ആഫ്രിക്കയിലെ ആവർത്തിക്കുന്ന സൈനിക അട്ടിമറി
text_fieldsആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പട്ടാള അട്ടിമറികളും രാഷ്ട്രീയ വിപ്ലവങ്ങളും തുടർക്കഥയാണ്. ആഴ്ചകൾക്കുമുമ്പ് പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിലെ പട്ടാള അട്ടിമറിയെ തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ബസൂം തലസ്ഥാനമായ നിയമിയിൽ വീട്ടുതടങ്കലിലാവുകയും സൈന്യം ഭരണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. മധ്യാഫ്രിക്കൻ രാജ്യമായ ഗബോണിലും സമാനമായ അട്ടിമറിയിലൂടെ, അരനൂറ്റാണ്ടായി തെരഞ്ഞെടുപ്പുകളിലൂടെതന്നെ അധികാരത്തിൽ നിലനിന്ന അലി ബോംഗോ കഴിഞ്ഞ ബുധനാഴ്ച സ്ഥാനഭ്രഷ്ടനായിരിക്കുന്നു.
ഈ അട്ടിമറികളും അധികാരമാറ്റങ്ങളും നടന്ന രാജ്യങ്ങൾ ഭൂരിഭാഗവും മുൻ ഫ്രഞ്ച് കോളനികളാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ അട്ടിമറി നടന്ന എട്ടാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഗബോൺ. ആ ഗണത്തിലുള്ള മാലി, ഗിനി, ഗാംബിയ, ബുർകിനഫാസോ, ഛാദ്, സുഡാൻ എന്നീ രാജ്യങ്ങൾ പൂർണമായും പ്രതിസന്ധിയിൽ നിന്നും കരകയറിയിട്ടില്ല. ഇതിൽ സുഡാൻ ഒഴികെ, മുൻ ഫ്രഞ്ച് കോളനികളിലെല്ലാം ഫ്രഞ്ച് സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഫ്രാൻസിന്റെ നിലപാടുകൾ അവിടെ നിർണായകമാവാറുമുണ്ട്. ആഫ്രിക്കയുടെ ധാതുസമ്പത്തും പ്രകൃതിവിഭവങ്ങളുമായിരുന്നു ഒരു കാലത്ത് കോളനിശക്തികളുടെ ആകർഷണം. ഇന്നും പ്രസ്തുത വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങളുടെ പേരിൽ വൻശക്തികളും അന്താരാഷ്ട്ര വ്യവസായ മൂലധനശക്തികളും തദ്ദേശ ഭരണകൂടങ്ങളുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്നതുകാണാം. ജനാധിപത്യത്തിന്റെ ആടയണിഞ്ഞ കുടുംബവാഴ്ചയും ചങ്ങാത്ത മുതലാളിത്തവും ഇതോടൊപ്പം ചേർത്താൽ ചിത്രം ഏതാണ്ട് പൂർണമായി. ഇതിലെല്ലാം യൂറോപ്യൻ കോളനി ശക്തിയായ ഫ്രാൻസിനു തങ്ങളുടെ പങ്കിന്റെ രക്തക്കറ കഴുകിക്കളയാൻ കഴിയില്ല. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച 12 പട്ടാള ഉദ്യോഗസ്ഥർ ഗബോണിലെ ടെലിവിഷൻ സ്ക്രീനിൽവന്ന് തങ്ങൾ പ്രസിഡന്റ് അലി ബോംഗോയെ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ, അട്ടിമറിയെ അപലപിച്ച പാരിസ്, അലി ബോംഗോക്കനുകൂലമായ വിധി മാനിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗബോണിൽ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ഉടനെയായിരുന്നു ഈ അട്ടിമറി. പ്രസിഡന്റ് അലി ബോംഗോയുടെ മേൽ 14 വർഷമായുള്ള ഭരണത്തിലെ അഴിമതിയോടൊപ്പം തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിക്കപ്പെട്ടിരുന്നു. തെരുവുകളിൽ ആഹ്ലാദ പ്രകടനങ്ങളും സൈനികരുടെ ജയഘോഷവുമൊക്കെ ഉണ്ടായെങ്കിലും എത്രകാലം ഇത് തുടരുമെന്നതിൽ ഉറപ്പില്ല. ബോംഗോ വീട്ടുതടങ്കലിലും മകൻ തടവിലുമാണ്. അതിർത്തികൾ അടഞ്ഞുകിടക്കുന്നു. പാർലമെന്റ് പിരിച്ചുവിട്ടു, ഇന്റർനെറ്റ് വിച്ഛേദിച്ചുകിടക്കുന്നു. താൽക്കാലിക ഗവൺമെന്റ് തലവനായി അലി ബോംഗോയുടെ പിതാവിന്റെ അംഗരക്ഷകനായ ജനറൽ ബ്രൈസ് എൻക്വേമ നിയമിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ലീബ്രവീലിൽ ഭരണമാറ്റം ആഘോഷിക്കുന്ന ചിത്രം തൽക്കാലമെങ്കിലും സൈനികഗ്രൂപ്പിനു ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ സൂചനയായി കാണാം. അമ്പത് വർഷത്തിനുമേലുള്ള കുടുംബവാഴ്ച അവസാനിക്കണമെന്നുമാത്രമാണ് തങ്ങളുടെ ആഗ്രഹം എന്നായിരുന്നു തെരുവിലിറങ്ങിയ ജനം വിളിച്ചുപറഞ്ഞത്. വൈകാതെ ഭരണഘടനാ കോടതികൾ പുനഃസ്ഥാപിക്കുകയും ആഭ്യന്തര വിമാനസർവിസ് പുനരാരംഭിക്കുകയും ഭരണകൈമാറ്റ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് പുതിയ ഭരണത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.
