നിലക്കാത്ത മാധ്യമവേട്ട
text_fieldsപ്രമുഖ ഓൺലൈൻ വാർത്താപോർട്ടലായ ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുർകായസ്ത, വിഡിയോ ജേണലിസ്റ്റ് അഭിസർ ശർമ, മുതിർന്ന പത്രപ്രവർത്തകൻ ഔനിന്ദ്യോ ചക്രവർത്തി, പ്രശസ്ത പത്രപ്രവർത്തകൻ പരൻജയ് ഗുഹ ത കുർത്ത, ഉശിരുള്ള മാധ്യമ പ്രവർത്തക ഭാഷാസിങ് തുടങ്ങിയവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലുമായി കഴിഞ്ഞ പുലർച്ച ഡൽഹി പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തി ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചോദ്യംചെയ്യലിന് വിധേയമാക്കുകയും ചെയ്ത സംഭവം എഡിറ്റേഴ്സ് ഗിൽഡിന്റെയും ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളുടെയും കടുത്ത പ്രതിഷേധത്തിന് വഴിവെച്ചതിൽ അത്ഭുതമില്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ജനാധിപത്യത്തിന്റെ നാലാംതൂണിനുനേരെ അനുവർത്തിക്കുന്ന നയം ദേശീയതലത്തിലും സാർവദേശീയതലത്തിലും നിശിത വിമർശനത്തിനും ഉത്കണ്ഠക്കും ശരവ്യമായിക്കൊണ്ടിരുന്നിട്ടുണ്ട്. ഒരുവിധ പ്രതിഷേധമോ എതിർപ്പോ പൊറുപ്പിക്കുകയില്ലെന്ന നിലപാടിൽ ഒരുമാറ്റവും ഇല്ലെന്ന് തീരുമാനിച്ചാണ് സർക്കാറിന്റെ പോക്ക്. അന്താരാഷ്ട്രതലത്തിൽ മാധ്യമസ്വാതന്ത്ര്യ സൂചിക പട്ടികയിൽ 152 ആണ് ജനാധിപത്യ ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അടയാളപ്പെടുത്തിയിരിക്കുന്നതെങ്കിലും പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ഉറച്ചനിലപാടിലാണ് മോദി-അമിത് ഷാ ടീം. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിര ഗാന്ധിയെ നിരന്തരം ശകാരിക്കുന്ന സംഘ്പരിവാർ, അക്കാലത്ത് പത്രപ്രവർത്തകർക്കും പത്രാധിപന്മാർക്കും നേരെ സ്വീകരിക്കപ്പെട്ട വിലക്കുകളെയും നിയന്ത്രണങ്ങളെയുമാണ് ഏറ്റവും രൂക്ഷമായി കുറ്റപ്പെടുത്താറുള്ളത്. എന്നാൽ, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മറവിൽ നിലവിലെ ഹിന്ദുത്വസർക്കാർ ചെയ്യുന്നതോ? മാധ്യമങ്ങളിൽ മഹാഭൂരിഭാഗത്തെയും പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആജ്ഞാനുവർത്തികളായി മാറ്റിയതോടൊപ്പം ഒരൽപം അഭിപ്രായസ്വാതന്ത്ര്യം പുലർത്തുന്നവയെ പരസ്യങ്ങൾ നിഷേധിച്ചു, ശ്വാസം മുട്ടിക്കുന്നു, വഴങ്ങാത്തവരെ അടച്ചുപൂട്ടിക്കുന്നു. മലയാളത്തിലെ സ്വതന്ത്ര വാർത്താചാനൽ മീഡിയവണിന് മുന്നറിയിപ്പുപോലും നൽകാതെ സംപ്രേഷണം വിലക്കിയത് സമീപകാലത്തെ വിസ്മരിക്കാനാവാത്ത നടപടിയാണ്. മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് അന്യായവും ജനാധിപത്യ വിരുദ്ധവുമായ നടപടി റദ്ദാക്കി ലൈസൻസ് പുനഃസ്ഥാപിച്ചത് വിസ്മരിക്കാൻ നേരമായിട്ടില്ല. ചരിത്രപ്രധാനമായ മീഡിയവൺ വിധിയിൽ ഇരകൾക്ക് കാരണംപോലും വെളിപ്പെടുത്താതെയും ബോധ്യപ്പെടുത്താതെയും ആത്യന്തിക നടപടികൾ സ്വീകരിച്ച സർക്കാർനടപടിയുടെ ഭരണഘടനാവിരുദ്ധത ശക്തമായി ചൂണ്ടിക്കാട്ടിയിരുന്നതാണ്. ചാനലിന്റെ സംപ്രേഷണാനുമതി പുനഃസ്ഥാപിച്ചുവെങ്കിലും മാധ്യമനയത്തിലെ നിഷേധാത്മക നിലപാട് തിരുത്താൻ സർക്കാർ തയാറായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ നടപടിയും തെളിയിക്കുന്നത്.
