‘സനാതന ധർമം അപകടത്തിൽ’
text_fieldsതമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ഫോറം ചെന്നൈയിൽ ശനിയാഴ്ച സംഘടിപ്പിച്ച സമ്മേളനത്തിൽ സംസ്ഥാന യുവജനക്ഷേമ മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പുത്രനുമായ ഉദയനിധി ചെയ്ത പ്രസംഗം വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. തമിഴ്നാടിനു പുറത്ത് ഇന്ത്യയിലാകെ ‘ഹിന്ദുധർമം അപകടത്തിൽ’ എന്ന മുദ്രാവാക്യം മുഴക്കാൻ ഇതൊരു അവസരമാക്കി എടുത്തിരിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാറും. ഹിന്ദുത്വ സർക്കാറിന് വൻ ഭീഷണിയായി ഉയരുന്ന ‘ഇൻഡ്യ’യെ കടന്നാക്രമിക്കാൻ ഇത് സുവർണാവസരമായി അവർ കാണുന്നപോലെ. പ്രതിപക്ഷ സഖ്യത്തിലെ ഒരു മുഖ്യഘടകമാണല്ലോ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡി.എം.കെ. ആ പാർട്ടിയുടെ യുവനേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറയാൻ ഇതേവരെ മുഖ്യമന്ത്രിയോ മറ്റു സഖ്യകക്ഷികളോ തയാറാവാത്ത സ്ഥിതിക്ക് ഉദയനിധിയുടെ പ്രഖ്യാപനത്തോട് അവരെല്ലാം യോജിക്കുന്നു എന്നാണ് ഹിന്ദുത്വവാദികളുടെ നിലപാട്. എന്നല്ല, കോൺഗ്രസോ ഇടതുപാർട്ടികളോ അതിനെതിരെ ശബ്ദമുയർത്താത്ത സാഹചര്യത്തിൽ ‘ഇൻഡ്യ’യുടെ പൊതു അഭിപ്രായമാണിതെന്ന് ബി.ജെ.പി വാദിക്കുന്നു.
എന്താണ് ഉദയനിധി പറഞ്ഞുകളഞ്ഞത്: ‘‘ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വവും അനീതിയും വളർത്തുന്ന സനാതന ധർമം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിർത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതന ധർമവും അതുപോലെയാണ്!’’ അപ്പോൾ നൂറുകോടി ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ആണിക്കല്ലായ സനാതന ധർമത്തെ പിഴുതെറിയണമെന്ന പരസ്യമായ ആഹ്വാനം ഹിന്ദു വിരുദ്ധമാണെന്നതിൽ സംശയമേ ഇല്ല എന്നാണ് ഹിന്ദുത്വ നേതാക്കളുടെയും വക്താക്കളുടെയും പൊതുനിലപാട്. ഈ ആഹ്വാനത്തിനെതിരെ മിണ്ടാത്തിടത്തോളംകാലം ‘ഇൻഡ്യ’യും ഹിന്ദുവിരുദ്ധ പക്ഷത്താണെന്ന് വ്യക്തമാണെന്ന് അവർ വാദിക്കുന്നു. ഇൻഡ്യയിലെ ഘടകങ്ങളായ തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന, മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് തുടങ്ങിയവർ ഡി.എം.കെ നേതാവിന്റെ പ്രസ്താവനയെ എതിർത്തിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായ ബി.ജെ.പിക്ക് അതൊന്നും സ്വീകാര്യമായിട്ടില്ല.
