മനോഭാവങ്ങളുടെ 'ഫിഫ' മത്സരം
text_fieldsഖത്തർ ലോകകപ്പ് മേളയുടെ ആത്മാവിനെയാണ് ഒരർഥത്തിൽ മൊറോക്കോ എന്ന ഉത്തരാഫ്രിക്കൻ രാജ്യം പ്രതിനിധാനം ചെയ്യുന്നത്. മൊറോക്കോയുടെ സെമിഫൈനൽ പ്രവേശനമെന്ന ചരിത്രനേട്ടംവരെയുള്ള ടൂർണമെന്റിന്റെ ഗതിവിഗതികളിൽ അടയാളപ്പെടുത്തപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒരു വശത്ത് ചരിത്രത്തിലെ കൊളോണിയലിസ്റ്റ് തിരസ്കാരങ്ങൾക്കിരയായ ജനസമൂഹങ്ങളുടെ ഉയിർത്തെഴുന്നേൽപ് എന്ന ആശയത്തെയും രാഷ്ട്രീയത്തെയും അതു മുന്നോട്ടുവെക്കുന്നു. ഒപ്പം, വ്യവസ്ഥാപിത ഭരണകൂടങ്ങളുടെയും രാഷ്ട്രീയ ശക്തികളുടെയും ഇരട്ടത്താപ്പു വെളിപ്പെടുത്തി സാമാന്യ ജനങ്ങൾക്കായി നീതിയുടെ പക്ഷം പറയുന്നു. ടൂർണമെന്റിലെ അമ്പരപ്പിക്കുന്ന അട്ടിമറികളിലൊന്നിൽ സ്പെയിനിനെ തോൽപിച്ച് ക്വാർട്ടറിൽ കടന്നപ്പോൾ മൊറോക്കോ ചില പഴയ കണക്കുകൾ ഓർമിപ്പിക്കുകയായിരുന്നു. ഒരുകാലത്ത് മൊറോക്കൻ മേഖല കൈയടക്കി ചൂഷണം ചെയ്ത് നശിപ്പിച്ച സ്പെയിനിനെ അവർ തോൽപിച്ചത് ഒരു കാവ്യ നീതി കൂടിയാണ്. 1975ൽ ഗ്രീൻ മാർച്ച് എന്ന ജനകീയ മുന്നേറ്റത്തിൽ പിഴുതുമാറ്റപ്പെട്ട സ്പാനിഷ് വാഴ്ച ബാക്കിവെച്ചത് തകർന്ന സമ്പദ്ഘടനയായിരുന്നു. ഇന്ന് അവിടം ഊർജസ്വലമായ വികസനത്തിന്റെയും യൂനിവേഴ്സിറ്റികളുടെയും കഥയാണ് പറയുന്നത്. 1970ൽ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ (പശ്ചിമ) ജർമനിക്കെതിെര ആദ്യം ഗോൾ നേടി ലോകത്തെ ഞെട്ടിച്ചാണ് മൊറോക്കോയുടെ അരങ്ങേറ്റം. ആ പോരാട്ട വീര്യമാകട്ടെ അടിച്ചമർത്തപ്പെട്ട എല്ലാവരുടേതുമാണ്. അങ്ങനെത്തന്നെയാണെന്ന് കോച്ചിന്റെയും കളിക്കാരുടെയും കാണികളുടെയും പ്രതികരണങ്ങൾ തെളിയിക്കുന്നുമുണ്ട്. അടിച്ചമർത്തപ്പെട്ടവരോടുള്ള ഐക്യദാർഢ്യം സ്പഷ്ടവും ശക്തവുമാണ്. സയണിസ്റ്റ് ഭീകരവാഴ്ചയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോടുള്ള അനുഭാവം മുമ്പുണ്ടായിരുന്നതിലെല്ലാമേറെ പ്രകടമായ ലോകവേദിയായിരിക്കുന്നു ഖത്തർ ലോകകപ്പ്. സ്പെയിനിനുശേഷം മൊറോക്കോ, കോളനി കാലഘട്ടത്തിന് ഉദ്ഘാടനം കുറിച്ച പോർച്ചുഗലിനെത്തന്നെ തളച്ചതും ഈ മേള ലോകത്തിനു സമ്മാനിച്ച ഹൃദയഹാരിയായ രൂപകമാകുന്നു.
