ആദിവാസിയുടെ നിശ്ശബ്ദ നിലവിളികൾ
text_fields‘‘കാട് വീടായോരെ
കൊല്ലലൊരു കൊലയല്ല,
മാനെ മുയലിനെ ഇണക്കിളിയെ
കൊല്ലും പോലൊരു മൃദു മൃഗയ’’
-വധപ്രതിഭ
അട്ടപ്പാടി കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട വാർത്ത പുറംലോകത്തെത്തിയപ്പോഴാണ് കവി കെ.ജി.എസ് മുകളിൽ കുറിച്ച വരികളെഴുതിയത്. നമ്മുടെ നാട്ടിലെ ആദിവാസികളുടെ എക്കാലത്തെയും ദയനീയാവസ്ഥയെ അതിന്റെ എല്ലാ ഭീതിയോടെയും വൈകാരികതയോടെയും കവി അവതരിപ്പിച്ചിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ വികസിത രാജ്യങ്ങൾക്കുവരെ മാതൃകയായ പുകൾപെറ്റ ‘കേരള മോഡലി’ന്റെ ഭാഗമാകാൻ ഇന്നോളം ആദിവാസി സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഇതിനകം വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൂചികയിലെ ഒരു ഉദാഹരണം മാത്രമെടുക്കാം: ഇന്ത്യയിലെ ശിശുമരണ നിരക്ക് കണക്കാക്കിയിരിക്കുന്നത് 27 എന്നാണ്. 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, അവരിൽ ഒരു വയസ്സിനുമുമ്പേ 27 പേർ മരണത്തിന് കീഴ്പ്പെടുന്നുവെന്നാണ് ഇതിനർഥം.
കേരളത്തിൽ ഇത് കേവലം ആറ് ആണ്; അമേരിക്കയുടെ അതേ നിരക്ക്! എന്നാൽ, അട്ടപ്പാടിയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50നടുത്ത് കുഞ്ഞുങ്ങൾ മരണപ്പെട്ടുവെന്നറിയുമ്പോൾ അത് ദേശീയ ശരാശരിക്ക് അടുത്തുവരുന്നു. മാതൃമരണത്തിന്റെ കാര്യത്തിലും ഈ അന്തരം കാണാം. ആരോഗ്യ പരിപാലനത്തിലെ വിവേചനവും കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കാനാവും. അഥവാ, ‘കേരള മോഡലി’നോട് ആദിവാസികൾ പുറംതിരിഞ്ഞുനിൽക്കുകയായിരുന്നില്ല, സർവ മേഖലകളിൽനിന്നും അവരെ ആട്ടിപ്പായിക്കുകയായിരുന്നുവെന്നതാണ് നേര്. ആദിവാസികളുടെ ജീവന് നമ്മുടെ ഭരണകൂടങ്ങൾ എത്ര വിലകൽപിക്കുന്നുവെന്ന് ഇത്തരം സമീപനങ്ങൾ വ്യക്തമാക്കുന്നു. കവിവാക്യം പോലെ ആർക്കും കേവലമൊരു ‘മൃദു മൃഗയ’ എന്നവണ്ണം ആ നിഷ്കാസിതർക്കുനേരെ ഇരച്ചുകേറാമെന്നായിരിക്കുന്നു.
വയനാട്ടിൽനിന്ന് അയൽ സംസ്ഥാനമായ കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലേക്ക് ജോലിക്കുപോയ ആദിവാസി യുവാക്കളുടെ തുടർച്ചയായുള്ള തിരോധാനവും ദുരൂഹ മരണങ്ങളുമെല്ലാം ഈ അനാസ്ഥയുടെ തുടർച്ചയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ നാല് ആദിവാസി യുവാക്കളാണ് ഇത്തരത്തിൽ മരിച്ചത്. ഈ മരണങ്ങളിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നുമുണ്ട്. കഴിഞ്ഞയാഴ്ച കർണാടകയിലെ ബിരുണാണിയിൽ ജോലിസ്ഥലത്തിനടുത്ത ഒരു തോട്ടിൽ ബിനീഷ് എന്ന ചെറുപ്പക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വലിയ ദുരൂഹതകളുണ്ട്. മരണവിവരമറിഞ്ഞെത്തിയ സഹോദരനെ ആദ്യഘട്ടത്തിൽ മൃതദേഹം കാണിക്കാൻപോലും ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലത്രെ.
മൃതദേഹത്തിൽ നിറയെ മുറിവുകളുള്ളതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ അട്ട കടിച്ചതാകുമെന്ന മറുപടിയാണത്രെ ലഭിച്ചത്! കേവലം ഒന്നരയടി വെള്ളമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്നതും ബിനീഷിനെ കൂട്ടിക്കൊണ്ടുപോയയാളെ ഇപ്പോൾ കാണാനില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു.
