി.എസ്.പി, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ്. പ്രധാനപാർട്ടികൾക്കിടയിൽ ഐക്യമോ ധാരണയോ രൂപപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിവരം. സീറ്റുകളെച്ചൊല്ലിയുള്ള അവകാശവാദങ്ങൾക്കപ്പുറം ജാതി-മത സമവാക്യങ്ങളാണ് പാർട്ടികളെ കൂട്ടുചേരലിൽനിന്ന് തടയുന്നത്. മതേതര ദേശീയ പാർട്ടിയായ കോൺഗ്രസ് സംസ്ഥാനത്ത് മുെമ്പന്നത്തേക്കാളും ദുർബലമായതിനുപുറമെ അതുമായി കൂട്ടുകെട്ടി ഇലക്ഷനെ നേരിടുന്നത് നഷ്ടക്കച്ചവടമാണെന്ന കണ്ടെത്തൽ കൂടിയാണ് എസ്.പി, ബി.എസ്.പി കക്ഷികളെ പിന്തിരിപ്പിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യം തന്നെ മതി യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സർക്കാറിന് ആശ്വാസംപകരാൻ. എങ്കിലും അഞ്ചു വർഷത്തെ കൈയിലിരിപ്പ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ-ക്രമസമാധാന മേഖലകളിലെല്ലാം യോഗി തികഞ്ഞ പരാജയമാണെന്ന് തെളിയിക്കുന്ന വസ്തുതകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെയും സംസ്ഥാനത്തെയും സ്തബ്ധമാക്കിയ കോവിഡ് ഭീഷണി നേരിടുന്നതിൽ യോഗി തികഞ്ഞ പരാജയമാണെന്ന് പകൽവെളിച്ചത്തിൽ തെളിഞ്ഞിരിക്കെ എങ്ങനെ വാദിച്ചുനിൽക്കാനാവും? പതിനായിരക്കണക്കിൽ മഹാമാരി ബാധിതരെ പ്രവേശിപ്പിക്കാൻ ആശുപത്രികളുടെ അപര്യാപ്തിയിരിക്കട്ടെ, കൂട്ടമരണങ്ങൾ അനാഥമാക്കിയ പ്രേതങ്ങളെ കുഴിച്ചുമൂടാൻപോലും സംവിധാനമില്ലാതെ പുണ്യനദിയായ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടന്നതിന്റെ ദയനീയ ദൃശ്യങ്ങൾ ലോക മാധ്യമങ്ങളിലൂടെ പുറത്തുവരുകകൂടി ചെയ്തു.
ദേശീയമായ ഈ നാണക്കേടിന്റെ മുന്നിൽ മോദി-അമിത് ഷാ ടീം പകച്ചുനിന്നതേയുള്ളൂ. വർഗീയ സംഘർഷങ്ങളും ഗോരക്ഷ കൊലകളും ബലാത്സംഗത്തിനിരയാവുന്ന പെൺകുട്ടികളുടെ ദുരന്തങ്ങളും അക്കഥകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ കഴുത്ത് ഞെരിക്കലും കരിനിയമങ്ങളുടെ നിർബാധ ദുർവിനിയോഗവും വാർത്തയാവാത്ത ദിവസങ്ങളില്ലെന്നുതന്നെ പറയാം. പരമോന്നത കോടതി തന്നെ യു.പി സർക്കാറിനെ കശക്കേണ്ടിവന്ന അവസരങ്ങളും വേണ്ടത്രയുണ്ടായി. തീർത്തും പ്രതിച്ഛായ തകർന്ന യോഗി ആദിത്യനാഥിനെ മാറ്റിനിർത്തിക്കൊണ്ടുള്ള പരീക്ഷണത്തിന് ബി.ജെ.പിക്കും ധൈര്യമില്ല. ജാതി സമവാക്യങ്ങൾ തെറ്റിക്കുമെന്നതു മാത്രമല്ല, സംഘ്പരിവാർ അണികളിൽ വലുതായ പൊട്ടലും ചീറ്റലും പൊട്ടിപ്പുറപ്പെടുമെന്നതും ഉറപ്പാണ്.