ബി.ജെ.പിക്കും ഹിന്ദുത്വ സർക്കാറിനുമെതിരെ പ്രതിപക്ഷ സഖ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ തത്രപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടിക്കാൻ വടികൊടുക്കുന്നത് ബുദ്ധിപൂർവമല്ലെന്ന് കരുതുന്നവരും സനാതന ധർമത്തെ ശക്തമായി പിന്താങ്ങുന്നവരും പ്രതിപക്ഷ സഖ്യത്തിലുണ്ടെന്നത് വാസ്തവമാണെങ്കിലും ഉദയനിധി തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകതന്നെയാണ്. എല്ലാ മതങ്ങളെയുമാണ് താൻ പരാമർശിച്ചതെന്നും ജാതിവ്യവസ്ഥയെയാണ് വിമർശിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ പെരിയാർ രാമസ്വാമി നായ്ക്കർ സ്ഥാപിച്ച ദ്രാവിഡ കഴകത്തിന്റെ ഗുണഭോക്താക്കളും അനന്തരഗാമികളുമാണ് ഡി.എം.കെ എന്നിരിക്കെ കരുണാനിധിയുടെ കൊച്ചുമകൻ വർണാശ്രമധർമത്തിലധിഷ്ഠിതമായ സനാതന ധർമത്തെ പിഴുതെറിയണമെന്ന് ആഹ്വാനംചെയ്തതിൽ അസ്വാഭാവികതയില്ല.
എം.ജി.ആറിന്റെയും തുടർന്ന് ജയലളിതയുടെയും നേതൃത്വത്തിൽ ഭാഗംപിരിഞ്ഞുപോയ എ.ഐ.ഡി.എം.കെ സവർണ മേധാവിത്വത്തോട് ഒട്ടിനിന്നെങ്കിലും നാസ്തിക-യുക്തിവാദ പ്രസ്ഥാനമായ ദ്രാവിഡകഴകത്തിന്റെ പൈതൃകത്തിന്റെ തിരുശേഷിപ്പുകൾ കരുണാനിധിയുടെ ഡി.എം.കെ കൊണ്ടുനടക്കുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല. ആർഷ സംസ്കാരത്തിന്റെ മുഖമുദ്രയാണ് വർണാശ്രമധർമത്തിന്റെ സംഭാവനയായ ജാതിവ്യവസ്ഥ. ആര്യാധിനിവേശം ഇന്ത്യയിൽ യാഥാർഥ്യമായതോടുകൂടി ദ്രാവിഡരും മറ്റ് അധഃസ്ഥിതജാതികളും അടിച്ചമർത്തപ്പെടുകയായിരുന്നു എന്നതും ഹിന്ദുത്വലോബി തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്ന ചരിത്രത്തിലെ അനിഷേധ്യ വസ്തുതകൾ മാത്രം. അതുകൊണ്ടുതന്നെയാണ് ഭരണഘടനാശിൽപി ഡോ. അംബേദ്കറും ദ്രാവിഡസ്ഥാൻ ഉപജ്ഞാതാവ് രാമസ്വാമി നായ്ക്കരും ദലിത് പരിഷ്കർത്താക്കളുമെല്ലാം ബ്രാഹ്മണ-ക്ഷത്രിയ മേധാവിത്വത്തെ ശക്തമായി വെല്ലുവിളിച്ചത്.
‘ജാതി ചോദിക്കരുത്, പറയരുത്’ എന്നുദ്ഘോഷിക്കാൻ ശ്രീനാരായണ ഗുരുവിനെ പ്രേരിപ്പിച്ചതും അതേ സാഹചര്യമാണ്. ഈ സത്യങ്ങളാകെ നിഷേധിച്ച്, ആര്യന്മാരും സവർണ മേധാവിത്വവും ജാതിവ്യവസ്ഥയും ഭാരതീയ സംസ്കാരത്തിന്റെ സനാതന അടിത്തറകളാണെന്ന് വാദിക്കുകയും അവ്വിധത്തിൽ ചരിത്രസത്യങ്ങളെ തിരുത്തുകയും അതിനു വിരുദ്ധമായ സർവതിനെയും മായ്ച്ചുകളയുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധരായവരാണ് ഇന്ന് ഇന്ത്യ അടക്കി ഭരിക്കുന്നത്. അതിനിയും തുടരേണ്ടതുണ്ടോ എന്ന നിർണായക ചോദ്യമാണ് 140 കോടി ജനങ്ങളുടെ മുമ്പാകെയിപ്പോൾ ഉയർന്നിരിക്കുന്നത്. സമത്വവും സാഹോദര്യവും സമാധാനവും പുലരുന്ന ഒരിന്ത്യയാണ് വേണ്ടതെങ്കിൽ സനാതന ധർമ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളെ തീർത്തും അവഗണിക്കുകയേ നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.