ചെലവ് ചുരുക്കണം, പക്ഷേ?
text_fieldsസംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറി നിയന്ത്രണത്തിനു പിറകെ ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകി എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ശ്രദ്ധേയമായ വാർത്ത. സെമിനാറുകളും ശിൽപശാലകളും പരിശീലന പരിപാടികളും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സംഘടിപ്പിക്കുന്നത് ഉടനടി അവസാനിപ്പിക്കണമെന്നാണ് ഉത്തരവ്. പരിപാടികൾ അതത് സ്ഥാപനങ്ങൾക്കു കീഴിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിവേണം നടത്താൻ. ഇല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. നിർദേശങ്ങൾക്കു വിരുദ്ധമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ചെലവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണം. നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അനാവശ്യ ചെലവുകൾ നിയന്ത്രിക്കണമെന്നും ഉത്തരവിലുണ്ട്. ഓണച്ചെലവുകൾക്ക് 19,000 കോടി രൂപ വേണ്ടിവരും എന്നാണ് സർക്കാറിന്റെ കണക്ക്. 8000 കോടി രൂപയുടെ പാക്കേജോ ഒരു ശതമാനം അധിക വായ്പക്കുള്ള അനുമതിയോ കേരളം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നിരസിച്ച സാഹചര്യത്തിലാണ് ചെലവുചുരുക്കൽ കർശനമായി നടപ്പാക്കാനുള്ള ഉത്തരവ്. ഓണത്തിന്റെ പ്രത്യേക ചെലവുകൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാറിന്റെ വ്യയന്യൂനീകരണ നിർദേശമെങ്കിലും ഓണത്തിന് മുമ്പെന്നപോലെ പിമ്പും വരുമാനവും ചെലവും പൊരുത്തപ്പെടാതെയും അനേകം ലക്ഷം കോടികൾ കടപ്പെട്ടുമാണ് കേരളത്തിന്റെ പോക്കെന്ന് വ്യക്തമാണ്. പക്ഷേ, അങ്ങനെയൊരു ബോധമോ ചിന്തയോ തെല്ലും അലോസരപ്പെടുത്താതെയാണ് ഇടതുസർക്കാറിന്റെ പോക്കെന്ന് ഏതൊരാൾക്കും തിരിച്ചറിയാനാവും. സംഘ്പരിവാർ നിയന്ത്രണത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാറിനെ ന്യായമായും വിമർശിക്കുന്നതോടൊപ്പംതന്നെ, അച്ചടക്കപൂർണവും ദീർഘദൃഷ്ടിയോടെയും യാഥാർഥ്യബോധത്തോടെയുമുള്ള ഒരു ധനകാര്യ മാനേജ്മെന്റ് ആവിഷ്കരിക്കാനോ നടപ്പാക്കാനോ പിണറായി വിജയനും സഹപ്രവർത്തകർക്കും സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുമ്പോൾ രോഷംകൊണ്ടിട്ടോ കണ്ണടച്ച് നിഷേധിച്ചിട്ടോ കാര്യമില്ല.
