യുദ്ധക്കുറ്റത്തിനെതിരെ ലോകം ഒന്നിക്കണം
text_fieldsഒരുമാസത്തെ കുരുതിക്കും പതിനായിരത്തിലേറെ മരണത്തിനും ശേഷമാണെങ്കിലും അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംയുക്ത ഉച്ചകോടി റിയാദിൽ യോഗംചേരുകയും ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാൻ അമേരിക്ക അടക്കമുള്ള വൻ ശക്തികൾ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിന് ആയുധം നൽകുന്നത് അമേരിക്ക നിർത്തണം. ഗസ്സയിലേക്ക് പുറത്തുനിന്ന് സഹായമെത്തിക്കാൻ അനുവദിക്കണം. ഇസ്രായേൽ ഇപ്പോൾ ചെയ്യുന്നത് സ്വയംപ്രതിരോധത്തിനുള്ള യുദ്ധമല്ല; യുദ്ധക്കുറ്റവും വംശഹത്യയുമാണ്. അന്താരാഷ്ട്രനിയമങ്ങളും മാനദണ്ഡങ്ങളും ഇസ്രായേൽ ലംഘിച്ചുകൊണ്ടിരിക്കുമ്പോൾ അത് തടയുന്നതിൽ ലോകസമൂഹവും യു.എൻ രക്ഷാസമിതിയും പരാജയപ്പെട്ടതായി റിയാദ് പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ഗസ്സ ആക്രമണം എല്ലാ മാനുഷികസീമകളും ലംഘിച്ചത് ലോകം കണ്ടുനിൽക്കേണ്ടിവന്ന അവസ്ഥയിലാണ് ഇറാനും തുർക്കിയയും ഉൾപ്പെടെയുള്ള അറബ്-ഇസ്ലാമിക കൂട്ടായ്മ യോഗംചേർന്നത്. മരണസംഖ്യ ഔദ്യോഗിക കണക്കുപ്രകാരംതന്നെ 12,000ത്തോളമായി. പത്ത് ലക്ഷത്തിലധികം പേർ അഭയമില്ലാത്തവരായി. ബാക്കിയായവർക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ല. ഗസ്സയിലെ കെട്ടിടങ്ങളിൽ പകുതിയും തകർക്കപ്പെടുകയോ ഉപയോഗിക്കാനാവാത്തവിധത്തിൽ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. സുരക്ഷിതമെന്ന് പറയാവുന്ന ഒരിഞ്ച് സ്ഥലംപോലുമില്ലാത്ത ഗസ്സയെ കുഞ്ഞുങ്ങളുടെ ശ്മശാനം എന്നാണ് യു.എൻ സെക്രട്ടറി ജനറൽ വിളിച്ചത്. വെസ്റ്റ്ബാങ്കിലും കൊലയും കെട്ടിടം തകർക്കലും മുറക്ക് നടക്കുന്നു. നൂറ്റമ്പതോളം ഫലസ്തീൻകാരെ ഇസ്രായേലി സേനയും കുടിയേറ്റക്കാരും ഒക്ടോബർ ഏഴിനുശേഷം കൊന്നിട്ടുണ്ട്. ഈ കടുംകൈകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. വിവിധ രാജ്യക്കാരും ചിന്താഗതിക്കാരുമായ ആക്ടിവിസ്റ്റുകൾ ഇസ്രായേലിന്റെ ഏകപക്ഷീയമായ നരനായാട്ടിനെതിരെ ശബ്ദമുയർത്തുന്നു. അപ്പോഴും കുറെ ഭരണകൂടങ്ങൾ കശാപ്പിന് പിന്തുണയും ഒത്താശയുമായി നിലകൊള്ളുന്ന വേളയിലാണ് റിയാദിൽനിന്ന് മേഖലയിലെ പ്രമുഖ ഭരണകൂടങ്ങൾ കശാപ്പ് നിർത്താനുള്ള ആഹ്വാനവുമായി രംഗത്തെത്തുന്നത്.
