ഇന്ത്യ-കാനഡ തർക്കം മുറുകുമ്പോൾ
text_fieldsസിഖ് വിഘടനവാദി നേതാവും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് അധ്യക്ഷനുമായ ഹർദീപ് സിങ് നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും അതേച്ചൊല്ലി കൈക്കൊണ്ട നടപടികളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കൊലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. അവരുടെഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു. സുരക്ഷിതത്വപ്രശ്നം മുൻനിർത്തി കാനഡയിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യ നിർദേശം നൽകി. ഏറ്റവുമൊടുവിൽ കനേഡിയൻ പൗരർക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിസ നിഷേധിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇരുപക്ഷവും നടപടിയും മറുപടിയുമായി നീങ്ങിത്തുടങ്ങിയത് ഉഭയകക്ഷിബന്ധം അവതാളത്തിലാക്കിയിരിക്കുന്നു. സംഭവത്തിൽ സിഖ് പ്രതിഷേധം കനത്തതോടെ പഞ്ചാബിനു പുറത്ത് ലോകത്ത് ഏറ്റവും കൂടുതൽ സിഖ് സാന്നിധ്യമുള്ള കാനഡയിലെ ഇന്ത്യൻ പ്രവാസികൾ ആശങ്കയിലാണ്.
സ്വതന്ത്ര സിഖ് രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകൾ കാനഡയിൽ പണ്ടുതൊട്ടേ സജീവമാണ്. ആ രാജ്യത്തെ സവിശേഷമായ ജനാധിപത്യസംവിധാനങ്ങളുടെയും സാഹചര്യങ്ങളുടെയും ആനുകൂല്യത്തിലാണ് അവരുടെ പ്രവർത്തനം. 1997ൽ കാനഡയിലേക്കു കുടിയേറിയ പഞ്ചാബ് ജലന്ധർ ജില്ലയിലെ ഭർസിങ്പുര സ്വദേശിയായ നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക് സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ് രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു. കലാപപ്രേരണ നൽകുന്ന പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും വ്യാപിപ്പിക്കാനായി സോഷ്യൽമീഡിയയിൽ പടങ്ങളും വിഡിയോകളും പോസ്റ്റു ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നാലുകേസുകളിൽ കുറ്റവാളിപ്പട്ടികയിൽ പെടുത്തിയ നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ വർഷം 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഫില്ലോറിൽ ഹിന്ദു സന്യാസിമാർക്കുനേരെ നടന്ന ആക്രമണം, പഞ്ചാബിലടക്കം ആർ.എസ്.എസ് നേതാക്കളെയും പരിപാടികളെയും ഉന്നമിട്ടു നടന്ന ചില ആക്രമണങ്ങൾ, 2020ൽ ഖലിസ്ഥാനുവേണ്ടി നടത്തിയ ഹിതപരിശോധന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് നിജ്ജറിനുമേൽ ചുമത്തിയത്. ജീവനു ഭീഷണിയുണ്ടെന്നു കാനഡയിലെ ഇന്‍റലിജൻസ് വിഭാഗം മുന്നറിയിപ്പു നൽകി ദിനങ്ങൾക്കകമാണ് നിജ്ജർ കൊല ചെയ്യപ്പെടുന്നത്. സറേയിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ സിഖ് പ്രമുഖനാണ് നിജ്ജർ. 1985 ജൂൺ 23ന് കാനഡയിൽനിന്നു ഇന്ത്യയിലേക്ക് തിരിച്ച എയർ ഇന്ത്യയുടെ വിമാനം സ്ഫോടനത്തിൽ തകർന്ന് 329 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട് പിന്നീട് കുറ്റമുക്തനായ റിപുദമാൻ സിങ് മാലിക് കഴിഞ്ഞ വർഷം ജൂലൈ 14 ന് കൊലക്കിരയായിരുന്നു.
’കനേഡിയൻ പൗരനായ നിജ്ജറിന്‍റെ വധവുമായി ഇന്ത്യ ഗവൺമെന്‍റിന്‍റെ ഏജന്‍റുമാർക്ക് പ്രബലമായ പങ്കുണ്ടെന്ന വിശ്വാസയോഗ്യമായ ആരോപണങ്ങളെക്കുറിച്ച് സുരക്ഷ ഏജൻസികൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷിച്ചുവരുകയാണ്’ എന്ന് പാർലമെന്‍റിന്‍റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ് സെപ്റ്റംബർ 18ന് ട്രൂഡോ വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട അദ്ദേഹം, അന്താരാഷ്ട്ര നിയമത്തിന്‍റെ വരുതിയിൽ വരുന്ന മറ്റൊരു രാജ്യത്ത് കടന്നുകയറിയുള്ള ഓപറേഷനുകൾ സംബന്ധിച്ച നിലപാട് വ്യക്തമാക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇതിനു പിറകെ ഇന്ത്യയുടെ വിദേശ ഇന്‍റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തലവനെ പുറത്താക്കിയതായി കാനഡയുടെ വിദേശമന്ത്രിയും അറിയിച്ചു. ആരോപണത്തെ യുക്തിഹീനവും ദുരുപദിഷ്ടവുമെന്നു തള്ളിക്കളഞ്ഞ ഇന്ത്യ കനേഡിയൻ ഹൈകമീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും അവരുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോപണത്തിൽ അമേരിക്കയും ആസ്‌ട്രേലിയയും കാനഡക്ക് ഒപ്പം ചേർന്ന് ഉത്കണ്ഠ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, സിഖ് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നീക്കം അനുവദിക്കാനാവില്ലെന്ന കാർക്കശ്യത്തിലാണ് ഇന്ത്യ. ജി-20 ഉച്ചകോടിക്കെത്തിയ ട്രൂഡോയെ ഈ വിഷയത്തിലെ അതൃപ്തി പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു. 1973നുശേഷം ആദ്യമായി കാനഡ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്-2015ൽ. പിന്നീട് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യയിലെത്തുകയും സ്വതന്ത്ര വ്യാപാര കരാർ സജീവമാക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. സമഗ്ര പങ്കാളിത്ത സാമ്പത്തിക ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് എല്ലാം അട്ടിമറിച്ച ട്രൂഡോയുടെ ആരോപണം വരുന്നത്. പ്രശ്നം കൂടുതൽ വഷളാകുന്നത് ഇരുരാജ്യങ്ങൾക്കും അപരിഹാര്യമായ നഷ്ടമായിരിക്കുമെന്നു മാത്രമല്ല, അത് അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചെറുതാവില്ല. ആരോപണങ്ങൾ ഉന്നയിച്ച കാനഡ അതിന് തെളിവ് കൊണ്ടുവരണം. അല്ലെങ്കിൽ ക്ഷമാപണേത്താടെ വ്യാജാരോപണത്തിൽനിന്നു പിന്തിരിയണം.
ആഗോളതലത്തിൽ ഇന്ത്യയെ താറടിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നു പ്രഖ്യാപിക്കാൻ ട്രൂഡോയുടെ വെല്ലുവിളി സ്വീകരിച്ച് അന്വേഷണത്തിന് സുതാര്യവും സുഗ്രാഹ്യവുമായ മറുപടി െകാടുക്കാൻ ഇന്ത്യക്കും കഴിയണം. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, ഉഭയകക്ഷിബന്ധത്തിലെ വിള്ളലുകൾ ഇല്ലാതാക്കി സഹകരണത്തിന്‍റെയും സൗഹാർദത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ലോകത്തിന്‍റെതന്നെ സുഗമമായ മുന്നേറ്റത്തിന് ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.