ഒത്തുതീർപ്പിൽ തെളിയാത്ത കരയും കടലും
text_fieldsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെ 138 ദിവസമായി ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാനസർക്കാറുമായി സമവായത്തിലെത്തിയതിനെ തുടർന്ന് പിൻവലിക്കാൻ ധാരണയായിരിക്കുന്നു. സമരസമിതിയുടെ വാർത്തക്കുറിപ്പിൽ സൂചിപ്പിക്കുന്നതുപോലെ, ഏഴു കാര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതുപോലെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും അവരുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി സർക്കാർ പരിഹരിക്കും എന്ന പ്രത്യാശയും നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്ന വിശ്വാസവും പ്രകടിപ്പിച്ചുകൊണ്ടാണ് താൽക്കാലികമായി സമരം അവസാനിപ്പിക്കുന്നത്. തുറമുഖനിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികൾ നിർദേശിക്കുന്ന വിദഗ്ധ പ്രതിനിധികളെക്കൂടി അംഗങ്ങളായി നിശ്ചയിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന സുപ്രധാന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ അതിനായി ജനകീയ വിദഗ്ധസമിതിയെ നിശ്ചയിച്ചിട്ടുണ്ട്. 126 മത്സ്യത്തൊഴിലാളികൾ നൽകിയ റിട്ട് ഹരജിയിൽ നിയമപോരാട്ടം തുടരാനും തീരുമാനിച്ചിട്ടുണ്ട്.
വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രധാനമായും മൂന്നു തരം വിമർശനങ്ങളാണ് ഉയർത്തപ്പെട്ടത്. അതിലൊന്ന് കടലിനടിയിലെ കൊടുംവനമെന്നും ഇന്ത്യയിലെ പ്രജനന തുറമുഖമെന്നും വിളിക്കപ്പെടുന്ന വമ്പിച്ച പവിഴപ്പുറ്റുനിരകളും മത്സ്യവിഭവങ്ങളുമുള്ള കടലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയും സന്തുലനാവസ്ഥയും തകർക്കുമെന്നതാണ്. പാരിസ്ഥിതികാഘാതങ്ങളെ മുഖവിലക്കെടുക്കാതെയും ഗൗരവതരമായ പഠനങ്ങൾ നിർവഹിക്കാതെയുമാണ് അദാനിയുടെ തുറമുഖനിർമാണം ആരംഭിക്കുകയും പാതിവഴിയിൽ എത്തുകയും ചെയ്തിരിക്കുന്നത്. തീരം കടലെടുത്തുപോകുന്നതും കടലിലെ മത്സ്യസമ്പത്ത് ശോഷിച്ചുപോകുന്നതും കോർപറേറ്റ് വികസനം പ്രധാന അജണ്ടയായി മാറിക്കഴിഞ്ഞ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും യാതൊരു അസ്ക്യതയും സൃഷ്ടിച്ചില്ല. വിചിത്രമായ കാര്യം, വല്ലാർപാടം തുറമുഖത്തിന്റെ അനുഭവം കൺമുന്നിലുണ്ടായിട്ടും നമ്മുടെ സാംസ്കാരികനായകന്മാർ വരെ അദാനിയുടെ വിഴിഞ്ഞം സ്വപ്നങ്ങളിൽ മയങ്ങിവീണു എന്നതാണ്.