ഒട്ടേറെ ഉദാഹരണങ്ങൾ എടുത്തുകാണിക്കാനുണ്ടെങ്കിലും ചിലതു മാത്രം ആവർത്തിക്കേണ്ടിവരുകയാണ്. മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ കോടികൾ, 20 അംഗ മന്ത്രിസഭ, ഓരോ അംഗത്തിനും ഒരുവിധ ന്യായീകരണവുമില്ലാതെ 20-25 പേരടങ്ങിയ പേഴ്സനൽ സ്റ്റാഫ്, അവരിൽ ഓരോരുത്തർക്കും മികച്ച ശമ്പളം, പെൻഷൻ ഉറപ്പാക്കിയശേഷം ആളെ മാറ്റിയുള്ള നിയമനക്കളികൾ, ഡൽഹി കേരള ഹൗസിൽ മുഴുസമയ ഐ.എ.എസുകാരനു പുറമെ മാതൃസംഘടന തഴഞ്ഞപ്പോൾ അഭയം തേടിയെത്തിയ കാരണവരെ പുനരധിവസിപ്പിക്കാൻ പുതിയ തസ്തിക, അതേ വ്യക്തിയുടെ എം.പി പെൻഷൻ മുടങ്ങാതിരിക്കാൻ ശമ്പളമെന്ന സാങ്കേതികത ഒഴിവാക്കി പ്രതിമാസം ലക്ഷം രൂപയുടെ ഓണറേറിയം, സ്വന്തം പാർട്ടിക്കാർ പ്രതിപക്ഷപാർട്ടിക്കാരെ കൊലചെയ്തതിന്റെ പേരിൽ പ്രതികളായപ്പോൾ എൻ.ഐ.എ അന്വേഷണത്തിൽനിന്ന് ഒഴിവാക്കാൻ സർക്കാർ ഖജനാവിൽനിന്ന് അനേക ലക്ഷങ്ങൾ മുടക്കി കേസ് നടത്തിപ്പ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജുഗുപ്സാവഹമായ പരാതിയെ ആസ്പദമാക്കി ഫയൽചെയ്ത കേസ് വാദിക്കാൻ പൊതുഖജനാവിൽനിന്ന് വക്കീൽഫീസ് 1.23 കോടി, പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും ഉയർന്ന ശമ്പളമുള്ള സർക്കാർ തസ്തികകളിൽ പിൻവാതിൽ നിയമനങ്ങൾ, മുക്കുമൂലകളിലെ ഓവുപാലങ്ങൾ വരെ മന്ത്രിമാർ ഉദ്ഘാടനം ചെയ്യണമെന്ന പിടിവാശി, പണി പൂർത്തിയായ കെട്ടിടങ്ങളിലേക്ക് സ്വകാര്യ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മാറ്റുന്നതിലെ അക്ഷന്തവ്യമായ കാലതാമസം, കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി സൗധംപോലെ കോടികൾ മുടക്കി പണിതീർത്ത കെട്ടിടങ്ങൾ വർഷങ്ങളായി നോക്കുകുത്തിയായി നിൽക്കുന്ന ദുരവസ്ഥ- ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പാഴ് ചെലവുകളാണ് ദിനേന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. സിൽവർ ലൈൻ, കെ-റെയിൽ പോലുള്ള അപ്രായോഗിക പരീക്ഷണങ്ങളുടെ പേരിലെ നഷ്ടങ്ങൾ വേറെ. എ.ഐ കാമറയുടെ മറവിലെ തിരുമാലിത്തരങ്ങൾ എവിടെയുമെത്താതെ കിടക്കുന്നു.
എന്ത്, ആര് ചൂണ്ടിക്കാട്ടിയാലും ഉറച്ച മറുപടിയുണ്ട്; യു.ഡി.എഫ് ഭരണകാലത്ത് ഇതിലും വലിയ കൊള്ളരുതായ്മകൾ നടന്നിട്ടുണ്ട്, അതിനോടെന്തേ പ്രതികരിക്കാത്തത് എന്ന്. യു.ഡി.എഫ് ഭരണം വഴിവിട്ട കളി തുടർന്നപ്പോൾ എല്ലാം ശരിയാക്കാം എന്ന് കവലകളിലാകെ എഴുതിവെച്ച് അധികാരത്തിലേറിയവരുടെ, രണ്ടാമൂഴമല്ലേ രണ്ടുകൊല്ലം പൂർത്തിയാക്കി വാഗ്ദാനപ്പെരുമഴയുമായി മുന്നോട്ടുപോവുന്നത്? എന്നിട്ടിപ്പോൾ ശരിയാകുന്നത് പോയിട്ട് തിരിച്ചടികൾ കാരണം കടുത്ത പ്രതിരോധത്തിലേക്കു വീഴുന്നതെന്തുകൊണ്ട്? സത്വരമായ പുനരാലോചന വേണം എന്നേ ഉണർത്തിക്കാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.