വാസുവേട്ടന്റെ പോരാട്ടം അവസാനിക്കുന്നില്ല
text_fieldsവാസുവേട്ടൻ എന്ന് പൗരസമൂഹം സ്നേഹാദരപൂർവം വിളിക്കുന്ന 94 വയസ്സ് പിന്നിട്ട എ. വാസു ഒരു മാസത്തിലേറെ നീണ്ട ജയിൽവാസത്തിനുശേഷം കുറ്റമുക്തനായി പുറത്തിറങ്ങിയിരിക്കുന്നു. എന്തിനുവേണ്ടിയാണ് ഈ പ്രായാധിക്യത്തിലും അദ്ദേഹം ജയിൽവാസമനുഷ്ഠിക്കാൻ നിശ്ചയിച്ചത്? കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കുറ്റമുക്തനാക്കിയ കേസ് എന്തായിരുന്നു? ഇരട്ടനീതിയുടെ ഇരുൾചുഴികളിൽ ജീവിതം പിടഞ്ഞമരുന്നവരും ഭരണകൂട രക്ഷാകവചങ്ങളുപയോഗിച്ച് നിർബാധം കരക്കണയുന്നവരും ആരൊക്കെയാണെന്നും എങ്ങനെയവർക്കത് സാധിക്കുന്നുവെന്നും അദ്ദേഹം കോടതിമുറിയിൽ ഉറക്കെപ്പറയാൻ ശ്രമിച്ചതിന് എത്ര പേരാണ് ചെവികൊടുത്തത്? ജനാധിപത്യത്തിന്റെ പറുദീസയെന്നും മനുഷ്യാവകാശത്തിന്റെ സംരക്ഷണഗേഹമെന്നും മേനിനടിക്കുന്ന മലയാളികളുടെ സാമൂഹിക ഇരട്ടത്താപ്പുകളെ അനാവൃതമാക്കിയാണ് വാസുവേട്ടൻ കോഴിക്കോട് ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. ഭരണകൂടനീതിയെ കുറിച്ച് സംസാരിച്ചതിന് ജനാധിപത്യത്തിന്റെ ജീവശ്വാസമായ രാഷ്ട്രീയപ്രതിഷേധത്തിന്റെ പേരിൽ വയോധികനായ മനുഷ്യാവകാശ പോരാളിയെ 46 ദിവസം ജയിലിലടച്ചപ്പോൾ എവിടെയായിരുന്നു ‘പ്രബുദ്ധ കേരള’ത്തിന്റെ മനഃസാക്ഷി എന്ന് ഭാവിതലമുറ നമ്മോട് ചോദിച്ചാൽ അപമാനത്താൽ തലകുനിച്ചുനിൽക്കാനേ ഓരോ മലയാളിക്കുമാകൂ.
2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസുമായി ‘ഏറ്റുമുട്ടിയ’ മാവോവാദികൾ കൊല്ലപ്പെട്ടു എന്നവാർത്ത പുറത്തുവന്നത്. മാവോവാദി നേതാക്കളായ കുപ്പു ദേവരാജും അജിതയുമായിരുന്നു കൊല്ലപ്പെട്ടത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആദ്യമായി പ്രസ്താവനയിറക്കിയത് ഭരണത്തിലെ കൂട്ടുകക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു. അന്നത്തെ പിണറായിസർക്കാറിന് ഏറെ നാണക്കേടുണ്ടാക്കിയ വിഷയം പഠിക്കാൻ സി.പി.ഐ നിയോഗിച്ച കമീഷനും വ്യാജ ഏറ്റുമുട്ടൽ വാദം ശരിവെച്ചു. കമീഷന് നേതൃത്വം വഹിച്ച സി.പി.ഐ നേതാവ് പി. പ്രസാദ് ഇന്ന് പിണറായി മന്ത്രിസഭയിൽ അംഗമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം കാണാനും അന്ത്യകർമങ്ങൾക്കായി കുടുംബത്തിന് ലഭ്യമാക്കാനുമുള്ള മൗലികാവകാശം ഭരണകൂടം നിഷേധിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം പ്രതിഷേധിച്ച കേസിലാണ് ഏഴ് വർഷങ്ങൾക്കുശേഷം വാസു അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റിലായ അദ്ദേഹം ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയാറായില്ല. പകരം, കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ കേരളസർക്കാറിന്റെ അനുവാദത്തോടെ നടന്ന എട്ടോളം ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വസ്തുതകൾ സ്വതന്ത്രമായി അന്വേഷിക്കണമെന്ന തന്റെ നിരന്തര ആവശ്യത്തെ കേരളത്തിന്റെ സജീവശ്രദ്ധയിലേക്ക് ഒരിക്കൽക്കൂടി കൊണ്ടുവരാനുള്ള പോരാട്ടമായി പരിവർത്തിപ്പിക്കുകയാണ് ചെയ്തത്.
