യാത്രാദുരിതങ്ങളിൽ വീർപ്പുമുട്ടുന്ന കേരളം
text_fieldsകേരളത്തിലെ യാത്രാക്ലേശത്തിന് ശാശ്വതമായ പരിഹാരമുണ്ടാകുമോ? പരിഹരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കാലങ്ങളായി നമ്മുടെ ഭരണകർത്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ട് കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പരിഹാരങ്ങളാകട്ടെ, യാത്രാദുരിതത്തിന്റെ മറ്റൊരു വല്ലിക്കെട്ടായി മാറുന്നു. അതിവേഗം തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും എത്തുന്നതിന്റെ ആവേശമായിരുന്നു വന്ദേ ഭാരത് വരുമ്പോൾ. എന്നിട്ടിപ്പോൾ വന്ദേ ഭാരത് സമയനിഷ്ഠ പാലിച്ച് കൃത്യതയോടെ ഓടുന്നു. അതിനുവേണ്ടി മറ്റെല്ലാ ട്രെയിനുകളുടെയും ഓട്ടം അവതാളത്തിലാക്കുന്നു. വന്ദേ ഭാരതിനുവേണ്ടി മലബാർ മേഖലയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതോടെ ജോലിസ്ഥലങ്ങളിലും കലാലയങ്ങളിലും എത്തുന്നതും തിരിച്ചുപോകുന്നതും ക്ലേശകരമായിത്തീർന്നിരിക്കുന്നു. ഒറ്റവരിപ്പാതയുള്ള എറണാകുളം-കായംകുളം റൂട്ടിൽ വണ്ടികൾ പിടിച്ചിടുന്ന പ്രവണത വളരെ കൂടുതലാണ്. വന്ദേ ഭാരതിൽ സഞ്ചരിക്കുന്നവർക്കുവേണ്ടി പുലർത്തുന്ന കൃത്യതയും കാര്യക്ഷമതയും അതിനുവേണ്ടി പിടിച്ചിട്ട് ഏറെ വൈകിപ്പിക്കുന്ന ട്രെയിനുകളിൽ ദുരിതപ്പെടുന്ന യാത്രക്കാർക്കും അവകാശപ്പെട്ടതാണെന്ന് റെയിൽവേ അധികാരികൾ ഓർക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇത്തരം ട്രെയിനുകളെ ജീവസന്ധാരണത്തിനുള്ള യാത്രാമാർഗമായി ആയിരക്കണക്കിന് സാധാരണക്കാർ ദിനേന ഉപയോഗിക്കുന്ന സാഹചര്യത്തിൽ. വന്ദേ ഭാരതിന്റെ കൃത്യതക്കുവേണ്ടി മറ്റു ട്രെയിനുകൾ ധാരാളം സമയം പിടിച്ചിടുകയും സമയം തെറ്റി ഓടിക്കുകയും ചെയ്യുന്നത് വിവേചനവും മനുഷ്യാവകാശ ലംഘനവുമാണ്. അത് തിരുത്താൻ സംസ്ഥാന സർക്കാറും ജനപ്രതിനിധികളും അടിയന്തരമായി രംഗത്തിറങ്ങേണ്ടതുണ്ട്.
