ബഫർസോൺ: സർക്കാറിന് നിലപാടുറപ്പ് വേണം
text_fieldsവനം, വന്യജീവി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും വനാതിർത്തികളിലെ താമസക്കാരുടെ ജീവിതായോധനവുമായി ബന്ധപ്പെട്ട ആശങ്കകളും ഒരു പതിറ്റാണ്ടുകാലമായി മലയോര മേഖലകളെ നിരന്തരം സംഘർഷഭരിതമാക്കുന്നുണ്ട്. പ്രശ്നത്തിന്‍റെ ഗൗരവമുൾക്കൊണ്ട്, പരിസ്ഥിതി സംരക്ഷണത്തെയും ജനങ്ങളുടെ കാർഷിക, സാമൂഹിക ജീവിതത്തെയും വിരുദ്ധ ദ്വന്ദ്വങ്ങളായി കാണാതെ, സമകാലിക യാഥാർഥ്യങ്ങളെ മനസ്സിലാക്കി കൃത്യമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാറിന് സാധിക്കേണ്ടതായിരുന്നു. വിശേഷിച്ച് കഴിഞ്ഞ ജൂൺ മൂന്നിന് പരമോന്നത നീതിപീഠത്തിന്‍റെ അർഥശങ്കക്കിടയില്ലാത്ത വിധി വന്നശേഷമെങ്കിലും. അതിൽ സംഭവിച്ച അലംഭാവത്തിന്‍റെ അനുഭവസാക്ഷ്യമാണ് ഉപഗ്രഹസർവേ സൃഷ്ടിച്ച അശാന്തിയുടെ കനലുകൾ.
കേരള സർക്കാർ ജനുവരിയിൽ സുപ്രീംകോടതിയിൽ നൽകാൻ പോകുന്ന റിപ്പോർട്ട് തങ്ങളുടെ ജീവിതമാർഗങ്ങളെ ഇല്ലാതാക്കുമോ എന്ന ഭീതിയെ സാധൂകരിക്കുന്നതായിരുന്നു ഉപഗ്രഹസർവേയിലൂടെ തയാറാക്കിയ ഭൂപട റിപ്പോർട്ടിലെ അവ്യക്തതകൾ. സുപ്രീംകോടതി വിധിയോടെ അങ്കലാപ്പിലമർന്നു കഴിഞ്ഞ ആ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാൽ, കത്തിപ്പടരാൻ സാധ്യതയുള്ള പ്രക്ഷോഭത്തിന്‍റെ ചൂട് തിരിച്ചറിഞ്ഞ സർക്കാർ അതിവേഗം അനുനയ നീക്കങ്ങൾക്ക് മുന്നിട്ടിറങ്ങിയെന്നത് ആശ്വാസകരമാണ്. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും, ഭൂപടത്തിൽ ഉൾപ്പെടുത്തേണ്ട അധിക വിവരങ്ങളുണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും, പഞ്ചായത്ത് തല ഫീൽഡ് സർവേ നടത്താനും റിപ്പോർട്ട് സമർപ്പിക്കാൻ പരമോന്നത നീതിപീഠത്തോട് കൂടുതൽ സമയം ആവശ്യപ്പെടും, ജസ്റ്റിസ് തോട്ടത്തില് ബി. രാധാകൃഷ്ണന് അധ്യക്ഷനായ അഞ്ചംഗ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടും എന്നിങ്ങനെയുള്ള തീരുമാനങ്ങൾ അതിന്‍റെ പ്രതിഫലനങ്ങളുമാണ്.
1995 ൽ ഇ.എൻ. ഗോദവർമ തിരുമുൽപാട് നീലഗിരി വനം സംരക്ഷിക്കാനാവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹരജിയിൽ തുടങ്ങിയ നിയമയുദ്ധവും ഒരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന ഖനനങ്ങളും രാജ്യത്തെ വനമേഖലയെ സംരക്ഷിക്കേണ്ട അനിവാര്യതയിലേക്ക് കേന്ദ്രത്തെ നയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥവ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002-2016) വിജ്ഞാപന പ്രകാരം ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചേർന്നുള്ള പ്രദേശങ്ങൾ ബഫർ സോണാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വൻകിട ഖനനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ ശാസ്ത്രീയമായ വനാതിർത്തി ഭൂപടനിർമാണത്തിൽ സർക്കാറുകൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ, രാജസ്ഥാനിലെ ജാംവ രാംഗഡ് സങ്കേതത്തിൽ ക്വാറി ഖനനത്തിനെതിരായ വിധിന്യായത്തിൽ അർഥശങ്കക്കിടയില്ലാത്തവണ്ണം പരമോന്നത നീതിപീഠം തീർപ്പുകൽപ്പിച്ചു; രാജ്യത്തെ എല്ലാ ദേശീയോദ്യാനങ്ങൾക്കും സംരക്ഷിത വനങ്ങൾക്കും ചുറ്റും ചുരുങ്ങിയത് ഒരുകിലോമീറ്റർ കരുതൽ മേഖല അനിവാര്യമാണെന്ന്. സർക്കാറുകൾ നേരത്തേ നൽകിയ റിപ്പോർട്ടിൽ കരുതൽ മേഖല അതിനേക്കാൾ കൂടുതൽ വേണമെന്ന് നിർദേശമുണ്ടെങ്കിൽ അതേപടി അവ നിലനിർത്തണമെന്നും ഉത്തരവായി. ഇതോടെയാണ് സംസ്ഥാനങ്ങൾക്ക് വേഗത്തിൽ ബഫർസോൺ നിശ്ചയിക്കാനും അതിന്‍റെ ഭൂപടം തയാറാക്കി കോടതിയിൽ സമർപ്പിക്കാനും നിർബന്ധിതമായത്.
