പ്രതീക്ഷ തകർക്കുന്ന പ്രതിപക്ഷ ഭിന്നത
text_fieldsജാതിസെൻസസ് വിഷയത്തിൽ മുൻ യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് കോൺഗ്രസിനെതിരെ രംഗത്തുവരുകയും ആവശ്യമുന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ സഖ്യവും പ്രധാനമായും കോൺഗ്രസും ജാതിസെൻസസ് ഒരു തെരഞ്ഞെടുപ്പ് അജണ്ടയായി ഉയർത്തിക്കൊണ്ടു വരുന്നതിനിടയിലാണ് അഖിലേഷിന്റെ വിമർശനവും പരിഹാസവും. ഏറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസിന്റെ ഭൂതകാലത്തെയും അഖിലേഷ് വെറുതെ വിട്ടിട്ടില്ല. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകൾ പൊളിഞ്ഞതാണ് അഖിലേഷിന്റെയും സമാജ്വാദി പാർട്ടിയുടെയും വിമർശനങ്ങൾക്കു പിന്നിൽ. വിമർശനം ഇൻഡ്യ മുന്നണിയിലെ അസ്വാരസ്യങ്ങൾ കൂടുതൽ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
പാർട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്താൻ ഒക്ടോബറിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനമെടുത്തിരുന്നു. ഭരണത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് ഈമാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും പാർട്ടി പ്രകടനപത്രികകളും വാഗ്ദാനം ചെയ്യുന്നു. വർഗീയ ധ്രുവീകരണവും ജനവിരുദ്ധ കോർപറേറ്റ് അനുകൂല നയങ്ങളുംകൊണ്ട് സംഘ്പരിവാർ നയിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ അടിത്തറയിളക്കവെ ഇന്ത്യയുടെ ഭാവിയിൽ ആശങ്കപ്പെടുന്ന ഏറെപ്പേരും ഏറെ ആഗ്രഹപൂർവം കാത്തിരുന്ന ഒന്നാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യം. ജനങ്ങളുടെ പ്രതീക്ഷയെ സാക്ഷാത്കരിക്കാനെന്നോണം ദേശീയ തലത്തിലോ സംസ്ഥാനങ്ങളിലോ ശക്തമായ സാന്നിധ്യമുള്ള 26 പാർട്ടികൾ പലവുരു ഒരുമിച്ചിരിക്കുകയും ‘ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്ന ‘ഇൻഡ്യ’ മുന്നണി രൂപവത്കരിക്കുകയും ചെയ്തു. പ്രതിപക്ഷ ന്യൂനപക്ഷ പിന്നാക്ക വേട്ടയാടൽ നടത്തുന്ന, രാജ്യത്തിന് അപകടകരമായ രാഷ്ട്രീയം പിൻപറ്റുന്ന ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കണമെന്ന താൽപര്യമാണ് തങ്ങളെ നയിക്കുന്നത് എന്നായിരുന്നു പ്രധാന പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചത്. തുടർയോഗങ്ങളിൽ സീറ്റുവിഭജനത്തിലടക്കം പരമാവധി വിട്ടുവീഴ്ച എന്ന തത്ത്വം അംഗീകരിക്കുകയും ചെയ്തു. ഒരുമിച്ചു നിൽക്കുകയും പ്രഖ്യാപനങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയും ചെയ്താൽ ബി.ജെ.പി ഭരണസംഘത്തിന് ഭീഷണി സൃഷ്ടിക്കാൻ മുന്നണിക്കാവും എന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചു, അത്തരമൊരു പ്രതീതി മൂലം ഭരണമുന്നണി നേതാക്കളും അണികളും ഒരുപരിധിവരെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമകപ്പെട്ട് തുടങ്ങിയിരുന്നു. അതിനിടയിലാണ് പുതിയ ഭിന്നതകൾ. ‘ഇൻഡ്യ’ മുന്നണിയെപ്പേടിച്ച് ഇന്ത്യയുടെ പേരുമാറ്റാൻവരെ ഒരുമ്പെട്ടവർക്ക് തെല്ല് ആശ്വാസം പകരുന്നതാണ് ഈ സംഭവ വികാസങ്ങൾ.
