വഴിമുടക്കാനൊരു സർവകലാശാല
text_fieldsസംസ്ഥാനത്തെ സർവകലാശാലകളിൽ ഈ അധ്യയന വർഷം മുതൽ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ് സർക്കാർ. ഇതുസംബന്ധിച്ച സർക്കുലർ ഏതാനുംദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുകയും ചെയ്തു. ഇപ്പോഴും യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലക്കുവേണ്ടിയാണ് അതിവിചിത്രവും അബദ്ധജടിലവുമായ ഈ നീക്കം. ഈ അധ്യയന വർഷം മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോക്ക് (ഡി.ഇ.ബി) ഓപൺ സർവകലാശാല അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻവർഷത്തെപ്പോലെ അത് തള്ളിയാൽ മാത്രം വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ചാൽ മതിയെന്നാണ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് അയച്ച സർക്കുലറിൽ നിഷ്കർഷിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിദൂര, ഓപൺ വിദ്യാഭ്യാസത്തിനായി ലക്ഷത്തോളം പേർ ആശ്രയിക്കുന്ന മേൽ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ പൂർണമായും അനിശ്ചിതത്വത്തിലാക്കുന്നതാണ് ഈ സർക്കുലർ. കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് ഇപ്പോൾതന്നെ അഞ്ചു വർഷത്തേക്കുള്ള യു.ജി.സിയുടെ അംഗീകാരവുമുണ്ട് എന്നതാണ് കൗതുകകരം. ഇനിയും യാഥാർഥ്യമായിട്ടില്ലാത്ത ഒരു ഓപൺ സർവകലാശാലക്കുവേണ്ടി അംഗീകാരമുള്ള സർവകലാശാലകളെയും അവയെ ആശ്രയിക്കുന്ന വിദ്യാർഥികളെയും പെരുവഴിയിലാക്കുന്ന ഈ സമീപനം അത്യന്തം ലജ്ജാകരവും കേരള വിദ്യാഭ്യാസ മാതൃകക്ക് അപമാനവുമാണ്.
കേരളത്തിൽ വിദൂര വിദ്യാഭ്യാസസമ്പ്രദായത്തെ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതാണ്ട് രണ്ടു വർഷം മുമ്പ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന പ്രതീക്ഷയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ കാര്യമായ വിയോജിപ്പുകളില്ലാതെയാണ് ഇതുസംബന്ധിച്ച ബിൽപോലും പാസാക്കിയത്. സർവകലാശാലക്ക് സമയത്തിനുതന്നെ യു.ജി.സിയുടെ അംഗീകാരം കിട്ടി. എന്നാൽ, അതുകൊണ്ടായില്ല. ഒാരോ കോഴ്സിനും ഡി.ഇ.ബിയുടെ പ്രത്യേക അംഗീകാരം കൂടി വേണം. അതിനായി, പാഠ്യപദ്ധതികളുടേതടക്കമുള്ള വിശദമായ രേഖകൾ സമർപ്പിക്കണം. എത്രത്തോളമെന്നാൽ, പഠിതാക്കൾക്ക് ഭാവിയിൽ നൽകേണ്ട സെൽഫ് ലേണിങ് മെറ്റീരിയൽസിെൻറ (എസ്.എൽ.എം) വിശദാംശങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് യു.ജി.സി ഒാപൺ സർവകലാശാലകളുടെ കോഴ്സുകൾക്ക് അംഗീകാരം നൽകുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും പുലർത്താതെയാണ് കഴിഞ്ഞവർഷം അപേക്ഷ സമർപ്പിച്ചത്. എസ്.എൽ.എമ്മിെൻറ പ്രാഥമിക മാതൃകപോലും തയാറാക്കപ്പെട്ടിരുന്നില്ല. സ്വാഭാവികമായും അപേക്ഷ തള്ളി. അന്നും ഇതുപോലെ അപേക്ഷക്കു മുന്നേ ഇതര സർവകലാശാലകളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലക്കിയിരുന്നു. ഒടുവിൽ, ഡി.ഇ.ബിയുടെ അംഗീകാരം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നുറപ്പിച്ചപ്പോഴാണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മറ്റു സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതി നൽകിയത്. കഴിഞ്ഞവർഷത്തെ അതേ അബദ്ധം ആവർത്തിക്കുകയാണ് സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നത്. ഒരു പക്ഷേ, മുൻവർഷത്തേതിൽനിന്ന് ഭിന്നമായി ഇക്കുറി ഓപൺ സർവകലാശാലക്ക് ഡി.ഇ.ബിയുടെ അംഗീകാരം കിട്ടിയേക്കാം. അപ്പോഴും, മറ്റു സർവകലാശാലകളെ വിലക്കുന്നതെന്തിന് എന്ന ചോദ്യം പ്രസക്തമാണ്. നിലവിൽ മറ്റു സർവകലാശാലകളിൽ പഠിപ്പിക്കുന്ന കോഴ്സുകൾ നിർദിഷ്ട ഓപൺ യൂനിവേഴ്സിറ്റിയിലില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
വാസ്തവത്തിൽ, ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ആക്ടിലെ ചില വ്യവസ്ഥകളാണ് കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന ഈ സങ്കീർണതകളുടെയെല്ലാം മൂല കാരണം. ഒാപൺ സർവകലാശാല വരുന്നതോടെ, കേരളത്തിലെ ഇതര സർവകലാശാലകളുടെ വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ പഠനരീതികൾ അവസാനിപ്പിക്കണമെന്നായിരുന്നു ആക്ടിലെ വ്യവസ്ഥകളിലൊന്ന്. നിയമസഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ ഈ വ്യവസ്ഥ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ഭേദഗതിക്ക് ഭരണപക്ഷം തയാറായില്ല. നിലവിൽ സംസ്ഥാനത്ത് വിവിധ സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിദൂര, പ്രൈവറ്റ് വിദ്യാഭ്യാസപദ്ധതികൾ നിലനിർത്തിക്കൊണ്ടുള്ള മാതൃകയായിരുന്നു വേണ്ടിയിരുന്നത്. സർക്കാർ, എയ്ഡഡ് കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികളുടെ അവസാന ആശ്രയമാണ് ഇത്തരം സ്ഥാപനങ്ങളെന്നതിനാൽ, അത്തരമൊരു മാതൃക തന്നെയായിരിക്കും ഏറ്റവും പ്രായോഗികവും. തമിഴ്നാട്ടിലും മറ്റും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, മറ്റുള്ളവയെല്ലാം പുതിയ സർവകലാശാലക്കുവേണ്ടി അടച്ചുപൂട്ടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പതിനായിരക്കണക്കിന് വിദ്യാർഥികളെ പെരുവഴിയിലാക്കുന്ന ഈ സമീപനം തിരുത്തപ്പെടേണ്ടതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.