എന്നു നിർത്തും ഈ ഒളിഞ്ഞുനോട്ടം?
text_fieldsരാജ്യങ്ങൾ, രാഷ്ട്രീയമോ സൈനികമോ ആയ വെല്ലുവിളി സൃഷ്ടിക്കുന്ന അഥവാ ഭാവിയിൽ ഭീഷണിയാവാൻ സാധ്യതയുള്ള മറ്റു രാജ്യങ്ങളിൽ ചാരപ്പണിയും രഹസ്യാന്വേഷണവും നടത്തുന്നത് സർവസാധാരണമാണ്. അന്താരാഷ്ട്ര മര്യാദകൾക്കും നൈതികതകൾക്കും വിരുദ്ധമാണെങ്കിലും രാജ്യങ്ങളുടെയും അതിലെ ജനങ്ങൾ ഉൾപ്പെടെയുള്ള വിലയേറിയ സമ്പത്തിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഒഴിച്ചുകൂടാനാകാത്ത തിന്മ (Inevitable evil) എന്ന മട്ടിൽ അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ശത്രുരാജ്യമെന്ന് വിവക്ഷിക്കപ്പെടുന്ന നമ്മുടെ തൊട്ടയൽ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ജാഗ്രത്തായി സദാ നിരീക്ഷിച്ചുപോരുന്ന കാര്യം ഒരു രഹസ്യമല്ല. അവരാകട്ടെ, നമ്മുടെ രഹസ്യങ്ങൾ ചോർത്താൻ തികച്ചും മര്യാദരഹിതമായ പല തന്ത്രങ്ങളും പ്രയോഗിച്ചുപോരുന്നു. പ്രതിരോധരംഗത്തെ പരമോന്നത സ്ഥാപനമായ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലെ(ഡി.ആർ.ഡി.ഒ) അഗ്നി മിസൈൽ ഉൾപ്പെടെ തന്ത്രപ്രധാനമായ പല പദ്ധതികളുടെയും ഭാഗമായിരുന്ന ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ രഹസ്യരേഖകൾ പാകിസ്താനിൽ നിന്നുള്ള ചാരവനിതക്ക് കൈമാറിയ സംഭവം ഈയിടെ വാർത്തകളിൽ നിറഞ്ഞതാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മാർഗദർശികളായ സംഘ്പരിവാറിന്റെ പ്രമുഖ സ്വയം സേവകരിൽ ഒരാൾകൂടിയാണ് ഈ ശാസ്ത്രജ്ഞൻ. ഡി.ആർ.ഡി.ഒയിലെതന്നെ ഉന്നത ഉദ്യോഗസ്ഥരിലൊരാളായ ബാബുറാം ദേയ് രാജ്യത്തിന്റെ മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ച രഹസ്യങ്ങൾ ശത്രുരാജ്യത്തിന്റെ രഹസ്യാന്വേഷകർക്ക് ചോർത്തിക്കൊടുത്തുവെന്ന കേസും ഈ വർഷം പുറത്തുവന്നിരുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ കര-വ്യോമ-നാവിക സൈന്യങ്ങളുടെ ഭാഗമായ 18ഓളം ഉദ്യോഗസ്ഥർക്കെതിരെ രാജ്യത്തിന്റെ രഹസ്യം ചോർത്തിയ ആരോപണങ്ങളുയർന്നു. രഹസ്യങ്ങൾ പലതും കൈമാറപ്പെട്ടശേഷം പൊലീസിന്റെ രഹസ്യാന്വേഷണ ഏജൻസികളും തീവ്രവാദവിരുദ്ധ സംഘങ്ങളുമെല്ലാം നടത്തിയ ഇടപെടലുകളുടെ ഫലമായി കുറെയേറെ രഹസ്യചോർച്ചകൾ കണ്ടെത്താനും അതിനു പിന്നിൽ പ്രവർത്തിച്ച ചിലരെ അമർച്ചചെയ്യാനും സാധിച്ചുവെന്നത് ആശ്വാസം.
