വീണ്ടുമൊരു ചരിത്രദൗത്യം
text_fieldsചന്ദ്രയാൻ-3ന്റെ വിജയത്തിനു തൊട്ടുപിന്നാലെ മറ്റൊരു ചരിത്രനേട്ടംകൂടി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ കൈവരിച്ചിരിക്കുന്നു: രാജ്യത്തിന്റെ പ്രഥമ സൗരപര്യവേക്ഷണ ദൗത്യമായ ആദിത്യ -എൽ1 വിക്ഷേപണവും പ്രതീക്ഷിക്കപ്പെട്ടതുപോലെ വിജയകരമായി. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെ, ഒന്നാം ലഗ്രാൻഷെ ബിന്ദു ലക്ഷ്യമാക്കി ‘ആദിത്യ’ ഏറെ കൃത്യതയോടെ കുതിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഐ.എസ്.ആർ.ഒ വ്യക്തമാക്കുന്നത്. 125 നാൾ നീളുന്ന യാത്രക്കുശേഷം വാഹനം ലക്ഷ്യസ്ഥാനം കൈവരിക്കും; തുടർന്ന്, വാഹനത്തിൽ ഘടിപ്പിച്ച ഏഴ് പേലോഡുകൾ ഉപയോഗിച്ച് സൗരനിരീക്ഷണം ആരംഭിക്കും. ഏകദേശം അഞ്ചുവർഷത്തെ പ്രവർത്തന കാലാവധി പ്രതീക്ഷിക്കുന്ന ആദിത്യയുടെ നിരീക്ഷണ ഫലങ്ങൾ സൗരവിജ്ഞാനീയത്തിൽ വലിയ കുതിപ്പിന് വഴിയൊരുക്കുമെന്നുതന്നെ കരുതാം. സൂര്യന്റെ ‘അന്തരീക്ഷ’മായി കണക്കാക്കപ്പെടുന്ന കൊറോണയെക്കുറിച്ചും നക്ഷത്രത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ ഊർജ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം ആദിത്യയെന്ന കൊറോണോഗ്രഫി സ്പേസ് ക്രാഫ്റ്റ് പുതിയ വിവരങ്ങൾ പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മാനവരാശിയുടെ നിലനിൽപിനും ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുരോഗതിക്കും അതിനിർണായകമായിരിക്കും ആ വിവരങ്ങൾ. അതുകൊണ്ടുതന്നെ, ആഗോളശാസ്ത്രസമൂഹം തന്നെയും ഈ ദൗത്യത്തെ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ദൗത്യത്തിന്റെ പ്രാഥമികഘട്ടം വിജയിപ്പിച്ചെടുത്ത ഐ.എസ്.ആർ.ഒയിലെ ഗവേഷക സംഘം ഈ അവസരത്തിൽ അഭിനന്ദനമർഹിക്കുന്നു.
ശാസ്ത്രലോകം സൗരപര്യവേക്ഷണം ആരംഭിച്ചിട്ട് ആറുപതിറ്റാണ്ട് കാലമെങ്കിലുമായി. നാസയുടെ ‘പയനിയർ’ ദൗത്യമായിരുന്നു അതിലാദ്യത്തേത്. ഭൂമിക്കു സമാനമായി തുല്യ അകലത്തിൽ സൂര്യനെ വലംവെച്ചുള്ള ദൗത്യങ്ങളായിരുന്നു പയനിയറിന്റേത്. അതുവഴി, സൗരവാതത്തെക്കുറിച്ചും സൂര്യന്റെ കാന്തിക മണ്ഡലത്തെപ്പറ്റിയും വിശദപഠനത്തിന് അവസരം കൈവന്നു. പിന്നീട് കൂടുതൽ സാങ്കേതികത്തികവോടെ പുതിയ ദൗത്യങ്ങൾ സൂര്യനെ ലക്ഷ്യമാക്കി കുതിച്ചു. നാസയുടെയും ജർമനിയുടെയും സംയുക്ത സംരംഭമായ ഹിലിയോസ് സ്പേസ് ക്രാഫ്റ്റ്, ലോകത്തെ ആദ്യത്തെ ബഹിരാകാശ നിലയമായ സ്കൈ ലാബിന്റെ ഭാഗമായുള്ള അപ്പോളോ ടെലിസ്കോപ് മൗണ്ട്, ’80കളിൽ നാസ വികസിപ്പിച്ചെടുത്ത സോളാർ മാക്സിമം മിഷൻ തുടങ്ങിയവയെല്ലാം സൗരവാതത്തെക്കുറിച്ചും സൗരജ്വാലയെക്കുറിച്ചുമെല്ലാം നിർണായക വിവരങ്ങൾ നൽകി. ഭൂമിയുടെ അന്തരീക്ഷത്തിൽനിന്ന് ഏറെ മാറി ഇതര ഖഗോള വസ്തുക്കളുടെയും മറ്റും ഗുരുത്വാകർഷണമോ മറ്റു ‘ശല്യ’ങ്ങളോ ഇല്ലാതെ ‘സുരക്ഷിത’ സ്ഥാനത്തുനിന്ന് സൂര്യനെ നിരീക്ഷിക്കുന്ന ദൗത്യങ്ങളായിരുന്നു ഇവയോരോന്നും. അതേ മാതൃകയിൽത്തന്നെയാണ് ആദിത്യയും