സർക്കാറിന്റെ കോർപറേറ്റ് പ്രീണന സാമ്പത്തികനയങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, പൗരജനങ്ങൾക്കിടയിലെ ജാതി-മത വിവേചനം, നിയമവാഴ്ചയിലെ കൊടും പക്ഷപാതിത്വം, അഴിമതിയും സ്വജനപക്ഷപാതിത്വവും സർവോപരി ഭരണഘടനയോടുള്ള നിഷേധാത്മക സമീപനം തുടങ്ങിയവ തുറന്നുകാട്ടുന്നതിലെ അസഹ്യതയും വിരോധവുമാണ് ഇടതുപക്ഷാനുകൂല ന്യൂസ് ക്ലിക്, സ്വതന്ത്ര മാധ്യമമായ ‘ദ വയർ’, കാരവൻ തുടങ്ങിയ മാധ്യമങ്ങളോടുള്ള പകപോക്കലിന് വഴിയൊരുക്കിയിരിക്കുന്നത്. ചൈനയിൽനിന്ന് ലഭിക്കുന്ന ധനസഹായമാണ് ന്യൂസ് ക്ലിക്കിന്റെ സർക്കാർവിരുദ്ധ നിലപാടുകളുടെ പിന്നിലെന്ന് ഒരു വിദേശ പത്രത്തിലെ റിപ്പോർട്ടിനെ ആധാരമാക്കി ബി.ജെ.പിക്കാരനായ പാർലമെന്റ് അംഗം ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ ന്യൂസ് ക്ലിക്കിനെതിരായ നടപടികൾക്കു പിന്നിൽ എന്നാണ് പുറത്തുവരുന്ന വിവരം. ന്യൂയോർക് ടൈംസിൽ വന്നതായി പറയുന്ന വാർത്തയുടെ വിശ്വാസ്യത എത്രത്തോളം എന്ന് തെളിയിക്കപ്പെട്ടിട്ടുവേണം. ടീസ്റ്റ സെറ്റൽവാദ് ഉൾപ്പെടെയുള്ള പൗരാവകാശ-സാമൂഹിക പ്രവർത്തകരെയും നിയമജ്ഞരെയും വേട്ടയാടുന്ന മോദിസർക്കാർ മുതിർന്ന മാധ്യമപ്രവർത്തകരെക്കൂടി പിടികൂടി യു.എ.പി.എയുടെ ദുർവിനിയോഗത്തിലൂടെ അനിശ്ചിതകാലം കാരാഗൃഹത്തിലാക്കാനോ നിശ്ശബ്ദമാക്കാനോ നടത്തുന്ന ശ്രമമാണ് ഇപ്പോൾ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നുവേണം കരുതാൻ. സംഘ്പരിവാർ സഹയാത്രികയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പിടികൂടി ജയിലിലടച്ചു; യു.പിയിലെ ദലിത് യുവതിയെ ബലാത്സംഗക്കൊല ചെയ്തത് അന്വേഷിക്കാൻ പോയ മഹാപാപത്തിന് മലയാളിയായ സിദ്ദീഖ് കാപ്പന് ജാമ്യംപോലും നിഷേധിച്ച് തടവിലിട്ടു. യോഗി ആദിത്യനാഥിന്റെ ഈ നടപടികൾ മറന്നിട്ടില്ലാത്തവർക്ക് ഇപ്പോഴത്തെ റെയ്ഡും കേസുമൊന്നും പുതിയ കാര്യങ്ങളേയല്ല. എന്നാൽ, സമീപ ദിവസങ്ങളിൽ പുറത്തുവന്നതും അല്ലാത്തതുമായ അഭിപ്രായ സർവേ ഫലങ്ങൾ ആസന്നമായ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയസാധ്യതകളിലേക്ക് വിരൽചൂണ്ടുന്നതായ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയാണ് ആത്യന്തിക നടപടികളിലേക്ക് കാവിപ്പടയെ നയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അതാണ് വസ്തുതയെങ്കിൽ കൂടുതൽ ഭ്രാന്തമായ പലതിനും കാതോർക്കേണ്ടതായിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.