നമ്മുടെ രഹസ്യങ്ങൾ ഇങ്ങനെ അതിർത്തികടന്നുപോകവെ നമ്മുടെ ഭരണകൂടത്തിന് തിടുക്കം സ്വന്തം പൗരജനങ്ങളുടെയും ജനനേതാക്കളുടെയും രഹസ്യങ്ങൾ ചൂഴ്ന്നെടുക്കുന്നതിലാണ്. വർത്തമാനലോകത്ത് തുല്യതയില്ലാത്ത അധിനിവേശ-യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തിവരുന്ന ഇസ്രായേൽ വികസിപ്പിച്ചെടുത്ത പെഗസസ് എന്ന ചാരസംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയനേതാക്കൾ, നാൽപതിലേറെ മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ എന്നിവരടക്കം നിരവധി പേരുടെ ഫോണുകൾ ചോർത്തിയ വിവരം പുറത്തുവന്നത് രണ്ടുവർഷം മുമ്പാണ്. ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ഒളിച്ചു കേൾക്കുക മാത്രമല്ല, ശരീരത്തിലെ അവയവങ്ങളെന്ന കണക്കെ സദാ നമുക്കൊപ്പമുണ്ടാകുന്ന ഫോണുകളിൽ മാൽവെയറുകൾ മുഖേന വ്യാജതെളിവുകൾ സ്ഥാപിച്ച് നമുക്കെതിരായ ആയുധങ്ങളാക്കി മാറ്റുന്നതാണ് ഈ സംവിധാനം. പെഗസസ് വലയിലായ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും പ്രവർത്തനങ്ങൾ മുഴുവൻ മറ്റൊരിടത്തിരുന്ന് ഗൂഢശക്തികൾക്ക് കൈയാളാനാകും. ജനങ്ങളുടെ മൗലികാവകാശങ്ങൾ അതിഭയാനകമാംവിധം ലംഘിക്കപ്പെടുന്ന പെഗസസ് ചാരവൃത്തിയുടെ ഗൗരവം തിരിച്ചറിഞ്ഞ് രാജ്യത്തെ പരമോന്നത നീതിപീഠം ഇതേക്കുറിച്ചന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചെങ്കിലും സർക്കാർ ഇതുമായി നിസ്സഹകരിക്കുകയായിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർ നടപടികളുണ്ടാവാനുണ്ട്.
ഇപ്പോഴിതാ രാജ്യം പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കേ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ പലരുടെയും ഫോണുകൾ ചോർത്താൻ ശ്രമം നടക്കുന്നതായ ആക്ഷേപം ഉയരുന്നു. ഭരണകൂടം ചോർത്താൻ നോക്കുന്നുവെന്ന് ഐഫോൺ ഉപയോക്താക്കളായ ശശി തരൂർ, സീതാറാം യെച്ചൂരി, പവൻ ഖേര, മഹുവ മൊയ്ത്ര, അസദുദ്ദീൻ ഉവൈസി, പ്രിയങ്ക ചതുർവേദി തുടങ്ങിയ പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കൾക്കും ഫോൺ നിർമാതാക്കളായ ആപ്പിൾ കമ്പനി തന്നെയാണ് മുന്നറിയിപ്പ് നൽകിയത്. വിവരചോർച്ച തിരിച്ചറിയാനും പ്രതിരോധിക്കാനും ഒരുപരിധിവരെ ശേഷിയുള്ളത് എന്ന് വിശ്വസിക്കപ്പെടുന്ന ഐഫോണിൽ ഇതാണ് സ്ഥിതിയെങ്കിൽ അത്ര സാങ്കേതികത്തികവില്ലാത്ത ഫോണുകൾ ഉപയോഗിക്കുന്ന ആക്ടിവിസ്റ്റുകളെയും മാധ്യമ പ്രവർത്തകരെയുമെല്ലാം എവ്വിധത്തിലാണ് ഭരണകൂടം ചോർത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണകൂടത്തിനും അവരുടെ ചങ്ങാത്തക്കാരായ വ്യവസായ ഗ്രൂപ്പുകൾക്കും വർഗീയ-തീവ്രവാദ സംഘങ്ങൾക്കും എതിരായ വാർത്തകളെയും ബഹുജന മുന്നേറ്റങ്ങളെയും അട്ടിമറിക്കാൻ ഇത്തരം ചാരപ്പണി നിരന്തരം നടക്കുന്നു എന്നുതന്നെവേണം അനുമാനിക്കാൻ. പ്രതിപക്ഷ ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ ഉത്സാഹങ്ങൾ അതിർത്തി ഭേദിച്ചു കയറി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളെ കണ്ടെത്താനും പ്രതിരോധിക്കാനും പ്രകടിപ്പിച്ചിരുന്നുവെങ്കിൽ അരുണാചൽ പ്രദേശിൽ കടന്നുകയറി ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുമായിരുന്നില്ല, നമ്മുടെ പ്രതിരോധ സ്ഥാപനങ്ങളിലെ രഹസ്യങ്ങൾ പാകിസ്താനിലേക്ക് പറക്കുമായിരുന്നില്ല.
കേന്ദ്രം ഭരിക്കുന്ന സർക്കാർ ഇന്നാട്ടിലെ ജനങ്ങളെയും അവരുൾക്കൊള്ളുന്ന രാഷ്ട്രീയ- മത-സാംസ്കാരിക പാർട്ടികളെയും കൂട്ടായ്മകളെയും ശത്രുക്കളായി കാണുന്നത് അതീവ ദൗർഭാഗ്യകരമാണ്. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് അവർക്കും അവരുടെ നേതാക്കൾക്കുമെതിരെ ചാരപ്പണി നടത്തുന്ന രാജ്യത്തിനെങ്ങനെയാണ് ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് പുളകം കൊള്ളാനാവുക? ജനാധിപത്യവിരുദ്ധം മാത്രമല്ല, തികഞ്ഞ മനുഷ്യാവകാശ-മൗലികാവകാശ ലംഘനം കൂടിയാണ് ഈ കടന്നുകയറ്റം. ഇത് അവസാനിപ്പിച്ചേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.