കണക്ക് തള്ളിയാൽ പട്ടിണി ഇല്ലാതാകില്ല
text_fields‘ആഗോള പട്ടിണി സൂചിക 2023’ൽ ഇന്ത്യയുടെ സ്ഥാനം പിന്നെയും ഇടിഞ്ഞിരിക്കുന്നു. 125 രാജ്യങ്ങളിൽ 111ാം സ്ഥാനത്താണ് 2022ലെ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഗ്ലോബൽ ഹംഗർ ഇൻഡക്സ് ഇന്ത്യയെ വെച്ചിരിക്കുന്നത്. 2014ൽ 55ാം സ്ഥാനത്തായിരുന്നു നാം. ഒരു വർഷം മുമ്പ് 107ാം സ്ഥാനത്തും. ഇപ്പോൾ ഇന്ത്യയെ ‘ഗുരുതരാവസ്ഥയുള്ള’ ഗണത്തിൽ ഉൾപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ട്. കുട്ടികളിൽ തൂക്കക്കുറവ് ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ. വളർച്ച മുരടിപ്പിലും പോഷകാഹാരക്കുറവിലും കുട്ടികളുടെ മരണനിരക്കിലും ആശാസ്യമായ അവസ്ഥയിലല്ല നാം. പോഷക ലഭ്യതയുടെ നിർണായക മാനദണ്ഡങ്ങളിൽ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, സഹാറക്ക് തെക്കുള്ള രാജ്യങ്ങൾ എന്നിവയെക്കാളും മോശമായി കാണപ്പെടുന്നത്, സമ്പദ്ഘടനയുടെ കരുത്തിൽ ലോകശക്തിയെന്നവകാശപ്പെടുന്ന നമ്മളാണ്. പതിവുപോലെ ഇന്ത്യ സർക്കാർ പട്ടിണി സൂചികയെ തള്ളിയിരിക്കുന്നു. ദുരുദ്ദേശ്യപരവും തെറ്റായ രീതിശാസ്ത്രമനുസരിച്ച് തയാറാക്കിയതുമാണ് പട്ടിണി സൂചിക എന്നാണ് വനിത-ശിശുക്ഷേമ മന്ത്രാലയം പറയുന്നത്. വാസ്തവത്തിൽ ഔദ്യോഗിക ഡേറ്റകളിൽനിന്നുതന്നെ തയാറാക്കുന്നതാണ് സൂചിക; അതിന്റെ രീതിശാസ്ത്രം സുതാര്യവും എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ബാധകവുമാണ്. ജി.ഡി.പിയുടെ വലുപ്പം ചൂണ്ടിക്കാണിച്ചും ഭക്ഷ്യരംഗത്ത് ഇന്ത്യ സ്വയം പര്യാപ്തം മാത്രമല്ല, കയറ്റിയയക്കുന്ന രാജ്യംകൂടിയാണ് എന്ന് ഊന്നിപ്പറഞ്ഞും നിഷേധിക്കാവുന്നതല്ല ദാരിദ്ര്യത്തിലും ഭക്ഷ്യദൗർലഭ്യത്തിലും പട്ടിണിയിലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ അവസ്ഥ.