പ്രവർത്തിക്കുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ, ഇരുവസ്തുക്കളുടെയും ഗുരുത്വാകർഷണമടക്കമുള്ളവയുടെ സ്വാധീനത്തിൽനിന്നുമാറി തികച്ചും സന്തുലിതമായി നിലകൊള്ളാൻ സാധിക്കുന്ന ഇടത്തുനിന്നായിരിക്കും ആദിത്യയുടെ നിരീക്ഷണം. ലെഗ്രാൻഷെ പോയന്റുകൾ എന്നാണ് ഇതറിയപ്പെടുന്നത്. സൂര്യനും ഭൂമിക്കുമിടയിൽ അഞ്ച് ലെഗ്രാൻഷെ ബിന്ദുക്കളാണ് സങ്കൽപിച്ചിരിക്കുന്നത്. അതിൽ ഒന്നാം ബിന്ദു ലക്ഷ്യമിട്ടാണ് ആദിത്യ കുതിച്ചുപായുന്നത്. രണ്ടാം ബിന്ദുവിലാണ് ജെയിംസ് വെബ് ടെലിസ്കോപ് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ആദിത്യ സൂര്യനെ വലംവെക്കുകയല്ല; മറിച്ച് ഒരു നിശ്ചിത മേഖലയിലിരുന്ന് ടെലിസ്കോപ്പുകളും മറ്റു ഉപകരണങ്ങളുമുപയോഗിച്ച് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരിക്കും. നിലവിൽ ഇത്തരത്തിൽ സമാന ദൗത്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന വേറെയും പദ്ധതികളുണ്ട്.
എന്തുകൊണ്ട് ഇത്രയധികം സൗരദൗത്യങ്ങൾ എന്ന ചോദ്യം പ്രസക്തമാണ്. അതിസങ്കീർണവും അപ്രവചനീയവുമായ പല പ്രതിഭാസങ്ങളുമാണ് സൂര്യനിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയെ കൃത്യതയോടെ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. കൃത്യമായ താളത്തിലും ചക്രത്തിലുമാണ് ഈ പ്രതിഭാസങ്ങളെങ്കിലും ആ ക്രമം അതുപോലെ മനസ്സിലാക്കാൻ ശാസ്ത്രലോകത്തിന് ഇപ്പോഴും വേണ്ടപോലെ സാധിച്ചിട്ടില്ല. സൗരവാതത്തെക്കുറിച്ചും സൗരകണങ്ങളെക്കുറിച്ചുമെല്ലാം നമുക്കറിയാമെങ്കിലും, അവ പ്രതീക്ഷിക്കുന്നതിലുമപ്പുറം പുറത്തുവന്നുകഴിഞ്ഞാലുണ്ടാകുന്ന അപകടങ്ങൾ വളരെ വലുതായിരിക്കും. ബഹിരാകാശത്തുള്ള കൃത്രിമോപഗ്രഹങ്ങളും സ്പേസ് ടെലിസ്കോപ്പുകളും ബഹിരാകാശ നിലയങ്ങളുമെല്ലാം ഈ പ്രതിഭാസങ്ങൾ വഴി നശിക്കാൻ സാധ്യതയുണ്ട്. ഇന്ത്യക്കുമാത്രം 50,000 കോടി രൂപ വിലമതിക്കുന്ന ‘വസ്തുവകകൾ’ ബഹിരാകാശത്തുണ്ട്. അവ നിശ്ചലമായാൽ രാജ്യത്തെ സർവ സാങ്കേതിക സന്നാഹങ്ങളും നിലച്ചുപോകും. അതിതീവ്ര സൗരകണങ്ങൾ ഭൂമിയുടെ അരികിലെത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വളരെ വലുതാണ്. ഒരുപക്ഷേ, ഭൂമിയിലെ ജീവൻതന്നെയും ഇല്ലാതാക്കാൻ ഇതുപോലുള്ള പ്രതിഭാസങ്ങൾ വഴിവെച്ചേക്കും. ഇത്തരം പ്രതിഭാസങ്ങളെ നമുക്ക് പ്രതിരോധിക്കാനാവില്ല. അതേസമയം, അവയുടെ താളക്രമം മനസ്സിലാക്കി അതിൽനിന്നൊഴിഞ്ഞുമാറാൻ കഴിഞ്ഞേക്കും. അതുകൊണ്ടുതന്നെ, സൗരാന്തരീക്ഷത്തെക്കുറിച്ചും സൗരകണങ്ങളുടെ ഉൽസർജനത്തെക്കുറിച്ചുമൊക്കെയുള്ള പഠനം ഏറെ പ്രധാനപ്പെട്ടതാണ്. ഭൂമിയിലെ കാലാവസ്ഥയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം എന്ന നിലയിലും സൗരപഠനം പ്രാധാന്യമർഹിക്കുന്നു. ആഗോള താപനവും കാലാവസ്ഥമാറ്റവും ഭൂമിയിൽ വലിലൊരു പ്രതിസന്ധി സൃഷ്ടിച്ച പുതിയ സാഹചര്യത്തിൽ, ആ ദിശയിൽക്കൂടിയുള്ള പഠനഫലങ്ങളും ആദിത്യയിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.