പടിഞ്ഞാറൻ ആഖ്യാനങ്ങളെ ചോദ്യംചെയ്യുകയും മാനവിക മൂല്യങ്ങൾ ഓർമപ്പെടുത്തുകയുംചെയ്ത അനേകം സംഭവങ്ങൾ ഒരു ബദൽ ലോക സംസ്കൃതിയിലേക്കുകൂടി സൂചന നൽകുന്നതായി നിരീക്ഷകർ പറയുന്നു. സാർവത്രിക നീതി, കുടുംബ വ്യവസ്ഥിതി തുടങ്ങിയവയിൽ മഹാഭൂരിപക്ഷം ജനങ്ങൾ ഇന്നും വിശ്വാസമർപ്പിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അനാശാസ്യതകൾക്ക് അനുമതി നൽകാത്തതിന് മുഖംപൊത്തി പ്രതിഷേധ ഫോട്ടോയെടുത്ത ജർമൻ ടീം നേരത്തേ തോറ്റു മടങ്ങിയപ്പോൾ ഉയർന്ന പ്രതിശബ്ദങ്ങൾ അതിന് ഉദാഹരണമാണ്. ഓരോ ജയത്തിലും മാതാക്കളോടുള്ള കടപ്പാട് ആഘോഷമാക്കിയ മൊറോക്കോ ആകട്ടെ കുടുംബമെന്ന മഹദ് സങ്കൽപത്തിന്റെ സൗന്ദര്യം എടുത്തുകാട്ടുകയും ചെയ്തു. വിശാല മാനവികതയുടെ സന്ദേശവുമായി ഖത്തർ ഫുട്ബാൾ മേള തുടങ്ങിയപ്പോൾ ആ സന്ദേശം തമസ്കരിച്ചുകൊണ്ട് ബി.ബി.സിക്കുവേണ്ടി ആക്ഷേപ പ്രസംഗം നടത്തേണ്ടി വന്ന മുൻ ബ്രിട്ടീഷ് താരം ഗാരി ലിനേകർക്ക് മൊറോക്കോയെ ചൂണ്ടി പറയേണ്ടിവരുന്നു, ഇതാണ് നല്ല കളി എന്ന്. സ്റ്റേഡിയങ്ങളിൽ മദ്യപാനം വിലക്കിയതിനെതിരെ പലരും കുറെ ഒച്ചവെച്ചിരുന്നെങ്കിൽ ഇപ്പോൾ കളിമേളക്കെത്തിയ പടിഞ്ഞാറൻ വനിതകൾ തന്നെ പറയുന്നു തങ്ങൾക്ക് ഇത് സുരക്ഷിതത്വ ബോധം നൽകുന്നു എന്ന്. കളിയിൽനിന്ന് കൊള്ളലാഭം കൊയ്യാൻ നോക്കുന്ന വൻ കുത്തകകളിൽനിന്ന് ഭിന്നമായി കളിയിൽനിന്ന് കിട്ടുന്ന പ്രതിഫലമെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്ന കളിക്കാരും കുറെയുണ്ട്.
'അന്താരാഷ്ട്ര സമൂഹ'മെന്നാൽ തങ്ങളാണെന്നും 'സംസ്കാര'വും 'സ്വാതന്ത്ര്യ'വും തങ്ങൾ പറയുന്നതു മാത്രമാണെന്നുമുള്ള സ്ഥാപിത സങ്കൽപങ്ങൾക്ക് ഇളക്കംതട്ടിക്കാൻ ഖത്തർ മേളക്ക് കഴിഞ്ഞിട്ടുണ്ട്. ഫലസ്തീന്റെ പതാക ഉയർത്തുന്നത് കളിയിൽ രാഷ്ട്രീയം കലർത്തലാെണന്ന് ചിലർ വാദിച്ചു. യുക്രെയ്ൻ അധിനിവേശം ചൂണ്ടിക്കാട്ടി റഷ്യൻ ടീമുകൾക്ക് വിലക്കേർപ്പെടുത്തിയ 'ഫിഫ', പതിറ്റാണ്ടുകളായി ഫലസ്തീനിൽ അധിനിവേശവും അനധികൃത കുടിയേറ്റവും നിലക്കാത്ത കുരുതിയും നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ അനങ്ങാത്തതെന്തെന്ന് അവർ ചോദിക്കില്ല. ഇസ്രായേലിയായ എതിരാളിയോട് മത്സരിക്കില്ലെന്ന നിലപാടെടുത്തതിന് ജൂഡോ താരം ഫത്ഹി നൂറിനും കോച്ചിനും പത്തുവർഷത്തെ വിലക്ക് പ്രഖ്യാപിച്ചവരാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്തുകൊണ്ട് യു.എൻ നിയമം ലംഘിച്ച ഇസ്രായേലി ഫുട്ബാൾ അസോസിയേഷനെതിരെ ഫിഫ നടപടിയെടുക്കുന്നില്ല. ഫലസ്തീൻ കപ്പ് ഫൈനൽ കളിക്കാൻ സമ്മതിക്കാതെ ഗസ്സ ടീമിന് 2019ൽ ഇസ്രായേൽ സഞ്ചാര വിലക്കേർപ്പെടുത്തിയപ്പോഴും നടപടിയുണ്ടായില്ല. അന്താരാഷ്ട്ര കായിക സ്ഥാപനങ്ങളെ സ്വാധീനിച്ചുവരുന്ന പലതരം അധിനിവേശ ശക്തികൾ സ്വന്തം കാപട്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു എന്നതാണ് ഇത്തവണ ഫിഫ ലോകകപ്പിനെ ശ്രദ്ധേയമാക്കുന്നത്. അടിച്ചമർത്തപ്പെട്ടിരുന്നവർ പടക്കുതിരകളാകുന്നു -അടിച്ചേൽപിക്കപ്പെടുന്ന മനുഷ്യവിരുദ്ധ മൂല്യങ്ങൾക്കെതിരെ ചെറുത്തുനിൽപ് ഉയരുന്നു. പറയാനറച്ചിരുന്ന സത്യങ്ങൾ വെളിപ്പെടുത്തുന്നു. ഒതുക്കപ്പെട്ടിരുന്ന ശബ്ദങ്ങൾ സ്റ്റേഡിയങ്ങളിലെ ആരവങ്ങളുടെ ശക്തിയോടെ ലോകമെങ്ങും ഉയർത്തപ്പെടുന്നു. അസാധ്യമെന്ന് തോന്നിച്ചിരുന്ന പലതും സാധ്യമാണെന്ന് വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.