ഫലസ്തീന്റെ-പ്രത്യേകിച്ച് ഗസ്സയുടെ-ശബ്ദം അടിച്ചൊതുക്കുകയും അവർക്കുവേണ്ടി ഉയരുന്ന ശബ്ദങ്ങളെപോലും കേൾക്കാതാക്കുകയും ചെയ്തുകൊണ്ടാണ്, ഒക്ടോബർ ഏഴിലെ സംഭവങ്ങൾ എടുത്തുകാട്ടി ഇസ്രായേലിന്റെ ‘സ്വയം പ്രതിരോധ’മെന്ന കള്ളന്യായം അമേരിക്കയും മറ്റും പ്രചരിപ്പിക്കുന്നത്. ആ സംഭവത്തിൽപോലും ഹമാസിനെതിരെ ഇസ്രായേൽ പറഞ്ഞുപരത്തിയ പലതും ശരിയല്ലെന്ന് ഇസ്രായേലിലെതന്നെ അനുഭവസ്ഥരും സൈനികവൃത്തങ്ങളും പിന്നീട് വ്യക്തമാക്കിയതായി വിവരം പുറത്തുവരുന്നുണ്ട്. അധിനിവേശ ശക്തിക്കെതിരെ അധിനിവിഷ്ട ജനതക്ക് സായുധ ചെറുത്തുനിൽപിനടക്കം അവകാശമുണ്ടെന്നത് സുസ്ഥാപിതമായ അന്താരാഷ്ട്ര നിയമമാണ്. ഒക്ടോബർ ഏഴിന് നടന്നത് പ്രതിരോധപ്പോരാട്ടമല്ലാതെ ഒന്നുമായിരുന്നില്ല. ഗസ്സയിലെ 23 ലക്ഷം ജനങ്ങൾ വർഷങ്ങളായി വലിയൊരു തടങ്കൽപാളയത്തിലെന്നപോലെയാണ് ജീവിക്കുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ഗസ്സക്കാർക്കെതിരെ ഇസ്രായേൽ ആറ് അന്യായയുദ്ധങ്ങൾ നടത്തി. അവയിൽ മാത്രം 14,000 പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ കുട്ടികളിൽ 90 ശതമാനവും യുദ്ധമുണ്ടാക്കിയ മാനസികപീഡകൾ പേറുന്നവരാണ്. ചികിത്സക്കായി വെസ്റ്റ്ബാങ്കിലേക്ക് പോകാൻ ഇസ്രായേൽ അനുവദിക്കാത്തതുകൊണ്ട് ഇക്കൊല്ലത്തെ ആദ്യത്തെ ആറുമാസത്തിൽ മാത്രം ഗസ്സയിലെ 400 കുഞ്ഞുങ്ങൾ മരിച്ചു. അന്തസ്സോ സ്വാതന്ത്ര്യമോ അതിജീവനത്തിന് വേണ്ട സൗകര്യങ്ങളോ വിഭവങ്ങളോ ഒന്നുമില്ലാത്ത, രാഷ്ട്രീയ പരിഹാരത്തിന്റെ എല്ലാവഴിയും സയണിസ്റ്റ് സർക്കാറും കൂട്ടാളികളും അടച്ചുകളഞ്ഞ, ഈ ചെറുപ്രദേശത്തെ മനുഷ്യർ പരീക്ഷിച്ച അഹിംസാമാർഗങ്ങൾപോലും പരാജയപ്പെട്ടു-എല്ലാം 2023 ഒക്ടോബർ 23ന് മുമ്പത്തെ സംഭവങ്ങൾ. ഇസ്രായേലിന്റെ വ്യാജവിലാപങ്ങൾ ഏറ്റുപിടിച്ച ലോകശക്തികൾക്ക് ഇന്നത്തെ പ്രതിസന്ധിയിൽ കൈയുണ്ട്. ഒക്ടോബർ ഏഴ് എന്ന കള്ളന്യായം തുറന്നുകാട്ടാനും ഫലസ്തീൻപ്രശ്നത്തെ അതിന്റെ ചരിത്ര പശ്ചാത്തലത്തിൽ ശരിയായി സ്ഥാപിക്കാനുള്ള യത്നം എന്ന നിലക്കുകൂടി റിയാദ് സമ്മേളനത്തിന് പ്രസക്തിയുണ്ട്.
പ്രചാരണങ്ങൾക്കപ്പുറം വസ്തുതക്കും കൈയൂക്കിനപ്പുറം നീതിക്കും സ്ഥാനം ലഭിക്കുന്ന ഒരു ലോകവ്യവസ്ഥിതിക്കായുള്ള ശ്രമത്തിന്റെ തുടക്കംകൂടിയാകണം ഇത്. ഇസ്രായേലിന്റെ കുതന്ത്രങ്ങൾക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കാനുള്ള ‘നോർമലൈസേഷൻ’ ശ്രമങ്ങളുടെ ഗൂഢലക്ഷ്യം, ആ തന്ത്രങ്ങളിൽ വീണുപോയവരടക്കം ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നുകരുതാം. റിയാദ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടപോലെ, വെറും വാക്കുകൾക്കപ്പുറം കൃത്യമായ നടപടികളിലേക്ക് കടക്കാൻകൂടി കഴിയണം. കൊളോണിയൽ വിരുദ്ധ കൂട്ടായ്മ ആഗോളതലത്തിൽ വികസിപ്പിക്കാനും ഐക്യരാഷ്ട്രസഭ പോലുള്ള സംവിധാനങ്ങളെ ഫലപ്രദമായി ശാക്തീകരിക്കാനും ആലോചന തുടങ്ങാൻ സമയമായി. ഇന്ന് ഇസ്രായേലിനെ അതിന്റെ ഭീകരത മുഴുവൻ വ്യക്തമായിട്ടും പിന്തുണക്കുന്ന ഭരണകൂടങ്ങളുണ്ടെങ്കിലും അത്തരം രാജ്യങ്ങളിൽപോലും ജനങ്ങൾ (ജൂതരടക്കം) ഇസ്രായേലി അനീതിയെ എതിർക്കുന്നു എന്നത് പ്രധാനമാണ്. നീതിയുടെ പക്ഷത്തുതന്നെയാണ് മഹാഭൂരിപക്ഷം മനുഷ്യരും. അവരെ ചേർത്തുപിടിക്കാനും ചോരക്കൊതിയന്മാരായ ഏതാനും ഭരണകൂടങ്ങളെ ഒറ്റപ്പെടുത്താനും സാധിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.