കേരളത്തിലെ ട്രെയിനുകളിലെ യാത്രാദുരിതത്തിന്റെ വില്ലൻ വന്ദേ ഭാരത് മാത്രമല്ല, കേന്ദ്ര സർക്കാറിന്റെ വരേണ്യനിലപാടുകൾ അവക്ക് ആക്കം കൂട്ടുന്നുണ്ട്. പല ദീർഘദൂര ട്രെയിനുകളിലെയും ജനറൽ കമ്പാർട്മെന്റുകൾ നാലിൽനിന്ന് രണ്ടാക്കിയിരിക്കുന്നു. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ പലതിന്റെയും കോച്ചുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. പകൽവേളകളിൽ ദീർഘദൂര സ്ലീപ്പർ കോച്ചുകളിലുണ്ടായിരുന്ന യാത്രാസൗകര്യങ്ങൾ കോവിഡാനന്തരം റദ്ദാക്കപ്പെട്ടിരിക്കുന്നു. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനാണ് റെയിൽവേയുടെ പുതിയ തീരുമാനം. ഇപ്പോൾതന്നെ പല പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസുകളായാണ് ഓടുന്നത്. ഇതിന്റെയൊക്കെ വിലയൊടുക്കേണ്ടിവരുന്ന സാധാരണക്കാരായ യാത്രക്കാരെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ല അധികാരികൾ. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് പരശുറാം എക്സ്പ്രസിൽ കയറാനുള്ള നെട്ടോട്ടത്തിൽ കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഒന്നുരണ്ട് പേർ പാളത്തിലേക്ക് വീഴുകവരെ ചെയ്തു. അന്നേദിവസം ട്രെയിനിനകത്തെ തിരക്കിൽ ശ്വാസംകിട്ടാതെ യാത്രക്കാർ ബോധരഹിതരായ സംഭവങ്ങളും പുറത്തുവന്നു. ഇതേ അനുഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുവെങ്കിലും യാത്രാക്ലേശത്തിന് പരിഹാരം മാത്രമുണ്ടാകുന്നില്ല. ചുരുങ്ങിയപക്ഷം, മലബാറിലെങ്കിലും അടിയന്തരമായി മെമു സർവിസുകൾ ആരംഭിച്ചാൽ ആ മേഖലയിലെ യാത്രാക്ലേശത്തിന് അൽപമെങ്കിലും പരിഹാരമാകും.
സാധാരണക്കാരെ പരിഗണിക്കാതെയും അവരുടെ ആവശ്യങ്ങളോട് നീതിപുലർത്താതെയുമാണ് നമ്മുടെ ഗതാഗത പരിഷ്കരണങ്ങൾ നടക്കുന്നതെന്ന വിമർശനങ്ങൾ വികസനവിരുദ്ധമെന്ന മുദ്രയടിച്ച് തള്ളിക്കളയാവതല്ല. ജനസാന്ദ്രതയിലും വാഹനപ്പെരുപ്പത്തിലും രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പരസ്പരബന്ധിതമായ ഗതാഗതസംസ്കാരമുണ്ടാകണമെന്ന അഭിപ്രായം ഏറെ പഴഞ്ചനായിത്തീർന്നിട്ടും ഇതുവരെ പ്രാവർത്തികമാക്കാൻ ഭരണാധികാരികൾക്കായിട്ടില്ല. എന്തുകൊണ്ട് സാധിക്കുന്നില്ല എന്നതിന് ആർക്കുമൊരു ഉത്തരവുമില്ല. ആലുവയിൽ നിന്നുപോയ മെട്രോ പാത നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അവസാനിച്ചിരുന്നെങ്കിൽ എത്ര പേർക്ക് പ്രയോജനകരമായേനെ. താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കുന്നവർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്നും എപ്പോഴും നീണ്ട മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്നും നിർദേശം നൽകുമ്പോൾ അപഹാസ്യമാകുന്നത് നമ്മുടെ വികസന കാഴ്ചപ്പാടുകളല്ലേ?
ഇപ്പോൾ തകൃതിയിൽ നിർമാണജോലികൾ നടക്കുന്ന ദേശീയപാതയിൽ സർവിസ് റോഡുകളുടെ പണിയും വീതിയും ശ്രദ്ധിച്ചോളൂ. ഭാവിയിൽ അത് വലിയ കുരുക്കായിത്തീരുമെന്ന് പ്രവചിക്കാൻ അവയിലൂടെ ഒറ്റത്തവണ സഞ്ചരിച്ചാൽ മതി. ഇത്രയും ജനസാന്ദ്രതയുള്ള സംസ്ഥാനത്തെ സർവിസ് റോഡുകൾ ഏകദിശാരീതിയിലാകുന്നത് എത്ര വലിയ അബദ്ധമാകുമെന്ന് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നിടത്താണ് വികസനങ്ങൾ ജനവിരുദ്ധമായി പോകുന്നത്. സുഗമമായ യാത്ര എല്ലാവരുടെയും അവകാശമാണെന്ന് തിരിച്ചറിയുകയും മഹാഭൂരിഭാഗവും സഞ്ചരിക്കുന്ന ട്രെയിനുകളും റോഡുകളും സുഗമവും സുലഭവും സൗകര്യവുമാകുമ്പോൾ മാത്രമേ പശ്ചാത്തലവികസനം ജനോപകാരപ്രദമായി മാറുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.