മതപരിവർത്തനം സുരക്ഷക്ക് ഭീഷണി?
text_fieldsനിർബന്ധിത മതപരിവർത്തനം ദേശസുരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണെന്നും ഇതിൽ കേന്ദ്രം ആത്മാർഥമായി ഇടപെടണമെന്നും അഭിപ്രായപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഈ വിഷയത്തിൽ കൃത്യമായ നടപടിയുണ്ടാവണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകകൂടി ചെയ്തിരിക്കുന്നു. ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നൽകിയ ഹരജിയിന്മേലാണ് കേന്ദ്ര സർക്കാറിനോട് എതിർ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഇതേ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച സമാന ഹരജി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ ഉൾപ്പെട്ട ബെഞ്ച് 2021 ഏപ്രിൽ മൂന്നിന് തള്ളിയിരുന്നതാണ്. 18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശത്തിന് തടയിടുന്നതെന്തിനാണെന്ന് ചോദിച്ചുകൊണ്ടാണ് അന്ന് പരമോന്നത കോടതി ഹരജിക്കാരന്റെ ആവശ്യം നിരസിച്ചത്. ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്; ഈ അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയ കൃത്യമായ കാരണവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ബി.ജെ.പി നേതാവിന്റെ ആവശ്യം തള്ളിക്കളഞ്ഞത്. ഇതേതുടർന്ന് ഹരജി പിൻവലിച്ച അശ്വനി ഉപാധ്യായ മാറിയ പരിതഃസ്ഥിതിയിൽ അനുകൂല ഇടപെടൽ സുപ്രീംകോടതിയിൽനിന്നുതന്നെ പ്രതീക്ഷിച്ചാവണം വീണ്ടും കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ വ്യക്തമാക്കിയപോലെ ഇന്ത്യൻ ഭരണഘടനയുടെ 25ാം വകുപ്പ് അസന്ദിഗ്ധമായി ഉറപ്പുനൽകിയതാണ് മതസ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം കേവലം വിശ്വാസസ്വാതന്ത്ര്യത്തിൽ പരിമിതമല്ലെന്നും മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശങ്ങൾകൂടിയാണെന്നും ഒന്നിലധികം വിധികളിൽ വ്യക്തമാക്കപ്പെടാതിരുന്നിട്ടില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്നാഗ്രഹിച്ച കോൺഗ്രസിലെ പ്രമുഖർപോലും മതസ്വാതന്ത്ര്യത്തിന് തടയിടുന്ന അനുച്ഛേദങ്ങൾക്കായി ഭരണഘടന നിർമാണസഭയിൽ ശബ്ദമുയർത്തിയിരുന്നില്ലെന്നോർക്കണം. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാൻ പ്രതിജ്ഞാബദ്ധരായ ശക്തികളാണ് മതപരിവർത്തന നിരോധനനിയമം ദേശീയതലത്തിൽ കൊണ്ടുവരണമെന്ന് ശഠിക്കുന്നതും അതിനായി സുപ്രീംകോടതിയെ വരെ സമ്മർദത്തിലാക്കാൻ യത്നിക്കുന്നതും. മാത്രമല്ല, പ്രശ്നം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപെട്ട ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടതാണെന്ന് നടേപറഞ്ഞ സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയതിന്റെ വെളിച്ചത്തിൽ ബി.ജെ.പി ഭരിക്കുന്ന കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ്, യു.പി, ഉത്തരാഖണ്ഡ് മുതലായ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നു. പിടിക്കപ്പെടുന്ന പ്രതികൾക്ക് ഒന്നു മുതൽ 10 വർഷം വരെ തടവും ലക്ഷം രൂപവരെ പിഴശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. ഒഡിഷയിലും തത്തുല്യ നിയമം പ്രാബല്യത്തിലുണ്ട്. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യൽ തുടങ്ങിയ മാർഗങ്ങളിലേതെങ്കിലുമൊന്ന് ഉപയോഗിച്ചാണ് മതപരിവർത്തനം നടത്തിയതെന്ന് തെളിഞ്ഞാൽ പ്രതികൾക്ക് ഉപര്യുക്ത ശിക്ഷ ലഭിക്കും.
