ആരാണ് യഥാർഥ ഭീകരൻ?
text_fieldsപശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. ഫലസ്തീൻ ചെറുത്തുനിൽപു സംഘടനയായ ഹമാസ് ശനിയാഴ്ച രാവിലെ ഇസ്രായേലി അധിനിവേശ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം വേഗം കൊണ്ടും ആസൂത്രണം കൊണ്ടും ഇസ്രായേലിനെ മാത്രമല്ല, ലോകത്തെയും അമ്പരപ്പിച്ചു. കര, വ്യോമ, കടൽമാർഗങ്ങളിലൂടെ തികഞ്ഞ ഏകോപനത്തോടെയായിരുന്നു ഹമാസിന്റെ നീക്കം. അജയ്യമെന്ന് ഇസ്രായേലി അധികൃതർ വമ്പുപറഞ്ഞ പ്രതിരോധ സംവിധാനങ്ങളെയും ലോകോത്തരമെന്ന് വാഴ്ത്തപ്പെട്ട ചാരനിരീക്ഷണ ശൃംഖലകളെയും ഡിജിറ്റൽ കവചങ്ങളെയുമെല്ലാം മറികടന്ന് ഇസ്രായേലി പ്രതിരോധ സേന (ഐ.ഡി.എഫ്)യെ പത്തുമണിക്കൂറോളം നിസ്സഹായമാക്കി നിർത്തി അത്. ഡസൻകണക്കിന് ഹമാസ് പോരാളികൾ ബൈക്കിലും പിക്കപ്പിലും ബോട്ടിലും പാരാ ഗ്ലൈഡറിലുമെല്ലാം ഇരച്ചുചെന്ന് ഇസ്രായേലി പട്ടണങ്ങൾ പിടിച്ചു; സൈനികത്താവളങ്ങൾ ആക്രമിച്ചു; ഇസ്രായേലി പട്ടാളക്കാരെയും സിവിലിയന്മാരെയും ബന്ദികളാക്കി ഗസ്സയിലേക്ക് കടത്തി. ഇതു യുദ്ധം തന്നെ എന്നു പ്രഖ്യാപിച്ച് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗസ്സയിലെ വലിയ ജനവാസ കെട്ടിടങ്ങളടക്കം തകർന്നു. ഇരുപക്ഷത്തും നൂറുകണക്കിന് മരണമുണ്ടാ യി. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി അടിയന്തരമായി യോഗം വിളിച്ചിട്ടുണ്ടെങ്കിലും വെടിനിർത്തൽ എന്ന്, എങ്ങനെ, ഉണ്ടാകുമെന്ന് പറയാനായിട്ടില്ല. അതുവരെ കുരുതികളും നാശനഷ്ടങ്ങളും പെരുകുമെന്ന് ഭയക്കണം. തുല്യരല്ലാത്ത രണ്ടു ശക്തികൾ തമ്മിലാണ് യുദ്ധം. ഒരു ഭാഗത്ത് പതിറ്റാണ്ടുകളുടെ ഉപരോധത്തിനും അസംഖ്യം സൈനികാക്രമണങ്ങൾക്കും വിനാശകരമായ യുദ്ധങ്ങൾക്കും ഇരയായ, തുറന്ന കൂട്ടിലെ തടവുകാരായ ഗസ്സ സമൂഹം. കല്ലും നാടൻ ബോംബും തട്ടിക്കൂട്ട് മിസൈലുംകൊണ്ട് നിലനിൽപിനായി പൊരുതാൻ വിധിക്കപ്പെട്ടവർ. മറുഭാഗത്ത് ആണവായുധവും അത്യാധുനിക സൈനികകോപ്പുമെല്ലാമുള്ള ഇസ്രായേൽ എന്ന ഗോലിയാത്ത്. ഇത്ര സന്ദിഗ്ധമായ സ്ഥിതിയിലും, മിന്നലാക്രമണം പ്രകോപനമാകുമെന്നറിഞ്ഞിട്ടും, ഈ സാഹസത്തിന് മുതിർന്നത് മറ്റു മാർഗങ്ങളെല്ലാം അടഞ്ഞതുകൊണ്ടാണ് എന്നാണ് ഹമാസ് നിലപാട്.