മുഖ്യ പ്രതിപക്ഷം സൈന്യത്തെ അഭിനന്ദിച്ചപ്പോഴും ബാക്കിയുള്ള വോട്ടെണ്ണൽ പൂർത്തിയാക്കണമെന്നും ബോംഗോയുടെ മുഖ്യ എതിരാളിക്ക് വിജയം പ്രഖ്യാപിച്ച് ഭരണം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസിൽ നിന്നു സ്വതന്ത്രമായി ഏഴുവർഷം കഴിഞ്ഞ് 1967ൽ ഭരണത്തിൽവന്ന പിതാവ് ഉമർ ബോംഗോ 42 വർഷമാണ് ഭരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം 2009ലാണ് അലി ബോംഗോ അധികാരത്തിൽവരുന്നത്. പിതാവ് ഉരുക്കുമുഷ്ടിയോടെ പ്രതിപക്ഷത്തെ നിശ്ചലമാക്കി നയിച്ച ഭരണരീതി മകനും പിന്തുടർന്നു. 1991 ൽ ബഹുകക്ഷി ജനാധിപത്യം സ്ഥാപിച്ചെങ്കിലും സർക്കാറിൽ ഭരണകക്ഷിക്കുമാത്രമേ റോൾ ഉണ്ടായിരുന്നുള്ളൂ. അലി ബോംഗോ നേടിയ മൂന്നു തെരഞ്ഞെടുപ്പ് വിജയങ്ങളും വിവാദമായിരുന്നു. അദ്ദേഹത്തിനെതിരായ വിമർശനങ്ങളുടെ മുഖ്യവിഷയം ഭരണകുടുംബം ഉണ്ടാക്കിയ സാമ്പത്തിക നേട്ടങ്ങളായിരുന്നു. ഫ്രഞ്ച് സാമ്പത്തിക പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോംഗോ കുടുംബത്തിന് ഫ്രാൻസിൽ 39 സ്വത്തുക്കളും 70 ബാങ്ക് അക്കൗണ്ടുകളും ഒമ്പത് ആഡംബര കാറുകളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പുകളിൽ പലതിന്റെയും ഫലങ്ങൾ തർക്കവിധേയമാണ്. തെരുവുകളിൽ കുഴപ്പങ്ങൾ നടന്നുവെങ്കിലും അലി ബോംഗോ എതിർപ്പുകളെ അതിജീവിച്ചു. 2019ൽ നടന്ന സൈനിക അട്ടിമറിക്കും അതേ ഗതി തന്നെയായിരുന്നു.
55 അംഗ ആഫ്രിക്കൻ യൂനിയൻ പട്ടാളവിപ്ലവത്തെ അപലപിക്കുകയും യൂനിയൻ പരിപാടികളിൽ പങ്കെടുക്കുന്നത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതുവരെ വിലക്കുകയും ചെയ്തിരിക്കുകയാണ്. യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസും യു.എസ് ഭരണകൂടവും ഉൾപ്പെടെ പലരും സൈനിക നടപടിയെ നിശിതമായി വിമർശിച്ചു. എണ്ണ ഉൽപാദക രാജ്യമായ ഗബോണിന് വലിയ ഉൽപാദനം ഇല്ലെങ്കിലും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘമായ ഒപെകിൽ നിന്നു പുറത്തുപോയി വീണ്ടും തിരിച്ചുവരുകയായിരുന്നു. ഈ സമ്പത്തും പല ആഫ്രിക്കൻ രാഷ്ട്രങ്ങളെയും പോലെ ഇരുമ്പയിര്, സ്വർണം, അപൂർവ ധാതുക്കളടങ്ങിയ ഖനികൾ എന്നിവ ചേർത്താൽ 25 ലക്ഷത്തിൽ താഴെ ജനസംഖ്യ വരുന്ന ഗബോണിന് ഒട്ടും മോശമല്ലാത്ത സാമ്പത്തിക ശേഷിയുണ്ടെന്നുപറയാം. അതെല്ലാം ഇനി ആരുടെ നിയന്ത്രണത്തിലാവുമെന്നും ജനാഭിലാഷം ഭരണതലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നും ഭരണരീതി ഏതൊക്കെ രീതിയിൽ നീതിയുക്തമായി നിലനിൽക്കുമെന്നും കണ്ടിട്ടുവേണം പ്രശ്നരാഷ്ട്രത്തിന്റെ ഭാഗധേയം തീരുമാനിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.