വയനാട്ടിൽ ഇത് പുതിയ ഒരു സംഭവമല്ല; 2008ൽ, നീതിവേദി എന്ന സംഘടന നടത്തിയ അന്വേഷണത്തിൽ അതുവരെയും 122 പേർ ഇതുപോലെ മരിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിനുപിന്നിൽ അവയവ മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. കുടകിലെ ഇഞ്ചിപ്പാടങ്ങളിലും മറ്റും ജോലിക്കുവന്ന ആദിവാസി സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. ഇത്രയൊക്കെയായിട്ടും, ഇക്കാര്യത്തിൽ ജാഗ്രത്തായൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിനീഷിന്റെ മരണത്തിൽ പരാതി ഉന്നയിക്കപ്പെട്ടപ്പോൾ, സാങ്കേതിക ന്യായം നിരത്തി അത് സ്വീകരിക്കാൻപോലും ജില്ല ഭരണകൂടവും പൊലീസുമെല്ലാം മടിച്ചുവത്രെ.
ആദിവാസികളുടെ ആരോഗ്യവും ജീവനും മാത്രമല്ല ഇത്തരത്തിൽ ഭരണകൂട ഒത്താശയിൽ കവർന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നത്; പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയെടുത്ത ഇത്തിരിത്തുണ്ട് ഭൂമിയും അവർക്കിപ്പോൾ അന്യാധീനപ്പെടുകയാണ്. കേരള ‘ആരോഗ്യ മോഡലി’ന്റെ കണ്ണീരായ അട്ടപ്പാടിയിലും അഗളിയിലുമൊക്കെത്തന്നെയാണ് ആദിവാസി ഭൂമി തട്ടിയെടുക്കാൻ നടക്കുന്ന മാഫിയയും പ്രവർത്തിക്കുന്നത്. ഗായികയും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നഞ്ചിയമ്മയുടെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമി നഷ്ടമായ വാർത്ത പുറത്തുവന്നതോടെയാണ് മേഖലയിൽ തമ്പടിച്ച ഭൂമാഫിയയെക്കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
നഞ്ചിയമ്മക്കു മാത്രമല്ല, അട്ടപ്പാടിയിലെയും നിലമ്പൂരിലെയുമെല്ലാം നാനൂറിലധികം ആദിവാസി കുടുംബങ്ങൾക്ക് ഇത്തരത്തിൽ ഭൂമി നഷ്ടമായിട്ടുണ്ട്. വിഷയം നിയമസഭയിൽവരെ എത്തുകയും പിന്നീട് സർക്കാർ സമിതി നടത്തിയ അന്വേഷണത്തിൽ, പ്രസ്തുത മാധ്യമ റിപ്പോർട്ടുകൾ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നിട്ടും ഭൂമി കൈയേറ്റം നിർബാധം തുടരുക തന്നെയാണ്; ഭരണകൂടത്തിന്റെ നിശ്ശബ്ദ പിന്തുണ ഇതിനുണ്ടെന്നുതന്നെ അനുമാനിക്കണം. മറുവശത്ത്, ഈ അനീതിക്കെതിരെ ശബ്ദിക്കുന്നവർക്കെതിരെ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കുകയാണ് സർക്കാർ.
നഞ്ചിയമ്മയുടേതടക്കം, ആദിവാസി ഭൂമി പ്രശ്നം പുറത്തുകൊണ്ടുവന്ന ‘മാധ്യമം’ ലേഖകനെതിരെ ഒരു വാർത്തയുടെ പേരിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. അപ്പോൾ ആർക്കുവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വ്യക്തം. ഈ നിലപാടിൽ അത്ഭുതമൊന്നുമില്ല. എക്കാലത്തും ഭരണകർത്താക്കൾ ഇങ്ങനെയൊക്കെയായിരുന്നു. എന്നുവെച്ച്, ഒരു കേസിന്റെ പേരിൽ ഞങ്ങൾക്ക് മാറിനിൽക്കാനാവില്ല. ഒരു സമൂഹത്തിന്റെ ആരോഗ്യവും ആയുസ്സും ഭൂമിയും തട്ടിയെടുത്ത മാഫിയകളുടെ ‘മൃഗയാവിനോദ’ത്തോട് ഒരു തരത്തിലും സന്ധിചെയ്യാനുമാവില്ല. ഈ മാഫിയയെ പിടിച്ചുകെട്ടുംവരെ ഞങ്ങൾ ശബ്ദിച്ചുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.