താലിബാൻ വീണ്ടും പെൺവിദ്യാഭ്യാസം തടയുമ്പോൾ
text_fieldsഅഫ്ഗാനിസ്താനിൽനിന്ന് വീണ്ടും അശുഭവാർത്തകൾ. പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കിയിരിക്കുന്നു താലിബാൻ സർക്കാർ. പുരോഗമനപാതയിൽ നീങ്ങുന്നുവെന്നു ലോകത്തിനുമുന്നിൽ വരുത്തിത്തീർക്കാൻ അധിനിവേശാനന്തരം പണിപ്പെട്ടിരുന്ന താലിബാൻ പഴയ ഗോത്രപാരമ്പര്യ വഴിയിലേക്കു തന്നെ തിരിച്ചുപോകുന്നതിന്റെ സൂചനയായിവേണം ഈ പ്രതിലോമ തീരുമാനത്തെ കാണാൻ. ഭരണകൂടത്തിന്റെ പുതിയ തീരുമാനം ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങളാണ് അവിടെ ഉയർന്നത്. സർവകലാശാലകൾ ഏറെയുള്ള തലസ്ഥാനമായ കാബൂളിൽ, പരമ്പരാഗത മേൽവസ്ത്രം ധരിച്ച വിദ്യാർഥിനികൾ കാമ്പസുകൾക്കുപുറത്ത് പ്രകടനങ്ങൾ നടത്തി. കാമ്പസുകളിൽ ആൺകുട്ടികളും വിദ്യാർഥിനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്ലാസുകൾ ബഹിഷ്കരിച്ചു.
മൂന്നുമാസം മുമ്പ് താലിബാൻ ആയിരക്കണക്കിനുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാല പ്രവേശന പരീക്ഷകൾ എഴുതാൻ മിക്ക പ്രവിശ്യകളിലും അനുമതി നൽകിയത് പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അതിനൊക്കെ താഴുവീണതിൽ അതീവ നിരാശരും രോഷാകുലരുമാണ് വിദ്യാർഥി സമൂഹമെന്നാണ് റിപ്പോർട്ട്. 2021 ആഗസ്റ്റിൽ യു.എസ് സൈന്യം അഫ്ഗാനിസ്താൻ വിട്ടതോടെയാണ് ഭരണം വീണ്ടും താലിബാന്റെ കരങ്ങളിൽ എത്തിച്ചേരുന്നത്. അഫ്ഗാനികളുടെ വിമോചന പോരാട്ടത്തിന്റെ വിജയമായി അതു കൊണ്ടാടിയ താലിബാൻ, ഭരണം ഏറ്റെടുത്തത് മാറ്റത്തിനുള്ള തങ്ങളുടെ സന്നദ്ധത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ്. 2001 നുമുമ്പും അഞ്ചുവർഷത്തോളം താലിബാൻ ഭരണത്തിൽ അഫ്ഗാൻ ജനത ഏറെ സ്വാതന്ത്ര്യ നിഷേധങ്ങൾ അനുഭവിച്ചിരുന്നുവെങ്കിലും ഒരു ദേശത്തിന്റെ പരമാധികാരവും വിദേശശക്തികളുടെ തിരോധാനവും അതിൽ ഉൾച്ചേർന്നിരുന്നതുകൊണ്ട് പല രാഷ്ട്രങ്ങളും അവർക്ക് ആനുകൂല്യം അനുവദിച്ചിരുന്നു. താമസിയാതെ യു.എസ് സൈന്യം ഭരണമേറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. എന്നാൽ, യു.എസ് നിയന്ത്രിത അഫ്ഗാൻ ഭരണകൂടങ്ങൾ സ്ത്രീ വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യവും അവസരവും മെച്ചപ്പെടുത്തിയതിന്റെ ഫലമായി 2001നും 2018നും ഇടയിൽ ഉന്നത വിദ്യാഭ്യാസത്തിലെ സ്ത്രീ പങ്കാളിത്തം 20 മടങ്ങ് വർധിച്ചുവെന്നാണ് കണക്ക്.
