പ്രതീക്ഷാനിർഭരമായ കാൽവെപ്പ്
text_fieldsരാജ്യത്തെങ്ങുമുള്ള പാർട്ടിപ്രവർത്തകർക്കു മാത്രമല്ല, കേന്ദ്രത്തിൽ ഹിന്ദുത്വഫാഷിസ ഭരണത്തിന് അറുതിവരുത്തണമെന്ന് ആഗ്രഹിക്കുന്ന സകല മനുഷ്യർക്കും ആവേശവും ആത്മവിശ്വാസവും പകരുന്നതായിരുന്നു കഴിഞ്ഞദിവസം സമാപിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം. പാർട്ടിയുടെ ഉന്നതാധികാര സമിതി പുനഃസംഘടിപ്പിച്ചശേഷം നടക്കുന്ന ആദ്യയോഗം എന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു ഹൈദരാബാദിൽ ചേർന്ന പ്രവർത്തക സമിതിക്ക്; ഒപ്പം, വർഷങ്ങൾക്കുശേഷം പ്രവർത്തക സമിതി ഡൽഹിയിൽനിന്ന് മാറി മറ്റൊരു സ്ഥലത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചതും ശ്രദ്ധേയമായി. സംഘാടനത്തിലെ ഈ സവിശേഷതകൾക്കപ്പുറം പ്രവർത്തക സമിതിയിൽനിന്നുയർന്നുകേട്ട പ്രഖ്യാപനങ്ങളും പ്രമേയങ്ങളുമാണ് സമ്മേളനത്തെ കൂടുതൽ പ്രസക്തമാക്കുന്നത്. ഏതുവിധേനയും സംഘ്പരിവാർ ഭരണത്തിന് അന്ത്യംകുറിക്കുക എന്നതായിരുന്നു അതിന്റെ പൊതു അജണ്ടയെങ്കിൽ, സംവരണമടക്കം കാലങ്ങളായി കോൺഗ്രസ് തൊടാൻ മടിച്ച പല വിഷയങ്ങളും ധൈര്യസമേതം ചർച്ചക്കെടുക്കാൻ നേതൃത്വം തയാറായി എന്നത് ചെറിയ കാര്യമല്ല. കേവലമായ വോട്ടുരാഷ്ട്രീയത്തിനപ്പുറം തത്ത്വാധിഷ്ഠിതമായ നയങ്ങൾ മുന്നോട്ടുവെച്ചുതന്നെ മോദിയെയും കൂട്ടരെയും നേരിടാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ഉറച്ചു പ്രഖ്യാപിക്കുന്നുണ്ട് കോൺഗ്രസിന്റെ പുതിയ രീതികൾ. തീർച്ചയായും, പ്രവർത്തകരും പൊതുസമൂഹവും ഈ പുതുസമീപനത്തെ ഏറ്റെടുക്കുമെന്നു തന്നെ കരുതണം.
പ്രവർത്തക സമിതി യോഗവും തുടർന്ന് ‘വിജയഭേരി’ മഹാറാലിയും നടന്ന തെലങ്കാനയിലടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ഏതു നിമിഷവും നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാവുന്ന സാഹചര്യമാണുള്ളത്; ആറു മാസത്തിനുള്ളിൽ ലോക്സഭാ തെരഞ്ഞെടുപ്പും നടക്കും. രാജ്യത്തിനും കോൺഗ്രസിനും ഒരുപോലെ നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾക്ക് പ്രവർത്തകരെ സജ്ജമാക്കാനുള്ള തന്ത്രങ്ങൾതന്നെയാണ് പൊതുവിൽ സമ്മേളനത്തിൽ ആവിഷ്കരിക്കപ്പെട്ടതെന്ന് വിലയിരുത്താം. വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പൊതുസമ്മേളനത്തിൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒപ്പം, വ്യക്തിപരമായ അധികാരത്തർക്കങ്ങളും ഭിന്നതകളും മാറ്റിവെച്ച് നേതാക്കളോടും പ്രവർത്തകരോടും ഐക്യത്തോടെ മുന്നോട്ടുപോകാനും അദ്ദേഹം നിർദേശിക്കുന്നു. കർണാടകയാണ് ഖാർഗെ മുന്നോട്ടുവെക്കുന്ന ഐക്യമാതൃക. അത് നൂറുശതമാനം ശരിയുമാണ്. സംഘ്പരിവാറിനെ താഴെ ഇറക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടി അവിടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ, ജനങ്ങൾ സമ്മാനിച്ചത് കേവല ഭൂരിപക്ഷമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കർണാടകപോലെത്തന്നെ വലിയ വിജയസാധ്യതയുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തിസ്ഗഢും മധ്യപ്രദേശുമെല്ലാം. 2018ൽ മൂന്നിടങ്ങളും വിജയിച്ച് അധികാരത്തിൽവന്നതായിരുന്നു കോൺഗ്രസ്. മധ്യപ്രദേശിൽ പിന്നീട് ഭരണം ബി.ജെ.പി പിടിച്ചെടുത്തത് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ കാരണമാണ്; ഒരുവേള, രാജസ്ഥാനിലും ആഭ്യന്തര കലഹങ്ങൾ ഭരണ പ്രതിസന്ധിയുണ്ടാക്കി. പഞ്ചാബിൽ ഭരണം പോയതിനു പിന്നിലും മറ്റൊന്നല്ല കാരണം. ഇനിയും ഇതാവർത്തിച്ചുകൂടെന്ന് കോൺഗ്രസ് നേതൃത്വം ഉറച്ച തീരുമാനമെടുത്തിരിക്കുന്നുവെന്നുതന്നെ കരുതണം. മറ്റൊരർഥത്തിൽ, സമീപകാലത്തുണ്ടായ തോൽവികളിൽനിന്നും പ്രതിസന്ധികളിൽനിന്നും അവർ പാഠം പഠിച്ചിരിക്കുന്നു. ആ പാഠങ്ങളാണ് ‘വിജയഭേരി’ റാലിയിൽ മുഴങ്ങിക്കേട്ടത്. പുനഃസംഘടിപ്പിക്കപ്പെട്ടശേഷം ചേർന്ന ആദ്യ പ്രവർത്തക സമിതിയിൽ, നേതൃമാറ്റം സംഭവിച്ചും മറ്റും സ്വാഭാവികമായും ചില പൊട്ടിത്തെറികളുണ്ടാവേണ്ടതായിരുന്നു. ഇക്കുറി പക്ഷേ, അത്തരം വാർത്തകളില്ലെന്നതും എല്ലാവരും ഏതാണ്ട് ഒരേസ്വരത്തിൽ പാർട്ടി ഐക്യത്തിനും സംഘ്പരിവാർ ഭരണനെറികേടുകൾക്കുമെതിരെ സംസാരിക്കുന്നുവെന്നതും പ്രതീക്ഷാനിർഭരമായ കാഴ്ചതന്നെയാണ്.
പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’, ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പശ്ചാത്തലത്തിൽകൂടിയാണ് നിർണായക പ്രവർത്തക സമിതി ചേർന്നത്. പ്രാഥമിക സീറ്റ് ചർച്ചയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങളുമെല്ലാം ‘ഇൻഡ്യ’യിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ‘ഇൻഡ്യ’യുടെ പ്രഥമ ഏകോപന സമിതി യോഗത്തിന്റെ അനുരണനങ്ങൾതന്നെയാണ് പ്രവർത്തകസമിതിയിലും ദൃശ്യമായിട്ടുള്ളത്. മറ്റൊരർഥത്തിൽ, ‘ഇൻഡ്യ’യുടെ അജണ്ടകൾ പാർട്ടി അണികൾക്കും നേതാക്കൾക്കും പകർന്നുനൽകുന്ന യോഗം കൂടിയായി പ്രവർത്തക സമിതി. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ കേന്ദ്രത്തിനെതിരായ തുറുപ്പുചീട്ടായി ഉപയോഗിക്കാൻ ‘ഇൻഡ്യ’ തീരുമാനിച്ചപ്പോൾ ജനസംഖ്യാനുപാതികമായ സംവരണമാണ് പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടും പരസ്പര പൂരകങ്ങളാണ്; അസമത്വ നിർമാർജ്ജനത്തിനായി രാജ്യത്ത് കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളുമാണ്. അതേസമയം, സംഘ്പരിവാറിന് പ്രതിപക്ഷ മുന്നണിയിൽ വിള്ളൽവീഴ്ത്താൻ കഴിയുന്ന ആയുധവുമാണത്. എന്നിട്ടും, അതൊരു രാഷ്ട്രീയ നിലപാടായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് തയാറായെങ്കിൽ ആ പാർട്ടി ചെറുതല്ലാത്ത പ്രതീക്ഷ നൽകുന്നുണ്ട്. വാസ്തവത്തിൽ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉയർന്നുകേട്ട മുദ്രാവാക്യമായിരുന്നു ജനസംഖ്യാനുപാതികമായ സംവരണം എന്ന ആവശ്യം. അതിപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക പ്രമേയമായെങ്കിൽ, ‘ഭാരത് ജോഡോ’ പാർട്ടിയെ എത്രമേൽ മാറ്റിമറിച്ചുവെന്ന് ഊഹിക്കാം. അതേസമയം, പ്രവർത്തക സമിതിയിൽ ഉയർന്നുവന്ന സംഘടന വിമർശനങ്ങളെയും നേതൃത്വം ഉൾക്കൊള്ളേണ്ടതുണ്ട്. ഹിന്ദുത്വഫാഷിസത്തിന്റെ പ്രഥമ ഇരകളായ മുസ്ലിം സമുദായത്തിനുനേരായ ആക്രമണങ്ങളിൽ പലപ്പോഴും പാർട്ടി മൗനം അവലംബിച്ചത് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംഘടനയുടെ സഹജമായ ദൗർബല്യങ്ങളിൽ ഒന്നാണിത്. മുസ്ലിംകൾക്കുവേണ്ടി സംസാരിച്ചാൽ അതിനെ സംഘ്പരിവാറും കൂട്ടരും സമുദായ പ്രീണനമായി ചിത്രീകരിച്ചേക്കുമെന്ന് ഭയന്ന് ഒളിച്ചോടുന്ന ‘മൃദുഹിന്ദുത്വ’ നയത്തിൽനിന്ന് പാർട്ടി പിന്തിരിയണമെന്നാണ് ആ വിമർശനത്തിന്റെ നേരർഥം. അത് മുഖവിലക്കെടുക്കാൻ നേതൃത്വം തയാറാകേണ്ടതുണ്ട്. ഏതായാലും, പ്രവർത്തക സമിതിയിൽനിന്നുയർന്നുകേട്ട ശബ്ദങ്ങൾ പൊതുവിൽ പ്രതീക്ഷക്ക് വകനൽകുന്നുണ്ട്; ‘ഇൻഡ്യ’ മുന്നണിക്ക് അത് കൂടുതൽ കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.