ബഫർസോണിൽ റവന്യൂ നിയമങ്ങൾക്കുപരി വന സംരക്ഷണനിയമങ്ങൾക്ക് പ്രാധാന്യം ലഭിക്കും. സ്വാഭാവികമായും നിർമാണ പ്രവർത്തനങ്ങൾ, ഭൂമിയുടെ തരംതിരിവുകൾ, ആളുകളുടെ സഞ്ചാര, വാണിജ്യ ഇടപെടലുകൾ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾപോലും വനാവകാശനിയമത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടുമെന്ന ഭീതിയാണ് മലയോര മേഖലയിലെ പ്രക്ഷോഭത്തിന്‍റെ കാതൽ. ജനസാന്ദ്രതയിൽ ദേശീയ ശരാശരിയേക്കാൾ ഇരട്ടിയും ഭൂവിസ്തൃതിയിൽ 29 ശതമാനത്തിലധികവും വനഭൂമിയുമായ കേരളത്തിൽ ഇതുണ്ടാക്കുന്ന ആഘാതം കനത്തതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഗോവ ഫൗണ്ടേഷന്‍റേതുൾപ്പെടെയുള്ള പരിസ്ഥിതി നിയമപോരാട്ടങ്ങളൊന്നുംതന്നെ കർഷകർക്കോ പാവപ്പെട്ടവർക്കോ എതിരെയായിരുന്നില്ലെന്നതും ഓർക്കേണ്ടതാണ്. ഖനി മുതലാളിമാരും ക്വാറി മുതലാളിമാരും വനം വിൽപനക്കാരായ ഉദ്യോഗസ്ഥ കോർപറേറ്റ് മുതലാളിമാരും ചേർന്ന് നടത്തുന്ന വിനാശകരമായ പരിസ്ഥിതിനാശ പ്രവർത്തനങ്ങൾക്ക് തടയിടാൻ ആവശ്യപ്പെടുന്നവയായിരുന്നു അവയെല്ലാം. പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാറുകൾക്ക് സംഭവിച്ച ഗുരുതര വീഴ്ചയുടെ അനന്തരഫലമാണ് മലയോര മേഖലയിലെ ജനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന നിയമനിർമാണങ്ങളിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ, നാളത്തെ തലമുറയുടെ ആരോഗ്യപൂർണമായ ജീവിതത്തിന് പരിസ്ഥിതിലോല പ്രദേശങ്ങളിലെ ക്വാറികൾ, മൈനിങ്, ക്രഷിങ് യൂനിറ്റുകൾ (നിലവിലുള്ളവ ഉൾപ്പെടെ) ജലവൈദ്യുതി പദ്ധതികൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ അനിവാര്യമാണ്. ജനസാന്ദ്രമായൊരിടത്തെ അശാസ്ത്രീയമായ ഭൂപട നിർമാണത്തിലൂടെ പെട്ടെന്നൊരുനാൾ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുന്നതിന്‍റെ ആഘാതങ്ങൾ ഇല്ലാതാക്കുകയും വേണ്ടതുണ്ട്. ശാസ്ത്രീയമായ ബഫർസോൺ മാപ്പിങ്ങാണ് അതിനുള്ള പരിഹാരം. ജനങ്ങളുടെ ഭീതിയുടെ മറവിൽ ഇതര താൽപര്യങ്ങൾ നടപ്പാക്കാതിരിക്കാനുള്ള നിലപാടുറപ്പ് സർക്കാറിന് വേണം. ശരിയായ ബഫർസോൺ ഭൂപടം തയാറാക്കി സുപ്രീംകോടതിയുടെ അംഗീകാരം വാങ്ങാനും സർക്കാർ മുന്നിട്ടിറങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.