2021ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ 20 വർഷംമുമ്പുള്ള സിദ്ധാന്തവാശികളോ ‘പിന്തിരിപ്പൻ’ ആശയങ്ങളോ അഫ്ഗാൻ സമൂഹത്തിലെ ഗോത്ര സംസ്കൃതിയുടെ സഞ്ചിതശീലങ്ങളോ പഴയതുപോലെ താലിബാനെ സ്വാധീനിക്കുകില്ല എന്ന പ്രതീതി അന്തർദേശീയ നിരീക്ഷകർക്കും നയതന്ത്ര വൃത്തങ്ങൾക്കും ഉണ്ടായിരുന്നു. അത്തരം സൂചനകൾ ഏതാനും വർഷമായി താലിബാൻ പ്രതിനിധികളുമായി ദോഹയിൽ നടന്ന സമാധാന ചർച്ചകളിൽ പങ്കെടുത്ത കക്ഷികൾക്ക് കിട്ടുകയും ചെയ്തിരുന്നു. അധികാരമേറ്റെടുത്ത ഉടൻ പുതിയ വിദേശകാര്യ മന്ത്രി സബിയുല്ല മുജാഹിദിനെപ്പോലുള്ള വക്താക്കൾ പൊതുവേദികളിൽ, സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മറ്റും പഴയ നിലപാടിലല്ല തങ്ങളെന്നും സൂചിപ്പിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹം, ധിറുതിയിൽ ഒരു ‘ആധുനിക’ രാഷ്ട്രം സ്ഥാപിച്ചാലേ അവരുമായി ഇടപാടിനുള്ളൂ എന്ന മനോഭാവം മാറ്റി തലമുറകളായി പിന്തുടരുന്ന പാരമ്പര്യങ്ങളിൽനിന്ന് പുറത്തുകടക്കാൻ തങ്ങൾക്ക് ഒരിത്തിരി സമയം വേണമെന്ന സ്വരത്തിൽ പ്രതികരിക്കുകയാണ് താലിബാൻ ചെയ്തത്.
എന്നാൽ, നാളിതുവരെയുള്ള അനുഭവം മുൻനിർത്തി താലിബാന് ഒരു മാറ്റത്തിനുള്ള സാധ്യത എത്രത്തോളമെന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയം ഉന്നയിക്കാതെയുമിരുന്നില്ല. അവരുടെ മുൻവിധിയെ സാധൂകരിക്കുന്ന പ്രവണതകളാണ് ഇപ്പോൾ അഫ്ഗാനിസ്താനിൽ ദൃശ്യമായിരിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിൽ എന്ന പോലെ സർവകലാശാലകളിൽ നിന്നും പെൺകുട്ടികളെ തിരിച്ചയക്കുന്ന കാഴ്ചയാണ് ബുധനാഴ്ച കാബൂളിലും കാന്തഹാറിലും കണ്ടത്. ഇസ്ലാമിക സാമൂഹികക്രമത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തെക്കുറിച്ച താലിബാന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിനു മുഖ്യ ഹേതു. മതാധ്യാപനങ്ങൾക്കനുസൃതമായി അനിവാര്യമായ ചില നിയന്ത്രണങ്ങളോടുകൂടി സ്ത്രീകൾക്ക് ഇസ്ലാമികലോകം പൊതുവേ അനുവദിക്കുന്ന സ്വാതന്ത്ര്യവും പൊതു വ്യവഹാരങ്ങളിലുള്ള തുല്യ പങ്കാളിത്തവും, ഇസ്ലാമിന്റെ നേരവകാശികളായി വാദിക്കുന്ന താലിബാന്റെ ഗൈഡ്ബുക്കിൽ എന്തുകൊണ്ടോ ഇതുവരെയും ഇടംപിടിച്ചിട്ടില്ല. മുസ്ലിം രാഷ്ട്രങ്ങൾ പൊതുവേ പുലർത്തുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ രൂപങ്ങൾ തങ്ങളുടെ ഗോത്രപാരമ്പര്യത്തിന് ചേർന്നതല്ല എന്ന ഏക കാരണത്താൽ താലിബാൻ തെറ്റായ പ്രതിനിധാനം നടത്തുന്നു എന്നാണ് തുടക്കംതൊട്ടേ ആഗോള മുസ്ലിം പണ്ഡിതന്മാർ നിരീക്ഷിച്ചത്. അതുവഴി ഒരു രാഷ്ട്രമെന്ന നിലയിൽ അഫ്ഗാനിസ്താനു നഷ്ടപ്പെടുന്നത് ലോകത്തിന്റെ മുന്നിലെ പ്രതിച്ഛായ മാത്രമല്ല രാജ്യത്തിന്റെ അന്താരാഷ്ട്ര ഭൗതിക ഇടപാടുകളിൽ കണ്ടെത്തേണ്ട വ്യവസായ-വാണിജ്യ പങ്കാളിത്തങ്ങളും ക്രിയാത്മകമായ മനുഷ്യവിഭവശേഷിയും കൂടിയാണെന്ന് അവർ മനസ്സിലാക്കാതെ പോകുന്നു. ഈ സ്വയംകൃതാന്ധകാരത്തിൽനിന്ന് മുക്തമായി സ്വാതന്ത്ര്യത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകങ്ങൾ ജനസംഖ്യയുടെ പകുതിയായ സ്ത്രീ സമൂഹത്തിനു തുറന്നുകൊടുത്തു മാത്രമേ രാഷ്ട്രനിർമിതിയുടെ വഴിയിൽ തലയെടുപ്പോടെ അഫ്ഗാനിസ്താന് മുന്നോട്ടുനീങ്ങാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.