സ്വാമിനാഥൻ എന്ന ഹരിത സ്മരണ
text_fieldsമുഴുപ്പട്ടിണിയും പോഷകാഹാരക്കുറവും അതിദാരുണമായ ദുരന്തത്തിലേക്കു നയിച്ചേക്കുമെന്ന ഭീഷണി നിലനിന്ന സ്വതന്ത്ര ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്കു കൈപിടിച്ചുയർത്തിയ വിപ്ലവകാരി എന്ന നിലയിലാകും ഇന്നലെ അന്തരിച്ച പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ ഓർമിക്കപ്പെടുക. 1947ൽ രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ചത് ഭക്ഷ്യക്കമ്മിയുടെ അമിതഭാരവുമായാണ്. അരവയർ അന്നത്തിന് ഇറക്കുമതിയെ ആശ്രയിക്കേണ്ട ഘട്ടമായിരുന്നു അത്. ആ നിലയിൽത്തന്നെ മുന്നോട്ടുനീങ്ങിയാൽ എഴുപതുകളോടെ കൂട്ട പട്ടിണിമരണത്തിലേക്കായിരിക്കും ഇന്ത്യ ചെന്നെത്തുക എന്ന മുന്നറിയിപ്പുകൾ വികസിത രാജ്യങ്ങൾ നൽകിക്കൊണ്ടേയിരുന്നു. ഈ ഭീഷണിയെ മറികടന്നും ഭക്ഷ്യധാന്യോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു ഇന്ത്യയുടെ സ്വപ്നം. ആ സ്വപ്നത്തിന് ഹരിത വിപ്ലവത്തിലൂടെ സാക്ഷാത്കാരം നൽകിയെന്നതാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന മലയാളിക്ക് ചരിത്രത്തിലിടം നേടിക്കൊടുത്തത്. സ്വാമിനാഥൻ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ, ആഗോള വികസനത്തിനെന്ന പേരിൽ അമേരിക്ക കൊണ്ടുനടത്തുന്ന യു.എസ് എയ്ഡ് എന്ന സംരംഭത്തിന്റെ ഡയറക്ടര്‍ വില്യം ഗോഡ് ആണ് ‘ഹരിതവിപ്ലവം’ എന്ന പ്രയോഗത്തിന്റെ വക്താവ്. ഭക്ഷ്യക്ഷാമം ഇല്ലാതാക്കുകയായിരുന്നു ഹരിത വിപ്ലവത്തിന്റെ മുഖ്യലക്ഷ്യം. 1970ൽ അമേരിക്കൻ വിളശാസ്ത്രജ്ഞനായ നോർമൻ ബോർലോഗിനെ ഇന്ത്യയിലേക്കു ക്ഷണിച്ച് അതിനു നേതൃത്വം നൽകുകയായിരുന്നു സ്വാമിനാഥൻ. ഉയർന്ന ഉൽപാദന ശേഷിയുള്ള വിത്തുകൾ, ട്രാക്ടറുകൾ, ജലസേചന സംവിധാനങ്ങൾ, കീടനാശിനികൾ, രാസവളങ്ങൾ എന്നീ ആധുനിക സങ്കേതങ്ങളും രീതികളും സ്വീകരിച്ച് ഇന്ത്യയുടെ പരമ്പരാഗത കൃഷിരീതിയെ വ്യാവസായിക രീതിയിലേക്ക് മാറ്റിപ്പണിയുകയായിരുന്നു ഹരിതവിപ്ലവം.
ഡൽഹിയിലെ ജോണ്ടി ഗ്രാമത്തിൽ തുടങ്ങിയ ആ പരീക്ഷണത്തിന് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, അവിഭക്ത ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ വേദിയായി. പരമ്പരാഗത വിത്തുകളും വിളരീതികളുമെല്ലാം മാറ്റിവെച്ച് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്യുൽപാദന ശേഷിയുള്ളവിത്തുകളും രാസവളങ്ങളും കീടനാശിനികളും മികച്ച ജലസേചന പദ്ധതികളും ഒത്തുചേർന്നപ്പോൾ വൻ വിളവെടുപ്പായിരുന്നു ഫലം. രാജ്യത്തെ ധാന്യപ്പുരകൾ നിറഞ്ഞുകവിഞ്ഞു. മിച്ചസംസ്ഥാനങ്ങളിൽനിന്ന് കമ്മിസംസ്ഥാനങ്ങളിലേക്ക് ധാന്യമൊഴുകി. അത് ശാസ്ത്രീയമായി ജനങ്ങളിലേക്കെത്തിക്കാനുള്ള പൊതുവിതരണ സംവിധാനങ്ങൾ സംസ്ഥാനങ്ങളിൽ രൂപംകൊണ്ടു. കൂടുതല്‍ വിളവുനല്കുന്ന വിത്തിനങ്ങള്‍ കൊണ്ടുവന്നതുകൊണ്ട് കുറച്ച് ഭൂമിയില്‍നിന്ന് കൂടുതല്‍ ധാന്യങ്ങള്‍ ഉൽപാദിപ്പിക്കാന് നമുക്കായി എന്നു സ്വാമിനാഥൻ ഹരിതവിപ്ലവത്തെ ഒതുക്കിപ്പറഞ്ഞു. അത്യുൽപാദന ശേഷിയുള്ള ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും ഇന്ത്യയെ ‘പിച്ചച്ചട്ടിയിൽനിന്ന് അപ്പക്കൂടയിലേക്ക്’ പരിവർത്തിപ്പിക്കുകയും ചെയ്തതിന് നോർമൻ ബോർലോഗ് പിന്നീട് നൊബേൽ സമ്മാനം നേടി. ലോക ഭക്ഷ്യ അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ സ്വാമിനാഥനും ലഭിച്ചു.
