പുതിയ ഊർജോൽപാദന പരീക്ഷണങ്ങൾ
text_fieldsശാസ്ത്രലോകത്തുനിന്ന് പുതിയൊരു വാർത്ത: താരതമ്യേന സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഊർജോൽപാദനത്തിൽ വഴിത്തിരിവായേക്കാവുന്നൊരു പരീക്ഷണം വിജയഘട്ടത്തിലെത്തിച്ചിരിക്കുന്നു അമേരിക്കയിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ. ന്യൂക്ലിയർ ഫ്യൂഷൻ (ആണവ സംയോജനം) സാങ്കേതികവിദ്യ ഉപയോഗിച്ച്, ആദായകരമായ രീതിയിൽ അവർ ഊർജം ഉൽപാദിപ്പിച്ചിരിക്കുന്നു. ഹൈഡ്രജൻ പോലുള്ള വലുപ്പം കുറഞ്ഞ രണ്ട് ആറ്റങ്ങൾ സംയോജിപ്പിച്ച് ഒരു വലിയ ആറ്റം രൂപവത്കരിക്കുന്നതോടൊപ്പം വലിയ ഊർജപ്രവാഹം സാധ്യമാക്കുക എന്നതാണ് ന്യൂക്ലിയർ ഫ്യൂഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളിലൊക്കെ നടക്കുന്നത് ഫ്യൂഷൻ പ്രവർത്തനമാണ്. എന്നാൽ, ഇത് അത്ര എളുപ്പമുള്ള ഒന്നല്ല; കാരണം, ഫ്യൂഷൻ വഴി ഊർജം ഉൽപാദിപ്പിക്കണമെങ്കിൽ സൂര്യനിലേതിനു സമാനമായ സാഹചര്യം ലബോറട്ടറികളിൽ അല്ലെങ്കിൽ റിയാക്ടറുകളിൽ സജ്ജമാക്കണം. അത് ചെലവേറിയ കാര്യം മാത്രമല്ല, ഫ്യൂഷൻ പ്രവർത്തനത്തിന് നൽകുന്ന ഊർജത്തിന്റെ ചെറിയൊരു ഭാഗം മാത്രമെ തിരിച്ചുകിട്ടുകയുമുള്ളൂ. എന്നാൽ, മേൽസൂചിപ്പിച്ച ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രസംഘം ഇത് സാധ്യമാക്കി. ഫ്യൂഷൻ പ്രവർത്തനത്തിന് ചെലവഴിച്ച ഊർജത്തിന്റെ അമ്പത് ശതമാനത്തിലധികം അവർക്ക് തിരിച്ചുകിട്ടി. ആണവ സംയോജന സാങ്കേതികവിദ്യ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടം തന്നെയാണിത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാവുകയും പാരമ്പര്യ ഊർജസ്രോതസ്സുകൾ ഈ അവസ്ഥയെ കൂടുതൽ ഭീകരമാക്കുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ അമേരിക്കൻ ആണവോർജ വകുപ്പിന് കീഴിൽ നടന്ന ഈ വിജയ പരീക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്.
ലോകത്തെ മൊത്തം ഊർജ ഉപഭോഗം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ 200 ശതമാനത്തിനടുത്ത് വർധിച്ചെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരുവശത്ത്, കാലങ്ങളായി നാം ഉപയോഗിച്ചുകൊണ്ടിരുന്ന ഊർജസ്രോതസ്സുകൾ വറ്റിക്കൊണ്ടിരിക്കുന്നു; ബദൽ ഊർജ സ്രോതസ്സുകളാവട്ടെ, പൂർണമായും നമുക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഘട്ടത്തിലുമല്ല. ഏറ്റവും പ്രധാനപ്പെട്ട ബദൽ ഊർജ സ്രോതസ്സായി പരിഗണിക്കപ്പെടുന്ന സൗരോർജവും കാറ്റിൽനിന്നുള്ള ഊർജവും അനുകൂല കാലാവസ്ഥയിൽ മാത്രമെ സാധ്യമാകൂ എന്നതിനാൽ, അവ പൂർണമായും നമുക്കാശ്രയിക്കാവതുമല്ല. മറുവശത്ത്, പരമ്പരാഗതമായി ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ സൃഷ്ടിച്ച വലിയ പാരിസ്ഥിതിക പ്രതിസന്ധികൾ കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. ഇത്തരം ഊർജസ്രോതസ്സുകളെ അമിതമായി ഉപയോഗിച്ചതിന്റെകൂടി ഫലമായാണ് ആഗോളതാപനം എന്ന ഭീകര യാഥാർഥ്യം നമുക്ക് മുന്നിൽനിൽക്കുന്നത്. ഈ ഊർജസ്രോതസ്സുകൾ വമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം ലഘൂകരിക്കുക എന്നതാണ് ആഗോളതാപനത്തെ ചെറുക്കാൻ ശാസ്ത്രലോകവും ആഗോള രാഷ്ട്രീയനേതൃത്വവും മുന്നിൽ കാണുന്ന വഴി. ഫോസിൽ ഇന്ധനങ്ങൾക്കു പകരം ആണവ ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തി ഊർജപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമവും