ആ ചുവടുകൾ സഫലമായെങ്കിൽ
text_fields‘മിലേ ഖദം, ജോഡോ വതൻ’ (ചുവടുകൾ ഒരുമിപ്പിക്കൂ, ദേശം ഒന്നാകട്ടെ) എന്ന മുദ്രാവാക്യവുമായി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ കാൽനട യാത്രക്ക് കഴിഞ്ഞദിവസം പരിസമാപ്തിയായി. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 135 ദിവസംകൊണ്ട് നാലായിരത്തിലധികം കിലോമീറ്റർ പിന്നിട്ട് ഞായറാഴ്ച ശ്രീനഗറിലെത്തിയതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മറ്റൊരു ചരിത്രസംഭവമായി അതു മാറി. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും ജോഡോ യാത്ര കടന്നുപോയി; ആ ദേശങ്ങളിലെ സാധാരണക്കാരുടെ ഹൃദയവായ്പുകൾ രാഹുലും സംഘവും ഏറ്റുവാങ്ങി എന്നു പറഞ്ഞാലും തെറ്റാവില്ല. അത്രയേറെ, ആഴത്തിൽ പതിയുന്ന വികാരനിർഭരമായ കാഴ്ചകൾക്കും നാടകീയതകൾക്കുമെല്ലാം കഴിഞ്ഞ അഞ്ചു മാസക്കാലത്തെ യാത്ര സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള യാത്രതന്നെയായിരുന്നു അതെന്ന് സാക്ഷ്യപ്പെടുത്തിയത് കോൺഗ്രസ് നേതാക്കൾ മാത്രമായിരുന്നില്ല, ആ സന്ദേശത്തോട് ഐക്യപ്പെട്ട് യാത്രസംഘത്തോടൊപ്പം ചേർന്ന രാജ്യത്തെ അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും എഴുത്തുകാരും കലാകാരന്മാരുമൊക്കെയായിരുന്നു. സമാപന ദിവസം, ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ മതേതര മുന്നണിയുടെ സാധ്യതകളിലേക്ക് സൂചന നൽകുംവിധം വിവിധ കക്ഷി നേതാക്കൾ പ്രതികൂല രാഷ്ട്രീയകാലാവസ്ഥയുടെ കനത്ത മഞ്ഞുപെയ്യുമ്പോഴും വേദിയിൽ പ്രത്യക്ഷപ്പെട്ടത് വരും നാളുകളിലേക്കുള്ള പ്രതീക്ഷയായി നിലനിൽക്കുന്നു. രാഹുലിന്റെ ജോഡോ യാത്രക്ക് രാജ്യത്തിന്റെ മുക്കുമൂലകളിൽ വരുംദിവസങ്ങളിൽ അനുരണനങ്ങളുണ്ടാകുമെന്നുതന്നെ കരുതണം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ ജനദ്രോഹ ഭരണത്തെയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ രാഷ്ട്രീയത്തെയും തുറന്നുകാണിക്കുന്നതിനുള്ള നിർണായകമായൊരു ഇടപെടൽ എന്ന സങ്കൽപത്തിലാണ് ഭാരത് ജോഡോ യാത്ര കോൺഗ്രസ് ആസൂത്രണം ചെയ്തത്. പാർട്ടി നേതൃത്വത്തിൽ ഉരുണ്ടുകൂടിയ അമർഷവും പുകച്ചിലുമെല്ലാം പൊതുജനമധ്യത്തിൽ ചർച്ചയായ സമയംകൂടിയായിരുന്നു അത്. ഒരുവശത്ത്, രണ്ടും കൽപിച്ച് ജി 23 നേതാക്കൾ തുടർച്ചയായ പരസ്യപ്രസ്താവനകളിലൂടെ നേതൃത്വത്തെ മുൾമുനയിൽനിർത്തുന്നു; മറുവശത്ത്, നെഹ്റുകുടുംബത്തിന്റെ തണലിൽതന്നെ പാർട്ടി തുടർന്നും സഞ്ചരിക്കട്ടെയെന്ന് വാദിക്കുന്നവരും. അനിശ്ചിതത്വത്തിന്റെ ആ നിമിഷങ്ങളിലും വിവാദങ്ങളിൽനിന്നൊഴിഞ്ഞുമാറി രാഹുൽ ജോഡോയാത്രക്ക് തയാറെടുത്തു. പാർട്ടിക്കുവേണ്ടിയോ, 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടോ അല്ല ജോഡോ യാത്രയെന്ന് അദ്ദേഹം ആവർത്തിച്ചു. ഭയവും വെറുപ്പും വിതറി ഭരണകൂടം മലിനപ്പെടുത്തിയ ഭാരതത്തിന്റെ ആശങ്കകൾ മുറ്റിനിൽക്കുന്ന വഴികളിലൂടെ, രാജ്യത്തെ വീണ്ടെടുക്കാൻ രാഹുലും സംഘവും ഇറങ്ങിപ്പുറപ്പെടുന്നുവെന്ന് യാത്ര പുറപ്പെടുന്നതിന്റെ തലേന്നാൾ ഡൽഹിയിൽ വിളിച്ച വാർത്തസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. ഒരർഥത്തിൽ, ഈ രാജ്യം ആവശ്യപ്പെടുന്നതും ആഗ്രഹിച്ചതുമായ ഒരു മുദ്രാവാക്യമായിരുന്നു അത്. കന്യാകുമാരിയിൽ അതേറ്റു വിളിക്കാൻ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ എത്തിയതോടെ ഭാരത് ജോഡോ യാത്ര കേവലം കോൺഗ്രസിന്റെ പാർട്ടി പരിപാടി എന്നതിലപ്പുറം, മോദി ആധിപത്യത്തിനെതിരായ ജനകീയ സമരയാത്രതന്നെയായി മാറി. തുടക്കം മുതൽ അത് ദൃശ്യവുമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആ യാത്രയിൽ രാഹുലിനൊപ്പം ചേർന്നത് അതുകൊണ്ടാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച് നാടിനെ ഭിന്നിപ്പിക്കുന്ന, രാജ്യത്തിന്റെ സമ്പദ്ഘടന തകർത്തുകളഞ്ഞ, ഭരണഘടന മൂല്യങ്ങൾ പിച്ചിച്ചീന്തിയ ഒരു ഭരണവർഗത്തെ തുറന്നുകാണിക്കാനുള്ള സമരമായി ജോഡോ യാത്രയെ വികസിപ്പിക്കാൻ രാഹുലിന് കഴിഞ്ഞുവെന്നത് ആർക്കും സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ്, കോവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി യാത്രാവഴിയിൽ തടസ്സങ്ങൾക്കൊരുമ്പെട്ടത്.
