‘പുതിയ’ പാർലമെന്റ്
text_fieldsസ്വതന്ത്ര ഇന്ത്യയുടെ മുക്കാൽനൂറ്റാണ്ട് ചരിത്രത്തിൽ പാർലമെന്റ് പലതരം മര്യാദകേടുകൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാൽ ഇത്ര പച്ചയായി, ഇത്ര ഉച്ചത്തിൽ, ജനാധിപത്യത്തിന്റെ ആധികാരികമായ മന്ദിരത്തെ മുമ്പൊരിക്കലും ഇത്ര സാന്ദ്രമായ തെറി മലിനപ്പെടുത്തിയിട്ടില്ല. ഈ ‘അമൃതകാല’ത്ത് അതും സംഭവിച്ചിരിക്കുന്നു. ആർഷസംസ്കാരത്തെപ്പറ്റി മേനിപറയുന്നവരുടെ നിരയിൽനിന്ന്, തെമ്മാടികൾപോലും പറയാനറയ്ക്കുന്ന വംശീയവിദ്വേഷം മുഴങ്ങിയത് ‘ജനാധിപത്യത്തിന്റെ മാതാവ്’ പുതുതായി പണിത പരമോന്നത ജനകീയസഭയുടെ കന്നിസമ്മേളനത്തിൽ, കാമറക്കണ്ണുകൾക്ക് മുന്നിലാണ്. ബി.ജെ.പി എം.പി രമേശ് ബിധുരിയാണ് ഈ ചരിത്രപുരുഷൻ. ബി.എസ്.പി അംഗമായ ഡാനിഷ് അലിയെ ഭീകരവാദി, തീവ്രവാദി തുടങ്ങിയ അധിക്ഷേപവാക്കുകൾക്ക് പുറമെ മുസ്ലിംകളെ അവഹേളിക്കുന്ന നിന്ദാപദങ്ങൾകൊണ്ടും അദ്ദേഹം അപമാനിച്ചു. ‘ഈ മൊല്ലയെ പുറത്തേക്കെറിയൂ’ എന്നും ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി മോദി ഒരു നായെപ്പോലെ മരിക്കണമെന്നാണ് ചിലരുടെ ആഗ്രഹ’മെന്ന് ബിധുരി പ്രസംഗിച്ചപ്പോൾ ‘നിങ്ങളെന്താണ് പ്രധാനമന്ത്രിയെ ഇങ്ങനെ ആക്ഷേപിക്കുന്നതെ’ന്ന് ഡാനിഷ് അലി ചോദിച്ചതാണ് ഈ തെറിയഭിഷേകത്തിന് കാരണം. അവഹേളനം മാത്രമല്ല, കേട്ടാലറയ്ക്കുന്ന വംശീയാധിക്ഷേപവും ബിധുരിയിൽനിന്ന് ഒഴുകി. സഭയോടുള്ള നിന്ദ, വംശീയാധിക്ഷേപം, വ്യക്തിഹത്യ, സഭ്യേതരഭാഷ എല്ലാംചേർന്ന ഈ പ്രകടനത്തിന്റെ പേരിൽ ബിധുരിക്ക് സ്പീക്കറിൽനിന്ന് കിട്ടിയത് ഒരു താക്കീത്; ബിധുരിയുടെ വാക്കുകൾ സഭാരേഖകളിൽനിന്ന് നീക്കുകയും ചെയ്തു. പ്രതിപക്ഷ എം.പിമാർ പ്രതിഷേധമുയർത്തിയപ്പോൾ ലോക്സഭ ഉപനേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ് ക്ഷമാപണം നടത്തി. ഇനി ആവർത്തിച്ചാൽ നടപടിയെടുക്കുമെന്ന് താക്കീതുനൽകി വിഷയം അവസാനിപ്പിക്കാൻ സ്പീക്കർ തയാറായെങ്കിലും പ്രതിപക്ഷത്തെ ചില എം.പിമാർ അവകാശലംഘന നോട്ടീസ് നൽകിയിരിക്കുകയാണ്. അധിക്ഷേപത്തിനിരയായ ഡാനിഷ് അലി സ്പീക്കർ ഓംബിർലക്ക് പരാതി നൽകി. സംഭവം നടക്കുമ്പോൾ സഭ നിയന്ത്രിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷ്, ബിധുരിക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികളാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുമുണ്ട്.