ശാസ്ത്രലോകത്ത് ഏറെക്കാലമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആണവ റിയാക്ടറുകൾ നിർമിക്കപ്പെട്ടത്. എന്നാൽ, ന്യൂക്ലിയർ ഫിഷൻ (അണുവിഘടനം) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ റിയാക്ടറുകൾ എത്രമാത്രം അപകടം വിതക്കാൻ പോന്നതാണെന്ന് ഇന്ന് നമുക്കറിയാം. ചെർണോബിൽ അടക്കം എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. റിയാക്ടറിന്റെ പ്രവർത്തനം അവസാനിപ്പിച്ചാൽപോലും അതുണ്ടാക്കുന്ന അപകടം അവസാനിക്കില്ല; എന്നല്ല, ആണവമാലിന്യങ്ങൾ കടലിലും കരയിലും സൃഷ്ടിക്കുന്ന വിപത്തുകൾ വേറെയും. ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യയിലൂടെ ഊർജം ഉൽപാദിപ്പിക്കുമ്പോൾ ഈ പ്രശ്നങ്ങളൊന്നുമില്ല. ഫിഷനിൽനിന്ന് വ്യത്യസ്തമായി, പ്രകൃതിയിൽ ഏറെ സുലഭമായി ലഭിക്കുന്ന ഹൈഡ്രജൻ പോലുള്ള ആറ്റങ്ങളാണ് ഇതിന്റെ പ്രധാന ഇന്ധനം; ആണവമാലിന്യങ്ങളാകട്ടെ നന്നേകുറവുമാണ്. ഈ പശ്ചാത്തലത്തിലാണ് ഫ്യൂഷൻ എനർജിക്കായുള്ള പരീക്ഷണങ്ങൾ പ്രസക്തമാകുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ മേഖലയിൽ ശാസ്ത്രലോകം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ബ്രിട്ടനിലെയും ജർമനിയിലെയും ചൈനയിലെയും ഗവേഷണ സ്ഥാപനങ്ങളും സമാനമായ വിജയ പരീക്ഷണം ഇതിനകംതന്നെ പിന്നിട്ടിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയിൽ, ഫ്രാൻസിലെ സെന്റ്പോൾ കേന്ദ്രമാക്കി ഒരു ഫ്യൂഷൻ റിയാക്ടറിന്റെ (ഇന്റർനാഷനൽ തെർമോ ന്യൂക്ലിയർ എക്സ്പരിമെന്റൽ റിയാക്ടർ -ഐ.ടി.ഇ.ആർ) പ്രവർത്തനം രണ്ട് വർഷത്തിനുള്ളിൽ തുടങ്ങുമെന്നും കേൾക്കുന്നു. ചുരുക്കത്തിൽ, ഫ്യൂഷൻ സാങ്കേതിക വിദ്യ പൂർണാർഥത്തിൽ യാഥാർഥ്യമായാൽ അത് ഭൂമിയിലെ ഊർജപ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
എന്നാൽ, ശാസ്ത്രലോകം സ്വപ്നം കാണുന്ന പൂർണസ്വഭാവത്തിലുള്ള ഫ്യൂഷൻ സാങ്കേതികവിദ്യ അത്ര എളുപ്പമല്ല. അത് യാഥാർഥ്യമാകാൻ ഇനിയും വർഷങ്ങളെടുക്കും. ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിലെ പരീക്ഷണത്തിൽ ഏതാനും സെക്കൻഡുകളുടെ പ്രവർത്തനത്തിലൂടെ കേവലം മൂന്ന് മെഗാ ജൂൾ (ഊർജത്തിന്റെ യൂനിറ്റാണ് ജൂൾ) ഊർജമാണ് ഉൽപാദിപ്പിക്കാനായത്; അതും രണ്ട് മെഗാ ജൂൾ അങ്ങോട്ട് നൽകിയതിനുശേഷം. ബ്രിട്ടനിലെ ലബോറട്ടറി അഞ്ച് സെക്കൻഡ് പ്രവർത്തിപ്പിച്ചപ്പോൾ ലഭിച്ചത് 59 മെഗാ ജൂൾ ഊർജമാണ്. ഇത്രയും കുറഞ്ഞനേരം പ്രവർത്തിപ്പിക്കാൻ തന്നെ വലിയ സാങ്കേതിക സൗകര്യങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ, നിലവിലെ സംവിധാനങ്ങളിലും സൗകര്യങ്ങളിലും നമുക്ക് ഊർജപ്രതിസന്ധിക്ക് തൽക്കാലം പരിഹാരം കാണാനാവില്ല. അതേസമയം, അത് വലിയ പ്രതീക്ഷയായി നിലനിൽക്കുകയും ചെയ്യുന്നു. അപ്പോഴും ചില പ്രശ്നങ്ങൾ ബാക്കിയാണ്. ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങൾ ആത്യന്തികമായി മാനവരാശിയുടെ മുന്നോട്ടുപോക്കിന് അനുഗുണമാണെങ്കിലും അതിന്റെ തെറ്റായ ഉപയോഗം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. ഈ പരീക്ഷണങ്ങളിലുമുണ്ട് അത്തരം അപകടങ്ങൾ. നിലവിലെ ഫ്യൂഷൻ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അതിവിനാശകാരികളായ ആണവായുധങ്ങളും നിർമിക്കാനാകുമെന്നതാണ് അതിലൊന്ന്. അതിനാൽ, സാങ്കേതികവിദ്യയുടെ ക്ഷമതക്കും കൃത്യതക്കുമപ്പുറം അവ നിയന്ത്രിക്കുന്നവരുടെ ധാർമികതകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.