ഈ യാത്രക്കിടയിൽ ദേശീയ രാഷ്ട്രീയം പല സംഭവവികാസങ്ങൾക്കും സാക്ഷ്യംവഹിച്ചു. കോൺഗ്രസിലെ നേതൃമാറ്റം തന്നെയായിരുന്നു അതിലൊന്ന്. കോൺഗ്രസിനെ സംബന്ധിച്ച് ആഹ്ലാദത്തിനും നിരാശക്കും ഒരുപോലെ വകനൽകുന്ന തെരഞ്ഞെടുപ്പുകളും ഇക്കാലത്തുണ്ടായി. ഗുജറാത്തിൽ അതിദയനീയമായി പരാജയമേറ്റുവാങ്ങിയപ്പോൾ ഹിമാചലിൽ ബി.ജെ.പിയെ തുരത്തി അധികാരം പിടിച്ചെടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ മതേതര കക്ഷികളുടെ ഒരു മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങൾ ഊർജിതമായതും ജോഡോ യാത്ര തുടങ്ങിയതിൽ പിന്നെയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രംശേഷിക്കവെ, ഈ സംഭവങ്ങളത്രയും ഏറെ നിർണായകമാണ്. ദേശീയ തെരഞ്ഞെടുപ്പിനുള്ള പാർട്ടികളുടെയും പ്രതിപക്ഷത്തിന്റെയും ഒരുക്കങ്ങളെ ഈ സംഭവങ്ങൾ ഒരർഥത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. ആ ഒരുക്കങ്ങളുടെ ദൗർബല്യവും അതിന്റെ സംഘാടനത്തിൽനിന്ന് വ്യക്തമാകുന്നുമുണ്ട്. ജോഡോ യാത്രയുടെ സമാപനവും മറ്റൊരു മതേതര സഖ്യ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ നീക്കങ്ങളത്രയും വിശാല ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയായി പരിണമിക്കുമോ എന്നതാണ് ചോദ്യം. ജനാധിപത്യത്തെ സംരക്ഷിക്കാൻ മതേതര സമൂഹം ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത രാജ്യത്തെ ബോധ്യപ്പെടുത്തുന്നതിൽ ജോഡോ യാത്ര വിജയിച്ചുവെന്ന് കരുതാമെങ്കിലും, ഈ നാട്ടിലെ മതേതര പ്രസ്ഥാനങ്ങൾ ആ സന്ദേശം വേണ്ടവിധത്തിൽ ഏറ്റെടുത്തുവോ എന്ന കാര്യം സംശയമാണ്. യാത്രയോട് തുടക്കം മുതൽ അകലം പാലിച്ച സി.പി.എമ്മിന്റെയും മൂന്നാം മുന്നണിക്ക് കോപ്പുകൂട്ടുന്ന കെ.സി.ആറിന്റെയും സമീപനം ആ സന്ദേഹത്തിന് ആക്കംകൂട്ടുന്നു. ദേശീയതലത്തിലുള്ള വിശാല സഖ്യം യാഥാർഥ്യമാകുന്നതോടെ ‘പ്രാദേശിക റിപ്പബ്ലിക്കുക’കളിലെ തങ്ങളുടെ അപ്രമാദിത്വം നഷ്ടമാകുമെന്ന ഭീതിയാണോ ഇക്കൂട്ടരെ ഇപ്പോഴും അലട്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലായിരുന്നുവെങ്കിൽ, അവർക്കും ഈ യാത്രയോടൊപ്പം ചേരാവുന്നതേയുള്ളൂ. ചുരുക്കത്തിൽ, രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനായുള്ള രാഹുലിന്റെ ചുവടുകൾ സഫലമാകണമെങ്കിൽ, പാർട്ടിക്കകത്തും പുറത്തും ഇനിയുമൊരുപാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.