യൂറോപ്പിലെ നാസികൾ വേട്ടയാടിയ ജൂത സമൂഹത്തിന് ഫലസ്തീന്റെ ഭൂമി അവിഹിതമായി നൽകി യൂറോപ്യരും യു.എന്നും ‘സ്ഥാപിച്ച’ ഇസ്രായേൽ മുക്കാൽ നൂറ്റാണ്ടായി ഫലസ്തീൻ ജനതയെ കൊന്നും അഭയാർഥികളാക്കിയുമാണ് സ്വയം വികസിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും വിരുദ്ധമായി നാട്ടുകാരെ ആട്ടിപ്പായിക്കുന്നു; ഭൂമി തട്ടിയെടുത്ത് ജൂത കോളനികൾ ഉണ്ടാക്കുന്നു. ഗസ്സ വർഷങ്ങളായി ഉപരോധത്തിനിരയാണ്. അവർക്ക് വൈദ്യുതി ഏതാനും മണിക്കൂറുമാത്രം. വ്യാപാരവും ജോലിയും പരിമിതം. പുറമേക്ക് പോകാൻ ‘അനുവാദ’മില്ല. വെസ്റ്റ് ബാങ്കിലുമുണ്ട് അനധികൃത കുടിയേറ്റവും സഞ്ചാര നിയന്ത്രണവും പട്ടാളക്കാരുടെ തേർവാഴ്ചയും. ഫലസ്തീന്റെ മറ്റു ഭാഗങ്ങളും ഇസ്രായേലിന്റെ നിയമവിരുദ്ധ നിയന്ത്രണത്തിലാണ്. ഇത്തരം അന്യായങ്ങൾക്ക് പുറമെ, അടുത്തകാലത്തായി അൽ അഖ്സ പള്ളിയിലും മറ്റും ഇസ്രായേലി പട്ടാളം കടന്നുകയറി കുഴപ്പം സൃഷ്ടിക്കുന്നു. ജീവിത വിഭവങ്ങൾ മാത്രമല്ല, മനുഷ്യരെന്ന നിലക്കുള്ള അന്തസ്സുപോലും നിഷേധിക്കപ്പെടുമ്പോൾ ആ ജനത എന്തു ചെയ്യണം? ലോകസമൂഹവും യു.എന്നും പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ പതിറ്റാണ്ടുകൾ കാത്തിരുന്നിട്ടും, ഓസ്ലോ കരാർ മുതൽ ജറൂസലമിനെ ഇസ്രായേലിന് പതിച്ചുനൽകുന്നതുവരെയുള്ള ചതിപ്രയോഗങ്ങൾ മാത്രമാണ് അവർക്ക് കിട്ടിയത്. ഒടുവിൽ രണ്ടാഴ്ച മുമ്പ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ‘പുതിയ മിഡിലീസ്റ്റി’നെ ഭൂപടം സഹിതം ഉയർത്തിക്കാട്ടിയപ്പോൾ അതിൽ ഫലസ്തീൻ എന്ന വാക്കുപോലുമില്ല. അന്തസ്സിനും ജീവിതത്തിനും ജീവനും മേൽ അനുദിനം സയണിസ്റ്റ് കടന്നാക്രമണം വർധിച്ചുകൊണ്ടിരിക്കെ ഇനി ഏത് ലോകസമൂഹത്തെയാണ് അവർ സമാധാന ശ്രമങ്ങൾക്കായി കാത്തിരിക്കേണ്ടത്?