‘ഇൻഡ്യ’ മുന്നണി രൂപവത്കരണ വേളയിലുണ്ടായ ആവേശമൊന്നും നിലവിൽ കാണുന്നില്ലെന്നത് വസ്തുതയാണ്. അക്കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുറന്നുപറയുകയും ചെയ്തിരുന്നു. നിതീഷും ലാലുവും നേരിട്ട് കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബിഹാറിലും വർഗീയവിരുദ്ധ രാഷ്ട്രീയത്തിന്റെ വിജയത്തിനുവേണ്ടി ഏതൊരു വിട്ടുവീഴ്ചക്കും ഒരുക്കം കാണിക്കുന്ന എം.കെ. സ്റ്റാലിന്റെ തമിഴ്നാട്ടിലുമൊഴികെ ഒരിടത്തും ‘ഇൻഡ്യ’ മുന്നണി കെട്ടുറപ്പിലല്ല. മുന്നണി യോഗം കഴിഞ്ഞ് നേതാക്കൾ തിരിച്ചെത്തുമ്പോഴേക്ക് പശ്ചിമബംഗാളിലെ തൃണമൂൽ- കോൺഗ്രസ്- സി.പി.എം അണികൾ തമ്മിൽ കൂട്ടത്തല്ല് തുടങ്ങിയിരുന്നു. ഇന്ത്യ നഷ്ടപ്പെടുമെങ്കിൽ പോട്ടെ, സംസ്ഥാനഭരണം മുഖ്യം എന്നതാണ് കേരളത്തിലെ കോൺഗ്രസ്-സി.പി.എം ഘടകങ്ങളുടെയും ഉള്ളിലിരിപ്പ്. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് നിലവിലെ പ്രധാന വിഷയമെന്നും അതിനുശേഷം മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. അതേസമയം ഈ നിയമസഭ തെരഞ്ഞെടുപ്പുകളിലും മുന്നണിക്ക് ഒന്നിച്ചുനിൽക്കാനായിട്ടില്ല. മധ്യപ്രദേശിൽ സമാജ്വാദി പാർട്ടിയുമായും തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ സി.പി.എമ്മുമായും ധാരണയിലെത്താൻ കോൺഗ്രസിനായില്ല. അതത് സംസ്ഥാനങ്ങളിലെ നേതാക്കളുടെ താൻപോരിമയാണ് ഇതിലെ തടസ്സവും. സംസ്ഥാന തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മുന്നണി ഘടകകക്ഷികൾ തമ്മിലെ ഭിന്നത രൂക്ഷമായേക്കും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നിലവിൽ ഏറിയും കുറഞ്ഞുമാണെങ്കിലും ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാർട്ടിയാണ് കോൺഗ്രസ്. നല്ലൊരു ശതമാനം സ്ഥലങ്ങളിൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതും ആ പാർട്ടിയാണ്. പ്രതിപക്ഷങ്ങളെ ഒന്നിച്ചുനിർത്തേണ്ടതും മുന്നോട്ടു നയിക്കേണ്ടതും അവർ തന്നെയാണ് എന്നതിൽ സംശയവുമില്ല. അതുകൊണ്ടുതന്നെ, പരമാവധി വിട്ടുവീഴ്ച ചെയ്യാനും ഏതു വിധേനയും സംസ്ഥാനങ്ങളിൽ മുന്നണി സംവിധാനം മുന്നോട്ടു കൊണ്ടു പോകാനുമുള്ള ബാധ്യത കോൺഗ്രസിനുണ്ട്. അത് മനസ്സിലാകാത്തത് കോൺഗ്രസിനും അതിന്റെ നേതാക്കൾക്കുമാണെന്നു തോന്നുന്നു. ഒമ്പതര വർഷം നീണ്ട മോദിഭരണം രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും ഏൽപിച്ച പരിക്കുകളെക്കുറിച്ച് സാധാരണ കോൺഗ്രസ് പ്രവർത്തകർക്കുള്ള ബോധ്യവും വേദനയുമെങ്കിലും പാർട്ടിയുടെ ഉന്നത നേതാക്കൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. സാധ്യതകളും ജനവികാരവും ഇനിയും തിരിച്ചറിയാതിരിക്കുന്നത് പ്രതിപക്ഷം കൂടുതൽ ശിഥിലമാകാനും രാജ്യം കൂടുതൽ സംഘ്വത്കരിക്കപ്പെടാനുമേ വഴിയൊരുക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.