അതേസമയം, ഇന്ത്യയുടെ കൃഷിരീതിയെയും അതുവഴി സമ്പദ്ഘടനയെയും മാറ്റിമറിച്ച ഹരിതവിപ്ലവത്തിന്റെ ദുരന്തഫലങ്ങളും പിന്നീട് സ്വാമിനാഥൻ കണ്ടറിഞ്ഞു. വിപ്ലവത്തിന്റെ ഏറ്റവും വലിയ വിജയഗാഥ കുറിച്ച പഞ്ചാബിൽനിന്നു തന്നെയായിരുന്നു പുതിയ പ്രതിസന്ധിയെക്കുറിച്ച ആവലാതി ആദ്യമുയർന്നത്. വിള മെച്ചപ്പെടുത്താൻ കർഷകർ രാസവളങ്ങളും കീടനാശിനികളും ആവശ്യത്തിലും കവിഞ്ഞ് ഉപയോഗിച്ചത് മണ്ണിനെ നശിപ്പിച്ചു. ജലസ്രോതസ്സുകളെ മലിനമാക്കി. പഞ്ചാബിലെ മാൾവ കാൻസർ ബെൽറ്റ് ആയി മാറി. വൻതോതിലുള്ള ഭൂഗർഭ ജലചൂഷണം പഞ്ചാബ് മുതൽ ആന്ധ്ര വരെ കർഷകരെ ജലക്ഷാമത്തിലേക്ക് എത്തിച്ചു. വിള മോശമായി കർഷകർ കടക്കെണിയിൽ കുടുങ്ങി. കർഷക ആത്മഹത്യകൾ രാജ്യത്താകമാനം പെരുകി. പഞ്ചാബിൽ 1980കളിൽ വിഘടനവാദത്തിന്റെ ഉയിർപ്പിനും രാഷ്ട്രീയാസ്ഥിരതക്കും വഴിയൊരുക്കിയതിൽ വലിയ പങ്ക് ഹരിതവിപ്ലവത്തിനാണ് എന്നതും സത്യം. കർഷകരുടെ വിഷമസന്ധിക്ക് പരിഹാരം തേടി ഒടുവിൽ കേന്ദ്രസർക്കാർ സമീപിച്ചതും സ്വാമിനാഥനെ തന്നെ. 2004ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കർഷകർക്കായുള്ള ദേശീയ കമീഷൻ 200 നിർദേശങ്ങളുമായി റിപ്പോർട്ട് സമർപ്പിച്ചു. നിത്യഹരിത വിപ്ലവമാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നായിരുന്നു അദ്ദേഹത്തിന്റെ മുഖ്യനിർദേശം. പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും സമ്പൂർണ നിർമാർജനമാണ് തന്റെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നമെന്ന് സ്വാമിനാഥൻ അനുസ്മരിച്ചിട്ടുണ്ട്. രാജ്യത്തെ വറുതി തുറിച്ചുനോക്കുന്ന ഒരു സന്നിഗ്ധഘട്ടത്തിൽ അതിനു പരിഹാരം കണ്ടെത്തിയെന്നതാണ് ഡോ. സ്വാമിനാഥനെ രാജ്യത്തിനു പ്രിയങ്കരനാക്കുന്നത്. നമ്മുടെ കാർഷിക സമ്പദ്ഘടനയും കർഷകരും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അതിനു കൂടുതൽ പ്രയോഗക്ഷമവും ജനക്ഷേമകരവുമായ പരിഹാരക്രമം രൂപപ്പെടുത്തുകയാണ് അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും ഉചിതമായ അന്തിമോപചാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.