ഇവ്വിധമൊരു സാഹചര്യത്തിലാണ് അയോധ്യയെത്തന്നെ കൂട്ടുപിടിച്ചുള്ള പ്രചാരണത്തിന് കാവിപ്പട തയാറാവേണ്ടിവരുന്നത്. ഫൈസാബാദിലെ ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്നതുവരെ അതായിരുന്നു സംഘ്പരിവാറിന്റെ ഒരേയൊരു ഇലക്ഷൻ അജണ്ട. അവസാനം അക്കാര്യത്തിൽ അവരാഗ്രഹിച്ച വിധി പരമോന്നത കോടതിയിൽനിന്ന് പുറത്തുവന്നതോടെയെങ്കിലും അയോധ്യ യുദ്ധം അവസാനിക്കേണ്ടതായിരുന്നു. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നതിനോ പള്ളി സ്ഥിതിചെയ്ത ഭൂമിയിൽ എപ്പോഴെങ്കിലും ഏതെങ്കിലും ആരാധനാലയം ഉണ്ടായിരുന്നുവെന്നതിനോ ഒരു തെളിവുമില്ലെന്ന് അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ രാമജന്മഭൂമിയാണെന്ന ഹൈന്ദവ വിശ്വാസം മാനിച്ചുകൊണ്ട് സ്ഥലം അവരുടെ കക്ഷികൾക്ക് നൽകാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നല്ലോ.
പ്രത്യക്ഷത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന ഈ വിധിക്കെതിരെ ഒരു റിവ്യൂ ഹരജിപോലും നൽകാതിരുന്ന മുസ്ലിം കക്ഷികൾ അത് നടപ്പാക്കാനുള്ള കേന്ദ്ര-സ്റ്റേറ്റ് സർക്കാറുകളുടെ നടപടികളിൽ നിശ്ശബ്ദരായിരുന്നതേയുള്ളൂ. കോടതി നിർദേശ പ്രകാരം 2020 ഫെബ്രുവരിയിൽ ട്രസ്റ്റ് രൂപവത്കരിച്ച് 1100 കോടിയുടെ ക്ഷേത്ര സമുച്ചയം പണിയാൻ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോൾ രാമജന്മഭൂമി എന്നൊരു പ്രശ്നമോ ക്ഷേത്രനിർമാണത്തിന് എന്തെങ്കിലും തടസ്സമോ ഇല്ല. എന്നിട്ടും അടുത്ത വർഷാദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യതന്നെ മുഖ്യ ഇഷ്യുവാക്കി പ്രചാരണം നടത്തുന്നുവെന്നുവന്നാൽ അതിൽപരം പാപ്പരത്തമുണ്ടോ? സാമാന്യ ജനത്തിന്റെ വിശ്വാസപരമായ ദൗർബല്യങ്ങളെ പരമാവധി തട്ടിയുണർത്തി വോട്ട് നേടുകയെന്നതിൽ കവിഞ്ഞ് ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിലോ സംസ്ഥാനത്തിന്റെ വികസനത്തിലോ തങ്ങൾക്കൊന്നും പറയാനും ചെയ്യാനുമില്ലെന്ന തുറന്നസമ്മതമാണ് അയോധ്യയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം.
ഭൂമിപൂജക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സംബന്ധിച്ചതുപോലും വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു എന്ന് കരുതാനാണ് ന്യായം. കൂടുതൽ അമ്പരപ്പിക്കുന്ന സത്യം അതല്ല. മുഖ്യ പ്രതിപക്ഷ കക്ഷികളായ എസ്.പിയും ബി.എസ്.പിയും തങ്ങളാണ് കൂടുതൽ വലിയ രാമഭക്തർ എന്നു തെളിയിക്കാൻ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽ നിന്നാരംഭിക്കാനോ വൻ സമ്മേളനങ്ങൾ അവിടം കേന്ദ്രീകരിച്ച് നടത്താനോ തീരുമാനിച്ചിരിക്കുകയാണ്. മുമ്പ് രാജീവ് ഗാന്ധി കോൺഗ്രസിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് തർക്കഭൂമിയിൽ നിന്നായിരുന്നു എന്നതും ഓർക്കുക. ഐതിഹ്യങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും പുരാണ കഥാപാത്രങ്ങളോടുള്ള അഭിനിവേശവും പരമാവധി ചൂഷണം ചെയ്തു വോട്ട് സംഭരിക്കുക എന്ന മതനിരപേക്ഷ വിരുദ്ധമായ ഇത്തരം ചെയ്തികളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷത്തിലും ഇന്ത്യൻ ജനാധിപത്യം രക്ഷപ്പെട്ടിട്ടില്ലെന്നത് സഹതാപാർഹമാണ്, അതിലേറെ ലജ്ജാകരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.