ആദിവാസികൾ, ഗോത്രവർഗങ്ങൾ തുടങ്ങിയ അധഃസ്ഥിത ജനവിഭാഗങ്ങളെ ക്രൈസ്തവ മിഷനറിമാർ കൂട്ടത്തോടെ മതത്തിൽ ചേർക്കുന്നു എന്ന് മുറവിളി കൂട്ടിക്കൊണ്ടാണ് കാലാകാലങ്ങളിൽ സംഘ്പരിവാർ മതപരിവർത്തന നിരോധനം രാജ്യത്താകെ നടപ്പാക്കണമെന്നാവശ്യപ്പെടുന്നത്. ലവ്ജിഹാദ് പ്രചാരണയുദ്ധത്തിനു പിറകിലും ഇതേ വികാരമാണെങ്കിലും അക്കാര്യത്തിൽ ചില ക്രൈസ്തവ പുരോഹിതന്മാരും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ് വിചിത്ര സത്യം. വിശ്വാസസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മൗലികാവകാശങ്ങളായി പ്രഖ്യാപിച്ച ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും ഏതു മതവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ അവകാശമുണ്ടെന്നിരിക്കെ ഈ കോലാഹലങ്ങൾക്കോ തദനുസൃത നിയമനിർമാണത്തിനോ ഒരു നീതീകരണവും ഇല്ല. ഒന്നാമതായി, ഒരാൾ മതപരിവർത്തനം ചെയ്തു എന്ന് വാദിക്കണമെങ്കിൽ അയാൾക്ക് ആദ്യമേ ഏതെങ്കിലും മതം ഉണ്ടായിട്ടു വേണ്ടേ? ഇന്ത്യയിലെ അനേകം കോടി ഗിരിവർഗക്കാർക്കും ആദിവാസികൾക്കും മതമുണ്ടോ; ഉണ്ടെങ്കിൽ എന്താണതിന്റെ പേര്? പലവിധ സാമ്പ്രദായിക വിശ്വാസങ്ങളും ആചാരങ്ങളും അവർക്കുണ്ടെന്ന് ശരി. അതൊക്കെ ഹിന്ദുത്വമോ സനാതനധർമമോ ആണെന്ന് ആരാണ് തീരുമാനിച്ചത്? അഥവാ അതൊക്കെ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ചാൽതന്നെ ഭരണഘടനാശിൽപി ഡോ.അംേബദ്കറെപ്പോലെ ബുദ്ധമതത്തെ അവർ സ്വീകരിച്ചാൽ അത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കാമോ? ഇല്ലെങ്കിൽ ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവർത്തനം ചെയ്താൽ മാത്രമേ ശിക്ഷാർഹമായ മതപരിവർത്തനമായി നിയമം പരിഗണിക്കൂ എന്ന് വരുന്നു. ഏതു നിലക്കും ഈ വിശ്വാസപരമായ മാറ്റം രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ പ്രശ്നമായി പരമോന്നത കോടതിക്കുപോലും തോന്നുന്ന സാഹചര്യം മനസ്സിലാക്കാൻ പ്രയാസമുള്ളതാണ്. പ്രലോഭനമോ പ്രകോപനമോ ബലപ്രയോഗമോ ആര് എന്തിന്റെ പേരിൽ പ്രയോഗിച്ചാലും അനുവദിക്കേണ്ടതല്ല; നിലവിലെ നിയമങ്ങൾതന്നെ അതൊക്കെ ശിക്ഷാർഹമാക്കിയിട്ടുള്ളതുമാണ്. തെരഞ്ഞെടുപ്പുകൾ ആസന്നമാവുമ്പോൾ സംഘ്പരിവാർ ഇറക്കുന്ന ഓരോതരം ചപ്പടാച്ചികൾക്ക് ജുഡീഷ്യറി കൂട്ടുനിൽക്കുന്നുവെന്ന തോന്നലിന് അവസരം നൽകിക്കൂടാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.