എന്നാൽ, ഒരു ബിധുരിയിൽ ഒതുങ്ങുന്നതല്ല പ്രശ്നം. സഭക്കോ സംസ്കൃത സമൂഹത്തിനോ ചേരാത്ത അമാന്യമായ രീതികൾ നമ്മുടെ പാർലമെന്റിന്റെയും ഭരണമണ്ഡലങ്ങളുടെയും ഇടങ്ങളിൽ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. രമേശ് ബിധുരി സഹസഭാംഗത്തിനെതിരെ വംശീയത്തെറി വിളിച്ചുപറയുമ്പോൾ തൊട്ടുപിന്നിലിരുന്ന് മുൻ മന്ത്രിമാരായ ഹർഷ് വർധനും രവിശങ്കർ പ്രസാദും ഊറിച്ചിരിക്കുന്ന കാഴ്ചയും കാമറ കാണിച്ചുതന്നിട്ടുണ്ടല്ലോ. കാമറ കാണിക്കാത്ത അശ്ലീലച്ചിരികൾ വേറെയും കാണും. ഇത്രത്തോളം തരംതാഴ്ത്തപ്പെട്ടിരിക്കുന്നു നമ്മുടെ ‘ജനാധിപത്യങ്ങളുടെ മാതാവ്’ എന്നത്, രാജ്യം എത്തിപ്പെട്ട ധാർമികജീർണതയുടെ ആഴം വ്യക്തമാക്കുന്നു. ബിധുരി ഇതിനുമുമ്പും സഭയിലിരുന്ന് മാന്യതക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്തയാളാണ്. അദ്ദേഹത്തെപ്പോലെ വേറെയുമുണ്ട് അനേകം പേർ. പരസ്യമായി അക്രമത്തിനാഹ്വാനം ചെയ്തവരും വംശീയാധിക്ഷേപം നടത്തിയവരും ശിക്ഷിക്കപ്പെടാതെ സഭയിൽ തുടരുന്നുണ്ടെന്ന് മാത്രമല്ല, പലപ്പോഴും അത്തരക്കാർക്ക് എന്തെങ്കിലും തരത്തിൽ പ്രതിഫലം നൽകപ്പെടുന്നുമുണ്ട്. പ്രധാനമന്ത്രി അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഇത്തരമാളുകളെ ‘ഫോളോ’ ചെയ്യുന്നത് പലകുറി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. ‘ജനാധിപത്യത്തിന്റെ ശ്രീകോവിലി’ൽ തെറിപ്പാട്ടുകാരും ആക്രമികളും വിരാജിക്കുന്നുവെങ്കിൽ തെറ്റ് അവരുടേത് മാത്രമല്ല, അതിന് സാഹചര്യവും പ്രോത്സാഹനവും നൽകുന്ന നേതൃനിരയുടേതുകൂടിയാണ്.
ജനാധിപത്യത്തെയാണ്, ഹിംസയും വെറുപ്പും നിറഞ്ഞ ഗുണ്ടാത്തെരുവുകളെയല്ല നമ്മുടെ പാർലമെന്റ് പ്രതിനിധാനംചെയ്യേണ്ടത്. വംശവെറി വസ്ത്രത്തെയും ഭക്ഷണത്തെയും ക്ലാസ് മുറികളെയും ട്രെയിൻയാത്രയെയും മാത്രമല്ല, പാർലമെന്റിനെയും അധീനപ്പെടുത്തിയെങ്കിൽ അത് വെറുമൊരു അച്ചടക്കനടപടി (അങ്ങനെ ഒന്നുണ്ടായാൽ) കൊണ്ട് ചികിത്സിക്കാവുന്ന രോഗമല്ല. സഭയുടെ പ്രിവിലേജസ് കമ്മിറ്റി എപ്പോഴെങ്കിലും അന്വേഷിച്ച് നടപടിയെടുത്തതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതുമല്ല. അമിതാവേശം കാണിക്കുന്ന അംഗങ്ങളെയും നിഷ്ക്രിയത്വം പാലിക്കുന്ന നേതൃത്വങ്ങളെയും ഒരുപോലെ ബാധിച്ച വിദ്വേഷസംസ്കാരമാണ് അടിസ്ഥാനരോഗം. നമ്മുടെ ഭരണസംവിധാനങ്ങളിലേക്കും രാഷ്ട്രീയ നിലപാടുകളിലേക്കും വ്യക്തിബന്ധങ്ങളിലേക്കുമെല്ലാം കടന്നുകയറിയ ആ അധമസംസ്കാരം രാജ്യത്തിന് മൊത്തം വെല്ലുവിളിയാണ്. ബിധുരിമാരുടെ നാക്കും ഭരണ-സഭാനേതൃത്വങ്ങളുടെ മൗനവും ഒരേ നീചഭാഷയാണ് സംസാരിക്കുന്നത് എന്നതിനാൽ ഒന്നിനെമാത്രം പഴിക്കുന്നതിൽ അർഥമില്ല. മഹത്തായ ഒരുരാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഏത് ചളിക്കുണ്ടിലാണ് തള്ളിയതെന്നറിയാൻ അസഭ്യംപറയുന്ന അംഗത്തെ മാത്രമല്ല, അതുകേട്ട് ചിരിക്കുന്ന കുലീനമനസ്സുകളെയും കാണണം. ‘ഈ പാർലമെന്റിൽ എന്ത് പെരുമാറ്റം കാണപ്പെടുന്നു എന്നതാണ്, ആര് ഈ ഭാഗത്തും ആര് ആ ഭാഗത്തും ഇരിക്കാൻ അർഹത നേടുന്നു എന്ന് നിർണയിക്കുക’ എന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയ അതേ സ്ഥലത്ത് അദ്ദേഹത്തിന്റെ പാർട്ടിയിൽനിന്നുണ്ടായ പെരുമാറ്റമെന്തെന്ന് രാജ്യം കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.