സമരമുയർത്തിയ രണ്ടാമത്തെ ആവശ്യം തുറമുഖനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന അതിജീവനപ്രതിസന്ധികളാണ്. പുലിമുട്ട് നിർമാണത്തോടെ തീരത്തും തീരക്കടലിലും സംഭവിച്ച ഗുരുതരമാറ്റങ്ങൾ മത്സ്യബന്ധനത്തെ തകിടംമറിച്ചിരിക്കുന്നു. പണിയുള്ള ദിവസങ്ങൾ കുറയുകയും ബോട്ടപകടങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ അപകടരഹിതമായി വള്ളമിറക്കാനും ഉപജീവനം ഉറപ്പുവരുത്താനുമുള്ള ആവശ്യങ്ങൾ അവരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടവയായിരുന്നു. സമരസമൂഹം ഉയർത്തിയ ഏഴ് ആവശ്യങ്ങളിൽ ആറും അത്തരത്തിലുള്ളവയായിരുന്നു. പലതവണ ഭരണകൂടങ്ങൾ അംഗീകരിച്ചതാണെങ്കിലും അവയെല്ലാം ഒച്ചിഴയുന്ന വേഗത്തിൽ നടക്കാനോ പാതിവഴിയിൽ നിലക്കാനോ ആണ് വിധിക്കപ്പെട്ടിരുന്നത്. തീർച്ചയായും ഈ സമരത്തിന്റെ ഏറ്റവും വലിയ വിജയം അവയെല്ലാം സർക്കാർ ഗൗരവത്തോടെ അംഗീകരിക്കുകയും മുഖ്യമന്ത്രി നേരിട്ട് അവർക്ക് ഉറപ്പുനൽകുകയും ചെയ്തു എന്നതാണ്. സമയബന്ധിതമായി അവ നിർവഹിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലും കഴിഞ്ഞുകൂടേണ്ടിവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അവയിൽനിന്ന് മോചനം ലഭിക്കാൻ ഈ ഒത്തുതീർപ്പ് ഫോർമുല സഹായകരമാകുന്നുവെന്നത് ആഹ്ലാദകരമാണ്.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉയർത്തിയ മൂന്നാമത്തെ പ്രധാന പ്രശ്നം, കോർപറേറ്റ് മുതലാളിത്തം ഭരണകൂട ചങ്ങാത്തത്തിലൂടെ സൃഷ്ടിക്കുന്ന നൈതികവിരുദ്ധമായ വിഭവക്കൊള്ളയാണ്. കേരള ജനസഞ്ചയ രാഷ്ട്രീയത്തിന്റെ സുവർണലിപികളിൽ രേഖപ്പെടുത്തിയതാണ് പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമരം. ആദിവാസികൾ ഉയർത്തിയ അതിജീവനസമരത്തെ കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്ത് അന്തർദേശീയ കോർപറേറ്റിനെ തറപറ്റിക്കുകതന്നെ ചെയ്തു. അതേ രാഷ്ട്രീയബോധത്തിലും മാനുഷിക ഐക്യത്തിലും മത്സ്യത്തൊഴിലാളികളുടെ സമരത്തെ ഏറ്റെടുക്കാൻ കേരളത്തിന് കഴിയാതെ പോയി. ആ പോരാട്ടപാരമ്പര്യം 'സ്വദേശി ഭീമൻ' ചങ്ങാത്തമുതലാളിത്തം വഴി നിർമിച്ചെടുത്ത അവിഹിതക്കരാറുകൾക്കും പദ്ധതികൾക്കും മുന്നിൽ തോറ്റുപോയിരിക്കുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ നിയമവിരുദ്ധതകളും കടലും കരയും ചേർന്ന സവിശേഷമായ ഒരാവാസ വ്യവസ്ഥ വിലക്കെടുക്കപ്പെട്ടതും സജീവമായി ഉന്നയിക്കാൻപോലും ധൈര്യംകാണിക്കാതെ മൗനത്തിന്റെ ആഴികളിൽ ഒളിച്ചുവെക്കേണ്ടിവന്നു, മലയാളിക്ക് അവരുടെ 'രാഷ്ട്രീയപ്രബുദ്ധത'. വിഴിഞ്ഞം സമരം അവസാനിക്കുമ്പോഴും അതുയർത്തിയ ചോദ്യങ്ങളും ആകുലതകളും അന്തരീക്ഷത്തിൽ അവശേഷിക്കുകതന്നെ ചെയ്യും. അതിലുപരി, മലയാളിയുടെ രാഷ്ട്രീയ കാപട്യങ്ങൾ, വൈജ്ഞാനിക ഇരട്ടത്താപ്പുകൾ, ഒളിഞ്ഞുകിടക്കുന്ന സാമുദായിക വെറികൾ, മധ്യസ്ഥ ഇടനാഴികളിലെ കൂറുകച്ചവടങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ കൂടി വിഴിഞ്ഞം സമരവും സമവായവും ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.