നിതി ആയോഗിന്റെതന്നെ നാഷനൽ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് പറയുന്നു, ജനങ്ങളിൽ 15 ശതമാനത്തോളം പേർ അതിദാരിദ്ര്യത്തിലാണെന്ന്. നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം മഹാരാഷ്ട്രയിൽ നവജാത ശിശുമരണവും കുട്ടികളിലെ വളർച്ച മുരടിപ്പും കുതിച്ചുയർന്നിട്ടുണ്ട്. ഇന്ത്യയിൽ 43 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട ‘പോഷൺ ട്രാക്കർ’ വ്യക്തമാക്കുന്നു. പട്ടിണി സൂചിക അപ്പാടെ നിരാകരിക്കുകവഴി സർക്കാർ സ്വന്തം വിശ്വാസ്യതക്ക് പരിക്കേൽപിക്കുകയാണ്. അടുത്ത് പുറത്തുവന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കുത്തനെ സ്ഥാനമിടിഞ്ഞപ്പോൾ അത് സുതാര്യമല്ലെന്നു പറഞ്ഞ് തള്ളി. പരിസ്ഥിതി സൂചികയിൽ നന്നേ മോശമെന്ന് യേൽ യൂനിവേഴ്സിറ്റി കണക്കുകാണിച്ച് സമർഥിച്ചപ്പോൾ അതും തള്ളി. ചൈന ഇന്ത്യൻ ഭൂപ്രദേശം കൈയേറിയപ്പോൾ നിഷേധിച്ചു. മതവിവേചനം ഇന്ത്യയിൽ വർധിക്കുന്നതായി യു.എസ് കമീഷനടക്കം ചൂണ്ടിക്കാട്ടിയപ്പോൾ കണ്ണടച്ച് നിഷേധിച്ചു. ഇന്ത്യയെ ‘സ്വതന്ത്രരാജ്യ’ പദവിയിൽനിന്ന് ‘ഭാഗികമായി മാത്രം സ്വതന്ത്ര’മെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് താഴ്ത്തിയപ്പോൾ അത് ‘തെറ്റും വഴിതെറ്റിക്കുന്നതു’മാണെന്ന് പറഞ്ഞു. പോയവർഷം ലോകത്ത് പരക്കെ ജനാധിപത്യം തളർന്നെന്നും ഏറ്റവും കൂടുതൽ തളർച്ചയുണ്ടായത് ഇന്ത്യയിലാണെന്നും വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെമോക്രസി റിപ്പോർട്ട് പറഞ്ഞപ്പോഴും സർക്കാർ അതിനെ ‘സംശയാസ്പദ രീതിശാസ്ത്രം’ ആരോപിച്ച് തള്ളി. അതേസമയം, ആരോഗ്യ-ജനക്ഷേമ രംഗങ്ങളിൽ നിർണായകമായ പല കണക്കുകളും ലഭ്യമല്ലെന്ന് പാർലമെന്റിൽ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട് സർക്കാർ. ആസൂത്രണത്തിന് അത്യാവശ്യമായ സെൻസസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
വികസന രംഗത്ത് കാതലായ അടിസ്ഥാനങ്ങളാണ് സ്ഥിതിവിവരങ്ങളും സ്വതന്ത്ര റിപ്പോർട്ടുകളും. പ്രവർത്തനം മെച്ചപ്പെടുത്താനും തിരുത്താനുമുള്ള ഉപാധികളെന്ന നിലക്ക് അവയെ സ്വീകരിക്കുന്നതാണ് വിവേകം. 80 കോടി ജനങ്ങൾക്ക് സബ്സിഡി സൗജന്യത്തോടെ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച് നൽകുന്നുണ്ടെങ്കിലും 14 കോടി ജനങ്ങൾകൂടി അതിനർഹരായുണ്ടാകും എന്നാണ് കണക്ക്. എന്നിട്ടും നടപ്പുവർഷത്തെ യൂനിയൻ ബജറ്റിൽ ഭക്ഷ്യസബ്സിഡി നീക്കിയിരിപ്പ് മൂന്നിലൊന്ന് വെട്ടിക്കുറക്കുകയാണ് ചെയ്തത്: 31.28 ശതമാനം കുറവ്. വരുമാനക്കുറവും വിലക്കയറ്റവും കാരണം ആരോഗ്യപ്രദമായ ഭക്ഷണം ലഭിക്കാത്തവർ ഇന്ത്യക്കാരിൽ 74 ശതമാനമാണ്. ശതകോടീശ്വരന്മാർ പെരുകുന്നു; ഓരോരുത്തരുടെയും വരുമാനം പെരുകുന്നു. സർക്കാർ ധൂർത്തും അനാവശ്യ വ്യയവും കൂടുന്നു. മറുവശത്ത് സാധാരണക്കാർ ദാരിദ്ര്യത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. പട്ടിണി കിടക്കുന്നവരായി ആരും ബാക്കിയുണ്ടാകരുതെന്ന് ഇന്ത്യ ‘സുസ്ഥിര വികസന ലക്ഷ്യ’മായി നിശ്ചയിച്ച വർഷം 2030 ആണ് -വെറും ആറുവർഷം അകലെ. മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകാതെ, യഥാർഥ കണക്കും ഡേറ്റയും അംഗീകരിച്ച്, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടേ ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.