ഒരു സൈനിക വിജയം ഉറപ്പിച്ചാവില്ല ഹമാസ് ഈ സാഹസത്തിന് മുതിർന്നത്. പക്ഷേ, ഇസ്രായേലിന്റെ അഹന്തക്കുമേൽ അവർ നേടിയ മനഃശാസ്ത്ര വിജയം ചെറുതല്ല. ലോകത്തിന് മുമ്പാകെ അവർ ഈ നടപടിയിലൂടെ ഒരു ചോദ്യം കൂടി വെക്കുന്നുണ്ട്. ആരാണ് യഥാർഥ ആക്രമണകാരി? ആരാണ് യഥാർഥ ഭീകരൻ? 1948ൽ ഇസ്രായേൽ നിഷ്ഠുരമായി ആട്ടിയോടിച്ച ഫലസ്തീൻകാരെ തിരിച്ചുവരാൻ അനുവദിക്കണമെന്ന യു.എൻ പ്രമേയം നടപ്പാക്കാത്തവർ; 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്ന് വിട്ടുപോകണമെന്ന പ്രമേയം ധിക്കരിച്ചവർ; അനധികൃത കുടിയേറ്റം അരുതെന്ന് യു.എൻ പറഞ്ഞിട്ടും കേൾക്കാത്തവർ; സിവിലിയന്മാർക്കെതിരെ മനുഷ്യത്വരഹിത മുറകൾ സ്വീകരിക്കുന്നവർ; മനുഷ്യാവകാശ ലംഘനം നടത്തുന്നവർ; യു.എൻ ഏജൻസികളുടെ വീക്ഷണത്തിലടക്കം ‘അപാർതൈറ്റ്’ പുലർത്തുന്നവർ; യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നവർ. ഇതെല്ലാം ചെയ്യുന്നത് ഇസ്രായേലാണ്. അതേസമയം, അധിനിവേശ ശക്തികൾക്കെതിരെ സായുധസമരം വരെ അനുവദനീയമാണെന്ന യു.എൻ രേഖയാണ് ഫലസ്തീൻകാർ പിന്തുടരുന്നത്. ഇസ്രായേലിനെതിരെ, ഫലസ്തീനൊപ്പമാണ് ഇന്ത്യൻ ജനതയെന്ന് ഗാന്ധിജി പറഞ്ഞത് നീതിബോധം കൊണ്ടാണ്. ‘ഇസ്രായേൽ പിടിച്ചെടുത്ത അറബ് പ്രദേശം അവർ വിട്ടുകൊടുക്കണം; ഫലസ്തീൻകാരുടേതാണ് അത്’ എന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയിയും പറഞ്ഞു. നീതിയുടെ ഭാഗത്തുനിൽക്കുന്ന ഇന്ത്യക്ക്, ഫലസ്തീൻകാരുടെ ചെറുത്തുനിൽപിനെ ഭീകരതയായി കാണുന്ന ‘അപലപന ക്ലബി’ൽ ചേരാൻ എങ്ങനെ കഴിയും? ഇതിലെ പരിഹാസ്യത നോം ചോംസ്കി വ്യക്തമാക്കിയിട്ടുണ്ടല്ലോ: ‘എന്റെ വെള്ളം നിങ്ങളെടുക്കുന്നു. എന്റെ ഒലിവ് മരങ്ങൾ നിങ്ങൾ ചാമ്പലാക്കുന്നു; എന്റെ വീട് നശിപ്പിക്കുന്നു; എന്റെ അച്ഛനെ തടവിലാക്കുന്നു; അമ്മയെ കൊല്ലുന്നു; നാട് ബോംബിട്ട് തകർക്കുന്നു; ഞങ്ങളെ പട്ടിണിക്കിടുന്നു; അപമാനിക്കുന്നു. പക്ഷേ, കുറ്റം എന്റേതാണ് -ഒരൊറ്റ റോക്കറ്റ് ഞാനങ്ങോട്ട് തൊടുത്തുപോയല്ലോ.’ രാജ്യങ്ങളുടെ നീതിബോധത്തിന്റെ ഉരകല്ലാവുകയാണ് ഫലസ്തീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.