ഈ ജയിൽവാസവും വാസു ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങളും ഭരണകൂടം ഉത്തരം പറയേണ്ട ധാരാളം നൈതികമായ പ്രശ്നങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനസർക്കാറിന് അതിൽനിന്ന് മുഖംതിരിച്ച് രക്ഷപ്പെടുക അത്ര എളുപ്പമല്ല. അദ്ദേഹത്തിന്റെ പ്രായം, വിട്ടയക്കാൻ സാംസ്കാരിക വ്യക്തിത്വങ്ങളടക്കമുള്ള ധാരാളം പേരുടെ ആവശ്യം എന്നിവ പരിഗണിച്ച് കേസ് പിൻവലിക്കാൻ എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷേ, അതിനവർ സന്നദ്ധമായില്ല. അതേസമയം, തന്നെയാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസംഗത്തിനെതിരെ തിരുവനന്തപുരത്ത് എൻ.എസ്.എസ് സംഘടിപ്പിച്ച നാമജപയാത്രക്കെതിരെ എടുത്ത കേസ് ഉടനടി എഴുതിത്തള്ളാൻ തീരുമാനമുണ്ടാകുന്നത്. ഗ്രോ വാസു കോടതിമുറിക്കകത്തും പുറത്തും ഉന്നയിച്ച ഇരട്ടനീതി പ്രശ്നം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇടതുപക്ഷംകൂടി പങ്കാളികളായ പൗരത്വനിയമ ഭേദഗതി പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇപ്പോഴും സർക്കാർ സന്നദ്ധമായിട്ടില്ല. സംസ്ഥാനത്ത് നടക്കുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളോട് ആഭ്യന്തരവകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം അധികാരമുപയോഗിച്ച് നിശ്ശബ്ദമാക്കുന്ന സമഗ്രാധിപത്യരീതിയാണ്. അത് തിരുത്താൻ ജനകീയ വിചാരണക്ക് ജനങ്ങൾ രംഗത്തിറങ്ങണമെന്നാണ് വാസുവേട്ടന്റെ പ്രതിഷേധ ജയിൽവാസം ആവശ്യപ്പെടുന്നത്.
കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മാവോവാദി വേട്ടയെന്നപേരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ എട്ടു ജീവനുകളാണ് ഇല്ലാതായത്. ഈ നിയമബാഹ്യ നരഹത്യകളിൽ സ്വതന്ത്രവും ഔദ്യോഗികവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകുന്നില്ല എന്നത് യഥാർഥത്തിൽ കേരളത്തിന്റെ നീതിബോധത്തിനുമേലുള്ള തീരാക്കളങ്കമാണ്. കേന്ദ്രസർക്കാർ ഫണ്ടിനുവേണ്ടി തയാറാക്കിയ തിരക്കഥകളാണ് ഈ വ്യാജ ഏറ്റുമുട്ടലുകളെന്ന് പൗരാവകാശ പ്രവർത്തകർ ഉറച്ചുവിശ്വസിക്കുന്നു. അതിനുപോദ്ബലകമായ തെളിവുകൾ അവർ പുറത്തുവിടുകയും ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഗ്രോ വാസുവിന്റെ പോരാട്ടം സഫലമാകണമെങ്കിൽ പശ്ചിമഘട്ട മലനിരകളിലെ വെടിയൊച്ചകളുടെ വസ്തുതകൾ വെളിച്ചത്തുവരുന്ന സ്വതന്ത്ര അന്വേഷണത്തിന് സർക്കാറിനെ നിർബന്ധിതമാക്കുന്ന ജനകീയ ആവശ്യം ഉയരേണ്ടതുണ്ട്. നിയമസഭയിൽ പ്രതിപക്ഷം ഉയർത്തേണ്ടത് ആ ആവശ്യമാണ്. അതിന് ഇടതുപക്ഷ സർക്കാർ തയാറല്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അതിന് ഉത്തരവിടുമെന്ന് പ്രഖ്യാപിക്കാനെങ്കിലും പ്രതിപക്ഷനേതാവ് മുന്നിട്ടിറങ്ങുമോ?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.