കോട്ടയിലെ എൻട്രൻസ് കോച്ചിങ് ആത്മഹത്യകൾ
text_fieldsഅധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത വാർത്തയാവാം കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയിൽ നിന്നുവന്നത്. ‘നീറ്റ്’ മെഡിക്കൽ പ്രവേശന പരീക്ഷക്ക് പഠിക്കുന്ന വിദ്യാർഥിയുടെ ആത്മഹത്യ. കോട്ടയിൽ ഇതു വാർത്തയേ അല്ലാതായി മാറിയിട്ടുണ്ട്. അതുതന്നെയാണ് ഈ വാർത്തയെ ഗുരുതരമാക്കുന്നതും. രാജ്യത്തെ പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെ ഹബ്ബായി മാറിയ കോട്ടയിലെ ഈ വർഷത്തെ 26ാമത്തെ ആത്മഹത്യയാണിത്. പിതാവിനും സഹോദരിക്കുമൊപ്പം കോട്ടയിൽത്തന്നെ താമസിക്കുകയായിരുന്നു തൂങ്ങിമരിച്ച യു.പിക്കാരനായ ഇരുപതുകാരൻ വിദ്യാർഥി. പിതാവ് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ കൂടിയാണ്. സഹോദരി അവിടെ വിദ്യാർഥിയും. ഒടുവിലെ ആത്മഹത്യയുടെ കാരണങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും കോട്ടയിലെ എൻട്രൻസ് കോച്ചിങ് വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വ്യാപകമാകുന്നത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു.
പ്രാദേശിക ഭരണകൂടം പ്രതിരോധ നടപടികൾ കുറച്ചുമുമ്പേ തുടങ്ങിയിരുന്നു. മാനസിക പിരിമുറുക്കങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ ഹോസ്റ്റൽ വാർഡൻ, മെസ് ജീവനക്കാർ, അതിഥികളായി വിദ്യാർഥികൾ താമസിക്കുന്ന വീടുകളിലെ അംഗങ്ങൾ എന്നിവരെ ഏർപ്പെടുത്തി. കൂടാതെ ജില്ല ഭരണാധികാരികൾ ഒരു ചോദ്യാവലി വഴി വിദ്യാർഥികളുടെ മാനസിക വ്യവഹാരങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ ആരായുന്നുണ്ട്. കഴിഞ്ഞ മാസാവസാനം വെറും നാലു മണിക്കൂർ വ്യത്യാസത്തിലാണ് മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനാറും പതിനെട്ടും പ്രായമുള്ള രണ്ട് നീറ്റ് പരീക്ഷാർഥികൾ ആത്മഹത്യ ചെയ്തത്. കോവിഡ് കാലശേഷം ആത്മഹത്യകളിൽ 60 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ. 2022ൽ 15 ആയിരുന്നെങ്കിൽ ഈ വർഷം ഇതിനകം 26 പേർ. പൊലീസ് രേഖകളനുസരിച്ച് ഇത് 2017ൽ ഏഴും 2018ൽ 20ഉം 2019ൽ 18 ഉം ആയിരുന്നു.
വിദ്യാർഥികൾ താമസിക്കുന്ന കെട്ടിടങ്ങൾക്കുചുറ്റും ഭാരം താങ്ങാവുന്ന വലകൾ, തൂങ്ങിയാൽ നിലംതൊടുന്ന സ്പ്രിങ്ങുള്ള ഫാനുകൾ എന്നിവ ഏർപ്പെടുത്തിനോക്കി. അതൊന്നും പക്ഷേ മൂലകാരണങ്ങൾക്കുള്ള പരിഹാരമാവുന്നില്ല. പല കുട്ടികളും കോട്ടയിലെ പരിശീലന കാലം ചെലവഴിക്കുന്നത് വലിയ മാനസിക സമ്മർദത്തിലാണ്. ഏതാണ്ട് രണ്ടുമുതൽ രണ്ടര ലക്ഷം വരെ വിദ്യാർഥികളാണ് കോട്ടയിലെ 150ഓളം വരുന്ന സ്ഥാപനങ്ങളിൽ പ്രതിവർഷം എത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു പഠനവും കൂടി അവിടെയാക്കാൻ കണ്ട് 15-16 വയസ്സിൽ തന്നെ കുട്ടികളെ അവിടെയെത്തിക്കുന്ന രക്ഷിതാക്കളുമുണ്ട്. ഈ ചെറുപ്രായത്തിൽ വീട്ടിൽ നിന്നകന്ന് താങ്ങാനാവാത്ത പഠനഭാരവുമായി കുടുംബത്തിന്റെയോ ബന്ധുക്കളുടെയോ പിന്തുണയോ കായിക വിനോദങ്ങളോ മറ്റു മാനസികോല്ലാസങ്ങളോ ഇല്ലാതെ കഴിയുന്ന അന്തരീക്ഷംതന്നെ സമ്മർദമുണ്ടാക്കുന്നു. നീറ്റ്, ജെ.ഇ.ഇ തുടങ്ങിയവ പാസായില്ലെങ്കിൽ ജീവിതം തീർന്നു എന്ന മിഥ്യാസങ്കൽപം കൂടിയാവുമ്പോൾ അതിലുള്ള ഏതു പരാജയവും തിരിച്ചടിയും ജീവിതത്തിന്റെ അവസാനമായാണ് അവർ കാണുന്നത്. അതിനുമപ്പുറം മറ്റൊരു ‘കോട്ട മോഡലും’ കുട്ടികൾക്ക് അമിതഭാരമാകുന്നു. കോഴ്സിനിടയിൽ തന്നെ നീറ്റ് -ജെ.ഇ.ഇ മാതൃകയിൽ ഇടക്കിടെ ടെസ്റ്റ് നടക്കും. അവയിലെ സ്കോർ കുറഞ്ഞാൽ അത് അന്തിമ പരീക്ഷയുടെ തനിപ്പകർപ്പായിക്കണ്ട്, ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന ചിന്തയിൽ കടുത്ത തീരുമാനങ്ങളിലെത്തുന്നു ഈ കൗമാരപ്രായക്കാർ. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വിദ്യാർഥി ആറാം നിലയിൽ നിന്ന് ചാടിമരിച്ചത് അന്നത്തെ മോഡൽ പരീക്ഷ കഴിഞ്ഞയുടനെയായിരുന്നു. ഈ ടെസ്റ്റ് നിർത്തണമെന്ന് അധികാരികൾ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
നീറ്റ് പരീക്ഷയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് നാടിന്റെ ഭാവിവാഗ്ദാനങ്ങളായ ഒരു പിടി ചെറുപ്പക്കാർ മരണത്തിലേക്ക് മാഞ്ഞുപോകുന്നത് എന്നതാണ് ദുഃഖകരം. പ്ലസ് ടു പരീക്ഷാ മാർക്ക് മാനദണ്ഡമാക്കി കാര്യക്ഷമമായി പ്രവേശനം നടത്തിയിരുന്നത് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ കൊടുത്ത കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ മുമ്പാകെയാണ്. നഗരവാസികൾ, ആൺകുട്ടികൾ, ധനികർ എന്നിവർക്ക് മുൻതൂക്കം കിട്ടുന്നതാണ് നിലവിലെ സമ്പ്രദായം എന്ന വിമർശനം നേരത്തെതന്നെ ഉണ്ടായിരുന്നു. ഇപ്പോൾ പെൺകുട്ടികളും കുറെയൊക്കെ മുന്നേറി വരുന്നുണ്ടെങ്കിലും ദരിദ്രർക്കും ഗ്രാമീണർക്കും ഇന്നും നീറ്റ് ബാലികേറാമലയായി തുടരുന്നു. എന്നാൽ, ഒരു ഏകീകൃത പ്രവേശന പരീക്ഷ നിർബന്ധമാക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യമാണ്. സ്റ്റേറ്റ് സിലബസുകളും സി.ബി.എസ്.ഇ സിലബസും തമ്മിലെ മാർക്ക് വ്യത്യാസങ്ങൾ, വിവിധ സംസ്ഥാനങ്ങൾ തമ്മിലെ സ്കോറുകളിലെ അന്തരങ്ങൾ, പലയിടങ്ങളിലും നടക്കുന്ന പരീക്ഷാ കൃത്രിമങ്ങൾ ഉദാഹരണങ്ങൾ. ഇതിലൊക്കെ ന്യായം ഉണ്ടെങ്കിലും അത് കൊണ്ടുദ്ദേശിച്ച മെച്ചങ്ങൾ ഇല്ലാതാക്കുന്ന തരത്തിൽ പ്രവേശന പരീക്ഷാ കോച്ചിങ് വൻ വ്യവസായമായി മാറി. കോട്ടയിൽ ഒരു വർഷത്തിൽ 10,000 കോടി രൂപയുടെ ‘ബിസിനസ്’ നടക്കുന്നുണ്ടെന്നാണ് അനുമാനം. സ്റ്റാലിൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജൻ കമീഷൻ ചൂണ്ടിക്കാട്ടിയത് സംസ്ഥാനത്തെ 400ൽപരം കോച്ചിങ് സ്ഥാപനങ്ങൾ വർഷത്തിൽ നീറ്റ് പരീക്ഷയിൽനിന്നുമാത്രം 5750 കോടി രൂപ സമാഹരിക്കുന്നുണ്ടെന്നാണ്. അവിടെ ധനികർക്ക് മേൽക്കൈ ലഭിക്കുന്നത് അഭിനവ വിശിഷ്ട വിഭാഗത്തിന് പഥ്യമായിരിക്കുമെങ്കിലും സാമൂഹിക നീതിയോടുകൂടിയ വികസന സങ്കൽപത്തിനു കടകവിരുദ്ധമാവുമത്. കോട്ടയിലെ ആത്മഹത്യകളെക്കുറിച്ച് പഠിക്കുമ്പോൾ പ്രവേശന പരീക്ഷകളുടെ പ്രശ്നങ്ങൾ കൂടി വിശദമായ പുനർവിചാരത്തിനു വിധേയമാക്കണം. എങ്കിലേ പ്രഫഷനൽ വിദ്യാഭ്യാസത്തിനു സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.